1 GBP = 107.62
breaking news

കാവല്‍ മാലാഖ (നോവല്‍ – 9): താഴ്‌വരകളിലെ തണുപ്പ്

കാവല്‍ മാലാഖ (നോവല്‍ – 9): താഴ്‌വരകളിലെ തണുപ്പ്

ആകാശക്കോട്ടകളില്‍ നിന്നു വിമാനം കേരളത്തിന്‍റെ മണത്തിലേക്ക് ഊളിയിട്ടു. പിറന്ന നാടിന്‍റെ പച്ചപ്പില്‍ സൂസന്‍റെ മനം കുളിര്‍ത്തു. പുറത്തു കോരിച്ചൊരിയുന്ന മഴ. പ്രകൃതി ഇരുള്‍മൂടിനിന്നു.

സൂസനും കുഞ്ഞും തിരുവനന്തപുരം വിമാനമിറങ്ങുമ്പോള്‍ സ്വീകരിക്കാന്‍ റെയ്ച്ചലും ആന്‍സിയും ഡെയ്സിയും കാത്തു നിന്നു. ചാര്‍ലിയെ ആദ്യമായി കാണുന്നതിന്‍റെ ആവേശത്തിലാണ് എല്ലാവരും. നാട്ടിലേക്കു വരുന്നെന്നു ചേച്ചി പെട്ടെന്നു വിളിച്ചതിന്‍റെ സര്‍പ്രൈസ് അനിയത്തിമാര്‍ക്ക് ഇതുവരെ മാറിയിട്ടില്ല.

കുഞ്ഞിനെയുമെടുത്ത്, ലഗേജ് ട്രോളിയുമുരുട്ടി സൂസന്‍ പുറത്തേക്കു വന്നു. ചാര്‍ലിയെ റെയ്ച്ചല്‍ ഓടിവന്നു കൈകളിലെടുത്തു. ആന്‍സിയും ഡെയ്സിയും അമ്മയുടെ കൈയില്‍നിന്ന് അവനെ വാങ്ങി, മാറിമാറി വാരിയെടുത്ത് ഉമ്മകൊണ്ടു മൂടി. അവന്‍ എല്ലാവരോടും പരിചയഭാവത്തില്‍ ചിരിക്കുന്നു.

“വല്ല്യമ്മച്ചിയെ അറിയുവോടാ നീ?”

റെയ്ച്ചലിനു കൊച്ചുമോനെ കൊഞ്ചിച്ചു കൊതി തീരുന്നില്ല.

“എടീ പിള്ളാരേ, നിങ്ങക്കവനെ മാത്രം മതിയോ? എന്നെ വേണ്ടായോ?”

സൂസന്‍ അനിയത്തിമാരോടു പരിഭവിച്ചു. രണ്ടു പേരും ചേച്ചിയുടെ രണ്ടും കൈയും പിടിച്ചു കാറിലേക്ക്.

“എവളോടു ഞാന്‍ കോളേജിപ്പോകാന്‍ പറഞ്ഞതാ, കേക്കണ്ടായോ, നീ അങ്ങോട്ടു തന്നെയല്ലിയോ വരുന്നത്, വരുമ്പ കണ്ടാപ്പോരായോന്നു ചോദിച്ചപ്പോ, എന്നോടു പിണങ്ങി ചാടിപ്പോന്നതാ”, റെയ്ച്ചല്‍ ഡെയ്സിയെ കുറ്റം പറഞ്ഞു.

“സൈമണു സുഖമാണോ മോളേ? നീയിങ്ങു പോന്നപ്പോ അവിടെ അവന്‍റെ കാര്യമൊക്കെ എങ്ങനാ?”

കാറിനടുത്തേക്കു നടക്കുമ്പോള്‍ അമ്മച്ചിയുടെ ചോദ്യം, സൂസന്‍ പരുങ്ങി.

“അതു കുഴപ്പമില്ലമ്മേ. പെട്ടെന്നു ലീവ് കിട്ടിയപ്പോ….”

ചാര്‍ലിയെ കൊഞ്ചിക്കുന്ന തിരക്കിലും ആ മറുപടിയുടെ ഒഴുക്കന്‍ മട്ട് കണ്ടില്ലെന്നു നടിക്കാന്‍ റെയ്ച്ചലിനു കഴിഞ്ഞില്ല. പിന്നെ കാറില്‍ വീടു വരെയുള്ള 3 മണിക്കൂര്‍ യാത്രയ്ക്കിടയിലും ചില സന്ദേഹങ്ങള്‍ റെയ്ച്ചലിനെ മഥിച്ചുകൊണ്ടിരുന്നു. കുണ്ടറയില്‍ ഇറങ്ങി ചായ കുടിച്ച് വീണ്ടും യാത്ര. ഇരുള്‍ മൂടിയ വഴിയില്‍ കുണ്ടും കുഴിയും ഏറി വന്നു. വീട്ടിലെത്തുമ്പോള്‍ ഏഴു മണി കഴിഞ്ഞു. ജോണിയും കുടുംബവും കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.

ലണ്ടനില്‍നിന്നു 12 മണിക്കൂര്‍ വിമാനത്തില്‍, പിന്നെ കാറില്‍ ഇവിടെ വരെ. പക്ഷേ, കിണറ്റിലെ വെള്ളത്തില്‍ ഒരു കുളി കഴിഞ്ഞപ്പോള്‍ സൂസന്‍റെ ക്ഷീണമെല്ലാം മാറി. അത്താഴവും കഴിഞ്ഞ് എല്ലാവരും സംസാരിച്ചിരുന്നു. ഒന്നര വര്‍ഷത്തെ വിവാഹ ജീവിതത്തിന്‍റെ അനുഭവങ്ങള്‍ മുഴുവന്‍ സൂസന്‍റെ വാക്കുകളായും കണ്ണീരായും ആ വീട്ടില്‍ നിറഞ്ഞു. മകനെപ്പോലെ കണ്ട മരുമകന്‍ ചെയ്ത കാര്യങ്ങളെക്കുറിച്ചു കേട്ടപ്പോള്‍ റെയ്ച്ചലിന്‍റെ മനസ് കലങ്ങി മറിഞ്ഞു. മകളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. ഇനിയും എന്തൊക്കെ അനര്‍ഥങ്ങളാണോ കര്‍ത്താവേ വരാനിരിക്കുന്നത്, ആ മാതൃഹൃദയം തേങ്ങി.

അവളുടെ ഭാവി തീരുമാനിക്കേണ്ടത് അവളാണ്. പക്ഷേ, നാട്ടുകാരറിഞ്ഞാല്‍ എന്തൊരു നാണക്കേടാകും, ബന്ധം വേര്‍പെടുത്തുകാന്നൊക്കെ കേട്ടാല്‍. റെയ്ച്ചല്‍ തന്‍റെ ആശങ്ക വ്യക്തമായിത്തന്നെ പറഞ്ഞു.

പക്ഷേ, ആന്‍സി സമ്മതിച്ചില്ല. അമ്മയ്ക്കു നാണക്കേടിന്‍റെ കാര്യം. ചേച്ചിയുടെ ജീവതത്തെക്കുറിച്ച് എന്താ ആലോചിക്കാത്തത്. ഇത്രയും നാള്‍ ആരോടും ഒന്നും പറയാതെ സഹിച്ചില്ലേ. ഇപ്പോ എല്ലാം ഇട്ടെറിഞ്ഞു പോരണമെങ്കില്‍ അത്രയ്ക്കു മടുത്തിട്ടുണ്ടാകും. അമ്മ ഒന്നു വെറുതേയിരിക്ക്. നാട്ടുകാരോടു പോകാന്‍ പറ. അവരല്ലല്ലോ അനുഭവിക്കുന്നത്, എന്‍റെ ചേച്ചിയല്ലേ.

അനിയത്തിമാര്‍ കൊടുത്ത ആത്മധൈര്യവുമായി അവള്‍ ഉറങ്ങാന്‍ കിടന്നു.

തുടരും

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more