1 GBP = 106.18
breaking news

2070-ഓടെ ഇന്ത്യയുടെ കാർബൺ പുറന്തള്ളൽ നെറ്റ് സീറോയിലെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

2070-ഓടെ ഇന്ത്യയുടെ കാർബൺ പുറന്തള്ളൽ നെറ്റ് സീറോയിലെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗ്ലാസ്ഗോ:2070-ഓടെ ഇന്ത്യയുടെ കാർബൺ പുറന്തള്ളൽ നെറ്റ് സീറോ (പുറന്തള്ളലും അന്തരീക്ഷത്തിൽനിന്നുള്ള ഒഴിവാക്കലും സമമാക്കൽ) ആക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്കോട്‌ലൻഡിലെ ഗ്ലാസ്‌ഗോയിൽ നടക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ വ്യക്തമാക്കി. ഇതുൾപ്പെടെ അഞ്ച് കാര്യങ്ങളാണ് ഇന്ത്യയുടേതായി തിങ്കളാഴ്ച അദ്ദേഹം മുന്നോട്ടുവെച്ചത്.

2030-ഓടെ 500 മെഗാവാട്ടിന്റെ ഫോസിൽ ഇതര ഇന്ധനശേഷി കൈവരിക്കും, രാജ്യത്തെ ഫോസിൽ ഇതര ഇന്ധനോപയോഗം ഇക്കാലയളവുകൊണ്ട് 50 ശതമാനമാക്കും, 20 കൊല്ലം കൊണ്ട് കാർബൺ വാതക പുറന്തള്ളലിൽ 100 കോടി ടണ്ണിന്റെ കുറവുവരുത്തും, സാമ്പത്തികവളർച്ചയ്ക്ക് കാർബൺ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് ഇക്കാലയളവുകൊണ്ട് 45 ശതമാനത്തിൽ താഴെയാക്കും എന്നിവയാണ് മറ്റു നാലുകാര്യങ്ങൾ. ചൈന 2060-ഉം യു.എസും യൂറോപ്യൻ യൂണിയനും 2050-ഉം ആണ് ‘നെറ്റ് സീറോ’ ലക്ഷ്യവർഷമായി വെച്ചിരിക്കുന്നത്.

കാലാവസ്ഥാ പ്രതിസന്ധിയെ നേരിടുന്ന കാര്യത്തിൽ അതുണ്ടാക്കുന്ന ദൂഷ്യഫലങ്ങൾ കുറയ്ക്കുന്നതിനും അതിൽനിന്നുളവാകുന്ന അവസരങ്ങൾ ഉപയോഗിക്കുന്നതിനും പ്രാധാന്യം കൊടുത്തേതീരൂവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണങ്ങൾ നിയന്ത്രിക്കുന്നതിനെക്കുറിച്ചും വരാനിടയുള്ള പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിനെക്കുറിച്ചും മാത്രം പറയുന്നത് അതിന്റെ ആഘാതം കൂടുതൽ അനുഭവിക്കുന്ന വികസ്വര രാജ്യങ്ങളോടുള്ള അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ വികസന നയങ്ങളിലും പദ്ധതികളിലും അവസരങ്ങൾ പ്രയോജനപ്പെടുത്തൽ മുഖ്യഘടകമാക്കേണ്ടത് ആവശ്യമാണെന്നും രണ്ടുമിനിറ്റ് പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

“ഒട്ടേറെ പരമ്പരാഗത ജനവിഭാഗങ്ങൾക്ക് പ്രകൃതിയുമായി പൊരുത്തപ്പെട്ടു കഴിയാനുള്ള അറിവുകൾ കൈവശമുണ്ട്. ഇത്തരം അറിവുകൾ പുതുതലമുറയിലേക്ക്‌ കൈമാറുന്നുവെന്ന് ഉറപ്പുവരുത്തണം. അവ സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം ”-അദ്ദേഹം പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more