1 GBP = 105.44
breaking news

കേരളം ഇനിയും കാത്തിരിക്കണം…സില്‍വര്‍ ലൈന്‍ പ്രഖ്യാപനമില്ല

കേരളം ഇനിയും കാത്തിരിക്കണം…സില്‍വര്‍ ലൈന്‍ പ്രഖ്യാപനമില്ല

കേരളം ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഇനിയും കാത്തിരിക്കണം. നിര്‍മല സീതാരാമന്റെ തുടര്‍ച്ചയായ നാലാം ബജറ്റില്‍ കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈന്‍ സംബന്ധിച്ച് പ്രഖ്യാപമില്ല. പദ്ധതി സംബന്ധിച്ച കാര്യങ്ങള്‍ പ്രാരംഭഘട്ടത്തിലാണെന്നതിനാലാണ് പദ്ധതി ബജറ്റിന്റെ ഭാഗമാക്കാതിരുന്നതെന്നാണ് സൂചന. പരിസ്ഥിതി മന്ത്രാലയത്തിന്റേതുള്‍പ്പെടെയുള്ള അനുമതി ഇതുവരെ പദ്ധതിയ്ക്ക് ലഭിച്ചിട്ടില്ലെന്നത് കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.
സില്‍വര്‍ ലൈന്‍ പദ്ധതി ഏറെ രാഷ്ട്രീയ വിവാദം ഉണ്ടാക്കിയെങ്കിലും കേന്ദ്ര ബജറ്റില്‍ ഇടമുണ്ടാകുമോയെന്നായിരുന്നു സംസ്ഥാനം ആകാംക്ഷയോടെ നോക്കിയത്. പദ്ധതിയുടെ ഡിപിആറിന് ഇതുവരെ കേന്ദ്രം അംഗീകാരം നല്‍കിയിട്ടില്ലെങ്കിലും പദ്ധതിക്കു തത്വത്തില്‍ അംഗീകാരം ലഭിച്ചതിനാല്‍ ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു കേരളത്തിന്റെ പ്രതീക്ഷ. റെയില്‍വേയുടെ വികസനത്തിന്റെ തുടര്‍ച്ചയായി പോലും കേന്ദ്രം ഇത് പരിഗണിക്കുന്നില്ലെന്നതാണ് ബജറ്റ് നല്‍കുന്ന സൂചന.
ഇതോടെ പദ്ധതിയുടെ സാമ്പത്തിക ബാധ്യത ഇനി സംസ്ഥാനം പൂര്‍ണമായും കണ്ടെത്തേണ്ടി വരുമോയെന്ന ആശങ്കയും നിലവില്‍ സംസ്ഥാന സര്‍ക്കാരിനുണ്ട്. ബജറ്റില്‍ പദ്ധതിയെ കുറിച്ചു പരാമര്‍ശമില്ലാതായതോടെ പദ്ധതിയുടെ നടത്തിപ്പിനുള്ള തുക കേന്ദ്ര സര്‍ക്കാരോ അതു നല്‍കുന്നതിന് മറ്റ് ഏജന്‍സികളേയോ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കില്ലെന്നും ആശങ്ക ഉയരുന്നുണ്ട്. ധനവകുപ്പ് പണം നല്‍കിയാല്‍ തങ്ങളുടെ വിഹിതം നല്‍കാമെന്ന് ഇന്ത്യന്‍ റെയില്‍വേ, സര്‍ക്കാരിനും കെ റെയിലിവും നേരത്തെ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്ത് വന്നിരുന്നു.
സംസ്ഥാനത്തെ ഗതാഗത പദ്ധതികള്‍ക്കായി പ്രത്യേക തുകയോ, റെയില്‍ വികസനത്തിന് അധിക തുകയോ നീക്കിവെച്ചിരുന്നെങ്കില്‍ അതു സിവര്‍ലൈനിനു പ്രയോജനപ്പെടുത്താന്‍ കഴിയുമായിരുന്നു.
നിലവില്‍ ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം 33,000 കോടി രൂപയാണ് കെ-റെയിലിനായി വായ്പയെടുക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ബജറ്റ് വേളയിലും ഇതേ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും അനുകൂല തീരുമാനം ഉണ്ടായിരുന്നില്ല. സംസ്ഥാനത്ത് പ്രതിപക്ഷ നിര ഒറ്റക്കെട്ടായി കെ റെയിലിനെതിരെ അണിനിരക്കുന്ന വേളയില്‍ കേന്ദ്രതീരുമാനം സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച് വരും ദിവസങ്ങളില്‍ വെല്ലവിളിയാകും. കെ റെയിലിന് പുറമെ, പാത ഇരട്ടിപ്പിക്കലും ശബരി പാതയും ഉള്‍പ്പെടെ റെയില്‍ വികസനത്തില്‍ ഒട്ടേറെ പദ്ധതികള്‍ കേരളം പ്രതീക്ഷിച്ചിരുന്നുവെങ്കിലും പൂര്‍ണ നിരാശയാണ് ഉണ്ടായിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more