1 GBP = 106.56
breaking news

പുസ്തകങ്ങൾ വിരൽതുമ്പിലെത്തുന്ന ലോകം. ….കാരൂർ സോമൻ, ലണ്ടൻ

പുസ്തകങ്ങൾ വിരൽതുമ്പിലെത്തുന്ന ലോകം. ….കാരൂർ സോമൻ, ലണ്ടൻ

ലോകമെങ്ങുമുള്ള മാനുഷരുടെ വീടിനുള്ളിൽ ആമസോൺ  പുസ്തകങ്ങൾ, മറ്റ്   ഉത്പന്നങ്ങൾപോലെ  യാതൊരു തടസ്സവുമില്ലാതെയെത്തുമ്പോൾ മലയാള പുസ്തകങ്ങൾ നമ്മുടെ വീടുകളിലെത്താത്തത് എന്താണ്?   രാഷ്ട്രീയ പാർട്ടിയുടെ കൊടിയും പിടിച്ചു്  കുഴലൂത്തുകാരും കുടപിടിക്കുന്നവരു൦ കാത്തുനിൽക്കുന്നത് കണ്ടാൽ അല്ലെങ്കിൽ സാഹിത്യത്തിന്റ സൗന്ദര്യ സംവിധാനങ്ങൾ കണ്ടാൽ “ഈശ്വര -മുകുന്ദ -മുരാരേ” എന്ന് വിളിച്ചുപോകും. മലയാള ഭാഷ സാഹിത്യ രംഗത്ത് അടുക്കളപ്പെണ്ണിന് അഴക് വേണമോ എന്നൊരു ചോദ്യം കുറെ കാലങ്ങളായി ചിലരൊക്കെ ചോദിക്കുന്നുണ്ട്.  അല്പം കൊണ്ട് ആശാനാകാൻ സാധിക്കുമെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നു. ചില സർഗ്ഗപ്രതിഭകൾ ചിന്തിക്കുന്നത് സർഗ്ഗരചനയിൽ ഒന്നുമല്ലാത്തവരെ പൊടിപ്പുംതൊങ്ങലും കൊടുത്തു് അധികാരികളും മാധ്യമങ്ങളും മഹാകവിപ്പട്ടം ചാർത്തുമ്പോൾ  സാഹിത്യ രചന ഒരു വ്യഥാവ്യായാമമെന്ന്  തെറ്റിധരിക്കുന്നു.  

കേരളത്തിൽ എഴുത്തുകാരുടെ തലച്ചോറ് തിന്ന് ജീവിക്കുന്ന പ്രസാധകർക്ക് ചുട്ട മറുപടിയുമായിട്ടാണ് ആമസോൺ പുസ്തകങ്ങൾ  എഴുത്തുകാരുടെ രക്ഷകരായി ലോകമെങ്ങുമെത്തിയിരിക്കുന്നത്. ഇംഗ്ലീഷ് പുസ്തകങ്ങളാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്നത്.  ആമസോണിൽ കാമക്കയങ്ങളിൽ കയ്യിട്ടടിച്ചു നീന്തിപ്പുളക്കുന്ന വാസവദത്തമാരില്ല. കൊടിയുടെ നിറത്തിലോ പണത്തിലോ ആരെയും താലോലിക്കുന്നില്ല. ആമസോൺ നോക്കുന്നത് അക്ഷരങ്ങൾ മാത്രമാണ്.   ആരെയും അവഗണിക്കുന്നില്ല. സർഗ്ഗ പ്രതിഭകളെ അവരുടെ സംഭവനകളെമാനിച്ചു് അംഗീകരിക്കുന്നു.  അങ്ങനെ എനിക്കും ഒരു ഇന്റർനാഷണൽ എഴുത്തുകാരൻ എന്ന അംഗീകാരം കിട്ടി. ഇങ്ങനെ ലിമ വേൾഡ് ലൈബ്രറി വഴി ആമസോൺ ബുക്കിന്  പലർക്കും ലഭിച്ചിട്ടുണ്ട്.  
വർത്തമാനകാല സംഭവങ്ങൾ വിലയിരുത്തുമ്പോൾ എഴുത്തുകാർക്ക് ഒരാശ്രയമായിട്ടാണ് ആമസോൺ കടന്നുവന്നിരിക്കുന്നത്. പാശ്ചാത്യ സാഹിത്യലോകം അതിന്റ മാധുര്യം അനുഭവിക്കുന്നുണ്ട്. നല്ലൊരു പറ്റം മലയാളി എഴുത്തുകാരും ആമസോണിൽ നിന്ന് വളരെയകലത്തിൽ സഞ്ചരിക്കുന്നു. അതിന്റ പ്രധാന കാരണം പല എഴുത്തുകാരും പ്രസാധക ചങ്ങലയിൽ ബന്ധിക്കപ്പെട്ടവരാണ്. മറ്റൊരു കൂട്ടർക്ക് ഇതിനെപ്പറ്റി കുടുതലൊന്നുമറിയില്ല. 

പ്രമുഖരായ എഴുത്തുകാരുടെ വിലപ്പിടിപ്പുള്ള നല്ല നല്ല പുസ്തകങ്ങൾ പൊടിപിടിച്ചു കിടക്കുന്നു. അതൊന്നും ആമസോണിൽ കാണാറില്ല. അഥവ ഉണ്ടെങ്കിലും ആമസോണിൽ നിന്ന് കിട്ടുന്ന പണം അവരുടെ കൈകളിൽ എത്താറില്ല. ചോദിക്കുമ്പോൾ പറയും ആമസോണിലുണ്ട്. ആമസോൺ എല്ലാം മാസവും സ്റ്റേറ്റ്മെന്റ് കൊടുക്കുന്നതുപോലും പലർക്കുമറിയില്ല. ഈ രംഗത്ത് എഴുത്തുകാരോട് കാട്ടുന്ന ചൂക്ഷണം മനസ്സിലാക്കിയാണ് ലിമ വേൾഡ് ലൈബ്രറി എഴുത്തുകാരുടെ അധ്വാന ഫലം മറ്റുള്ളവർ തട്ടിയെടുക്കാൻ ഇടവരാത്ത വിധം മലയാളം ഇംഗ്ലീഷ് ബുക്കുകൾ പ്രസിദ്ധികരിക്കാൻ തീരുമാനിച്ചത്. മറ്റുള്ളവരെപോലെ ഇടക്ക് നിന്ന് കമ്മീഷൻ എടുക്കുന്നില്ല. എഴുത്തുകാരൻ മരിച്ചാലും പുസ്തകങ്ങൾ വിറ്റഴിക്കുന്ന പണം അതെ ആളിന്റെ അക്കൗണ്ടിലെത്തുന്നു. പുസ്തകങ്ങൾ ഒരു സ്മരണികപോലെ എക്കാലവും ആമസോണിൽ ജീവിക്കുന്നു. ലിമ വേൾഡ് ലൈബ്രറി വഴി  പുസ്തകങ്ങൾ ഇറക്കിയവരെല്ലാം അതിന്റ ഗുണങ്ങൾ ഇന്നനുഭവിക്കുന്നു. മാത്രവുമല്ല ആമസോൺ, പൊത്തി, നോഷ്യൻ, ലുലു തുടങ്ങിയ ആഗോള പുസ്തക വിതരണക്കാർ വഴി  പുസ്തകങ്ങൾ ലോകത്തിന്റ ഏത് ഭാഗത്തിരുന്നും വാങ്ങാം. ഇൻറർനെറ്റിൽ വായിക്കാം.   കൂടുതൽ പുസ്തകങ്ങൾ വേണ്ടവർക്ക് അതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.   മാത്രവുമല്ല ആമസോൺ സാഹിത്യ സംഭാവനകളെ മാനിച്ചുകൊണ്ട് പുരസ്കാരങ്ങളും നൽകുന്നു.     

ഞാൻ ആദ്യം ആമസോൺ വഴി ഒരു പുസ്തകമിറക്കിയപ്പോൾ അതിലെ ഭാരവാഹികൾ പറഞ്ഞത് എനിക്ക് മുപ്പത് ശതമാനം റോയൽറ്റി കിട്ടുമെന്നാണ്. സത്യത്തിൽ ഇതിന്റ പിന്നിലെ കച്ചവട തന്ത്രങ്ങൾ എനിക്കറിയില്ലായിരുന്നു. പുസ്തക  വിപണിയിലും ഇതെ കുതന്ത്രങ്ങളാണ് നടത്തുന്നത്.  നൂറുരൂപയുടെ ഒരു പുസ്തകത്തിന് എനിക്ക് പ്രമുഖ പ്രസാധകരിൽ നിന്ന് കിട്ടുന്നത്  പത്തു ശതമാനം റോയൽറ്റിയാണ്. ബാക്കി തൊണ്ണൂറ് രൂപ അവരുടെ പോക്കറ്റിൽ. ഇന്നും അതിനൊരു മാറ്റം വന്നിട്ടില്ല. ആമസോൺ  ഈപേപ്പർ ആയും പുസ്തകരൂപത്തിലും ലോകത്തിന്റ ഏത് ഭാഗത്തു നിന്നും വായിക്കാനും പുസ്തകം വാങ്ങാനും സംവിധാനങ്ങളുള്ളപ്പോൾ മലയാളി ഇപ്പോഴും പരപരാഗത വിശ്വാസംപോലെ പുസ്തകപ്രസാധനത്തിന്റ പിറകെ സഞ്ചരിക്കുന്നു.  
 മറ്റൊരു പ്രധാനപ്പെട്ട കാര്യം. ആമസോണിൽ സെൽഫ് പബ്ലിഷിംഗ് പണച്ചിലവില്ലാതെ നടത്താം. അതിന് യാതൊരു നീലയോ വിലയോ അംഗീകാരമോ ഇല്ലെന്നുള്ളത് പലർക്കുമറിയില്ല.  അതിന് മറ്റൊരു ദോഷമുണ്ട്. മറ്റുള്ളർവർക്ക് അത് സ്വന്തം പേരിലാക്കി പുസ്തകമിറക്കാം.   നമ്മൾ എവിടെ പോസ്റ്റ് ചെയ്തവോ അവിടെയത്  കുളത്തിലെ താവളപോലെ കിടക്കും.  പുസ്തകങ്ങൾ ലോകമെങ്ങും എത്തിക്കണമെങ്കിൽ മാർക്കറ്റിങ് നടത്തണം. അതിന് പ്രമുഖരായ ആമസോൺ പ്രൊഫഷണൽ തന്നെ  വേണം. നമ്മുടെ സാഹിത്യ സാംസ്കാരിക  രംഗത്ത് നടക്കുന്ന അപമാനകരമായ പല സംഭവങ്ങൾപോലെയാണ് മൂല്യശോഷണം ഈ രംഗത്ത് നടക്കുന്നത്.   

പാശ്ചാത്യ രാജ്യങ്ങളിലെ പ്രമുഖരായ സാഹിത്യകാരന്മാർ, കവികളുടെ പുസ്തകങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പുറത്തിറക്കി കാശുണ്ടാക്കുന്നത് നമ്മൾ കാണാറുണ്ട്.  ഞാനും അത്തരത്തിലുള്ള പുസ്തകങ്ങൾ വാങ്ങിയിട്ടുണ്ട്.   അതൊരു നല്ല കാര്യമാണ്.  എന്നാൽ കേരളത്തിലെ  പ്രമുഖ  എഴുത്തുകാരുടെ പുസ്തകം വിറ്റ് കാശുണ്ടാക്കി തടിച്ചുകൊഴുത്തവർ അവരുടെ പുസ്തകങ്ങൾ ഇംഗ്ലീഷിലേക്ക് എത്രയെണ്ണം മൊഴിമാറ്റം നടത്തിയിട്ടുണ്ട്?  പാശ്ചാത്യ എഴുത്തുകാരെ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന പ്രസാധകർ കേരളത്തിലെ എത്ര  എഴുത്തുകാരെ കയറ്റുമതി ചെയ്തിട്ടുണ്ട്?   

ഈ രംഗത്തുള്ളവർ സ്വയം വളരുന്നതിനൊപ്പം മറ്റുള്ളവരെ വളർത്താനും ശ്രമിക്കണം. സ്വയം പൊങ്ങി നടക്കുകയും ഒപ്പം നടക്കുന്നവരെ പൊക്കിയിരിത്തുന്ന ചുമടുതാങ്ങിക്ളെയല്ല മലയാള ഭാഷക്ക് വേണ്ടത്. സ്വദേശ വിദേശ എഴുത്തുകാരന്റെ എഴുത്തിന് അംഗീകാരവും സുരക്ഷിതത്വവും  ഉറപ്പാക്കാൻ  സാധിക്കാത്തവർക്ക് എന്ത്  സാഹിത്യ സാംസ്കാരിക സംസ്കാരമാണുള്ളത്?  സ്ത്രീത്വത്തെ അപമാനിക്കുന്നതുപോലെ, ചൂക്ഷണം ചെയ്യുന്നതുപോലെ സർഗ്ഗധനരായ എഴുത്തുകാരെ ചൂക്ഷണം ചെയ്യരുത്. അപമാനിക്കരുത്. അക്ഷരങ്ങൾ വിരൽത്തുമ്പിലുണ്ട്. അക്ഷരങ്ങൾ അടിക്ക മാത്രമല്ല പുളിയും കുടിപ്പിക്കും.  അകത്തു് കത്തിയും പുറത്തു് പത്തിയുമായി നടക്കുന്നവരെ എഴുത്തുകാർ മാത്രമല്ല എല്ലാവരും    സുക്ഷിക്കുക. …………………………..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more