1 GBP = 106.75
breaking news

കാവല്‍ മാലാഖ (നോവല്‍ 11) ഒറ്റക്കമ്പിനാദം

കാവല്‍ മാലാഖ (നോവല്‍ 11) ഒറ്റക്കമ്പിനാദം

മുന്നിലെ റോഡില്‍ കാര്‍ വലിയ ശബ്ദത്തോടെ ബ്രെയ്ക്കിട്ടു നില്‍ക്കുന്ന ശബ്ദം കേട്ടാണ്, പശുവിനെ അഴിച്ചു കെട്ടുകയായിരുന്ന റെയ്ച്ചല്‍ മുന്‍വശത്തേക്കു വന്നത്. ആന്‍സി രാവിലെ ഭര്‍ത്താവിന്‍റെ വീട്ടിലേക്കു മടങ്ങി. ഡെയ്സി കോളേജിലും പോയി. കാറിന്‍റെ മുന്‍വശത്തെ ഡോര്‍ തുറന്ന് കുഞ്ഞപ്പിച്ചായന്‍ ഇറങ്ങി വരുന്നതു കണ്ടപ്പോഴേ റെയ്ച്ചല്‍ പന്തികേടു മണത്തു. മുണ്ടിന്‍റെ കോന്തല എടുത്തു പിടിച്ച് ഭൂമി കുലുക്കി മുറ്റത്തേക്കു വരികയാണയാള്‍. രണ്ടു തടിമാടന്‍മാര്‍ കാറിനടത്തു തന്നെ നില്‍ക്കുന്നു. അതാരാണാവോ, മുമ്പു കണ്ടിട്ടില്ലല്ലോ.

ആശങ്ക മറയ്ക്കാന്‍ ശ്രമിച്ചുകൊണ്ടു റെയ്ച്ചല്‍ വിരുന്നുകാരനെ വരവേറ്റു:

“ആഹാ, ഇതാരാ വന്നിരിക്കുന്നേ, വന്നാട്ടെ വന്നാട്ടെ, ഞാന്‍ മോളേ വിളിക്കാം….”

അപകടം മണത്തിട്ടും റെയ്ച്ചല്‍ ആതിഥ്യ മര്യാദ വിട്ടില്ല. പക്ഷേ, കുഞ്ഞപ്പി അത്ര മര്യാദ സ്വീകരിക്കാനുള്ള മനസ്ഥിതിയില്‍ ആയിരുന്നില്ല. റെയ്ച്ചലിനെ മുഴുമിപ്പിക്കാന്‍ അനുവദിക്കാതെ അയാള്‍ തടഞ്ഞു.

“വേണ്ടാ, ഞാന്‍ നിങ്ങടെ ഓശാരം വാങ്ങാനൊന്നും വന്നതല്ല. നിങ്ങളുമായിട്ടിനി ഒരെടപാടിനുമില്ല. എന്‍റെ കൊച്ചുമോനെ കൊണ്ടുപോകാനാ ഞാന്‍ വന്നത്.”

പറഞ്ഞു തീര്‍ന്നതും സൂസന്‍ കുഞ്ഞുമായി വാതില്‍ക്കല്‍. വിഷപ്പാമ്പിനെപ്പോലെ ഫണം വിരിച്ചു നില്‍ക്കുന്ന അമ്മായിയപ്പന്‍റെ മട്ടും ഭാവവും കണ്ട് അവള്‍ അന്തിച്ചു നിന്നു. കുഞ്ഞപ്പിയെയും സൂസനെയും റെയ്ച്ചല്‍ മാറിമാറി നോക്കി. അപ്പോള്‍ ഇതാണു വരവിന്‍റെ ഉദ്ദേശ്യം, ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല.

“കുഞ്ഞിനെ നോക്കാന്‍ ഇവിടെ അവന്‍റെ അമ്മയുണ്ട്. വേറാരും അതിനു ബുദ്ധിമുട്ടണ്ട. അതിനെ കൊണ്ടുപോകാനാ സാര്‍ ഇത്ര ദൂരം കാറോടിച്ചു വന്നതെന്നറിഞ്ഞില്ല.”

റെയ്ച്ചല്‍ ധൈര്യം സംഭരിച്ചു പറഞ്ഞു. സൂസന്‍ അപ്പോഴും ഒന്നും മിണ്ടിയില്ല.

“മര്യാദയ്ക്കു പറഞ്ഞാല്‍ കേള്‍ക്കാന്‍ പറ്റത്തില്ല അല്ലേ? മര്യാദയല്ലാത്ത ഭാഷയുമറിയാം എനിക്ക്.”

കുഞ്ഞപ്പിയുടെ രോഷം വീണ്ടും തിളച്ചു മറിഞ്ഞു.

റെയ്ച്ചലും വിട്ടുകൊടുത്തില്ല

“ഇത്രയും നേരം മര്യാദയുടെ ഭാഷ തന്നെയാ ഞങ്ങളും പറഞ്ഞത്. എന്താ പേടിപ്പിക്കാന്‍ നോക്കുവാന്നോ? ഈ കുഞ്ഞിനെ വളര്‍ത്താന്‍ നിങ്ങടെ ആരടേം സഹായം ഇവിടാര്‍ക്കും വേണ്ടാന്നു തന്നെയാ പറഞ്ഞത്. എന്‍റെ കൊച്ചിന്‍റെ ഭാവിയാ നിങ്ങടെ മോന്‍ തകര്‍ത്തത്. എന്നിട്ടിപ്പോ കൊച്ചിനെ കൊണ്ടു പോകാന്‍ വന്നിരിക്കുന്നു. എന്തിനാ അതിനെക്കൂടി ഇല്ലാതാക്കാനോ? നാണമില്ലേ നിങ്ങള്‍ക്കൊന്നും?”

റെയ്ച്ചലിന്‍റെ ശബ്ദം അയല്‍ക്കാരെയൊക്കെ ഉണര്‍ത്തി. മുറ്റത്തിന്‍റെ മൂലയ്ക്കു കെട്ടിയിട്ടിരുന്ന പട്ടിക്കുട്ടി പിശാചിനെ കണ്ടിട്ടെന്ന പോലെ മോങ്ങി. സിഗരറ്റ് വലിച്ചു കാറിനടുത്തു നില്‍ക്കുന്ന തടിയന്‍മാരിലേക്ക് അയല്‍വീടുകളിലെ ജനാലകളിലൂടെ ദൃഷ്ടികള്‍ പാഞ്ഞു. കാര്യമെന്താണെന്നു മിക്കവര്‍ക്കും മനസിലായിട്ടില്ല.

വേലിക്കല്‍ പയറു നട്ടുനനച്ചുകൊണ്ടുനിന്ന വാസുപിള്ളയ്ക്കും തോന്നി, സംഭവം അത്ര പന്തിയല്ലല്ലോ. അയാള്‍ വേഗം വീടിനകത്തേക്കു നോക്കി ഭാര്യയെ കൈകാട്ടി വിളിച്ചു.

“നീ വേഗം ആ ജോണിയെ ഫോണില്‍ വിളിച്ച്, പെട്ടെന്നിങ്ങു വരാന്‍ പറ. അത്യാവശ്യമാണെന്നു പറയണം….”

ഭാര്യക്കു നിര്‍ദേശം കൊടുത്ത് വാസുപിള്ളയും വന്നു റെയ്ച്ചലിന്‍റെ മുറ്റത്തേക്കു കയറി.

“എന്‍റെ മോനിനി നിന്നെ വേണ്ടാ. ബന്ധമങ്ങൊഴിഞ്ഞേക്കാനാ തീരുമാനം. പക്ഷേങ്കില്, ആ കൊച്ചിനെ ഞങ്ങക്കു വേണം. അതു ഞങ്ങടെ കുടുമ്മത്തിന്‍റെ ചോരയാ. അതിനെ കൊണ്ടേ ഞാന്‍ പോകൂ. കൂടുതല്‍ വഷളാക്കാതെ അതിനെ ഇങ്ങു തന്നാല്‍ നിങ്ങള്‍ക്കു കൊള്ളാം. തന്നില്ലേലും ഞാന്‍ കൊണ്ടുപോകും. എന്നെ നിനക്കൊന്നും ശരിക്കറിയത്തില്ല….”

കുഞ്ഞപ്പിയുടെ ക്രോധം സൂസന്‍റെ നേര്‍ക്കായി.

“ബന്ധമൊഴിയാന്‍ തന്നെയാ എന്‍റേം തീരുമാനം. പക്ഷേ, ഒഴിഞ്ഞിട്ടില്ല. ഞാനും എന്‍റെ ഭര്‍ത്താവും മാത്രമാ ഇപ്പോ കുഞ്ഞിന്‍റെ അവകാശികള്‍. അതിനെ വീതിച്ചെടുക്കാന്‍ ഇപ്പോ ഞങ്ങള്‍ ബന്ധം ഒഴിഞ്ഞിട്ടില്ല. ഒഴിയുമ്പോള്‍ കൊച്ചിനെ വേണമെങ്കില്‍ കോടതീ പോയി സ്വന്തമാക്കിക്കോ. ഇവിടല്ല, അങ്ങു ലണ്ടനില്. അവിടെ ജനിച്ച അവിടുത്തെ പൗരനാ എന്‍റെ മോന്‍. അവനെ വേണേല്‍ അവിടെ കേസു കൊടുക്കാന്‍ പറഞ്ഞേക്ക് മോനോട്.”

സൂസനും വിട്ടുകൊടുത്തില്ല.

“കോടതീടെ കാര്യമൊന്നും പറഞ്ഞു നീയെന്നെ വെരട്ടാന്‍ നോക്കണ്ട. കൊറേ കോടതി ഞാനും കണ്ടതാ. ഒരെടത്തും ഒരേമാന്‍റേം സമ്മതപത്രം വാങ്ങാതെ കൊച്ചിനെ കൊണ്ടുപോകാന്‍ എനിക്കറിയാം. എന്‍റെ മോനെ ജയലിലിട്ടേച്ചു സുഖിക്കാന്‍ വന്നിരിക്കുന്നു. ഇനയൊരക്ഷരം നീ മിണ്ടരുത്”- കുഞ്ഞപ്പി അലര്‍ച്ച അന്തരീക്ഷത്തില്‍ പ്രകമ്പനം കൊണ്ടു.

“മോന്‍ ജയലിലില്‍ പോയെങ്കില്‍ അതിനു തക്കതായ കാരണവും കാണും. അതെന്താന്നു മോന്‍ വരുമ്പോള്‍ ചോദിക്ക്. അല്ലാതെ ഞങ്ങടെ മുറ്റത്തു വന്നു ചാടാന്‍ നിക്കണ്ട.”

“ഭ… നിറുത്തെടീ… പുണ്യവതി ചമയുന്നോ. നിനക്ക് ആണുങ്ങടെ കൈക്കരുത്തറിയാത്തതിന്‍റെ കേടാ. നല്ലതു കിട്ടിയാലേ നീ പഠിക്കൂ.”

സ്ഥിതി ഇത്രയുമായപ്പോഴേക്കും പുറത്തുനിന്ന തടിമാടന്‍മാരും മുറ്റത്തേക്കു കയറി. കുഞ്ഞപ്പി ഇതിനിടെ ഉമ്മറത്തേക്കു ചാടിക്കയറി. സൂസന്‍റെ കൈയില്‍നിന്നു കുട്ടിയെ തട്ടിപ്പറിക്കാനുള്ള ശ്രമമായി.

“ഏയ്…, ഏയ്…, ഇതെന്തോന്ന് അക്രമമാ. കുടുമ്മത്തു കേറി തോന്ന്യാസം കാണിക്കുന്നോ? ചോദിക്കാനും പറയാനും ആരുമില്ലാന്നു വിചാരിച്ചാണേല്‍ അതു വേണ്ടാ…”

അതുവരെ മുറ്റത്തു മിണ്ടാതെ നിന്ന വാസു ഒച്ചവച്ചു.

“നീയാണോടാ ചോദിക്കാന്‍, മാറെടാ ഇങ്ങോട്ട്….”

പ്രതികരിച്ചതു കുഞ്ഞപ്പിയുടെ കിങ്കരന്‍മാരാണ്. കൂടെ കഴുത്തിനു പിടിച്ചൊരു തള്ളും. വാസു മലര്‍ന്നടിച്ചു മുറ്റത്തു വീണു.

“കൊച്ചിനെ തൊട്ടാന്‍ ആ കൈ ഞാന്‍ വെട്ടും അതാരായാലും”- വേലിക്കലിരുന്ന വാക്കത്തിയും വലിച്ചെടുത്ത് റെയ്ച്ചല്‍ പാഞ്ഞു വന്നു.

കുഞ്ഞിനെ പിടിച്ചു പറിക്കാന്‍ നോക്കുന്ന കുഞ്ഞപ്പിയുടെ നേര്‍ക്കായിരുന്നു അവരുടെ ഓട്ടം. പക്ഷേ, അവരെ മറ്റൊരു തടിയന്‍ പിടിച്ചു മുറ്റത്തേക്കു വിലിച്ചിഴച്ചു. കൈയില്‍നിന്നു വെട്ടുകത്തി താഴെപ്പോയി. അവര്‍ വലിയ വായില്‍ നിലവിളിച്ചുകൊണ്ടു മുറ്റത്തു വീണുരുണ്ടു.

തടിയന്‍മാര്‍ ഉമ്മറത്തു കിടന്ന കസേരയും ടീപ്പോയിയുമെല്ലാം വലിച്ചു മുറ്റത്തേക്കെറിഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍ ഇടിവെട്ടും പോലൊരു ശബ്ദം റോഡില്‍നിന്ന്.

“ഡാ… നായിന്‍റെ മക്കളേ, ആണുങ്ങളില്ലാത്ത വീട്ടിക്കേറി അനാവശ്യം കാണിക്കുന്നോ. ഇറങ്ങെടാ ഇവിടെ.”

പാഞ്ഞു വന്ന സൈക്കിള്‍ വഴിയിലേക്കു മറിച്ചു ജോണി അലറിക്കൊണ്ടു മുറ്റത്തേക്കു ചാടിക്കയറി. സഹോദരന്‍റെ ശബ്ദം റെയ്ച്ചലിന്‍റെ മനസില്‍ സമാശ്വാസത്തിന്‍റെ ഒരു തരി വീണു മുളച്ചു. അവരെ പിടിച്ചിരുന്നവന്‍ തിരിഞ്ഞു നോക്കിയതും മൂക്കിനു തന്നെ ഒരു ക്വന്‍റല്‍ തൂക്കത്തില്‍ ഒറ്റയിടി. വാസുവിനെ തള്ളിയിട്ടവന്‍റെ നാഭി നോക്കി ഒരു തൊഴിയും കൊടുത്ത് അകത്തേക്കു പാഞ്ഞു കയറിയ ജോണി കുഞ്ഞപ്പിയുടെ പിന്‍കഴുത്തില്‍ പിടിമുറുക്കി. കുഞ്ഞപ്പി കുഞ്ഞിന്‍റെ മേലുള്ള പിടിവിട്ടു. അയാളുടെ കണ്ണുതള്ളി.

“മോളേ, നീ കൊച്ചിനേം കൊണ്ട് അകത്തു പോ. പെങ്ങളും പോ. ഇവന്മാരെ ഞാന്‍ നോക്കിക്കോളാം….”

പിന്നെ ജോണിയും രണ്ടു മല്ലന്മാരും തമ്മില്‍ പൊരിഞ്ഞ അടി തന്നെ നടന്നു. ജോണിയുടെ കൈകാലുകള്‍ വായുവില്‍ തലങ്ങും വിലങ്ങും പാഞ്ഞു. ഗുണ്ടകളുടെ മൂക്കില്‍നിന്നും വായില്‍നിന്നും ചോര തെറിക്കാന്‍ തുടങ്ങി. ജോണിയുടെ സഹായത്തിനു വാസുവും കൂടി.

ഇതിനിടെ കുഞ്ഞപ്പി ഓടി കാറില്‍ കയറി ഇരിപ്പായി. ജോണിയുടെ കൈകാലുകള്‍ തന്‍റെ ഗുണ്ടകളെ ചതച്ചു പിഴിയുന്നത് കുഞ്ഞപ്പി ഗ്ലാസിലുടെ നോക്കിയിരുന്നു. വണ്ടിയെടുത്തോണ്ടു കടക്കാമെന്നു വച്ചാല്‍ ഓടിക്കാനും അറിയന്‍ മേലാ. ഇങ്ങനൊരു ചട്ടമ്പി കുടുമ്മത്തൊണ്ടെന്നു കല്യാണത്തിനു മുമ്പേ കേട്ടതാ. എല്ലാം നിര്‍ത്തി തേങ്ങാക്കച്ചോടോമായിട്ട് ഒതുങ്ങി കഴിയുന്നെന്നാ അടുത്ത കാലത്തു കേട്ടത്. ഇപ്പോ ഈ നേരത്ത് ഇവനെ ആരാണാവോ ഇങ്ങോട്ടു കെട്ടിയെടുത്തത്. വന്ന സമയം തീരെ ശരിയായില്ല. കൊണ്ടുവന്ന എന്തിരവന്‍മാരു ദേ ചോര തൂറുന്നു.

ഗുണ്ടകള്‍ രണ്ടും ഇഞ്ചപ്പരുവമായിക്കഴിഞ്ഞു. എണീക്കാന്‍ പോലുമാകാതെ നിലത്തു കിടക്കുകയാണു രണ്ടു.

ജോണി ആക്രോശിച്ചു.

“എണീക്കെടാ നായിന്‍റെ മക്കളേ. പോയി വിളിച്ചോണ്ടു വാടാ നിന്‍റെയൊക്കെ മറ്റവനെ…. എടാ, പറഞ്ഞതു കേട്ടില്ലേ, കാറിലിരിക്കുന്ന നിന്‍റെ മൊതലാളിയെ പോയി വിളിച്ചോണ്ടു വരാന്‍….”

ജോണി വീണ്ടും ചവിട്ടാന്‍ കാലു പൊക്കിയപ്പോഴേക്കും ഒരുത്തന്‍ ഉരുണ്ടുപിരണ്ട് എഴുന്നേറ്റു. എളിയില്‍നിന്നവന്‍ കത്തി വലിച്ചൂരി. ജോണി നിസാരമായി അതു പിടിച്ചു വാങ്ങി.

“നിനക്കു കത്തി പ്രയോഗവും ഉണ്ടല്ലേ. പറയെടാ എത്രപേരെ നീ ഇതുകൊണ്ടു കുത്തിമലര്‍ത്തിയിട്ടുണ്ട്. ഫ! പറയെടാ കഴുവേറീ.”

“അയ്യോ ഞാനാരേ കുത്തീട്ടില്ലേ. ഒരു ധൈര്യത്തിനു കൊണ്ടുനടക്കുന്നതാ. ആള്‍ക്കാരെ പേടിപ്പിക്കാന്‍.”

കരഞ്ഞുകൊണ്ടായിരുന്നു അവന്‍റെ മറുപടി.

“എന്നാല്‍ ഇതാളു വേറെയാ. പോയി വിളിച്ചോണ്ടു വാടാ ആ കാറിലിരിക്കുന്നവനെ.”

അവന്‍ തൊഴുതുകൊണ്ട് തിരിച്ചു നടന്നു. പിന്നെ കാറിനടുത്തേക്ക് അയാള്‍ വേച്ചുവേച്ച് ഓടി. വിന്‍ഡോയിലൂടെ കുഞ്ഞപ്പിയെ നോക്കി. തിരിഞ്ഞു ജോണിയെയും നോക്കി. അയാള്‍ കൈ ഓങ്ങിക്കാണിച്ചു.

കുഞ്ഞപ്പി പുറത്തേക്കിറങ്ങി. ചെറിയൊരു വിറയലോടെ മെല്ലെ നടന്നു മുറ്റത്തേക്കു കയറി. തടിയന്‍മാരെയും ജോണി കൈകാട്ടി വിളിച്ചു.

“വരിനെടാ. വന്ന് ഈ കസേരയും മേശയുമെല്ലാം ഇരുന്നിടത്ത് എടുത്തുവയ്ക്ക്.”

രണ്ടാളും കൂടി കസേരയും മേശയും തിരികെ ഉമ്മറത്തുകൊണ്ടിട്ടു. ഇയാള്‍ പറയുന്നതെല്ലാം അനുസരിക്കാതെ ഇവിടെനിന്നു രക്ഷപെടാനാകില്ലെന്ന് അവര്‍ക്കം ഇതിനകം നല്ല ബോധ്യം വന്നിരുന്നു. കുഞ്ഞപ്പി വിറച്ചുകൊണ്ടു മുറ്റത്തിന്‍റെ ഒരരുകില്‍ നിന്നു.
അപ്പോഴാണു പിന്നില്‍ മറ്റൊരു വണ്ടി വന്നു നില്‍ക്കുന്നത്.

“എന്താ, എന്താ ഇവിടെ?”

പാപ്പച്ചായനാണ്. ജോണിയുടെയും റെയ്ച്ചലിന്‍റെയും മൂത്ത ജ്യേഷ്ഠന്‍. സ്വര്‍ണക്കടയില്‍ ആരോ വിവരമറിയിച്ചപ്പോള്‍ വന്നതാണ്.

“എവമ്മാര് വീട്ടിക്കേറി പോക്രിത്തരം കാണിക്കാനെറിയേക്കുവാ അച്ചായാ. പിള്ളേരേപ്പിടിത്തക്കാരാ, നമ്മുടെ കൊച്ചിനെ കൊണ്ടുപോണം പോലും. ഇനി പോലീസു വന്നിട്ടു ബാക്കി തീരുമാനിക്കട്ടെ. ഒന്നിനേം അങ്ങനങ്ങു വിട്ടാ പറ്റത്തില്ല.”

ജോണി പറഞ്ഞതു കേട്ട് കുഞ്ഞപ്പിയുടെ നെഞ്ചു കാളി. ഇപ്പോത്തന്നെ ആവശ്യത്തിനു നാണക്കേടായി. അത്ര മോശമല്ലാത്ത തല്ലും കിട്ടി. ഇനി പോലീസ് സ്റ്റേഷനീക്കൂടി കേറേണ്ടി വന്നാല്‍… പിന്നെ പുറത്തിറങ്ങി നടക്കണ്ട. വീടു കേറി ആക്രമിച്ചതിനു കേസു വേറെയാകും. പിന്നെ കൊച്ചിനെ തട്ടിക്കൊണ്ടു പോകാന്‍ നോക്കിയെന്നും ഗുണ്ടകളെ വിട്ടു തല്ലിച്ചെന്നും കൂടിയായാല്‍ പറയാനുമില്ല. അയാള്‍ ദയനീയമായി പാപ്പനെ നോക്കി.

“പാപ്പച്ചാ, ഞാന്‍…. ഇവമ്മാരെ ഇനി ആശുപത്രീ കൊണ്ടുപോണം.”

കുഞ്ഞപ്പിയുടെ ഒച്ച പൊങ്ങിയതിനൊപ്പം ജോണിയുടെ കൈയും ചീറിക്കൊണ്ടുയര്‍ന്നു. സൂസന്‍ ഓടിവന്നു തടുത്തു.

“അയ്യോ വേണ്ടാ… മതി. ഇനി ഉപദ്രവിക്കണ്ട. അവരു പൊക്കോട്ടെ.”

പാപ്പന്‍ കുഞ്ഞപ്പിയെയും ജോണിയെയും മാറിമാറി നോക്കി. പിന്നെ ജോണി പിഴിഞ്ഞിട്ടിരിക്കുന്ന മല്ലന്‍മാരെയും ഒന്നു നോക്കിയിട്ടു പറഞ്ഞു:

“വേണ്ടെടാ, പോട്ടെ, വിട്ടേര്. കൊടുക്കാനൊള്ളത് ഇപ്പത്തന്നെ നീ കൊടുത്തിട്ടൊണ്ടല്ലോ. ഇനി മതി.” പാപ്പന്‍ അനുജനെ അനുനയിപ്പിക്കാന്‍ നോക്കി. ജ്യേഷ്ഠനും അനുജനും അത്ര രസത്തിലൊന്നുമല്ല. അപ്പച്ചന്‍ പണ്ടു റെയ്ച്ചലിനു വീടു വച്ചു കൊടുത്തപ്പോള്‍ തുടങ്ങിയ ഉടക്കാണ്. എന്നാലും, പാപ്പച്ചായന്‍ പറഞ്ഞാല്‍ ജോണി നേരേ നിന്ന് എതിര്‍ക്കില്ല.

“അതു ശരിയാവത്തില്ലച്ചായാ… പോലീസു വേണ്ടെങ്കില്‍ വേണ്ട. പക്ഷേങ്കില്, ഇയാളെക്കൊണ്ടു മാപ്പു പറയിക്കുകയെങ്കിലും വേണം.”

ജോണി അയയുന്നില്ല.

“ഡാ, ഒന്നും വേണ്ടന്നല്ലേ നിന്നോടു പറഞ്ഞത്. അവരെ വിട്ടേക്ക്. കുഞ്ഞപ്പീ, ഇവന്‍മാരെ വിളിച്ചോണ്ടു പോ. വേഗം പൊയ്ക്കോ…. പിന്നൊരു കാര്യം, കുഞ്ഞപ്പീ, തനിക്കു കൊറേ പൂത്ത പണമൊക്കെ കാണും. പക്ഷേ, കുടുമ്മത്തില്‍ പെറന്നവരോടു കളിക്കാന്‍ നിക്കണ്ട. ഞങ്ങളു ചോറുവാരിക്കൊടുത്ത വളര്‍ത്തിയ കൊച്ചാ ഈ സൂസന്‍. അവളുടെ ദേഹത്ത് ഒരു തരി മണ്ണു വാരിയിട്ടാ ഞങ്ങള് അമ്മാച്ചമാര് നോക്കി നിക്കുമെന്നു നീ കരുതണ്ട. ഉം, പൊക്കോ വേഗം….”

കുഞ്ഞപ്പിയും ഗുണ്ടകളും ജീവനുംകൊണ്ടു കാറില്‍ക്കയറി. ജോണി കലിയടങ്ങാതെ പല്ലിറുമ്മി നോക്കിനില്‍ക്കുമ്പോള്‍ അവര്‍ റിവേഴ്സെടുത്ത് പാഞ്ഞു പോയി.

സൂസന്‍റെ കണ്ണുകളില്‍ ആശ്വാസം. വല്യച്ചായന്‍ ഒരിക്കലും വരുമെന്നു വിചാരിച്ചതല്ല. ജോണിച്ചായനും വല്യച്ചായനുമുണ്ടെങ്കില്‍ ഇനിയാരെയും പേടിക്കാനില്ലെന്ന് അവള്‍ക്കു തോന്നി. സ്വന്തം മോളെപ്പോലെയാണു ജോണിച്ചായനു താന്‍. വല്യച്ചായന്‍ ഒരിക്കലും അങ്ങനെ പ്രകടമായ സ്നേഹമൊന്നും കാണിച്ചിട്ടില്ലെങ്കിലും ആ മനസിലും തനിക്കൊരു സ്ഥാനമുണ്ടെന്നറിഞ്ഞപ്പോള്‍ സൂസന്‍റെ മനം കുളിര്‍ത്തു.

വല്യപ്പച്ചന്‍റെ വലിയ വീട്ടില്‍ അവിടുത്തെ കുട്ടിയായാണു വളര്‍ന്നത്. വാറ്റ് ചാരായം കുടിച്ചേ വീട്ടില്‍ വരുകയുള്ളെങ്കിലും ജോണിച്ചായന്‍ വീട്ടിലുള്ള ഒരാളോടും ഒച്ചയെടുക്കുന്നതോ കൈപൊക്കുന്നതോ കണ്ടിട്ടില്ല. അപ്പനറിയാതെ അമ്മായി പിന്നിലെ കതകു തുറന്നു കൊടുക്കും. പ്രാര്‍ഥനയും ഉപവാസവുമാണ് അച്ചായന്‍റെ കള്ളുകുടി മാറാന്‍ അമ്മായി കണ്ടെത്തിയ വഴി. ഇപ്പോ പണ്ടത്തെപ്പോലെ കുടിയൊന്നുമില്ല. മക്കള്‍ വളര്‍ന്നപ്പോള്‍, തന്‍റെ കുടി അവര്‍ക്കൊരു നാണക്കേടാകുന്നു എന്നു ജോണിക്കു സ്വയം തോന്നി. അപ്പോ ആരും പറയാതെ സ്വയം അങ്ങു നിര്‍ത്തി. ധ്യാനത്തിന്‍റെയും ഉപവാസത്തിന്‍റെയുമൊക്കെ ശക്തിയെന്ന് അമ്മായിയും വിശ്വസിച്ചു.

ലോകത്ത് ആകെ പേടിയുള്ളത് അപ്പനെ ആയിരുന്നു. അപ്പന്‍ പല തവണ വിളിച്ചു ശാസിച്ചു. പല തവണ സത്യം ചെയ്യിച്ചു. അതൊക്കെ തെറ്റിച്ചപ്പോള്‍ പല ഒഴിവുകഴിവുകള്‍ പറഞ്ഞു.

“എന്താ മോളേ ഇതൊക്കെ? കാര്യങ്ങളൊക്കെ ഇന്നലെത്തന്നെ നിന്‍റമ്മ പറഞ്ഞു. പക്ഷേ, ബന്ധമൊഴിയുകാന്നൊക്കെ വച്ചാ…”

മുറ്റത്തേക്കിറങ്ങിവന്ന സൂസനോടായി പാപ്പന്‍ ചോദിച്ചു. കാര്യങ്ങളൊക്കെ അയാള്‍ അറിഞ്ഞിരിക്കുന്നു. പക്ഷേ, മറുപടി കൊടുത്തതു ജോണിയാണ്.

“അച്ചായാ, സ്വരുമയോടെ പോകാനാ ഞാനും ഇന്നലെ ഇവളോടു പറഞ്ഞത്. പക്ഷേങ്കി, ഇന്നാണെനിക്കു കാര്യം ശരിക്കും മനസിലായത്. ഇനി വേണ്ടാ. ഇങ്ങനത്തെ കൂട്ടരുമായിട്ടു നമ്മുടെ കുടുമ്മത്തിന് ഇനിയൊരു ബന്ധം വേണ്ടാ….”

അന്നു രാവിലെ വരെ ഡിവോഴ്സില്‍നിന്നു പിന്‍മാറാന്‍ മകളെ ഉപദേശിച്ച റെയ്ച്ചലും അപ്പോള്‍ മൗനം പാലിച്ചു. ആ കുടുംബവുമായി ഇനിയും ഒത്തുപോകാമെന്ന അവരുടെ എല്ലാ പ്രതീക്ഷയും നശിച്ചു കഴിഞ്ഞിരിക്കുന്നു. എങ്കിലും മകളുടെ വിവാഹബന്ധം വേര്‍പെടുന്നത് സഹിക്കാവുന്നതിലുമധികമായിരുന്നു ആ അമ്മയ്ക്ക്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more