സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
കേരള സർക്കാരിന്റെ പ്രസിദ്ധമായ എഴുത്തച്ഛൻ സാഹിത്യപുരസ്കാരം നേടിയ പ്രമുഖ സാഹിത്യകാരൻ പോൾ സക്കറിയയുടെ കവർ ചിത്രവുമായി, യുക്മ സാംസ്കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ – മാഗസിൻ നവംബർ ലക്കം പ്രസിദ്ധീകരിച്ചു. വായനക്കാരുടെ അഭിരുചിക്ക് അനുസരിച്ചു ഈ ലക്കവും നിരവധി വേറിട്ട വായനാനുഭവം പ്രദാനം ചെയ്യുന്ന രചനകളാൽ സമ്പന്നമാണ്.
എഡിറ്റോറിയലിൽ ചീഫ് എഡിറ്റർ റജി നന്തികാട്ട് ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ സർവ്വ മേഖലകളിലും അഴിഞ്ഞാടുന്ന അഴിമതി സാധാരണ മനുഷ്യരുടെ ജീവിതത്തെ എത്രമാത്രം ദുരിതപൂർണ്ണം ആക്കുന്നുവെന്ന് ആശങ്കപ്പെടുന്നു. പണം സമ്പാദിക്കുക, സകല സുഖസൗകര്യങ്ങളോടെ ജീവിക്കുക എന്നിവ മാത്രം ലക്ഷ്യം വക്കുകയും ചെയ്യുന്ന ഒരു വിഭാഗം ആളുകളും, അതിന് വേണ്ടി എന്തും ചെയ്യുവാൻ തയ്യാറാകുന്ന ഉദ്യോഗവൃവും ചേർന്ന് സാമൂഹ്യ ജീവിതത്തെ തികച്ചും ദുരിതപൂര്ണമാക്കുന്നു. ജീവിതമൂല്യങ്ങൾ ഉയർത്തി പിടിക്കുന്ന ഒരു തലമുറയെ വളർത്തികൊണ്ടുവരാൻ സാമൂഹ്യ സംഘടനകൾ ശ്രമിക്കണമെന്ന് എഡിറ്റോറിയലിൽ ആഹ്വാനം ചെയ്യുന്നു.
കേരള സർക്കാരിന്റെ പ്രസിദ്ധ സാഹിത്യപുരസ്‌കാരം എഴുത്തച്ഛൻ പുരസ്‌കാരം നേടിയ സക്കറിയയെ അടുത്തറിയാൻ സഹായിക്കുന്ന ലേഖനമാണ് ശിവകുമാർ. ആർ. പി എഴുതിയ “വിശുദ്ധമായ അജ്‌തയുടെ വിരുദ്ധോക്തികൾ”. ആർ.ഗോപാലകൃഷ്ണൻ എഴുതിയ ‘കേരളപ്പിറവി : പിന്നാമ്പുറക്കഥ’ എന്ന ചരിത്ര ലേഖനം വളരെയധികം ചരിത്ര വസ്‌തുതകൾ വായനക്കാർക്ക് അറിയുവാൻ സാധിക്കുന്ന രചനയാണ്.
മലയാള സിനിമാ സംഗീത രംഗത്ത് മലയാളികൾ ഒരിക്കലും മറക്കാത്ത ഗാനങ്ങൾ നൽകിയ ബോംബെ രവിയെ ആദ്യമായി മലയാളത്തിന് പരിചയപ്പെടുത്തിയ സംവിധായകനാണ് ഹരിഹരൻ. അവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വളരെ മനോഹരമായി രേഖപ്പെടുത്തിയ ലേഖനമാണ് രവി മേനോൻ എഴുതിയ ‘ബോബെ രവിയെ ‘മലയാളി’യാക്കിയ ഹരിഹരൻ’. മലയാള സിനിമയിൽ വേറിട്ട അഭിനയത്തിലൂടെ തന്റേതായ സ്ഥാനം നേടിയ അന്തരിച്ച ജഗന്നാഥൻ എന്ന നടനെക്കുറിച്ചു സജി എബ്രഹാം എഴുതിയ ഓർമ്മക്കുറിപ്പും നല്ലൊരു രചനയാണ് .
പ്രമുഖ പ്രവാസി എഴുത്തുകാരനും സിനിമാനടനുമായ തമ്പി ആന്റണി രചിച്ച ‘ ജോസഫ് ഒരപരിചിതൻ ‘, ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലൂടെ വായനക്കാരുടെ പ്രിയ എഴുത്തുകാരി മേദിനി കൃഷ്‌ണൻ എഴുതിയ ‘ചന്തു’ എന്നീ രണ്ടു കഥകൾ വായനക്കാരെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന രചനകളാണ്. തോമസ് കാവാലം എഴുതിയ ‘കണ്ണ്’, സോജോ രാജേഷ് എഴുതിയ ‘അവൾ’, ശ്രീകുമാർ എം.പി രചിച്ച ‘ചിന്താരശ്മി’ എന്നീ കവിതകളും മികച്ച രചനകളാണ്.
ജ്വാല ഇ മാഗസിന്റെ നവംബർ ലക്കം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
click on malayalam character to switch languages