1 GBP = 107.62
breaking news

കാവല്‍ മാലാഖ (നോവല്‍ – 8)

കാവല്‍ മാലാഖ (നോവല്‍ – 8)

മേഘങ്ങളെ കീറിമുറിച്ചു വിമാനം മുന്നോട്ടു കുതിച്ചു. സൂസന്‍റെ മനസില്‍ നാനാവിധ ചിന്തകള്‍ കൂടിക്കുഴഞ്ഞു. ആത്മഹത്യ ഒരിക്കലും തന്‍റെയും കുഞ്ഞിന്‍റെയും വഴിയല്ല. ഭൂമിയില്‍ പൂക്കളെപ്പോലെ വളര്‍ന്നു വിടരേണ്ട മൊട്ടുകളാണു കുഞ്ഞുങ്ങള്‍. അവനെ നന്നായി വളര്‍ത്തണം. അതിനു സൈമന്‍റെ സഹായവും പിന്തുണയും തനിക്കാവശ്യമില്ല. കുഞ്ഞുങ്ങള്‍ നല്ലവരായി വളര്‍ന്നു വരണമെങ്കില്‍ അവര്‍ക്കു നല്ല മാതൃക കാട്ടിക്കൊടുക്കേണ്ടത് ആദ്യം മാതാപിതാക്കളാണ്. സദാസമയവും മദ്യവും സിഗരറ്റുമായി കഴിയുന്ന സൈമന് എങ്ങനെ തന്‍റെ കുഞ്ഞിനു നല്ല മാതൃകയാകാന്‍ കഴിയും. നിരാശയുടെ കാണാക്കയങ്ങള്‍ സ്വയം മുങ്ങിത്തപ്പുകയായിരുന്നു ഇതുവരെ. ഇനിയതിന്‍റെ ആവശ്യമില്ല. ഭര്‍ത്താവിനെ നേരെയാക്കാമെന്ന പ്രതീക്ഷ എന്നേക്കുമായി അസ്തമിച്ചു. ഇനി തനിക്കു തന്‍റെ കുഞ്ഞു മാത്രം. അവന്‍റെ കാര്യം മാത്രം. എന്തെല്ലാം സ്വപ്നങ്ങളുമായാണു ദാമ്പത്യത്തിലേക്കു കാലെടുത്തു വച്ചത്. ജീവിതത്തിലൊരിക്കലും താന്‍ അത്രയൊന്നും ഒന്നിനെക്കുറിച്ചും സ്വപ്നം കണ്ടു കാണില്ല. ഇപ്പോ എല്ലാം കഴിഞ്ഞിരിക്കുന്നു.

സൂര്യപ്രകാശത്തിന്‍റെ വീചികള്‍ ചിതറിച്ചുകൊണ്ട് മേഘങ്ങള്‍ കൊടുങ്കാറ്റു പോലെ സഞ്ചരിക്കുന്നു. ശബ്ദകോലാഹലങ്ങളില്ലാത്ത ലോകത്തുകൂടി വിമാനം അതിന്‍റെ യാത്ര തുടര്‍ന്നു. ആ ഏകാന്തതയില്‍ ശാന്തനായുറങ്ങുന്ന കുഞ്ഞിന്‍റെ മുഖത്തേക്കവള്‍ കണ്ണിമയ്ക്കാതെ നോക്കി. പിന്നെ, സൈമണ്‍ അണിയിച്ചുതന്നെ തന്‍റെ വിവാഹ മോതിരത്തിലേക്കും. മനസും ശരീരവും അടച്ചുപൂട്ടിയ വാതിലിന്‍റെ താക്കോലാണതെന്ന് അവള്‍ക്കു തോന്നി. കൈവിരലില്‍ക്കിടന്നു തിളങ്ങുമ്പോഴും ജീവിതത്തില്‍ ഒരിക്കലും തിളങ്ങാതെ പോയൊരു പ്രതീകം. ഇപ്പോഴതു കൈയില്‍ നിന്നും മനസില്‍നിന്നും വഴുതിക്കൊണ്ടിരിക്കുകയാണ്. നെയ്തുകൂട്ടിയ കിനാക്കളെല്ലാം ഒന്നൊന്നായും കൂട്ടായും ഹൃദയത്തിന്‍റെ കൂടുപേക്ഷിച്ചു പറന്നു പൊയ്ക്കൊണ്ടിരിക്കുന്നു.

കാരണം എന്തു തന്നെയായാലും ഭര്‍ത്താവ് ജയിലിലാണ്. അയാളെ ഉപേക്ഷിച്ചാണു താന്‍ പോകുന്നത്. നാട്ടില്‍ ചെല്ലുമ്പോള്‍ കുറ്റപ്പെടുത്തലുകളുടെ കൂരമ്പുകള്‍ നിറഞ്ഞ നോട്ടങ്ങളും ചോദ്യങ്ങളും ഏറെ നേരിടേണ്ടി വരും. താനൊരു വകയ്ക്കു കൊള്ളാത്ത പെണ്ണായി, പരാജയപ്പെട്ട ഭാര്യയായി മുദ്രകുത്തപ്പെടും. എങ്കിലും തന്‍റെ അമ്മയും അനിയത്തിമാരും കൂടെ നില്‍ക്കുമെന്ന ഉറച്ച വിശ്വാസമുണ്ടായിരുന്നു അവള്‍ക്ക്, അവരോടൊന്നും ഇതെക്കുറിച്ച് ഒരു സൂചന പോലും ഇതുവരെ കൊടുത്തിട്ടില്ലെങ്കിലും.

ഒരു ഇഴുകിച്ചേരലാണു ദാമ്പത്യ ജീവിതം. അടര്‍ത്തിക്കളയാനും അടര്‍ന്നു വീഴാനും എളുപ്പം. ഇഴുകിച്ചേരാന്‍ ഏറെ ശ്രമിച്ചുനോക്കി. പക്ഷേ, താന്‍ എത്ര ശ്രമിച്ചാലും തന്‍റെ കുഞ്ഞിന് അത്രയും ബുദ്ധിമുട്ട് സഹിക്കേണ്ട ആവശ്യമില്ല. അതിനു മാത്രം ഒരു തെറ്റും ചെയ്തിട്ടല്ലല്ലോ അവന്‍ ഈ ഭൂമിയിലേക്കു വന്നു തന്‍റെ മകനായി ജനിച്ചത്. ഭര്‍ത്താവിനെക്കുറിച്ച് ആലോചിച്ച് ഇനി കുറ്റബോധമുണ്ടാകേണ്ട ആവശ്യമില്ല, അവള്‍ സ്വയം ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

ഇനിയീ കുഞ്ഞിന്‍റെ വളര്‍ച്ചയായിരിക്കണം തന്‍റെ ഏക ലക്ഷ്യം. സൈമണ്‍ അവനെ പിടിച്ചുവാങ്ങിയിട്ടു തന്നെ പുറത്താക്കി കതകടച്ച വേദന ഇടിവാളുപോലെ അവളുടെ ഹൃദയത്തില്‍ വീണ്ടും ആഞ്ഞു പതിച്ചു. എല്ലാ മാര്‍ഗങ്ങളും കണ്‍മുന്നില്‍ അടഞ്ഞുപോയിക്കഴിഞ്ഞെന്ന് ഉറപ്പായപ്പോഴാണ് ഇങ്ങനെയൊരു വഴി തേടിയത്. കുഞ്ഞിന്‍റെ വേദനകള്‍ ഒഴിവാക്കാനാണ്, അല്ലാതെ ഭര്‍ത്താവിന്‍റെ ഇംഗിതങ്ങള്‍ക്കു തുടര്‍ന്നും വഴങ്ങിക്കൊടുക്കാനല്ല അപ്പോള്‍ തോന്നിയത്. പെട്ടെന്നെങ്കിലും ആലോചിച്ചെടുത്തു തീരുമാനം തന്നെ എല്ലാം.

ഇരുളിനോടാണു പൊരുതുന്നത്. അവിടെ ഒരു മിന്നാമിനുങ്ങുവെട്ടമെങ്കിലും തെളിയാതിരിക്കില്ല. ആ വെളിച്ചം ജീവിതത്തിന്‍റെ തിരിനാളമായി കുഞ്ഞിലേക്കു പകര്‍ന്നു കൊടുക്കണം. അതിനു വേണ്ടി ഇനിയെന്തും നേരിടാന്‍ തയാറെടുക്കണം. ഒരു സ്ത്രീ പുരുഷനും ഭാര്യയായിക്കഴിഞ്ഞാല്‍ സ്വന്തം ജീവിതം ഭര്‍ത്താവിന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കു ബലി കൊടുക്കാനുള്ളതല്ല. അങ്ങനെ തന്‍റെ ജീവിതത്തെ ദാനം ചെയ്യാന്‍ താനൊരു വിഗ്രഹവുമല്ല.

കുഞ്ഞുണ്ടായ ശേഷമാണ് സൈമന്‍റെ യഥാര്‍ഥ മുഖം വെളിച്ചത്തു വരുന്നത്. അപ്പോഴൊക്കെ മനസില്‍ അയാളുടെ സ്ഥാനത്തിനും മാറ്റം വന്നുകൊണ്ടിരുന്നു, ഒരിക്കലും സ്നേഹിക്കാതിരുന്നിട്ടില്ലെങ്കിലും. സ്വന്തം കുഞ്ഞിനെ തിരിച്ചറിയാന്‍ കഴിയാത്ത പിതാവ്. അവന്‍റെ പുഞ്ചിരി കാണാന്‍ അയാള്‍ക്കു കണ്ണില്ല, അവന്‍റെ കരച്ചില്‍ കേള്‍ക്കാന്‍ കാതില്ല. അയാള്‍ക്കിപ്പോഴും വേണ്ടതു തന്‍റെ ശരീരം മാത്രം.

തനിക്കിനി അയാളോടൊപ്പം ജീവിക്കാനാവില്ല. പാറപ്പുറത്തെങ്ങനെ ധാന്യം വിളയും. തനിക്കു ചേരില്ല അയാള്‍, തനിക്കെന്നല്ല, ലോകത്തൊരു പെണ്ണിനും ചേരില്ല. ഈ പ്രശ്നത്തിനു ശാശ്വത പരിഹാരം ഒന്നു മാത്രം, വിവാഹമോചനം. ആ ചിന്ത പെട്ടന്നവളുടെ മനസില്‍ കൊളളിയാന്‍ പോലെ മിന്നി. വിമാനം ഓടക്കുഴല്‍ പോലെ ഊതിപ്പറന്നു. മറന്നിട്ടും മറക്കാന്‍ കഴിയാത്ത കലങ്ങിയ കണ്ണുകള്‍, വേദന തിങ്ങിയ നിമിഷങ്ങള്‍ വിട്ടൊഴിയാതെ ഹൃദയത്തെ നീറ്റുകയാണ്. എത്ര കത്തിയമര്‍ന്നിട്ടും ഉണര്‍ന്നെഴുന്നേല്‍ക്കുന്ന തീനാളങ്ങള്‍. മദ്യഗന്ധം മാത്രം മുറ്റി നിന്ന രാവുകള്‍. ഭര്‍ത്താവിന്‍റെ സിരകളില്‍ എരിയുന്ന മദ്യത്തിന്‍റെ ചൂടും ചൂരം നോവുന്ന ഭൂതകാലമായി അനുഭവിച്ചറിയാന്‍ വിധിക്കപ്പെട്ട ദിനരാത്രങ്ങള്‍. പരസ്പര വിശ്വാസം നഷ്ടമായാല്‍ പിന്നെ സ്നേഹത്തിനു പോലും അര്‍ഥമില്ല. എന്നെങ്കിലും എല്ലാം നേരെയാകുമെന്ന എല്ലാ വിശ്വാസങ്ങളും ആ കാളരാത്രിയോടെ നഷ്ടമായിരിക്കുന്നു.

അക്ഷരത്തെപ്പോലും വെറുക്കുന്ന മനുഷ്യന്‍. അപ്പനുണ്ടാക്കിയ പണമാണ് എല്ലാ അറിവിനെക്കാളും മീതെയെന്നു വിശ്വസിക്കുന്ന വിഡ്ഢി. അറിവില്ലാത്തവന്‍റെ ആത്മാവിലെങ്ങനെ വെളിച്ചമുണ്ടാകും. അക്ഷരവും ആത്മാവുമാണു മനുഷ്യനെ മനുഷ്യനാക്കുന്നത്.

തന്‍റെ വീട്ടിലേക്കു പണമയയ്ക്കുന്നതു പോലും അയാള്‍ക്കിഷ്ടമല്ല, തന്‍റെ പണംകൊണ്ടു കുടുംബം കഴിയേണ്ട ഗതികേടില്ലെന്നു കല്യാണത്തിനു മുന്‍പു പറഞ്ഞിട്ടുണ്ടെങ്കിലും. കുടുംബ ബന്ധങ്ങളോടുള്ള എതിര്‍പ്പുകളോട് തനിക്കെന്നും ഒരേയൊരു മറുപടിയാണുണ്ടായിരുന്നത്- ഞാന്‍ കഷ്ടപ്പെട്ടുണ്ടാക്കുന്ന കാശല്ലേ അയയ്ക്കുന്നത്. അവരെല്ലാം എന്നെ ആശ്രയിച്ചാണു കഴിയുന്നത്. കല്യാണത്തിനു മുന്‍പേ അറിയാവുന്ന കാര്യമല്ലേ. നിങ്ങളെപ്പോലെ പണക്കാരല്ല എന്‍റെ വീട്ടുകാര്‍.

അപ്പോഴും പരാതിയാണ് – നീ അവര്‍ക്കായി കഷ്ടപ്പെടുന്നു. ഞാനീ വീട്ടില്‍ ഒറ്റയ്ക്കിരുന്നു ബോറടിക്കുന്നതു നീ കാണുന്നില്ലേ. അയലത്തെ മേരിയെയും സേവ്യറെയും നോക്ക്. എത്ര സന്തോഷമായാണ് അവര്‍ ജീവിക്കുന്നതെന്ന്. ഇവിടെ എന്‍റെ ഭാര്യയ്ക്ക് താത്പര്യം പൗണ്ട് ഉണ്ടാക്കാന്‍ മാത്രം.

അപ്പോഴും താന്‍ ശബ്ദമുയര്‍ത്തിയിട്ടില്ല. എല്ലാം കല്യാണത്തിനു മുന്‍പേ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍. എനിക്കു നിന്നെ മാത്രം മതിയെന്നല്ലേ അന്നു പറഞ്ഞത്. കുറേക്കാലം രാഷ്ട്രീയം കളിച്ചു നടന്നതല്ലേ, അതാവും അന്നു പറഞ്ഞതൊക്കെ ഇന്നു മാറ്റിപ്പറയുന്നത്.

ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉയരുന്നതു പതിവാണെങ്കിലും ഒരിക്കലും ഒന്നിനും പരിഹാരമുണ്ടായിട്ടില്ല. എല്ലാം തന്നെ ഒറ്റപ്പെടുത്തിക്കൊണ്ടേയിരുന്നു. ജീവിതമാകുമ്പോള്‍ പലതും അഭിമുഖീകരിക്കേണ്ടി വരും. ഒരു ദിവസം അപരിചിതനായ ഒരാളെ വിവാഹം കഴിക്കേണ്ടി വന്നതുകൊണ്ട് സ്വന്തം കുടുംബത്തെ മറക്കാന്‍ പറ്റുമോ. എപ്പോഴും സ്വന്തം സ്വത്തും അഭിമാനവും മാത്രം ഉയര്‍ത്തിപ്പിടിച്ചാല്‍, മറ്റുള്ളവരെ നിസ്സാരന്‍മാരായി കണ്ടാല്‍, കിടക്കുന്ന കുഴിയില്‍നിന്ന് ഒരിക്കലും എഴുന്നേല്‍ക്കാനാകില്ല. കുളത്തിലെ തവളയായി എന്നെന്നും കഴിയേണ്ടി വരും. സൈമന്‍റെ തടവറയില്‍ ജീവിതകാലം മുഴുവന്‍ കഴിയാന്‍ പറ്റില്ല. ഇടിഞ്ഞുപൊളിഞ്ഞുകൊണ്ടിരിക്കുന്ന ദാമ്പത്യത്തിന്‍റെ ഭിത്തികള്‍ ഇനിയും പടുത്തുയര്‍ത്താന്‍ കഴിയില്ല. വിള്ളലുകളില്‍ വെള്ള പൂശുന്നതു കൂടുതല്‍ അപകടങ്ങള്‍ക്കേ വഴി വയ്ക്കൂ. അവള്‍ വിമാനത്തിന്‍റെ കിളിവാതിലിലൂടെ പുറത്തേക്കു നോക്കി. മേഘങ്ങള്‍ ഒരു പ്രവാഹത്തില്‍പ്പെട്ട് ഉഴലുകയാണോ, അതോ അനുസ്യൂതം ഒരു നദി പോലെ അതിവേഗം ഒഴുകുകയാണോ. പിന്നില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന മേഘപാളികള്‍ക്കു കീഴില്‍ താഴ്വാരങ്ങള്‍ പ്രത്യക്ഷമായി. ആശ്വാസത്തിന്‍റെ ഒരു നിശ്വാസം അവളില്‍നിന്നുയര്‍ന്നു, എന്തിനെന്നറിയാതെ, എന്തെന്നില്ലാത്ത ഒരു സമാധാനം, എത്രയോ നാളുകള്‍ക്കു ശേഷം.

അവളുടെ മുഖം നിര്‍വികാരമായി. ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാകുമ്പോള്‍ പരിതപിക്കുകയും പൊട്ടിക്കരയുകയും ചെയ്തിട്ടില്ല. പക്ഷേ, അപ്പോഴൊക്കെ തനിക്ക് അപ്പനമ്മമാരുടെയം സഹോദരിമാരുടെയും സാമീപ്യമുണ്ടായിരുന്നു. ഇപ്പോള്‍ താനും കുഞ്ഞും ലോകത്തിനു മുന്നില്‍ ആകെ ഒറ്റയ്ക്കായതു പോലെ.

സൂസന്‍ ആ മോതിരത്തിലേക്ക് ഒന്നുകൂടി നോക്കി. ഒരു വസന്തകാലത്തായിരുന്നു തന്‍റെ വിവാഹം. പൂവും പെണ്ണും പൂത്തുലയുന്ന പ്രപഞ്ചത്തിന്‍റെ പുഷ്കല കാലം. ലണ്ടനില്‍നിന്ന് ആദ്യത്തെ അവധിക്കു വന്നപ്പോഴാണ്, സ്ത്രീധനമായി ഒരു പൈസ പോലും വാങ്ങാതെ സൈമണ്‍ തന്‍റെ കഴുത്തില്‍ താലി ചാര്‍ത്തുന്നത്. തിരുവനന്തപുരത്തെ നക്ഷത്രഹോട്ടലുകളില്‍ മധുവിധു. ആദ്യരാത്രിയില്‍ തന്നെ വേദന തിന്ന നിമിഷങ്ങള്‍, മിനിറ്റുകള്‍, അതോ മണിക്കൂറുകളോ. കേട്ടറിഞ്ഞ മധുരാനുഭവങ്ങളൊന്നുമായിരുന്നില്ല സൈമന്‍റെ ആക്രമണത്താല്‍ മനസും ശരീരവും മുറിപ്പെട്ട ആ രാത്രി. എല്ലാ വേദനയും സഹിച്ചു മൗനം പൂണ്ടു കിടന്നു. ഒന്നു പൊട്ടിക്കരയണമെന്ന ആശ പോലും ഉള്ളിലൊലിപ്പിക്കുകയായിരുന്നു. അഗ്നിയില്‍ എരിഞ്ഞു പാതിവെന്തു തിരിച്ചുവന്ന പോലെ അനുഭവം. ശരീരം മുഴുവന്‍ അന്നനുഭവിച്ച പുകച്ചിലും നീറ്റലും ഇപ്പോഴും അവളുടെ മനസിലുണ്ട്.

സൈമന്‍റെ വികാരാഗ്നി കെട്ടമരുമ്പോള്‍ മെത്തയില്‍ രക്തം പടര്‍ന്നിരുന്നു. സുഖാലസ്യത്തില്‍ മദിച്ചുറങ്ങുന്ന ഭര്‍ത്താവിനെ നിറയുന്ന കണ്ണുകള്‍ തുടച്ചുകൊണ്ടു നോക്കാനേ കഴിഞ്ഞുള്ളൂ. പിന്നെ കവിളില്‍ പതിഞ്ഞ ഓരോ ചുംബനങ്ങളും കരണം പുകയ്ക്കുന്ന അടികളായാണു തോന്നിയത്. മധുവിധു രാത്രികളിലെ ഓരോ യാമങ്ങളും ഭയത്തോടെയാണു തള്ളിനീക്കിയത്. മനസില്‍ വിഷാദം തളം കെട്ടിയപ്പോഴും കണ്ണുകളില്‍ തെളിഞ്ഞതു ചിരി മാത്രം.

വിവാഹം കഴിഞ്ഞു സൈമണ്‍ ഭാര്യവീട്ടില്‍ താമസിച്ചത് ഒരേയൊരു രാത്രി മാത്രമാണ്. നേരം പുലര്‍ന്നപ്പോള്‍ അറിയിച്ചു- എനിക്കിവിടെ താമസിക്കാന്‍ പറ്റില്ല. നീ നിന്നിട്ടു രണ്ടു ദിവസം കഴിഞ്ഞങ്ങു പോര്. ഞാന്‍ പോണു.

സമ്പത്തിന്‍റെ മടിത്തട്ടില്‍ കളിച്ചുവളര്‍ന്നവന്‍ ദാരിദ്ര്യത്തിന്‍റെ നിഴലുകള്‍ ഇനിയും മാഞ്ഞുപോയിട്ടില്ലാത്ത ചെറിയ വീട്ടില്‍ എങ്ങനെ അന്തിയുറങ്ങും. ഹൃദയത്തെ കീറിമുറിച്ച ദിവസമായിരുന്നു അത്.

ഭര്‍ത്താവ് രാവിലെ മടങ്ങുന്നതറിഞ്ഞ് അമ്മ ചോദിച്ചു- എന്താടീ അവന്‍ പോയത്?

തിരുവനന്തപുരത്ത് ആരെയോ കാണാനുണ്ടെന്നൊരു കള്ളം പറഞ്ഞു. അമ്മയ്ക്കു മുന്നില്‍ ഒരിക്കലും തന്‍റെ കള്ളങ്ങള്‍ക്കു നിലനില്‍പ്പില്ലെന്ന് അറിഞ്ഞുകൊണ്ടു തന്നെ.

ഭര്‍ത്താവ് മടങ്ങിപ്പോകുന്നതും നോക്കി പ്രതിമ കണക്കെ നിന്നു. കണ്ണില്‍നിന്നു മറഞ്ഞപ്പോഴേക്കും കണ്ണുകള്‍ നിറഞ്ഞു കവിളിലൂടെ ഒഴുകിയിരുന്നു. അന്നു ഹൃദയത്തിനേറ്റ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല. ഇപ്പോള്‍ അതെല്ലാം വ്രണങ്ങളായി നീറ്റുന്നതുപോലെ.

വീട്ടുകാരും നാട്ടുകാരും എന്തെല്ലാം പ്രതീക്ഷകളാണു തന്‍റെ മേല്‍ അര്‍പ്പിച്ചിരുന്നത്. സൂസന്‍ ഭാഗ്യമുള്ളവള്‍. നിലയ്ക്കും വിലയ്ക്കും എത്രയോ മുകളിലുള്ള ഭര്‍ത്താവിനെയാണു കിട്ടിയിരിക്കുന്നത്. തലമുറകളായി ധനാഢ്യരുടെ കുടുംബം. പണത്തിനൊപ്പം പ്രതാപവും. പക്ഷേ, സ്നേഹവും കാരുണ്യവുമില്ലെങ്കില്‍ പിന്നെ മനുഷ്യന് എന്തൊക്കെയുണ്ടായിട്ട് എന്തു കാര്യം!

സമ്പത്തിന്‍റെ നടുവിലേക്കുള്ള വിവാഹബന്ധം മനസിന്‍റെ കോണുകളില്‍ അവ്യക്തമായി പല ചോദ്യങ്ങളും ഉയര്‍ത്തിയിരുന്നു. ഇപ്പോഴെല്ലാം സത്യമായി. പകലായി വന്ന്, പൊടുന്നനെ സന്ധ്യയും ഇരുളുമായി മാറിയ സൂര്യനെപ്പോലെ. ഇപ്പോഴെല്ലാം ഇരുട്ടുമാത്രം, അവിടെ നിലാവെളിച്ചമായി തന്‍റെ കുഞ്ഞ്. തന്‍റെ മനസില്‍ വീണ്ടും സൂര്യോദയമായി അവന്‍ വളരട്ടെ. മനസില്‍ എന്നോ നിറഞ്ഞ അസ്വാസ്ഥ്യങ്ങള്‍. ഇന്നതു സോപ്പുകുമിള പോലെ വളര്‍ന്നു വളര്‍ന്ന്, ഒടുവില്‍ പൊട്ടിയിരിക്കുന്നു. സൂസന്‍റെ മനസ് ഭൂതകാലത്തേക്കു തിരിച്ചു പറക്കുകയായിരുന്നു. ദരിദ്രമെങ്കിലും സമാധാന പൂര്‍ണമായിരുന്ന ബാല്യ കൗമാരങ്ങളെക്കുറിച്ച്, പ്രതീക്ഷാനിര്‍ഭരമായ യൗവനാരംഭത്തെക്കുറിച്ച്, മോഹിപ്പിക്കുന്ന ആ ഭൂതകാലത്തെക്കുറിച്ച് അവള്‍ കൊതിയോടെ ഓര്‍ത്തു.

പടിഞ്ഞാറേ കല്ലടയിലായിരുന്നു അപ്പന്‍റെ വീട്. പക്ഷേ, അതിനെപ്പറ്റി മങ്ങിയ ഓര്‍മകളേയുള്ളൂ. ആറ്റില്‍നിന്നു മണല്‍വാരി വിറ്റാണ് ആദ്യകാലത്ത് അപ്പന്‍ ജീവിച്ചിരുന്നതെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. അന്നു സ്വന്തമായി വള്ളമൊക്കെ ഉണ്ടായിരുന്നത്രേ. പണിക്കാരുടെ കൂടെ അപ്പനും ആറ്റില്‍ പോകും മണല്‍ വാരാന്‍.

ഒരു പെരുമഴക്കാലത്ത് കല്ലടയാറ് പ്രളയവാഹനിയായതും വീടും പുരയിടവുമെല്ലാം നഷ്ടപ്പെട്ട അപ്പന്‍ ജോയി തന്നെയും അമ്മയെയും കൊണ്ട് അവിടെനിന്നു ജീവന്‍ പണയം വച്ചു രക്ഷപെട്ടതും നേരിയ ഓര്‍മയുണ്ട്. അതിലേറെ അമ്മയും അപ്പനും പറഞ്ഞു കേട്ട കഥകളിലൂടെ മനസില്‍ പതിഞ്ഞിട്ടുണ്ട്.

അമ്മയുടെ താമരക്കുളത്തെ വീട്ടിലാണ് അപ്പന്‍ തങ്ങളെ കൊണ്ടുചെന്നാക്കിയത്. എങ്ങനെയും വെള്ളത്തിനു നടുവില്‍ പിടിച്ചു നില്‍ക്കാന്‍ അതു വരെ ശ്രമിച്ചിരുന്നു. പക്ഷേ, പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയതോടെ അപ്പനും അമ്മയ്ക്കും തന്‍റെ കാര്യമോര്‍ത്തു പേടിയായി. അതോടെയാണ് ഭാര്യയെയും കുട്ടിയെയും ജോയി തത്കാലം ഭാര്യവീട്ടിലാക്കുന്നത്.

വല്യപ്പച്ചന്‍റെയും ജോണിച്ചായന്‍റെയുമൊക്കെ സംരക്ഷണയുടെ ചൂടു പറ്റിയ ബാല്യാകാലാനുഭവങ്ങള്‍ അവിടെയാണ് ആരംഭിക്കുന്നത്.

അഞ്ചു വയസാകാത്ത സൂസനെയും ഒക്കത്തെടുത്ത് റെയ്ച്ചല്‍ അപ്പന്‍ മത്തായിയുടെ മുന്നില്‍ കണ്ണീര്‍വാര്‍ത്തു നിന്നു. മഹാവൃക്ഷങ്ങള്‍ പോലും കടപുഴകുമാറ് കൊടുങ്കാറ്റ് ആഞ്ഞിടിച്ചുകൊണ്ടിരുന്നു. ആകാശക്കോടകളില്‍ മേഘങ്ങള്‍ ശത്രുക്കളെ പൊരുതിക്കൊണ്ടിരുന്നു. പെരുമഴയായി അതു മണ്ണിലും, തണുപ്പായി ഭൂമിയുടെ മേലാകെയും, ഭീതിയായി മനുഷ്യമനസുകളിലും പെയ്തിറങ്ങി.

മലവെള്ളപ്പാച്ചിലില്‍ എല്ലാം പോയിട്ടും തന്നെയും കെട്ടിയോനെയും പറക്കമുറ്റാത്ത കൊച്ചിനെയും അന്വേഷിക്കാന്‍ അപ്പനും ആങ്ങളമാരും വന്നില്ലെന്നായിരുന്നു അവരുടെ പരാതി. അപ്പന്‍ ആശ്വസിപ്പിച്ചു, ഇന്നത്തെപ്പോലെ ടിവി ചാനലും മറ്റുമൊന്നും പ്രചാരമുള്ള കാലമല്ലല്ലോ. സംഗതിയുടെ ഗൗരവം അറിഞ്ഞിട്ടുണ്ടാകില്ല, അല്ലെങ്കില്‍ ദുരിതമറിഞ്ഞു വെറുതേയിരിക്കുന്ന ആളല്ല വല്യപ്പച്ചന്‍, സൂസനതു നേരിട്ടറിയാവുന്ന കാര്യമാണ്.

കിഴക്കേക്കണ്ടത്തില്‍ പുരയിടത്തിനു പറ്റിയ 15 സെന്‍റ് പെങ്ങള്‍ക്കു പതിച്ചു കൊടുക്കാന്‍ അപ്പനോടു പറഞ്ഞതു ജോണിയാണ്- റെയ്ച്ചലിന്‍റെ അനുജന്‍. മൂത്ത ജ്യേഷ്ഠന്‍ പാപ്പന്‍റെയും ഭാര്യയുടെയും എതിര്‍പ്പ് മുറുമുറുപ്പുകളായി പൊങ്ങി. പക്ഷേ, അതൊന്നും കാര്യമാക്കുന്ന കൂട്ടത്തിലായിരുന്നില്ല അവരുടെ അപ്പന്‍ മത്തായി. മക്കള്‍ മുതിര്‍ന്ന് അവര്‍ക്കു കുട്ടികളായിട്ടും അവരെ വരച്ച വരയില്‍ നിര്‍ത്താന്‍ കെല്‍പ്പുള്ള അപ്പന്‍.

പുരയിടം കൊടുക്കുന്നതില്‍ പാപ്പനും ഭാര്യയ്ക്കും എതിര്‍പ്പുണ്ടെന്നറിഞ്ഞതുകൊണ്ടു തന്നെയാകാം, പാപ്പന്‍റെ പറമ്പില്‍ നിന്ന് ഒരാഞ്ഞിലി വെട്ടാന്‍ മത്തായി ഉത്തരവിട്ടു. പുരയിടം മാത്രമായാല്‍ വീടാകില്ലല്ലോ, അതിനു കല്ലും തടിയുമൊക്കെ വേണ്ടേ. പിടിച്ചാല്‍ പിടിമുറ്റാത്ത ഈ ആഞ്ഞിലി വെട്ടിയാല്‍ വീടു പണി കഴിഞ്ഞുള്ളതു വിറ്റു ചില്ലറ കിട്ടുകയും ചെയ്യും.  പാപ്പന്‍ തടസം പിടിച്ചു, ആഞ്ഞിലി കോതാന്‍ കയറിയവനെ ചീത്ത വിളിച്ചു നിലത്തിറക്കി. വിവരമറിഞ്ഞു മത്തായി പാഞ്ഞു വന്നു. വടിയില്‍ കുത്തി, കോപം കൊണ്ടു ജ്വലിക്കുന്ന അപ്പനെ നേരിടാനാകാതെ പാപ്പന്‍ മുഖം കുനിച്ചു.

സ്ത്രീധനം കിട്ടിയ പണം കൊണ്ടാണു പാപ്പന്‍ സ്വര്‍ണക്കട തുടങ്ങിയത്. അപ്പന്‍ പോലുമറിയാതെ ഭാര്യയുടെ സ്വര്‍ണം വിറ്റു പണം വാങ്ങി ബാങ്കിലിട്ടു. ആരോടോ കനത്ത കൈവായ്പകളും വാങ്ങി. കച്ചവടം തുടങ്ങിയത് ഏതായാലും മോശമായില്ല. പക്ഷേ, അതോടെ തുടങ്ങി അപ്പനും മകനും തമ്മിലുള്ള അകല്‍ച്ച. പണം വന്നതോടെ, അപ്പനുമായി മാത്രമല്ല, കുടുംബത്തിലെ മറ്റുള്ളവരുമായി പാപ്പന്‍ വല്ലാതെ അകന്നു തുടങ്ങി.

നേരിട്ടുള്ള ചെറിയ വഴക്കുകള്‍ പോലും പലപ്പോഴും ഉണ്ടായിട്ടുണ്ട്. പക്ഷേ, അപ്പന്‍റെ മുന്നില്‍ ഏറെ നേരം എതിര്‍ത്തു നില്‍ക്കാന്‍ പാപ്പന് ഒരിക്കലും കരുത്തുണ്ടാകാറില്ല. അന്നും അതുതന്നെ സംഭവിച്ചു.

“ഞാന്‍ പണിക്കു വിട്ടവനെ തടയാന്‍ മാത്രം വളര്‍ന്നോടാ നീ…. പറമ്പില്‍ വെറുതേ നില്‍ക്കുന്ന ആഞ്ഞിലി ആ പാവം പെണ്ണിനു വീടു വയ്ക്കാന്‍ കൊടുത്തെന്നു വച്ചു നിനക്കും നിന്‍റെ പെമ്പ്രന്നോത്തിക്കും എന്തു ചേതം വരാനാടാ….? നീ ആണാണെങ്കില്‍ തടയ്, അതൊന്നു കാണട്ടെ, ഞാന്‍ നിന്നു വെട്ടാന്‍ പോകുകയാ മരം.”

ആഞ്ഞിലി വെട്ടി തൊഴുത്തു കെട്ടാമെന്നു വിചാരിച്ചിരിക്കുകയായിരുന്നു എന്നു പാപ്പന്‍ ന്യായം പറഞ്ഞു. അതിനു നിനക്കു പശു ഇല്ലല്ലോ എന്നായി മത്തായി. കുറേ പശുക്കളെ വാങ്ങി വളര്‍ത്താനാണെന്നു പറഞ്ഞപ്പോള്‍, പാപ്പന്‍റെ ഭാര്യ ആദ്യം പശുവിനെ കറന്നു കാണിക്കണമെന്നു മത്തായി വിധി പറഞ്ഞു.

പിന്നെ പാപ്പനു മറുപടിയില്ലാതായി. പശുവിനെ കറക്കാന്‍ പറഞ്ഞ് അങ്ങോട്ടു ചെന്നാല്‍ അവള്‍ ചൂലെടുത്ത് അടിക്കും. കറക്കുന്നതു പോയിട്ടു, ചാണകം കാണുന്നതു തന്നെ അവള്‍ക്ക് അറപ്പാണ്. ജനാലയ്ക്കപ്പുറം പാപ്പന്‍റെ ഭാര്യ പല്ലിറുമ്മി.

ഒടുവില്‍ പാപ്പന്‍ മുട്ടുമടക്കി, മത്തായി നിന്ന് ആഞ്ഞിലി വെട്ടിച്ചു. റെയ്ച്ചലിനു വീടു പണിക്കു കൊടുക്കുകയും ചെയ്തു.

പക്ഷേ, ഒരു വീട് പണിതു തീര്‍ക്കാനുള്ള പണമുണ്ടാക്കാന്‍ ജോയിയും ജോണിയും മത്തായിയും ഒന്നിച്ചു ശ്രമിച്ചിട്ടും നടന്നില്ല. കെട്ടിയിട്ട തറ മാത്രം അങ്ങനെ കിടന്നു. ഒടുവില്‍ മത്തായി പാപ്പനെ ആളയച്ചു വിളിപ്പിച്ചു. കുറച്ചു പണം കടം വേണം. അപ്പച്ചന്‍ എല്ലാ ആത്മാഭിമാനവും ഉപേക്ഷിച്ചു നില്‍ക്കുന്ന അങ്ങനെയൊരു നിമിഷം ജോണി ഒരിക്കലും കണ്ടിട്ടില്ല ചെറുപ്പം മുതല്‍.

പക്ഷേ, പാപ്പന്‍ സഹായിച്ചില്ല, പണമില്ലെന്നു തന്നെ പറഞ്ഞു.

ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞാകും, മത്തായി നേരേ പാപ്പന്‍റെ വീട്ടിലേക്കു കയറിച്ചെന്നു. സൂസനുമുണ്ടായിരുന്നു കൂടെ. അന്നാണു പാപ്പന്‍ ആദ്യമായി അവളോടൊന്ന് സംസാരിക്കുന്നത്. അവളും വല്യച്ചായനെ ഇത്രയടുത്തു നേരിട്ടു കാണുന്നത് അന്നാണ്.

“ആ…, ഇതാരാ, റെയ്ച്ചലിന്‍റെ മോളല്ലിയോ… എന്തുവാടീ കൊച്ചേ നിന്‍റെ പേര്”

“സൂസന്‍…, ഞാന്‍ ഇനി ഇവിടെ നിന്നാ പഠിക്കുന്നേ….”

അതുശരി, അപ്പോ കാര്യങ്ങള്‍ അതുവരെയെത്തി. വീടു വയ്ക്കാന്‍ കാശില്ലാതെ ഇവരങ്ങു തിരിച്ചു പോകുമെന്നാ കരുതിയത്. ഇനിയിപ്പോ കൊച്ചിനെ ഇവിടെ പഠിപ്പിക്കാന്‍ നിര്‍ത്തിയിട്ടു തന്തയും തള്ളയും തിരിച്ചു പോകുമോ ആവോ.

“നിന്നോടൊരു കാര്യം പറയാനാ ഞാന്‍ വന്നത്”, പാപ്പന്‍റെ ചിന്തകളുടെ ധാര മുറിച്ച് മത്തായിയുടെ കനത്ത ശബ്ദം. അയാള്‍ ഉമ്മറത്തെ ചാരുകസേരയില്‍ കാലില്‍ കാലും കയറ്റിവച്ച് ഇരിപ്പുറപ്പിച്ചിരുന്നു.

“എന്തുവാ അപ്പാ…?”

“എവടെ അപ്പനും അമ്മയ്ക്കും വീടു വെക്കാന്‍ പോകുവാ, നെനക്കറിയാവല്ലോ. കൊറച്ചു കാശിന്‍റെ കൊറവൊണ്ട്. നീ കടം തരണ്ട. ഞാന്‍ നോക്കീട്ട് ഒരു വഴിയേയൊള്ളൂ. ആ കെഴക്കന്‍ മലേലേ കൊറച്ചു സ്ഥലം കെടക്കുന്നതു ഞാനങ്ങു വിക്കുവാ. നെനക്കു വേണേല്‍ പറയണം. ഇല്ലേ ഞാന്‍ കിട്ടുന്ന വെലയ്ക്ക് ആര്‍ക്കാന്നു വച്ചാ കൊടുക്കും.”

പാപ്പന്‍ കുറേ നേരം ആലോചിച്ചു നിന്നു. പൊന്നു വിളയുന്ന മണ്ണാണ്. അവിടെ കൃഷി ചെയ്തു മെനക്കെടാനൊന്നും സൗകര്യമില്ല. പക്ഷേ, അപ്പനോടു ചുളുവെലയ്ക്കു മേടിച്ചാല്‍ നല്ല കാശിനു മറിച്ചു വില്‍ക്കാം, കുറേക്കാലം കഴിഞ്ഞിട്ടായാലും വേണ്ടില്ല, അങ്ങോട്ടൊക്കെ റോഡ് പണി നടക്കുന്നുണ്ട്. വെല ഇനീം കേറും അക്കാര്യം ഒറപ്പാ.

“അല്ല, അത് ഞാനൊന്നാലോചിച്ചിട്ട്….”

“ആരോട് ആലോചിക്കാന്‍. നിന്‍റെ പെമ്പ്രന്നോത്തിയോടാരിക്കും. ആ നാളെ വൈകുന്നേനു മുന്നേ പറയണം. എനിക്കല്ലേ വേറേ ആളെ നോക്കണം.”

കടം ചോദിച്ചാല്‍ തരാന്‍ കാശില്ല. പക്ഷേ, ഭൂമി വാങ്ങാന്‍ പാപ്പന്‍റെ കൈയില്‍ പണമുണ്ടാകും. മത്തായിക്കതറിയാം. അതു തന്നെ സംഭവിക്കുകയും ചെയ്തു. ഭൂമി പാപ്പനു വിറ്റുകിട്ടിയ പണം കൊണ്ടു മത്തായി റെയ്ച്ചലിന്‍റെ വീടു പണി തീര്‍ത്തു കൊടുത്തു.

ഇതിനിടെ പടിഞ്ഞാറേ കല്ലടയിലുണ്ടായിരുന്ന വീടും പുരയിടവും വിറ്റുപെറുക്കി ജോയി താമരക്കുളത്തേക്കു പോന്നു. വീടു പണി കഴിഞ്ഞപ്പോഴോക്കും താമരക്കുളത്തു കുറേ കുറേ പാടം വാങ്ങി കൃഷിയിറക്കി. കാലം കടന്നു പോയി, സൂസനു രണ്ട് അനുജത്തിമാര്‍ കൂടി പറന്നു- ആന്‍സിയും ഡെയ്സിയും.

തന്നെ നഴ്സിങ്ങിനു പഠിപ്പിക്കാന്‍ അപ്പന്‍ കണ്ടം വിറ്റ കാര്യമൊക്കെ സൂസനറിയുന്നതു കോഴ്സ് കഴിയുമ്പോഴാണ്. വല്ലവര്‍ക്കും വിറ്റ സ്വന്തം പാടം പാട്ടത്തിനെടുത്തു കൃഷി ചെയ്യുകയായിരുന്നു അപ്പന്‍ അതിനിടെ. അറിഞ്ഞപ്പോള്‍ ചങ്കു കത്തി. ഒന്നും വേണ്ടിയിരുന്നില്ല, ആകെയുള്ള സമ്പാദ്യമായിരുന്നു, തനിക്കു താഴെയുണ്ട് രണ്ടു പേര്‍ കൂടി, അവരുടെ കാര്യം ഓര്‍ക്കുമ്പോ….

പക്ഷേ, ജോയി അവളെ ആശ്വസിപ്പിച്ചു.

“സാരമില്ല, നീ നല്ല നെനേലെത്തുമെന്ന് എനിക്കൊറപ്പൊണ്ടു മോളേ. നിന്‍റെ കൂടപ്പിറപ്പുകളെ നീ കൈവിടില്ലെന്നും എനിക്കറിയാം. അതാ അങ്ങനൊരു ധൈര്യം കാണിച്ചത്. അനിയത്തിമാരടെ കാര്യം എന്‍റെ മോളു നോക്കണം. ഈ അപ്പന്‍റെ കൈയില്‍ ഇനി ഒന്നുമില്ല….”

എന്തോ മുന്‍കൂട്ടി കണ്ട പോലെ ജോയിയുടെ വാക്കുകള്‍.

ഇതിനിടെ കണ്ടം വില്‍ക്കേണ്ടി വന്ന സാഹചര്യവും അവള്‍ കേട്ടറിഞ്ഞു. ഫീസടയ്ക്കാന്‍ പണമില്ലാതെ അമ്മ പാപ്പച്ചായന്‍റെ ഭാര്യ റീനയെ കാണാന്‍ ചെന്നിരുന്നത്രെ. അവര്‍ക്ക് അമ്മയെ പണ്ടേ കണ്ടുകൂടാ. അമ്മ കാരണമാണ് തറവാട്ടു സ്വത്തില്‍ വലിയൊരു പങ്ക് തങ്ങള്‍ക്കു നഷ്ടമായതെന്ന് അവര്‍ പലരോടും പറഞ്ഞതായി കേട്ടിട്ടുണ്ട്.

അമ്മ പണം കടം ചോദിച്ചപ്പോള്‍ അവരുടെ മുഖം മാറിയിട്ടുണ്ടാകും. അന്നവരുടെ ആണ്‍മക്കള്‍ രണ്ടും കോളേജില്‍ പോയി തോറ്റു നില്‍ക്കുകയാണ്. അമ്മയോടും തന്നോടുമൊക്കെ റീനാമ്മായിക്കു കുശുമ്പു കൂടി നില്‍ക്കുന്ന സമയം തന്നെയാകും അത്. മക്കളെ ഗള്‍ഫില്‍ വിടാന്‍ പണമില്ലാതെ ബുദ്ധിമുട്ടുമ്പോള്‍ നിങ്ങളെ സഹായിക്കാന്‍ നിവൃത്തിയില്ലെന്നു പറഞ്ഞാണ് അന്നവര്‍ അമ്മയെ തിരിച്ചയച്ചത്. രണ്ടു പശുക്കളുള്ളതില്‍ ഒന്നിനെ വിറ്റു കഴിഞ്ഞായിരുന്നു ഇതെല്ലാം.

പിന്നീട് എത്രയോ കാലം കഴിഞ്ഞാണ് അമ്മ തന്നോടതു പറയുന്നത്. എന്നിട്ടും പിന്നീടു പാപ്പച്ചായന്‍റെ മൂത്ത മകനു താന്‍ തന്നെ ലണ്ടനില്‍ ജോലി ശരിയാക്കിക്കൊടുത്തു. അതു പറയുമ്പോള്‍ റീനാമ്മായിയുടെ കണ്ണു നിറയുന്നതു നേരില്‍ കണ്ടതാണ്. അന്നുറപ്പിച്ചു, ഇങ്ങനെയായിരിക്കണം പ്രതികാരം ചെയ്യാന്‍. ദ്രോഹിക്കുന്നവരോടും നന്മ ചെയ്തു വേണം പ്രതികരിക്കാന്‍, അതായിരിക്കും അവരെ ഏറെ വേദനിപ്പിക്കുക. തിരിച്ചു ദ്രോഹിച്ചാല്‍ അവരുടെ വിദ്വേഷം വര്‍ധിക്കുകയേ ഉള്ളൂ. ഒരിക്കലും അടങ്ങാത്ത പോരു തന്നെയാകും ഫലം.

പക്ഷേ, തന്‍റെ ഭര്‍ത്താവിന്‍റെ കാര്യത്തില്‍ ഇത്രയും കാലം ശ്രമിച്ചിട്ടും ആ തത്വം നടപ്പാക്കാന്‍ കഴിഞ്ഞില്ല. റീനാമ്മായിയുടെ കാര്യത്തിലും തന്‍റെ കണക്കുകൂട്ടല്‍ തെറ്റിയെന്ന് അവള്‍ പിന്നീടു മനസിലാക്കി. ലണ്ടനില്‍ താന്‍ റോയിക്കു വാങ്ങിക്കൊടുത്തതു മോശം ജോലിയാണെന്നും, അവന്‍റെ കഴിവും വിദ്യാഭ്യാസവും വച്ച് അതിലും ജോലി കിട്ടുമായിരുന്നു എന്നുമാണ് അവരിപ്പോള്‍ നാട്ടില്‍ പറഞ്ഞുനടക്കുന്നതത്രെ. പക്ഷേ, ഇപ്പോ ഒരു വ്യത്യാസമുണ്ട്. പാപ്പച്ചായനോ റോയിയോ അവരെ പിന്തുണയ്ക്കില്ല. ഡിഗ്രി പോലും പാസാകാത്ത റോയിക്കു സ്വപ്നം കാണാന്‍ പറ്റാത്ത ശമ്പളം ഇവിടെ കിട്ടുന്നുണ്ട്. അതവനും അവന്‍റെ അപ്പനും വളരെ നന്നായി അറിയുകയും ചെയ്യാം. തന്നോടുള്ള അവരുടെ പെരുമാറ്റത്തില്‍ കാണാം ആ വ്യത്യാസം.

അവള്‍ ദീര്‍ഘമായി നിശ്വസിച്ചു. മറ്റൊരു പെരുമഴക്കാലം പെരുമഴക്കാലം മനസിലേക്കോടിയെത്തി, പാടത്തു മട വീണെന്നറിഞ്ഞു കുടപോലുമെടുക്കാതെ ഇറങ്ങി ഓടിയതാണു ജോയി.

മഴ കഴിഞ്ഞു പോയാപ്പേരേന്ന് അമ്മ ചോദിച്ചതാണ്. മഴ കഴിഞ്ഞു ചെല്ലുമ്പോഴേക്കും നെല്ലെല്ലാം വെള്ളത്തില്‍ ഒലിച്ചു പോയിട്ടുണ്ടാകുമെന്നു പറഞ്ഞ് ഇറങ്ങി ഓടുകയായിരുന്നു എന്നാണ് അമ്മ പറഞ്ഞത്. മണിക്കൂറുകള്‍ കഴിഞ്ഞ്, ആരൊക്കെയോ കൂടി എടുത്തുകൊണ്ടാണു വീട്ടിലെത്തിക്കുന്നത്.

വിഷം തൊട്ടതാണ്, ജീവന്‍ ശേഷിക്കുന്ന സമയം ആരുമറിഞ്ഞില്ല. ഡെയ്സി ചാരുമൂട് ജംക്ഷനില്‍ പോയി കാര്‍ വിളിച്ചുകൊണ്ടു വന്നു. അതുവരെ അപ്പന്‍ അമ്മയുടെ മടിയില്‍ തന്നെ കിടന്നു. ആന്‍സിയും അമ്മയും കൂടി താങ്ങി കാറില്‍ വരെ എത്തിച്ചു. പക്ഷേ, ആശുപത്രിയില്‍ വരെ പോകേണ്ടി വന്നില്ല. അതിനു മുന്‍പേ….

ഫോണ്‍ വിളിച്ച് സൂസനോടു വിവരം പറയാന്‍ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. ഒടുവില്‍ ആന്‍സിയാണു ദുഃഖം കടിച്ചുപിടിച്ചുകൊണ്ടു ഫോണ്‍ ചെയ്യാന്‍ തയാറായത്. അടുത്ത ദിവസം പുലര്‍ച്ചെ നാട്ടിലേക്കു തിരിച്ചു. വീട്ടിലെത്തുമ്പോള്‍ അപ്പന്‍റെ ശരീരം മോര്‍ച്ചറിയില്‍നിന്നു കൊണ്ടുവന്നിട്ടില്ല. അമ്മയെയും അനുജത്തിമാരെയും കെട്ടിപ്പിടിച്ചു കരയാനല്ലാതെ, ആരെയും ആശ്വസിപ്പിക്കാന്‍ അവള്‍ക്കായില്ല. വറ്റിവരണ്ട തൊണ്ടയില്‍ ശബ്ദം കുടുങ്ങിപ്പോയി.

അപ്പന്‍ നെയ്തെടുത്തുതന്ന ജീവിതമാണിത്. അതില്‍നിന്ന് ഒരുപാടു പഠിക്കാനുണ്ടായിരുന്നു.

മാസങ്ങള്‍ക്കു മുന്‍പ് അപ്പന്‍ പറഞ്ഞ വാക്കുകളുടെ പ്രവചനാത്കമകത സൂസന്‍റെ മനസിനെ മഥിച്ചു. അതോടെ ജീവിതം തന്നെ കുടുംബത്തിനായി ഉഴിഞ്ഞു വയ്ക്കുകയായിരുന്നു അവള്‍.

അന്നു ബാംഗ്ലൂരിലെ നഴ്സിങ് കോളേജില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയ്ക്കു തന്നെ ഐഇഎല്‍ടിഎസ് പാസായി. ഒട്ടും വൈകാതെ ലണ്ടനില്‍ ജോലിയും കിട്ടി. അതോടെ വീടു കരകയറിത്തുടങ്ങി.

തന്നെ പഠിപ്പിക്കാന്‍ അപ്പന്‍ വാങ്ങിയ കടങ്ങള്‍ വീട്ടുകയായിരുന്നു സൂസന്‍റെ ആദ്യത്തെ ദൗത്യം. പിന്നെ, ആന്‍സിയെ കെട്ടിച്ചു. ഡെയ്സി ഇപ്പോള്‍ ബിഎസ്സി നഴ്സിങ് കഴിയാറായിരിക്കുന്നു.

ഇതിനിടെ സ്വന്തം വിവാഹമൊന്നും സ്വപ്നം കണ്ടതുപോലുമില്ല അവള്‍. പക്ഷേ, കറ്റാനം നിന്നു കുഞ്ഞപ്പിയുടെ മകന്‍റെ ആലോചന വന്നപ്പോള്‍ അപ്പന്‍റെയും അമ്മയുടെയും ജോണിച്ചായന്‍റെയും നിര്‍ബന്ധം ചെറുത്തു നില്‍ക്കാന്‍ കഴിഞ്ഞില്ല. ഡെയ്സിയുടെ കാര്യം കൂടി കഴിഞ്ഞിട്ട് ആലോചിക്കാമെന്നു പറഞ്ഞപ്പോള്‍ അവര്‍ വഴക്കു പറഞ്ഞു. ഇപ്പോഴേ പ്രായം കടന്നിരിക്കുന്നു, ഇനി സ്വന്തം കാര്യം കൂടി നോക്കണം. ഇല്ലെങ്കില്‍ വയസുകാലത്ത് ആരുമുണ്ടാകില്ല സഹായിക്കാന്‍.
ചെക്കനെ കാണാനും നല്ല ചേല്, എന്‍ജിനീയറിങ് കഴിഞ്ഞതാണ്, പേരുകേട്ട കുടുംബം, വീട്ടില്‍ പൂത്ത പണം.

ബ്രിട്ടീഷ് ഇന്ത്യന്‍ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു സൈമന്‍റെ വല്യപ്പച്ചന്‍ ആന്‍റണി. രണ്ടാം ലോക മഹായുദ്ധ കാലത്തു സിംഗപ്പൂരിലായിരുന്നു. യുദ്ധം കഴിഞ്ഞു തിരിച്ചുവരുമ്പോള്‍ രണ്ടു ചെമ്പുപാത്രങ്ങളും കൈയിലുണ്ടായിരുന്നു. വിമാനത്താവളത്തില്‍ ഒരു സംശയവും കൂടാതെ കടന്ന പോന്നു. വീട്ടില്‍ച്ചെന്നു പുറത്തെ കോട്ടിങ് ഉരുക്കിക്കളഞ്ഞപ്പോള്‍ തിളങ്ങുന്ന തനിത്തങ്കം. പിന്നെ നൂറനാട്ടെ ക്രിസ്ത്യാനികള്‍ക്കിടയില്‍ പ്രമാണിയായി ആന്‍റണിയുടെ വളര്‍ച്ചയായിരുന്നു.
ആന്‍റണിക്കു രണ്ടു മക്കള്‍, കുഞ്ഞപ്പിയും അന്നാമ്മയും. കുഞ്ഞപ്പി അന്നത്തെ കാലത്ത് മെട്രിക്കുലേഷന്‍ പാസായി. തുടര്‍ന്നു പഠിപ്പിക്കണമെന്ന് ആന്‍റണിക്കു താത്പര്യമുണ്ടായിരുന്നെങ്കിലും, അപ്പന്‍റെ സമ്പത്ത് വളര്‍ത്തുന്നതില്‍ മാത്രമായിരുന്നു കുഞ്ഞപ്പിക്കു താത്പര്യം. അങ്ങനെയാണു സൗദി അറേബ്യയിലേക്കു പോകുന്നത്. നല്ല ശമ്പളം. വര്‍ഷത്തിലൊരിക്കല്‍ വീട്ടില്‍ വരാം.

അപ്പനെയും അമ്മയെയും നോക്കാന്‍ ഭാര്യ അമ്മിണിയെ വീട്ടല്‍ത്തന്നെ നിര്‍ത്തി. കുഞ്ഞപ്പിയുടെയും അമ്മിണിയുടെയും ഒറ്റ മകന്‍ സൈമണ്‍.

പക്ഷേ, താന്‍ എതിര്‍ത്തു നിന്നു. തന്‍റെ ശമ്പളമില്ലാതെ സ്വന്തം വീടെങ്ങനെ കഴിയുമെന്നായിരുന്നു ആശങ്ക. മരുമകളുടെ ശമ്പളം വാങ്ങി കഞ്ഞികുടിക്കേണ്ട ഗതികേടൊന്നു തന്‍റെ അപ്പനും അമ്മയ്ക്കും ഇല്ലെന്നു സൈമണ്‍ നേരിട്ടു പറഞ്ഞപ്പോള്‍ പിന്നെ എതിര്‍ക്കാന്‍ വഴിയൊന്നും കണ്ടില്ല. ഒടുവില്‍ സമ്മതിക്കേണ്ടി വന്നു.

പക്ഷേ, അന്നു സൂസനോ ബന്ധുക്കള്‍ക്കോ അറിയാത്ത ഒന്നുണ്ടായിരുന്നു. തിരുവനന്തപുരത്തെ സൈമന്‍റെ കുത്തഴിഞ്ഞ ജീവിതം. മകന്‍ കഴിയുന്നിടത്തോളം പഠിക്കട്ടെയെന്നു കരുതിയാണ് പണം കൊടുത്തിട്ടായാലും എന്‍ജിനീയറിങ്ങിന് അഡ്മിഷന്‍ വാങ്ങിയത്. പക്ഷേ, അവനവിടെ മദ്യവും വ്യഭിചാരവും രാഷ്ട്രീയവുമായി ധൂര്‍ത്തടിച്ചു ജീവിച്ചു. എല്ലാമറിഞ്ഞപ്പോള്‍ കുഞ്ഞപ്പി മകനെ വിളിച്ചു ഉപദേശിച്ചു നോക്കി. പക്ഷേ, അതിലൊക്കെ നിയന്ത്രണമുണ്ടാകുന്ന സമയം കഴിഞ്ഞുപോയിരുന്നു. അങ്ങനെ കോഴ്സ് കഴിഞ്ഞ് ജയിക്കാതെ എങ്ങനെയോ ആരെയൊക്കെയോ സ്വാധീനിച്ചു സര്‍ട്ടിഫിക്കറ്റും സമ്പാദിച്ചിരിക്കുമ്പോഴായിരുന്നു സൂസന്‍റെ വിവാഹാലോചന. താമരക്കുളത്തു പോയി പെണ്ണുകാണാനുള്ള അപ്പന്‍റെ നിര്‍ദേശത്തിന് അവന്‍ സമ്മതം മൂളി. ഇതുപോലെ എത്രയെത്ര പെണ്ണുങ്ങളെ കണ്ടിരിക്കുന്നു. എല്ലാവരിലും ഓരോ കുറ്റം കണ്ടെത്തി രക്ഷപെടുകയായിരുന്നു.

മകനെ ഗള്‍ഫില്‍ പറഞ്ഞു വിട്ടാലോ എന്നു കുഞ്ഞപ്പി ആലോചിച്ചതാണ്. പക്ഷേ, പഴയതു പോലെ ഇപ്പോള്‍ ഗള്‍ഫുകാര്‍ക്കു വലിയ ഡിമാന്‍ഡൊന്നുമില്ല. താന്‍ ജോലി ചെയ്തിരുന്നപ്പോഴത്തെ പോലെ ജോലിസ്ഥിരതയുമില്ല അവിടെ.

സൂസനെക്കൊണ്ടു കെട്ടിച്ചാല്‍ ലണ്ടനിലേക്കയയ്ക്കാമെന്ന ആശ്വാസമായിരുന്നു അയാള്‍ക്ക്. ഇതെങ്കിലും അവനൊന്നു പിടിച്ചാല്‍ മതിയായിരുന്നു.

പെണ്ണുകണ്ടു ചായ കുടിച്ചു തിരിച്ചു പോരാന്‍ പോയ സൈമണ്‍ സൂസന്‍റെ സൗന്ദര്യത്തിനു മുന്നില്‍ വീണു.
വല്യപ്പച്ചനുണ്ടായിരുന്നില്ല അവളുടെ കല്യാണത്തിന്. അതിലൊരുപാടു സങ്കടപ്പെട്ടിട്ടുമുണ്ട്. അവള്‍ ബിഎസ്സി നേഴ്സിങ്ങിനു പഠിക്കുമ്പോഴായിരുന്നു മത്തായിയുടെ മരണം. വല്യപ്പച്ചനൊപ്പം നടന്ന വഴികള്‍, മടിയില്‍ പിടിച്ചിരുത്തി പറഞ്ഞു തന്നിട്ടുള്ള കഥകള്‍, സാരോപദേശങ്ങള്‍, ജീവിത സന്ദേശങ്ങള്‍…. ഒന്നും ഒരിക്കലും മാഞ്ഞു പോകാതെ അവളുടെ മനസില്‍ സ്ഥിര പ്രതിഷ്ഠ നേടിക്കഴിഞ്ഞിരുന്നു.

സൂസന്‍ അവധി കഴിഞ്ഞു ലണ്ടനിലേക്കു മടങ്ങുമ്പോള്‍ ഭര്‍ത്താവും കൂടെയുണ്ടായിരുന്നു. പിന്നെ, ഇപ്പോള്‍ ആദ്യമായാണു നാട്ടിലേക്ക്. ചാര്‍ലിയെ രണ്ടു വീട്ടുകാരും കണ്ടിട്ടില്ല, ഇതുവരെ. അവള്‍ കുഞ്ഞിന്‍റെ കുരുന്നു കണ്‍പോളകളില്‍ ചുംബിച്ചു. അവന്‍ ദിവസങ്ങള്‍ക്കു ശേഷം സമാധാനമായി ഉറങ്ങുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more