ലണ്ടൻ: ഈ ശൈത്യകാലത്ത് ആശുപത്രികൾ തിങ്ങിനിറയുന്നത് തടയാൻ കോവിഡ് ബൂസ്റ്റർ ജാബുകളുടെ വിതരണം കാര്യക്ഷമമാക്കണമെന്ന നിർദ്ദേശം പാലിക്കപ്പെടുന്നില്ല. ബൂസ്റ്റർ ജബ്ബുകളുടെ സ്വീകരണം വളരെ മന്ദഗതിയിലാണെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. കേസുകൾ 30 ശതമാനത്തോളം ഉയരുന്നതിനിടെ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി.
ബൂസ്റ്റർ പ്രോഗ്രാമിൽ ഒരു മാസം, 80 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ പകുതി പേർക്ക് മാത്രമേ മൂന്നാമത്തെ ഡോസ് ലഭിച്ചിട്ടുള്ളൂവെന്ന് എൻഎച്ച്എസ് കണക്കുകൾ സൂചിപ്പിക്കുന്നു. ആറുമാസം മുമ്പ് രണ്ടാമത്തെ ജാബ് സ്വീകരിച്ച 80 വയസ്സിന് മുകളിലുള്ള 2.2 ദശലക്ഷത്തിൽ 1.2 ദശലക്ഷത്തിൽ താഴെ പേർക്ക് മാത്രമേ ഇതുവരെ ബൂസ്റ്റർ ജാബുകൾ ലഭിച്ചിട്ടുള്ളൂ.
ആശുപത്രിയിൽ പ്രവേശിപ്പിച്ച 65 മുതൽ 84 വയസ്സുവരെയുള്ളവരുടെ എണ്ണം കഴിഞ്ഞ ആഴ്ചയിൽ 19 ശതമാനം ഉയർന്നു, 85 വയസ്സിനു മുകളിലുള്ള ആളുകളിൽ ആശുപത്രി പ്രവേശനം 8 ശതമാനം വർദ്ധിച്ചു.
അതേസമയം പോസിറ്റീവ് ടെസ്റ്റിന്റെ 28 ദിവസത്തിനുള്ളിൽ രേഖപ്പെടുത്തിയ കൊറോണ വൈറസ് കേസുകളിൽ 30% പ്രതിവാര വർദ്ധനവ് ഇന്നലെ യുകെ റിപ്പോർട്ട് ചെയ്തു. ജൂലൈക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. എന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ മരണങ്ങൾ 148 ൽ നിന്ന് 57 ആയി കുറഞ്ഞു.
ഇപ്പോഴും മാസ്ക് നിയമങ്ങളുള്ള സ്കോട്ട്ലൻഡിൽ, കർശനമായ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും കേസുകൾ കൂടുതലാണ്. വോൾവർഹാംപ്ടണിലെ ഇമ്മൻസ ഹെൽത്ത് ക്ലിനിക് ലിമിറ്റഡിന്റെ ലബോറട്ടറി പുറത്ത് വിട്ട തെറ്റായ പരിശോധനകൾ കാരണം ലബോറട്ടറി താത്കാലികമായി അടച്ചുപൂട്ടി. ലാബിൽ പിസിആർ ടെസ്റ്റ് ഫലങ്ങൾ പ്രോസസ്സ് ചെയ്യുന്നതിലെ പ്രശ്നങ്ങൾ കാരണം തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ 43,000 ആളുകളോട് കൊറോണ വൈറസ് ഇല്ലെന്ന് തെറ്റായി പറഞ്ഞിട്ടുണ്ടെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. സെപ്റ്റംബർ ആദ്യം മുതൽ ഈ ആഴ്ച വരെ ഇമ്മൻസ ഹെൽത്ത് ക്ലിനിക് ലാബിൽ നടത്തിയ പരിശോധനകളിൽ തെറ്റായ ഫലങ്ങൾ ഉൾപ്പെടുന്നു.
തെക്ക് പടിഞ്ഞാറ് മേഖലകളിൽ കേസുകൾ ഇപ്പോൾ നാല് ദിവസത്തിനുള്ളിൽ ഇരട്ടിയായി. ഒക്ടോബർ 9 ന് റിപ്പോർട്ട് ചെയ്ത 2,334 ൽ നിന്ന് ഒക്ടോബർ 12 ആയപ്പോഴേക്കും 5,681 ആയി. ഈ വർഷം ആദ്യം ഇസ്രായേലിൽ സംഭവിച്ചതുപോലെ, പ്രതിരോധ കുത്തിവയ്പ്പുകൾ നേരത്തേ സ്വീകരിച്ചവരിൽ, കോവിഡിനെതിരായ പ്രതിരോധം കുറയാൻ സാധ്യതയുണ്ടെന്ന് ബ്രിട്ടൻ ഭയപ്പെടുന്നുണ്ട്. അത്കൊണ്ട് തന്നെ ബൂസ്റ്റർ ജാബുകളുടെ വിതരണം കൂടുതൽ കാര്യക്ഷമമാക്കണമെന്ന് വിദഗ്ദർ ആവശ്യപ്പെട്ടിട്ടുണ്ട്.
click on malayalam character to switch languages