ക്രിസ്മസിനെ രക്ഷിച്ചെടുക്കാന്‍ മറ്റ് വഴികളില്ലെന്ന് വ്യക്തമായതോടെ ശാസ്ത്രീയ ഉപദേശകരുടെ ഉപദേശം സ്വീകരിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അടുത്ത ആഴ്ച ദേശീയ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. തങ്ങള്‍ ഏറ്റവും മോശമായി കരുതിയ കണക്കുകളേക്കാള്‍ വേഗത്തിലാണ് കൊവിഡ് പരക്കുന്നതെന്ന് സേജ് കമ്മിറ്റി പ്രധാനമന്ത്രിയെ ധരിപ്പിച്ചതോടെയാണ് ഈ നീക്കം. അടുത്ത ആഴ്ച തന്നെ നാടകീയമായ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഏത് തരത്തിലുള്ളതാകും പുതിയ ലോക്ക്ഡൗണ്‍ എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
എന്നാല്‍ അവശ്യ ഷോപ്പുകളും, നഴ്‌സറി, സ്‌കൂള്‍, യൂണിവേഴ്‌സിറ്റി എന്നിവ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒഴികെയുള്ളവയെല്ലാം അടച്ചിടാനാണ് ഉദ്ദേശമെന്ന് സര്‍ക്കാര്‍ ശ്രോതസ്സുകളെ ഉദ്ധരിച്ച് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തിങ്കളാഴ്ച വിളിച്ചുചേര്‍ക്കുന്ന പത്രസമ്മേളനത്തില്‍ പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ബുധനാഴ്ച മുതല്‍ തന്നെ പുതിയ വിലക്കുകള്‍ ആരംഭിച്ചേക്കും. പ്രഖ്യാപനത്തിന് മുന്‍പ് വിലക്കുകളെ തോത് തീരുമാനിക്കാനുള്ള സുപ്രധാന ഘട്ടത്തിലൂടെയാണ് സര്‍ക്കാര്‍ കടന്നുപോകുന്നത്.
അടച്ചുപൂട്ടല്‍ രാജ്യത്തിന് നല്‍കുന്ന സാമ്പത്തിക തിരിച്ചടികള്‍ സംബന്ധിച്ച് പ്രധാനമന്ത്രിയും, ചാന്‍സലര്‍ ഋഷി സുനാകും ആശങ്കകള്‍ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്, സീനിയര്‍ മിനിസ്റ്റര്‍ മൈക്കിള്‍ ഗോവ് എന്നിവ ശാസ്ത്രജ്ഞരെ പിന്തുണച്ചു. ശൈത്യകാലത്ത് 85,000 പേരെ വൈറസ് കൊല്ലുമെന്ന ശാസ്ത്രജ്ഞരുടെ ഭീഷണിയാണ് കാര്യങ്ങള്‍ ഇവിടേക്ക് എത്തിക്കുന്നത്. കൂടുതല്‍ ദൈര്‍ഘ്യമുള്ള ദേശീയ ലോക്ക്ഡൗണ്‍ വേണമെന്ന് ശാസ്ത്രജ്ഞര്‍ വാദിക്കുന്നു. ഫ്രാന്‍സില്‍ പ്രഖ്യാപിച്ചതിന് സമാനമായി ഒരു മാസമെങ്കിലും രാജ്യം അടച്ചിടണം. എങ്കില്‍ മാത്രമാണ് ആശുപത്രികളില്‍ ബെഡുകള്‍ ഇല്ലാതാകുന്ന ദുരന്തം ഒഴിവാക്കാന്‍ കഴിയൂവെന്നാണ് ഇവരുടെ നിലപാട്.
അതേസമയം ക്യാബിനറ്റില്‍ ഇത് സംബന്ധിച്ച് വ്യക്തമായ ഭിന്നിപ്പ് നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ലോക്ക്ഡൗണിലെ എതിര്‍ക്കുന്ന വിഭാഗം ശാസ്ത്രജ്ഞരുടെ നിലപാടിന് മുന്നില്‍ കീഴടങ്ങാന്‍ തയ്യാറായിട്ടില്ല. ലോക്ക്ഡൗണ്‍ നടപ്പാക്കാന്‍ വൈകുന്നത് ബോറിസിന് തിരിച്ചടിയാകുമെന്ന് അദ്ദേഹത്തിന്റെ സ്വന്തം ഉപദേശകരും വിലയിരുത്തിയതോടെയാണ് സുപ്രധാന തീരുമാനം കൈക്കൊള്ളുന്നതെന്നാണ് വിവരം.
click on malayalam character to switch languages