ലണ്ടൻ: ഇന്ത്യയുമായി പുതിയ വ്യാപാര നിക്ഷേപ ഇടപാടുകൾ ബ്രിട്ടൻ പ്രഖ്യാപിച്ചു. ഒരു ബില്യൺ പൗണ്ടിന്റെ പുതിയ വ്യാപാര, നിക്ഷേപ ഇടപാടുകളാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചത്. ഇന്ത്യയിൽ നിന്ന് യുകെയിലേക്ക് 533 മില്യൺ പൗണ്ടിന്റെ പുതിയ നിക്ഷേപവും ഇതിൽ ഉൾപ്പെടുന്നു, ഇത് യുകെയിൽ പുതുതായി 6,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.
ഭാവിയിലെ യുകെ-ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറിന് പുതിയ പങ്കാളിത്തം വഴിയൊരുക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി. “നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക ബന്ധം നമ്മുടെ ജനങ്ങളെ കൂടുതൽ ശക്തവും സുരക്ഷിതവുമാക്കുന്നു,” ബോറിസ് ജോൺസൺ പറഞ്ഞു.
ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വെർച്വൽ മീറ്റിംഗിന് മുന്നോടിയായി പ്രഖ്യാപിച്ച ഈ കരാറിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ 240 മില്യൺ പൗണ്ട് നിക്ഷേപം ഉൾപ്പെടുന്നു. ഇത് ക്ലിനിക്കൽ പരീക്ഷണങ്ങൾ, ഗവേഷണങ്ങൾ, വാക്സിനുകൾ നിർമ്മിക്കൽ എന്നിവയെ സഹായിക്കും.
കോഡജെനിക്സുമായി സഹകരിച്ച് കൊറോണ വൈറസിനുള്ള ഒരു ഡോസ് നാസൽ വാക്സിന്റെ ആദ്യഘട്ട പരീക്ഷണങ്ങൾ സീറം ഇൻസ്റ്റിറ്യൂട്ട് യുകെയിൽ ആരംഭിച്ചു കഴിഞ്ഞു.
ഇന്ത്യൻ നിക്ഷേപ ഇടപാടുകൾ ആരോഗ്യ, സാങ്കേതിക സ്ഥാപനങ്ങളായ ഇൻഫോസിസ്, എച്ച്സിഎൽ ടെക്നോളജീസ്, എംഫാസിസ് എന്നിവയിൽ 1,000 പുതിയ യുകെ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ക്യൂ-റിച്ച് ക്രിയേഷൻസിൽ 667 യുകെ തൊഴിലവസരങ്ങളും വിപ്രോയിൽ 500 ജോലികളും 12 അഗ്രോയിൽ 465 തൊഴിൽ അവസരങ്ങളും സൃഷ്ടിക്കും. ഇന്ന് പ്രഖ്യാപിച്ച 6,500ലധികം തൊഴിലവസരങ്ങൾ കുടുംബങ്ങളെയും സമൂഹങ്ങളെയും കൊറോണ വൈറസിൽ നിന്ന് തിരികെ കൊണ്ടുവരാനും ബ്രിട്ടീഷ്, ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനും സഹായിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കൂട്ടിച്ചേർത്തു.
യുകെയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം ഇതിനകം പ്രതിവർഷം 23 ബില്യൺ പൗണ്ടാണ്, ഇത് അരലക്ഷത്തിലധികം പേർക്ക് തൊഴിലുകൾ നൽകുന്നുവെന്ന് സർക്കാർ പറയുന്നു. അടുത്ത ദശകത്തിൽ, ഇന്ന് ഒപ്പുവച്ച പുതിയ പങ്കാളിത്തത്തിന്റെയും സമഗ്രമായ സ്വതന്ത്ര വ്യാപാര കരാറിന്റെയും സഹായത്തോടെ, ഇന്ത്യയുമായുള്ള വ്യാപാര പങ്കാളിത്തത്തിന്റെ മൂല്യം ഇരട്ടിയാക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിക്കുകയും ചെയ്യുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
click on malayalam character to switch languages