1 GBP = 107.12
breaking news

എൻ. എൻ. പിള്ളയുടെ ഓർമ്മകൾക്ക് കാൽ നൂറ്റാണ്ട്

എൻ. എൻ. പിള്ളയുടെ ഓർമ്മകൾക്ക് കാൽ നൂറ്റാണ്ട്

മലയാളത്തിന്റെ നാടകാചാര്യൻ എൻ. എൻ.പിള്ള കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് 2020 നവമ്പർ 14 ന്25 വർഷം തികയുന്നു. തൻ്റെ 34 ആം വയസ്സിൽ 1952 ൽ മാത്രമാണ് അദ്ദേഹം നാടകരചനയിലേക്കും അഭിനയത്തിലേക്കും ചുവട് വെയ്ക്കുന്നത്. ഒരു തരത്തിൽ പറഞ്ഞാൽ തെറ്റിനെ ജീവിത സാഹചര്യം നാടകരംഗത്തേക്ക് നയിച്ചു എന്ന് പറയുന്നതാവും ശരി. സാമൂഹ്യ വിഷയങ്ങളെ ആക്ഷേപഹാസ്യത്തിലൂന്നി ശക്തമായ സംഭാഷണങ്ങളിലൂടെ വേദിയിൽ അവതരിപ്പിക്കപ്പെട്ട നാടകങ്ങൾ ഗംഭീര വിജയമായി തീർന്നതിന്റെ പിന്നിൽ താൻ ജീവിതത്തിൽ നേരിട്ട ദുഃഖപൂരിതമായ അനുഭവങ്ങൾ തന്നെയാണ്. 

” നിൽക്കാനൊരു തറ, പിന്നിലൊരു മറ, എന്റെയുള്ളിൽ ഒരു നാടകം, എൻ്റെ മുന്നിൽ നിങ്ങളും” ഉള്ളു നീറുന്ന നാടക കാലത്തെക്കുറിച്ച് എൻ. എൻ. പിള്ള ഒരിക്കൽ എഴുതിയതാണ്. ഉള്ളിൽ ഉണരുന്ന നാടകമാണ് നാടകകൃത്തിന്റെ തീ. ഈ തീയൂതി അയാൾ അരങ്ങു പൊലിപ്പിക്കുന്നു. തന്റെ ജീവിതമായിരുന്നു എൻ.എൻ. പിള്ളയ്ക്കു നാടകം. അത്ര തീവ്രമായിരുന്നു ജീവിതാനുഭങ്ങൾ. അദ്ദേഹം ഇങ്ങനെ എഴുതി ” എനിക്ക് ജീവിതവും അഭിനയവും തിരിച്ചറിയാൻ വയ്യാത്ത അവസ്ഥയാണ്. അഭിനയമാണ് ജീവിതം , ജീവിതം അഭിനയവുമാണ്”.മലയാള നാടകവേദിയിൽ ശക്തവും തീവ്രവുമായ ജീവിതാനുഭവങ്ങൾ കുറിക്കുകൊള്ളുന്ന സംഭാഷണങ്ങളിലൂടെ വേദിയിൽ അവതരിക്കപ്പെട്ടപ്പോൾ അത് ചരിത്രം കുറിക്കുകയായിരുന്നു. മലയാള നാടകലോകത്തെ കാരണവരായി അറിയപ്പെടുന്ന എൻ.എൻ. പിള്ള ആ ഉയരത്തിൽ എത്താൻ കാരണം തന്റെ ജീവിതാനുഭങ്ങൾ മാത്രമായിരുന്നു.

എൻ.എൻ. പിള്ള 1918, ഡിസംബർ 23 ന് കോട്ടയം ജില്ലയിൽ വൈക്കത്ത് നാരായണ പിള്ളയുടെയും പാറുക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. അച്ഛന് മകൻ ബി.എൽ  പാസ്സായി വക്കിൽ ആകണമെന്ന് അതിയായി ആഗ്രഹിച്ചു. എന്നാൽ എൻ.എൻ. പിള്ള കോട്ടയം സിഎംഎസ് കോളേജിൽ ഇന്റർമീഡിയേറ്റ് പഠനം നടത്തിയെങ്കിലും പരീക്ഷ  തോറ്റതോടെ മാതാപിതാക്കൾ നിരാശരായി കൂടാതെ മകൻ ഒരു പ്രേമബന്ധത്തിൽ കുടുങ്ങിയെന്നും കൂടി അറിഞ്ഞതോടെ അവർ ഒരുതരം പ്രതികാരമൂർത്തികളായി മാറി.

ഇന്റർമീഡിയറ്റ് തോറ്റ അദ്ദേഹം മൂന്നാം മാസം ഒരു തകരപെട്ടിയും അതിനുള്ളിൽ രണ്ടു ജോഡി ഉടുപ്പും എൺപത് രൂപയുമായി നാടുവിട്ടു. പതിനൊന്നാം പക്കം എസ്. എസ്. റജുല എന്ന കപ്പലിൽ പിനാംഗിൽ എത്തി. പിന്നീട് ജീവിതം കരുപ്പിടിപ്പിക്കുന്നതിന് വേണ്ടിയുള്ള അലച്ചിലായിരുന്നു.  ജീവിതം അതികഠിനമായ പരീക്ഷണ ശാലയായിരുന്നു.ചെയ്യാത്ത ജോലികളില്ല, പത്രപ്രവർത്തകനായി, എസ്റ്റേറ്റ് കണ്ടക്ടറായി, ഇംഗ്ലീഷ് ചികിത്സ പഠിച്ച് ഡിസ്പെൻസറി നടത്തി. ഇതെല്ലാം വലിച്ചെറിഞ് ഐഎൻഎ ഭടനായി ഒടുവിൽ 8 വർഷത്തിന് ശേഷം വീണ്ടും വീട്ടിലെത്തി, കയ്യിൽ രണ്ടര രൂപയുണ്ടായിരുന്നു,  തകരപ്പെട്ടിയുടെ സ്ഥാനത്ത് ഒരു കാക്കി സഞ്ചിയും. എന്നാൽ ജീവിതം തേടിയുള്ള യാത്രയിൽ കാണാത്ത കാഴ്ചകളിലെ അനുഭവങ്ങൾ മുഴുവൻ ആത്മാവിലേക്ക് ആവാഹിച്ചു എടുക്കാനുള്ള കഴിവായിരിക്കാം തന്റെ നാടകങ്ങളെ ഇത്രമാത്രം വേറിട്ട കാഴ്ച്ചാനുഭവങ്ങൾ കാണികൾക്ക് പ്രദാനം ചെയ്തത്. പക്ഷെ ആ ജീവിതമായിരുന്നു അദ്ദേഹത്തിന്റെ ഡ്രമാറ്റിക് യൂണിവേഴ്സിറ്റി.

1946 ൽ നാട്ടിൽ തിരിച്ചു വന്നതിന് ശേഷം തിരുവിതാംകൂറിലെ ഐഎൻ എ സെക്രട്ടറി ആയി അവരോധിക്കപ്പെട്ടു. സ്റ്റേറ്റ് കോൺഗ്രസിന്റെ സജീവ രാഷ്ട്രീയത്തിൽ മുഴുകുകയും ചെയ്തു. പ്രസംഗവേദികളിൽ അദ്ദേഹം കത്തിക്കയറി. ആ രാഷ്ട്രീയ ജീവിതമാണ് വാക്കുകൾ കൊണ്ട് വികാരത്തിന്റെ വെടിമരുന്നു കോട്ടയ്ക്ക് തീ വെക്കാമെന്ന് മനസ്സിലാക്കിയത്.  എന്നാൽ 1947 ൽ സ്വാതന്ത്ര്യ ലബ്ദിക്ക്ശേഷം 1947 അദ്ദേഹം കുടുംബസമേതം വീണ്ടും മലയയിലേക്ക് പോയി. 1951 ൽ ജോലി രാജി വച്ച് പോന്നു. വീണ്ടും പ്രവർത്തന തട്ടകം രാഷ്ട്രീയമായി. ഉശിരൻ പ്രസംഗങ്ങൾ നടത്തി വേദിയെ ഇളക്കി മറിച്ചു. എന്നാൽ വരുമാനം ഒന്നുമില്ലാതെയുള്ള തൻ്റെ രാഷ്ട്രീയപ്രവർത്തനം കൊണ്ട് മലയായിൽ നിന്ന്   കൊണ്ടുവന്ന സമ്പാദ്യത്തിൽ നല്ല പങ്കും തീർന്നിരുന്നു. ഭാര്യക്കും രണ്ടു കുട്ടികൾക്കും ജീവിക്കണമെങ്കിൽ വേറെ മാർഗ്ഗം കണ്ടേ മതിയാവൂ എന്ന അവസ്ഥ.

ആലപ്പുഴയിൽ ഒരു ഹോട്ടൽ തുടങ്ങി അത് മൂന്നാം മാസം അത് പൊളിഞ്ഞു.തുടർന്ന് കൊല്ലത്ത് പോളത്തോട്ടിൽ ഒരു മരക്കമ്പനി ( saw mill )തുടങ്ങി. ആറാം മാസം അതും പൂട്ടി. പിന്നീട് വിശ്വകേരളം പത്രം ഒന്നുദ്ധരിച്ചു കളയാമെന്ന വ്യാമോഹത്തിൽ ഒരു ശ്രമം നടത്തി അതും പൊളിഞ്ഞു. അപ്പോഴാണ് വിശ്വകേരള കലാ സമിതി എന്ന ആശയം മനസ്സിൽ ഉണർന്നത്.  1952 ന് മുൻപ് ഒരിക്കൽ പോലും നാടകകൃത്തോ  നടനോ ആകണമെന്ന് ഒരിക്കൽ പോലും ആഗ്രഹിക്കാത്ത എൻ. എൻ. പിള്ള ജീവിതത്തിന്റെ പ്രതിസന്ധിയിൽ ആകസ്മികമായി ആ വഴിത്താരയിലേക്ക് എത്തപ്പെട്ടു എന്നതാണ് വാസ്തവം. അതുവരെ ജീവിതത്തിന്റെ അന്ധകാരജടിലമായ ഊടുവഴികളിലൂടെ തെറ്റിയും തെറിച്ചും കരഞ്ഞും ചിരിച്ചും ഒരു അപസ്മാര ബാധിതനെപ്പോലെ ഓടുകയായിരുന്ന അദ്ദേഹം ഒരു രാജപാതയിൽ എത്തപ്പെട്ടതായി കരുതിയെന്ന് എൻ. എൻ.പിള്ള ഒരിക്കൽ എഴുതി. പക്ഷെ അതൊരു രാജപാത ആയിരുന്നില്ല ഒരു കോട്ടയായിരുന്നു.

അങ്ങനെ 1952 ൽ “മനുഷ്യൻ ” എന്ന നാടകം എഴുതി. മാനവസമൂഹത്തിന്റെ വികാസ പരിണാമങ്ങൾ അഞ്ചു രംഗങ്ങങ്ങളിൽ ആയി ചിത്രീകരിക്കുന്ന ഒരു നാടകം. ഒരു മാസം നീണ്ടു നിന്ന റിഹേഴ്സൽ കഴിഞ്ഞപ്പോൾ ഭാര്യയുടെ അവസാന സ്വർണമാലയും വിറ്റിരുന്നു. പക്ഷേ അതിൽ ‘ആദിമ മനുഷ്യ’ നായി എൻ എൻ പിള്ള തകർത്തഭിനയിച്ചു. അപ്പോൾ കിട്ടിയ നിർവൃതിയും ആനന്ദവും അദ്ദേഹത്തെ തൻ്റെ പാത നാടകം ആണെന്ന് തിരിച്ചറിഞ്ഞു. ലാഭവും നഷ്ടവും നോക്കാതെ എല്ലാ വർഷവും ഓരോ നാടകം എഴുതുകയും വേദിയിൽ അവതരിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു.പക്ഷെ ജീവിതം,  താനും, ഭാര്യ ചിന്നമ്മ, സഹോദരി ഓമന, രണ്ടു പെൺ മക്കൾ, മകൻ കുട്ടൻ എന്ന് വിളിക്കുന്ന വിജയരാഘവൻ അടങ്ങുന്ന തന്റെ കുടുംബവും ദാരിദ്ര്യത്തിൽ നിന്നും അതിദാരിദ്ര്യത്തിലേക്ക് താണു പോയിക്കൊണ്ടിരുന്നു.

അവസാനം ഒന്നുമില്ലാതായി ചോർന്നൊലിക്കുന്ന വീട്, അടുത്ത നാടകത്തിന് കണക്ക് തീർക്കാമെന്ന കരാറിൽ പറ്റുപടിക്കടയിൽ നിന്നും ഉപ്പും മുളകും അരിയും വാങ്ങി ജീവിക്കുന്ന അവസ്ഥ. ഉറ്റ ബന്ധുക്കൾ പോലും മുഖം തിരിച്ചു അകന്ന് പോയി. നടീനടൻമാർ പലരും പിരിഞ്ഞുപോയി. അതോടെ ഭാര്യയെയും സഹോദരിയെയും അഭിനയിപ്പിക്കാൻ തീരുമാനിച്ചു. അതോടെ നാട്ടുകാരും അവജ്ഞയോടെ നോക്കാൻ തുടങ്ങി. അങ്ങനെ എൻ എൻ പിള്ളയും ഭാര്യയും രത്‌നമായിരുന്ന അഭിനയിച്ച  ‘അസ്സലാമു  അലൈക്കും’എന്ന നാടകം വിജയമായി. അതോടെ അദ്ദേഹത്തിന്റെ സഹോദരി ഓമനയിൽ ഉറങ്ങിക്കിടന്നിരുന്ന അത്ഭുതാവഹമായ അഭിനയവാസന ഒരു നിധി പോലെ അദ്ദേഹം കണ്ടെത്തി.  മലയാള നാടക വേദിക്ക് ലഭിച്ച അമൂല്യ സംഭാവനയായിരുന്നു ഓമനയെന്ന നടി.

തുടർന്ന് വിശ്വകേരള കലാസമിതി പടിപടിയായി വളർന്നു. എൻ. എൻ. പിള്ള നാടകരചനയെക്കുറിച്ചു, സംവിധാനത്തെപ്പറ്റി, അഭിനയത്തെപ്പറ്റി കൂടുതൽ പഠിച്ചു. പ്രേക്ഷകഹൃദയത്തെ ഏറ്റവും കൂടുതൽ ആകർഷിക്കാൻ പറ്റിയതും തന്റെ അഭിരുചിക്ക് ഏറ്റവും ഇണങ്ങുന്നതും ആക്ഷേപഹാസ്യ ( satire ) എന്ന നാടക സങ്കേതമാണെന്ന് ബോധ്യപ്പെട്ടു. രംഗങ്ങളുടെ എണ്ണം, രംഗസംവിധാനം, സംഗീതം എന്നിവ പരമാവധി കുറയ്ക്കുക എന്നത് ഒരു നയമായി തന്നെ സ്വീകരിച്ചു. 1964 ൽ ‘പ്രേതലോകം’ എന്ന നാടകത്തോടെ തന്റെനാടകജീവിതം വേറെ ഒരു ലെവലിലേക്ക് വളർന്നു. തൻ്റെ മൂത്ത മകൾ സുലോചന ആദ്യമായി അരങ്ങത്ത് എത്തിയതും ഈ നാടകത്തോടെയാണ്. പിന്നീട് വിശ്വകേരകേരള കലാസമിതിയുടെ ജൈത്രയാത്രയായിരുന്നു.കേരളത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിദേശ രാജ്യങ്ങളിലും നിറയെ  വേദികൾ. കേരളത്തിലെ വലിയ നാടക ട്രൂപ്പ്കളിൽ ഒന്നായി ഒളശ്ശ വിശ്വകേരള കലാസമിതി വളർന്നു.തൻ്റെ സാമ്പത്തീക ബുദ്ധിമുട്ടകൾ എല്ലാം തീർന്നു. ജീവിതം പതുക്കെ ശാന്തമായി ഒഴുകാൻ തുടങ്ങി. ഒരു കുടുംബം മുഴുവൻ നാടക ട്രൂപ്പായി പ്രവർത്തിക്കുന്ന വളരെ അപൂർവമായ കാര്യമായിരുന്നു വിശ്വകേരള കലാസമിതിയിലൂടെ  കേരളം കണ്ടത്.  ആക്ഷേപഹാസ്യത്തിലൂടെ അൽപ്പം ഉപ്പും മുളകും ചേർന്ന സംഭാഷണങ്ങൾ വിമർശനങ്ങൾ ഏറ്റുവാങ്ങിയെങ്കിലും എവിടെയും കാണികളുടെ ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. 

ഈശ്വരൻ അറസ്റ്റിൽ, കാപാലിക, പ്രേതലോകം, ഗൊറില്ല, കണക്ക് ചെമ്പക രാമൻപിള്ള, ക്രോസ്സ്‌ബെൽറ്റ് തുടങ്ങിയവനാണ് പ്രധാന നാടകങ്ങൾ. എൻ. എൻ. പിള്ള 28 നാടകങ്ങളും 23 ഏകാങ്ക നാടകങ്ങളും എഴുതി. ആത്മകഥ ‘ഞാൻ ‘ മലയാളത്തിലെ ഏറ്റവും നല്ല ആത്മകഥകളിൽ ഒന്നാണ്.1987 വരെ അദ്ദേഹം നാടകങ്ങളിൽ അഭിനയിച്ചിരുന്നു. 1995 ൽ തന്റെ 77 മത്തെ വയസിൽ ന്യൂമോണിയ ബാധിച്ച് അന്തരിച്ചു.എൻ. എൻ. പിള്ളയുടെ മരണശേഷവും 2005 വരെ മകനും പ്രമുഖ ചലച്ചിത്ര നടനുമായ വിജയരാഘവനും മകളുടെ ഭർത്താവ് രാജേന്ദ്രബാബുവും വിശ്വകേരള കലാസമിതിയുടെ നാടകങ്ങൾ അവതരിപ്പിച്ചു.എൻ. എൻ. പിള്ളയെത്തേടി കേന്ദ സംസ്ഥാനങ്ങളുടെ, കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, സാഹിത്യ പ്രവർത്തക സംഘം തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ പുരസ്‌കാരങ്ങൾ എത്തി. ‘ഞാൻ’ എന്ന ആത്മകഥ അബുദാബി മലയാള സമാജത്തിന്റെ  പുരസ്കാരവും നേടി. ഏതാനും മലയാള സിനിമയിലും എൻ. എൻ. പിള്ള അഭിനയിച്ചിട്ടുണ്ട്. 1962 ൽ പുറത്തിറങ്ങിയ വേലു തമ്പി ദളവ, 1972 ൽ മനുഷ്യബന്ധങ്ങൾ, കാപാലിക, സൂപ്പർ ഹിറ്റ് ചിത്രമായ 1991 ൽ ഗോഡ് ഫാദർ, 1992 ൽ നാടോടി, 1993 ൽ ഗോഡ്‌ഫാദറിന്റെ തെലുഗു റീമേക്ക് തുടങ്ങി ആറോളം സിനിമകളിൽ അഭിനയിച്ചു. ഇതിൽ ഗോഡ്‌ഫാദറിലെ ‘ അഞ്ഞൂറാൻ ‘ എന്ന കഥാപാത്രം   വളരെയേറെ പ്രശംസ നേടി. കാപാലിക, ക്രോസ്സ്‌ബെൽറ്റ് എന്നീ ചിത്രങ്ങളുടെ കഥയും തിരക്കഥയും എൻ.എൻ. പിള്ള രചിക്കുകയുണ്ടായി.  മലയാള സിനിമയിൽ തന്റേതായ ഒരു ഇരിപ്പിടം കണ്ടെത്തുവാൻ കഴിഞ്ഞെങ്കിലും സിനിമയായിരുന്നില്ല തൻ്റെ തട്ടകം അതെന്നും നാടകം മാത്രമായിരുന്നു. എന്നാൽ മകൻ കുട്ടൻ എന്ന് വിളിൽക്കുന്ന വിജയരാഘവൻ മലയാള സിനിമയിലെ പ്രമുഖ നടന്മാരിൽ ഒരാളായി തൻ്റെ ജീവിത കാലത്ത് തന്നെമാറിയിരുന്നു.

സോഷ്യൽ മീഡിയയുടെ കാലത്തിന് മുൻപേ അദ്ദേഹം വിട പറഞ്ഞെങ്കിലും ഗോഡ്ഫാദർ എന്ന സിനിമയിലെ അദ്ദേഹത്തിന്റെ സംഭാഷണം മിമിക്രി താരങ്ങൾക്ക് ഇപ്പോഴും ഇഷ്ടവിഷയമാണ്. അത് പോലെ തന്റെ നാടകത്തിലെ സോഷ്യലിസം, ഡെമോക്രസി, കമ്മൂണിസം ഇവ തമ്മിലുള്ള വ്യത്യസം പറഞ്ഞു കൊടുക്കുന്ന സംഭാഷണങ്ങളുടെ വിഡിയോയും യൂട്യൂബിൽ വളരെ ശ്രദ്ധനേടിയിട്ടുണ്ട്.

എൻ.എൻ. പിള്ള വിട പറഞ്ഞിട്ട് കാൽ നൂറ്റാണ്ട് ആയെങ്കിലും ലക്ഷക്കണക്കിന് നാടക പ്രേമികളുടെ മനസ്സിൽ തന്റെ ശക്തമായ നാടകങ്ങളിലൂടെ ഇന്നും അദ്ദേഹം ജീവിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more