1 GBP = 113.28
breaking news

രണ്ട് കോടി കുടുംബങ്ങളിലേക്ക് കൂടി ആയുഷ്മാന്‍ ഭാരത് പദ്ധതി വ്യാപിപ്പിക്കാനൊരുങ്ങി മോദി സര്‍ക്കാര്‍

രണ്ട് കോടി കുടുംബങ്ങളിലേക്ക് കൂടി ആയുഷ്മാന്‍ ഭാരത് പദ്ധതി വ്യാപിപ്പിക്കാനൊരുങ്ങി മോദി സര്‍ക്കാര്‍

നരേന്ദ്ര മോദി സര്‍ക്കാര്‍ ‘ആയുഷ്മാന്‍ ഭാരത് പ്രധാൻ മന്ത്രി ജന്‍ ആരോഗ്യ യോജന’ (AB PM-JAY) പദ്ധതി രണ്ട് കോടിയിലധികം കുടുംബങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചേക്കും. ഇതിനായി, പദ്ധതിക്ക് അര്‍ഹരായവരെ കണ്ടെത്തുന്നതിന് ദേശീയ ആരോഗ്യ അതോറിറ്റി സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് കൂടാതെയുള്ള മറ്റു ഡാറ്റാബേസുകള്‍ (Databases) പരിഗണിച്ചേക്കുമെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

10.76 കോടി ദരിദ്രരും ദുര്‍ബലരുമായ കുടുംബങ്ങള്‍ക്ക് (50 കോടിയിലധികം ഗുണഭോക്താക്കള്‍) ആശുപത്രി ചെലവുകൾക്കായി പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ പരിരക്ഷ നല്‍കുന്ന സര്‍ക്കാര്‍ ധനസഹായമുള്ള ലോകത്തെ ഏറ്റവും വലിയ പൊതുജനാരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് എബിപിഎംജെഎവൈ (AB PM-JAY). ദേശീയ ആരോഗ്യ അതോറിറ്റിയാണ് പദ്ധതിയുടെ നിര്‍വഹണ സ്ഥാപനം. സാമൂഹിക സാമ്പത്തിക ജാതി സെൻസസ് പ്രകാരമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതുവരെ ഗുണഭോക്താക്കളെ തിരിച്ചറിഞ്ഞത്. രണ്ട് കോടിയോളം കുടുംബങ്ങളിലേക്ക് ആയുഷ്മാന്‍ ഭാരത് പദ്ധതി വ്യാപിപ്പിക്കാനുള്ള നീക്കം കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിന് വിധേയമാണെന്ന് പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

2021 നവംബറില്‍ ദേശീയ ആരോഗ്യ അതോറിറ്റി 17 കോടിയോളം ആയുഷ്മാന്‍ ഭാരത് കാര്‍ഡുകള്‍ പുറത്തിറക്കി. അവയില്‍ 10.66 കോടി പിഎം-ജെഎവൈ കാര്‍ഡുകളും 5.85 കോടി സ്‌റ്റേറ്റ് കാര്‍ഡുകളുമായിരുന്നു. 80 കോടിയിലധികം ആളുകളെ ഉള്‍ക്കൊള്ളുന്ന ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം പോലുള്ള മറ്റ് ഡാറ്റാബേസുകളും എന്‍എച്ച്എ പരിശോധിക്കുമെന്ന് വൃത്തങ്ങൾ പറഞ്ഞു. ”റേഷന്‍ കാര്‍ഡ് ഉടമകളെ കൂടാതെ പ്രധാനമന്ത്രി ജന്‍ധന്‍ യോജനയുടെ ഡാറ്റാബേസുകളും പരിശോധിക്കും”, ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ആയുഷ്മാന്‍ ഭാരത് പദ്ധതി ഒരു പുനഃക്രമീകരണത്തിന് ഒരുങ്ങുകയാണ്. അതിന്റെ ഭാഗമായി കൂടുതല്‍ സ്വകാര്യ ആശുപത്രികളെ പദ്ധതിയുടെ ഭാഗമാക്കി മാറ്റും. നിലവില്‍ 23,000 ആശുപത്രികളെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് കീഴില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 9,361 സ്വകാര്യ ആശുപത്രികളും 13,470 സര്‍ക്കാര്‍ ആശുപത്രികളും ഉള്‍പ്പെടുന്നു. ഒക്ടോബറില്‍ പദ്ധതിക്ക് കീഴിലുള്ള നാനൂറോളം നടപടിക്രമങ്ങളുടെ നിരക്കുകള്‍ സര്‍ക്കാര്‍ പരിഷ്‌ക്കരിക്കുകയും ബ്ലാക്ക് ഫംഗസ് മാനേജ്‌മെന്റുമായി ബന്ധപ്പെട്ട പുതിയ മെഡിക്കല്‍ പാക്കേജ് കൂട്ടിച്ചേര്‍ക്കുകയും ചെയ്തിരുന്നു. ബ്രാന്‍ഡിംഗിന് വേണ്ടിയും പദ്ധതികളുടെ പ്രചാരണ പ്രവർത്തനങ്ങൾ നടത്താനും ഒരു സ്വകാര്യ ഏജന്‍സിയെ തെരഞ്ഞെടുക്കുന്നതിനായി ദേശീയ ആരോഗ്യ അതോറിറ്റി ഒരു റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ ക്ഷണിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more