ലണ്ടൻ: എനർജി ബില്ലുകളിലെ വൻ വർദ്ധനവ് തടയാൻ ഊർജ്ജ സ്ഥാപനങ്ങൾക്ക് അടിയന്തര വായ്പാ പദ്ധതി പരിഗണിക്കുകയാണെന്ന് സർക്കാർ ഇന്നലെ രാത്രി അവകാശപ്പെട്ടു.
ബ്രിട്ടനിലെ ജീവിതച്ചെലവ് പ്രതിസന്ധിയെ കുറിച്ച് ഭിന്നതയുള്ള ടോറി ബാക്ക്ബെഞ്ചർമാരുമായി ചർച്ചകൾ ആരംഭിച്ചപ്പോഴാണ് സർക്കാരിന്റെ ഇടപെടൽ.
ഏപ്രിലിൽ വില പരിധി ഉയരുമ്പോൾ പ്രതീക്ഷിക്കുന്ന വൈദ്യുതി ബില്ലുകളിലെ വലിയ വർധനയെക്കുറിച്ചുള്ള ആശങ്കകളെക്കുറിച്ച് എംപിമാരുടെ ഗ്രൂപ്പുകളോട് ചർച്ച നടത്തിയ ചാൻസലർ റിഷി സുനക് പ്രശ്നം പരിഹരിക്കുന്നതിനുള്ള ശ്രമത്തിലാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഊർജ്ജ സ്ഥാപനങ്ങൾക്ക് അടിയന്തിര വായ്പകൾ നൽകി വില വർദ്ധനവ് പിടിച്ചു നിറുത്താനുള്ള ശ്രമത്തിലാണ് സർക്കാർ.
എനർജി ബില്ലുകൾ നിലവിലെ നിരക്കിൽ നിന്നും നൂറുകണക്കിന് പൗണ്ടുകളിലേക്ക് ഉയരുമെന്നാണ് സൂചന. വർധിച്ചുവരുന്ന ജീവിതച്ചിലവിൽ നിന്നും കുടുംബങ്ങളെ സംരക്ഷിക്കാൻ സർക്കാരിന്മേൽ കടുത്ത സമ്മർദ്ദം തന്നെ ഉയരുന്നുണ്ട്. ഇത് സംബന്ധിച്ച് ചാൻസലർ റിഷി സുനക് ഞായറാഴ്ച രാത്രി ബോറിസ് ജോൺസണുമായി ചർച്ച നടത്തിയിരുന്നു. തുടർന്നായിരുന്നു മുതിർന്ന ടോറി എംപിമാരുമായുള്ള ചർച്ച.
ഉയർന്ന ബില്ലുകൾ ഒഴിവാക്കാൻ സ്ഥാപനങ്ങൾക്ക് അടിയന്തര ക്രെഡിറ്റ് സൗകര്യം പരിഗണിക്കുന്നതായി പറയപ്പെടുന്നു. എന്നാൽ ചെറുകിട കമ്പനികൾക്ക് ഇത്തരം ക്രെഡിറ്റ് റിസ്ക് ഏറ്റെടുക്കാൻ കഴിയില്ലെന്ന ആശങ്കയുണ്ട്. മൊത്തവില ഉയരുന്നത് ഏപ്രിലിൽ ഊർജ ബില്ലിൽ 50 ശതമാനം വർധനവിന് കാരണമാകുമെന്ന് വിദഗ്ധർ പ്രവചിക്കുന്നു.
അതേസമയം യൂറോപ്യൻ യൂണിയൻ വിടുന്നത് വഴി, ആഭ്യന്തര ഊർജ ബില്ലുകളിലെ 5 ശതമാനം വാറ്റ് ഉപേക്ഷിക്കാൻ യുകെയെ അനുവദിക്കുമെന്ന 2016 ലെ പ്രതിജ്ഞ നിറവേറ്റാൻ ജോൺസണോടും സഹ ബ്രെക്സിറ്റർ മൈക്കൽ ഗോവിനോടും കഴിഞ്ഞ ദിവസം ലേബർ പാർട്ടി അഭ്യർത്ഥിച്ചു. അങ്ങനെ വന്നാൽ തന്നെ അടുത്ത വർഷത്തെ ശരാശരി ബില്ലുകളിൽ ഏകദേശം 90 പൗണ്ട് വരെ സാധാരണ കുടുംബങ്ങൾക്ക് ലാഭിക്കാനാകുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
click on malayalam character to switch languages