ലിവർപൂൾ: ഇന്നലെ ലിവർപൂൾ വനിതാ ആശുപത്രിക്ക് പുറത്ത് കാർ പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ടതിന് ശേഷം മൂന്ന് പേരെ തീവ്രവാദ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. ചാവേറായെത്തിയ തീവ്രവാദിയാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. അനുസ്മരണ ഞായറാഴ്ചയുടെ രണ്ട് മിനിറ്റ് മൗനാചരണം ആരംഭിക്കാനിരിക്കെയാണ് ടാക്സിക്കുള്ളിൽ ചാവേർ പൊട്ടിത്തെറിച്ചത്.
2,000-ലധികം സൈനിക ഉദ്യോഗസ്ഥരും വിമുക്തഭടന്മാരും പൗര പ്രമുഖരും ഉൾപ്പെടുന്ന ഒരു അനുസ്മരണ ശുശ്രൂഷ ഒരു മൈലിൽ താഴെ മാത്രം അകലെയുള്ള നഗരത്തിലെ കത്തീഡ്രലിൽ നടക്കുന്നതിനിടെയാണ് സംഭവം. ഒരു യാത്രക്കാരനെ വഹിച്ചുകൊണ്ട് ടാക്സി ലിവർപൂളിൽ പോപ്പി ഡേ പരേഡിന് എത്തിയതായിരുന്നു. എന്നാൽ റോഡുകൾ അടച്ചിരുന്നതിനാൽ അടുത്തുള്ള ആശുപത്രിക്കടുത്ത് നിറുത്താൻ യാത്രക്കാരൻ ആവശ്യപ്പെടുകയായിരുന്നു. യാത്രക്കാരന്റെ അസ്വാഭാവിക പെരുമാറ്റവും അസ്വസ്ഥതയും ടാക്സി ഡ്രൈവറായ ഡേവിഡ് പെറിയിൽ സംശയം ജനിപ്പിക്കുകയായിരുന്നു. ഇയ്യാളുടെ വസ്ത്രത്തിനുള്ളിൽ നിന്ന് ലൈറ്റുകൾ പ്രകാശിക്കുന്നത് കൂടി കണ്ടതോടെ വാഹനത്തിൽ നിന്ന് ചാടിയിറങ്ങുകയും വാഹനം ലോക്ക് ചെയ്ത് ഓടുകയുമായിരുന്നു. എന്നാൽ ഇതിനിടയിൽ തന്നെ സ്ഫോടനം നടന്നു. പെറിക്ക് സാരമായ പരിക്കുകൾ മാത്രമായിരുന്നു. ചാവേറായെത്തിയ യാത്രക്കാരൻ കൊല്ലപ്പെട്ടു. ഇയ്യാളെ തിരിച്ചറിഞ്ഞിട്ടില്ല.
അതേസമയം 29, 26, 21 വയസ് പ്രായമുള്ള മൂന്ന് പേരെ നഗരത്തിലെ കെൻസിംഗ്ടൺ ഏരിയയിൽ നിന്ന് തീവ്രവാദ നിയമപ്രകാരം അറസ്റ്റ് ചെയ്തതായി കൗണ്ടർ ടെററിസം പോലീസ് നോർത്ത് വെസ്റ്റിൽ നിന്നുള്ള ഡിറ്റക്ടീവുകൾ പറഞ്ഞു. സ്‌ഫോടനത്തിന്റെ കാരണത്തെക്കുറിച്ച് മെഴ്‌സിസൈഡ് പോലീസുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും അവർ പറഞ്ഞു. സുരക്ഷാ സേവനമായ MI5 ഉം സഹായിക്കുന്നു.
സെഫ്റ്റൺ പാർക്കിന് സമീപമുള്ള റട്ട്‌ലാൻഡ് അവന്യൂവിലെയും കെൻസിംഗ്ടണിലെ ബോലെർ സ്ട്രീറ്റിലെയും വസ്തുവകകളിൽ സായുധ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് പോലീസ് പറയുന്ന ഒരു ഓപ്പറേഷനിൽ സ്പെഷ്യലിസ്റ്റ് ഓഫീസർമാർ റൂട്ട്‌ലാൻഡ് അവന്യൂവിലെ ഒരു വീടിന് പുറത്ത് തുടരുന്നുണ്ട്.
പോപ്പി പരേഡ് ലക്ഷ്യമാക്കിയാണ് ചാവേറെത്തിയതെന്നാണ് നിഗമനം. ടാക്സി ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തമൊഴിവായതെന്ന് നഗരവാസികൾ പറയുന്നു.
click on malayalam character to switch languages