1 GBP = 106.56
breaking news

ഉണർന്നുയരാനും ഉയിർത്തെഴുന്നേൽക്കാനും ഒരു തിരുന്നാൾ………… കോവിഡിൽ തകർന്ന ലോകത്തിന് ഈസ്റ്റർ നൽകുന്ന സന്ദേശം മഹത്തരം

ഉണർന്നുയരാനും ഉയിർത്തെഴുന്നേൽക്കാനും ഒരു തിരുന്നാൾ………… കോവിഡിൽ തകർന്ന ലോകത്തിന് ഈസ്റ്റർ നൽകുന്ന സന്ദേശം മഹത്തരം

എഡിറ്റോറിയൽ

ആഗോള ക്രൈസ്തവർ യേശുദേവന്റെ ഉയിർപ്പ് തിരുന്നാൾ ആഘോഷിക്കുന്ന ഈ അവസരം ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വലിയ സന്ദേശങ്ങൾ പങ്കുവെക്കുന്ന അനുഗ്രഹീതമായ അവസരം കൂടിയാവുന്നു. ജീവിതത്തിൽ ഒരിക്കലെങ്കിലും വീഴ്ചകളിലൂടെയും പീഡാനുഭവങ്ങളിലൂടെയും കടന്നുപോകാത്തവരായി നമ്മിൽ ആരും ഉണ്ടാകില്ല. അത് വ്യക്തി ജീവിതങ്ങളിലാവാം, നമ്മൾ പ്രവർത്തിക്കുന്ന തൊഴിൽ-സാമൂഹ്യ രംഗങ്ങളിലാവാം. ഒരു വീഴ്ചയും സ്ഥിരമായുള്ളതല്ല. എല്ലാ വീഴ്ചകൾക്കുമപ്പുറം ഉയിർപ്പിന്റെ ഒരു തിരുന്നാളുണ്ടാകും. കാത്തിരുന്നാൽ കരഗതമാവുകതന്നെ ചെയ്യുന്ന നന്മയുടെ ഒരു ഉയിർപ്പു തിരുന്നാൾ.

ഈസ്റ്ററിന്റെ സന്ദേശം സുവ്യക്തമാണ്. ഉയർത്തെഴുന്നള്ളിയ യേശുദേവൻ താൻ ദർശനം നൽകിയ വ്യക്തികൾക്കൊക്കെ ആ മഹത്തായ സന്ദേശം ആശംസിക്കുകയും ചെയ്തിട്ടുണ്ട് – നിങ്ങൾക്ക് സമാധാനം!! അസമാധാനത്തിന്റെ ശക്തികളെ തിരിച്ചറിയാനും ശാന്തിയുടെ ദൂതരാവാനും ഓരോ ഉയിർപ്പുതിരുന്നാളുകളും നമ്മോട് ആവശ്യപ്പെടുന്നു. ജാതിയുടെയോ മതത്തിന്റെയോ അതിരുകളിൽ ഒതുക്കി നിർത്തപ്പെടേണ്ട ഒന്നല്ല ഈസ്റ്ററിന്റെ സന്ദേശം.

അസത്യത്തിൽ സത്യത്തിന്റെയും, ഇരുളിൽ പ്രകാശത്തിന്റെയും ദൂതരാകാനുള്ള ഉൾവിളി നമ്മുടെ കാതുകളിൽ മുഴങ്ങുകയായി. മൃത്യുവിന്റെ താഴ്വരകളിൽ ജീവന്റെ തുടിപ്പുകളാകാൻ, അശാന്തിയുടെ തീരങ്ങളിൽ ശാന്തിദൂതരാകുവാൻ ഈ ഉയിർപ്പ് തിരുന്നാളിൽ നമുക്ക് പുനരർപ്പണം ചെയ്യാം. കോവിഡിൽ തകർന്നടിഞ്ഞ ലോകത്തിന് ഈസ്റ്റർ നൽകുന്ന പ്രതീക്ഷയുടെ സന്ദേശം ജീവദായകം തന്നെയാണ്. എല്ലാ യു കെ മലയാളി സുഹൃത്തുക്കൾക്കും “യുക്മന്യൂസ്” വായനക്കാർക്കും അനുഗ്രഹീതമായ ഈസ്റ്റർ മംഗളങ്ങൾ ആശംസിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more