1 GBP = 106.38

മലങ്കര ഓർത്തഡോക്സ് സഭാ തലവൻ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കാലം ചെയ്തു…

മലങ്കര ഓർത്തഡോക്സ് സഭാ തലവൻ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കാലം ചെയ്തു…

കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭാ തലവൻ  ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ (74) കാലംചെയ്തു. പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബാവായുടെ അന്ത്യം ഇന്നു പുലർച്ചെ 2.35ന് ആയിരുന്നു. പൗരസ്‌ത്യദേശത്തെ 91-ാം കാതോലിക്കായാണ് അദ്ദേഹം.

2020 ജനുവരിയിൽ അദ്ദേഹത്തിന് അർബുദം സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സ തേടി. കഴിഞ്ഞ ഫെബ്രുവരി 23 ന് കോവിഡ് പോസിറ്റീവായ അദ്ദേഹം രോഗമുക്തനായ ശേഷം അർബുദചികിത്സ തുടരുകയായിരുന്നു.

13 ന് രാവിലെ കാതോലിക്കേറ്റ് അരമന ദൈവാലയത്തില്‍ കുര്‍ബാനയ്ക്കു ശേഷം പ്രത്യേകം തയാറാക്കിയ പന്തലില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് 3 ന് കബറടക്ക ശുശ്രൂഷ നടക്കും. സഭയിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും കബറടക്കം നടക്കുന്ന ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.അശരണരെയും പാവപ്പെട്ടവരെയും ചേർത്തുനിർത്തുകയും അവർക്കുവേണ്ടി പദ്ധതികൾ നടപ്പാക്കുകയും ചെയ്ത ബാവാ മനുഷ്യസ്നേഹത്തിന്റെയും സമത്വത്തിന്റെയും വക്താവായിരുന്നു. സഭാഭരണത്തിലും പള്ളി ഭരണത്തിലും സ്ത്രീകൾക്കു പങ്കാളിത്തം ഉറപ്പാക്കിയതും സഭയുടെ ഏറ്റവും പ്രധാനപ്പെട്ടതും അടിസ്ഥാനവുമായ ഇടവകകളിൽ പുരുഷൻമാർക്കൊപ്പം സ്ത്രീകൾക്കും 2011 ൽ വോട്ടവകാശം ഏർപ്പെടുത്തിയതുമാണ് ബാവായുടെ ഭരണപരിഷ്കാരങ്ങളിൽ പ്രധാനം.

തൃശൂർ ജില്ലയിലെ കുന്നംകുളം പഴഞ്ഞിക്കടുത്തുള്ള മാങ്ങാട് ഗ്രാമത്തിൽ കൊള്ളന്നൂർ ഐപ്പിന്റെയും പുലിക്കോട്ടിൽ കുടുംബാംഗമായ കുഞ്ഞീറ്റയുടെയും മകനായി 1946 ഓഗസ്റ്റ് 30 നാണ് കാതോലിക്കാ ബാവാ ജനിച്ചത്. പഴഞ്ഞി ഗവ. ഹൈസ്‌കൂളിൽനിന്ന് എസ്‌എസ്‌എൽസി പാസായി. തൃശൂർ സെന്റ് തോമസ് കോളജിൽനിന്ന് ബിരുദം നേടി. കോട്ടയം സെമിനാരിയിൽ വൈദിക പഠനത്തിനു ചേർന്ന അദ്ദേഹം തുടർന്ന് കോട്ടയം സിഎംഎസ് കോളജിൽനിന്ന് എംഎ പാസായി. 1972 മേയ് 31നു ശെമ്മാശപട്ടവും ജൂൺ രണ്ടിനു വൈദികപട്ടവും സ്വീകരിച്ചു.1982 ഡിസംബർ 28നു കൂടിയ മലങ്കര അസോസിയേഷൻ മേൽപട്ട സ്‌ഥാനത്തേക്ക് തിരഞ്ഞെടുത്തു.

ബസേലിയസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവാ 1985 മേയ് 15നു മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് പള്ളിയിൽ പൗലോസ് മാർ മിലിത്തിയോസ് എന്ന പേരിൽ എപ്പിസ്‌കോപ്പയായി വാഴിച്ചു. തുടർന്ന് കുന്നംകുളം ഭദ്രാസനാധിപനായി. 2006 ഒക്‌ടോബർ 12ന് പരുമലയിൽ ചേർന്ന മലങ്കര അസോസിയേഷൻ ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്കാ ആയി തിരഞ്ഞെടുത്തു.  ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവാ സ്‌ഥാനമൊഴിഞ്ഞതിനെ തുടർന്ന് പരുമല സെമിനാരി ചാപ്പലിൽ 2010 നവംബർ ഒന്നിന്  ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ എന്ന പേരിൽ പൗരസ്‌ത്യ കാതോലിക്കായായി സ്‌ഥാനാരോഹണം ചെയ്‌തു. 

സഭാ കേസില്‍ ദീര്‍ഘനാളായി നിലനിന്നിരുന്ന വ്യവഹാരങ്ങള്‍ക്ക്  അന്ത്യംകുറിച്ച്  2017 ജൂലൈ 3 ന് സുപ്രീം കോടതി  നിര്ണായകമായ അന്തിമ വിധി പ്രസ്താവിച്ചത്  ഇദ്ദേഹത്തിന്റ ഭരണകാലത്താണ്. സുപ്രീം കോടതി വിധിയുടെയും സഭാഭരണഘടനയുടെയും അടിസ്ഥാനത്തില്‍ സഭയില്‍ ശാശ്വത സമാധാനം സംജാതമാകണമെന്ന് പരിശുദ്ധ ബാവ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നു.  വ്യവഹാര രഹിതമായ മലങ്കരസഭ എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്.ആര്‍ദ്രതയും ദീനാനുകമ്പയും ലാളിത്യവും പ്രകൃതി സ്‌നേഹവും പരിശുദ്ധ ബാവായുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശോഭ പകര്‍ന്നു. ആത്മീയ വെളിച്ചം പകരുന്ന അഞ്ച് ഈടുറ്റ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ ആറിന് കാതോലിക്കേറ്റ് അരമന ചാപ്പലിൽ കുര്‍ബാനയ്ക്കു ശേഷം എട്ടു മണിയോടെ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള പൊതു ദര്‍ശനത്തിനായി അരമന കോംപൗണ്ടിലെ പന്തലിലേക്കു ബാവായുടെ ഭൗതികശരീരം മാറ്റും. കബറടക്ക ശുശ്രൂഷയുടെ സമാപനത്തിന്‍റെ ഭാഗമായ വിടവാങ്ങല്‍ ശുശ്രൂഷയ്ക്കായി വൈകിട്ട് മൂന്നോടെ അരമന ചാപ്പലിന്‍റെ മദ്ബഹായിലേക്കു കൊണ്ടു വന്ന് ശുശ്രൂഷകള്‍ പൂര്‍ത്തീകരിച്ച് അഞ്ചു മണിയോടെ അരമന ചാപ്പലിനോടു ചേര്‍ന്നുള്ള പരിശുദ്ധ കാതോലിക്കാ ബാവാമാരുടെ കബറിടത്തിനോടു ചേര്‍ന്നുള്ള കബറിടത്തില്‍ സംസ്കാരം നടത്തും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more