ജനപ്രിയ മോഡലായ ക്രെറ്റയുടെ ബ്ലൂലിങ്ക് സിസ്റ്റം നവീകരിക്കാൻ ഒരുങ്ങുകയാണ് ഹ്യുണ്ടായി എന്ന് റിപ്പോര്‍ട്ട്. പുതിയ സിസ്റ്റത്തിൽ ഓവർ ദി എയർ (OTA) അപ്‌ഡേറ്റുകളും വോയ്‌സ് കമാൻഡുകളും ഉൾപ്പെടെ അധിക സവിശേഷതകളായിരിക്കും കൂട്ടിച്ചേർക്കുക എന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
i20 പ്രീമിയം ഹാച്ച്ബാക്കിലും പുതുതായി എത്തിയ അല്‍ക്കാസറിലും നല്‍കിയിരിക്കുന്ന അതേ യൂണിറ്റായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രെറ്റയുടെ നിലവിലുള്ള ബ്ലൂലിങ്ക് സുരക്ഷ, റിമോട്ട്, വോയ്‌സ് റെക്കഗ്നിഷൻ, സ്മാർട്ട് വാച്ച് സേവനങ്ങൾ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി 50-ലധികം കണക്റ്റിവിറ്റി സവിശേഷതകൾ വാഗ്‍ദാനം ചെയ്യുന്നു.
ക്രെറ്റയുടെ ബ്ലൂലിങ്ക് സിസ്റ്റവുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ ഹ്യുണ്ടായി അൽകസാർ റിമോട്ട് എയർ പ്യൂരിഫയർ ആക്റ്റിവേഷൻ, റിമോട്ട് സീറ്റ് വെന്റിലേഷൻ ആക്റ്റിവേഷൻ, ഡയൽ ബൈ നെയിം, ക്രിക്കറ്റ്, ഫുട്ബോൾ അപ്‌ഡേറ്റുകൾ തുടങ്ങിയവ വാഗ്‌ദാനം ചെയ്യുന്നുണ്ട്.
അതേസമയം മികച്ച പ്രതികരണമാണ് നിലവില്‍ വിപണിയിസ്‍ ഈ വാഹനത്തിന്. 2021 മെയ് മാസത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട വാഹനം എന്ന നേട്ടം ക്രെറ്റ സ്വന്തമാക്കിയിരുന്നു. ക്രെറ്റയുടെ 7,527 യൂണിറ്റുകളാണ് 2021 മെയിൽ വിറ്റുപോയത്.
2015 ലാണ് ആദ്യ ക്രെറ്റയെ ഹ്യുണ്ടായി വിപണിയില്‍ അവതരിപ്പിക്കുന്നത്. ആഗോളതലത്തിൽ തന്നെ മികച്ച സ്വീകാര്യത ക്രേറ്റയ്ക്ക് കൈവരിക്കാനായെന്നാണ് വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2020 ഫെബ്രുവരിയില്‍ നടന്ന ദില്ലി ഓട്ടോ എക്സ്‍പോയില്‍ ആണ് പുതിയ മോഡൽ ക്രെറ്റയെ കമ്പനി അവതരിപ്പിക്കുന്നത്. അതേ വര്‍ഷം മാര്‍ച്ച് 17ന് ആയിരുന്നു വാഹനത്തിന്‍റെ വിപണിപ്രവേശനം. ഹ്യുണ്ടായി ചൈനയില്‍ പുറത്തിറക്കിയ ഐഎക്സ്25 എന്ന മോഡലാണ് ഇന്ത്യയില്‍ ക്രെറ്റയുടെ രണ്ടാം തലമുറ ആയി എത്തിയത്. ഏറെ ന്യൂജൻ ഫീച്ചറുകളുമായാണ് പുതിയ ക്രെറ്റ വിപണിയിലെത്തിയത്. പെട്രോൾ, ഡീസൽ, ടർബോ പെട്രോൾ എന്നീ മൂന്ന് വ്യത്യസ്‍ത ഹൃദയങ്ങളുമായാണ് 2020 മോഡലിൻറെ വരവ്. ആദ്യ തലമുറയിൽനിന്ന് ഏറെ വ്യത്യസ്‍തമായ ഡിസൈനിംഗിലാണ് വാഹനത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്.
ഇക്കോ, കംഫർട്ട്, സ്പോർട്ട് എന്നീ മൂന്ന് മോഡുകളിൽ ക്രെറ്റ ലഭ്യമാകും. 6 സ്പീഡ് ഓട്ടോമാറ്റിക് ഇൻറലിജൻറ് വാരിയബിൾ ട്രാൻസ്‍മിഷൻ, 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസിമിഷൻ, 6 സ്പീഡ് മാനുവൽ ട്രാൻസിമിഷൻ എന്നീ ഗിയർ സംവിധാനവും ക്രേറ്റയിലിണ്ട്. 1.5 ലിറ്റർ ഡീസൽ എൻജിൻ പരമാവധി 115 പി എസ് പവറും 25.5 കെജിഎം ടോർക്കും ഉൽപ്പാദിപ്പിക്കും.
പരമാവധി 140 പി.എസ് പവറും 24.7 കെ.ജി.എം ടോർക്കുമാണ് 1.4 ലിറ്റർ ടർബോ പെട്രോൾ എൻജിൻ നൽകുക. 1.5 ലിറ്റർ പെട്രോൾ എൻജിനിൽനിന്ന് പരമാവധി 115 പി.എസ് പവറും 14.7 കെ.ജി.എം ടോർക്കും ലഭിക്കുമെന്ന് കമ്പനി ഉറപ്പുനൽകുന്നു. ഡീസൽ മാനുവലിൽ 21.4 കിലോമീറ്ററും ഓട്ടോമാറ്റിക്കിൽ 18.5 കിലോമീറ്ററും മൈലേജ് ലഭിക്കും. പെട്രോൾ എൻജിൻ മാനുവലിൽ 16.8 കിലോമീറ്ററും ഓട്ടോമാറ്റിക്കിൽ 16.9 കിലോമീറ്ററുമാണ് പ്രതീക്ഷിക്കുന്ന മൈലേജ്. ടർബോ പെട്രോൾ എൻജിനിൽ ഡി.സി.ടി ഗിയർ സംവിധാനമാണുള്ളത്. ഇതിൽനിന്ന് 16.8 കിലോമീറ്റർ മൈലേജ് വരെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
click on malayalam character to switch languages