1 GBP = 106.79
breaking news

മലയാളം മിഷൻ യുകെ ചാപ്റ്റർ നടത്തുന്ന കണിക്കൊന്ന പഠനോത്സവം ഏപ്രിൽ 10 ന് ; അമ്മ മലയാളത്തെ നെഞ്ചോടു ചേർക്കുവാൻ നിരവധി കുട്ടികൾ; ഉദ്ഘാടന സമ്മേളനത്തോടെ ആരംഭിക്കുന്ന യൂറോപ്പിലെ ആദ്യ പഠനോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

മലയാളം മിഷൻ യുകെ ചാപ്റ്റർ നടത്തുന്ന കണിക്കൊന്ന പഠനോത്സവം ഏപ്രിൽ 10 ന് ; അമ്മ മലയാളത്തെ നെഞ്ചോടു ചേർക്കുവാൻ നിരവധി കുട്ടികൾ; ഉദ്ഘാടന സമ്മേളനത്തോടെ ആരംഭിക്കുന്ന യൂറോപ്പിലെ ആദ്യ പഠനോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

എബ്രഹാം കുര്യൻ

പ്രവാസി മലയാളികളായ കുട്ടികളുടെ മലയാള ഭാഷാ പഠനം സാക്ഷാത്കരിക്കുവാനായി കേരള ഗവൺമെൻറ് തുടക്കം കുറിച്ച മലയാളം മിഷന്റെ ഭാഗമായി ആരംഭിച്ച മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ കീഴിൽ പഠിക്കുന്ന പഠന കേന്ദ്രങ്ങളിലെ കുട്ടികൾക്കായി നടത്തുന്ന ആദ്യ സർട്ടിഫിക്കറ്റ് കോഴ്സ് “കണിക്കൊന്ന”യുടെ മൂല്യനിർണ്ണയമായ പഠനോത്സവം 2021 ഏപ്രിൽ 10 ശനിയാഴ്ച രാവിലെ 11ന് നടക്കും . കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ വെർച്വൽ പ്ലാറ്റ്ഫോമിലൂടെ ആണ് പഠനോത്സവം സംഘടിപ്പിക്കുന്നത്. മലയാളം മിഷൻ കേന്ദ്ര ഓഫീസിന്റെ മേൽനോട്ടത്തിൽ യൂറോപ്പിൽ ആദ്യമായി യുകെയിൽ നടത്തുന്ന കണിക്കൊന്ന പഠനോത്സവത്തിന്റെ വിജയത്തിനായുള്ള എല്ലാവിധ ക്രമീകരണങ്ങളും ഒരുക്കങ്ങളും പൂർത്തിയായതായി മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡണ്ട് സി എ ജോസഫ് , സെക്രട്ടറി എബ്രഹാം കുര്യൻ, വിദഗ്ധ സമിതി ചെയർമാൻ എസ് എസ് ജയപ്രകാശ് എന്നിവർ അറിയിച്ചു.

യുകെയിലെ വിവിധ മേഖലകളിലെ പഠന കേന്ദ്രങ്ങളിൽ പഠിക്കുന്ന 185 ഓളം കുട്ടികളാണ് പഠനോത്സവത്തിൽ പങ്കെടുക്കുന്നതിനായി റജിസ്റ്റർ ചെയ്തിരിക്കുന്നത്. പഠനോത്സവത്തിന്റെ സുഗമമായ വിജയത്തിനുവേണ്ടി മലയാളം മിഷൻ കേന്ദ്ര ഓഫീസിന്റെ നേതൃത്വത്തിൽ അധ്യാപക പരിശീലനവും ശിൽപശാലകളും മാതൃക പഠനോത്സവവും ഇതിനോടകം വിജയകരമായി നടത്തി കഴിഞ്ഞു.

ഏപ്രിൽ 10 ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തിന് ശേഷമാണ് പഠനോത്സവം ആരംഭിക്കുന്നത്. മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡണ്ട്
ശ്രീ സി എ ജോസഫിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ മലയാളം മിഷൻ ഡയറക്ടർ പ്രൊഫ സുജ സൂസൻ ജോർജ് മുഖ്യാതിഥിയായി പങ്കെടുത്ത് പഠനോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ബഹു. കേരള സാംസ്കാരിക മന്ത്രി ശ്രീ എ കെ ബാലൻ സന്ദേശം നല്കും. മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ.അനിൽ വള്ളത്തോൾ, മലയാളം മിഷൻ രജിസ്ട്രാർ ശ്രീ എം സേതുമാധവൻ, മലയാളം മിഷൻ ഭാഷ അധ്യാപകൻ ഡോ. എം ടി ശശി എന്നിവർ ആശംസകളർപ്പിക്കും. മലയാളം മിഷൻ യുകെ ചാപ്റ്റർ സെക്രട്ടറി ശ്രീ എബ്രഹാം കുര്യൻ സ്വാഗതവും വിദഗ്ദ്ധ സമിതി ചെയർമാൻ ശ്രീ എസ് എസ് ജയപ്രകാശ് നന്ദിയും പറയും. തുടർന്ന് കേരളത്തിലെ അറിയപ്പെടുന്ന കലാ സാംസ്കാരിക പ്രവർത്തകനും ഭാഷാ പ്രചാരകനുമായ ശ്രീ രാജീവ് പെരിങ്ങോടിന്റെ ഹൃസ്വമായ മോട്ടിവേഷണൽ ശില്പശാലയ്ക്ക് ശേഷം കൃത്യം പതിനൊന്ന് മണിക്ക് പഠനോത്സവം ആരംഭിക്കുന്നതാണ്.

മലയാളം മിഷൻ നാല് ഘട്ടങ്ങളായി നടത്തുന്ന കോഴ്സുകളുടെ പ്രാരംഭ സർട്ടിഫിക്കറ്റ് കോഴ്സ് ആയ ‘കണിക്കൊന്ന’ യുടെ മൂല്യനിർണ്ണയമാണ് പഠനോത്സവം ആയി 2021 ഏപ്രിൽ 10 ശനിയാഴ്ച രാവിലെ 11 മണിക്ക് ഓൺലൈനിനിലൂടെ യുകെയിൽ നടത്തുന്നത്. ഡിപ്ലോമ കോഴ്സായ ‘സൂര്യകാന്തി’ ഹയർ ഡിപ്ലോമ കോഴ്സായ ‘ആമ്പൽ’ സീനിയർ ഹയർ ഡിപ്ലോമ കോഴ്സായ ‘നീലകുറിഞ്ഞി’ എന്നിവയും വിജയകരമായി പൂർത്തിയാക്കുമ്പോഴാണ് പഠിതാവ് കേരളത്തിലെ പത്താം ക്ലാസ് പഠനത്തിന് തുല്യതയിലെത്തുന്നത് . കേരളത്തിലെ ഭരണ ഭാഷ മലയാളം ആയതുകൊണ്ട് കേരളത്തിൽ ജോലി ചെയ്യുന്നതിനായി പി എസ് സി നടത്തുന്ന എഴുത്തുപരീക്ഷകൾക്ക് മലയാളം മിഷൻ കോഴ്സ് പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ് .

മലയാളഭാഷ ഉന്നമനത്തിനായി ഇക്കഴിഞ്ഞ നവംബർ ഒന്നു മുതൽ നടത്തി വന്നിരുന്ന മലയാളം ഡ്രൈവിന്റെ സമാപന പരിപാടി യുകെയിലെ കലാ-സാംസ്കാരിക.സാമൂഹിക രംഗത്തുള്ള ആളുകളുടെ ആശംസകളും വിവിധ കലാപരിപാടികളും ഉൾപ്പെടുത്തി പഠനോത്സവത്തിനു ശേഷം ഏപ്രിൽ അവസാനം നടത്തുന്നതാണെന്ന് മലയാളം ഡ്രൈവിന്റെ ചുമതല വഹിക്കുന്ന സംഘാടകർ അറിയിച്ചു.

ഏപ്രിൽ 10ന് നടക്കുന്ന കണിക്കൊന്ന പഠനോത്സവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ കൊടുത്തിരിക്കുന്ന മേഖലാ കോർഡിനേറ്റർമാരെ ബന്ധപ്പെടാവുന്നതാണ്.

  • ബേസിൽ ജോൺ (സൗത്ത് മേഖല കോർഡിനേറ്റർ 07710021788)
  • ആഷിക് മുഹമ്മദ് നാസർ (മിഡ്ലാൻഡ്സ് മേഖല കോർഡിനേറ്റർ- 07415984534 )
  • ജനേഷ് നായർ (നോർത്ത് മേഖല കോർഡിനേറ്റർ- 07960432577 )
  • രഞ്ജു പിള്ള (സ്കോട്ട്‌ലൻഡ് മേഖല കോർഡിനേറ്റർ- 07727192181)
  • ജിമ്മി ജോസഫ് (യോർക്ക്ഷെയർ ആൻഡ് ഹംബർ മേഖല കോർഡിനേറ്റർ- 07869400005 )
  • എസ്‌ എസ്‌ ജയപ്രകാശ് (നോർത്തേൺ അയർലൻഡ് മേഖല കോർഡിനേറ്റർ-07702686022).

നമ്മുടെ മാതൃഭാഷയും സാംസ്കാരിക പൈതൃകവും പുതുതലമുറയിലേക്ക് എത്തിക്കുന്നതിനുള്ള മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും മുഴുവൻ യുകെ മലയാളികളും പിന്തുണ നൽകണമെന്നും ഏപ്രിൽ പത്തിന് ഓൺലൈനായി നടത്തുന്ന പഠനോത്സവം വിജയിപ്പിക്കുന്നതിന് വേണ്ട സഹകരണം എല്ലാ രക്ഷിതാക്കളിൽ നിന്നും ഉണ്ടാവണമെന്നും അന്ന് രാവിലെ 10 മണിക്ക് നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ എല്ലാവരും പങ്കെടുത്ത് വിജയിപ്പിക്കണമെന്നും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ് സെക്രട്ടറി എബ്രഹാം കുര്യൻ വിദഗ്ധ സമിതി ചെയർമാൻ എസ് എസ് ജയപ്രകാശ് എന്നിവർ അഭ്യർത്ഥിച്ചു.

ഉദഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിനുള്ള
സൂം ലിങ്കിന്റെയും ഫേസ്ബുക്ക് ലൈവിന്റെയും വിശദാംശങ്ങൾ താഴെ കൊടുക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more