1 GBP = 106.18
breaking news

ധീരജ് വധം; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ധീരജ് വധം; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഇടുക്കിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ നിഖില്‍ പൈലി, ജെറിന്‍ ജോജോ എന്നീ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇടുക്കി മജിസ്‌ട്രേറ്റിന് മുന്‍പാണ് ഹാജരാക്കുക. പ്രതികളെ ഇന്നലെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇവരുടെ കസ്റ്റഡി അപേക്ഷയും പൊലീസ് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.

സംഭവത്തില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടാകാനും സാധ്യതയുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയത് കൂടാതെ പൊലീസ് കസ്റ്റഡിയിലുള്ള രണ്ടുപേരെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. നിഖില്‍ പൈലിയെയും ജെറിന്‍ ജോജോയെയും കൂടാതെ കണ്ടാലറിയാവുന്ന നാല് പേരെ കൂടി എഫ്‌ഐആറില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. പെട്ടന്നുണ്ടായ സംഭവമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് എഫ്‌ഐആര്‍. അതേസമയം ധീരജിന്റെ മരണം ആസൂത്രിത കൊലപാതകമെന്ന ആരോപണത്തിലാണ് എസ്എഫ്‌ഐയും സിപിഐഎമ്മും.

തിങ്കളാഴ്ചയാണ് ഇടുക്കി പൈനാവ് ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ടത്. ക്യാമ്പസിനകത്തെ കെഎസ്യു-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

കേരള ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ഭാഗമായുള്ള കോളജില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് എസ്എഫ്‌ഐ-കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഇതിനിടെ നിഖില്‍ പൈലി അടക്കം പുറത്ത് നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായും സംഘര്‍ഷമുണ്ടായി. ഇതിനിടെയാണ് ധീരജിന് കുത്തേറ്റത്. കൊലപാതകത്തിന് ശേഷം ബസില്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് നിഖില്‍ പൈലിയെ പൊലീസ് പിടികൂടിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more