1 GBP = 106.06
breaking news

“എന്റെ ജീവിതമാണ് എന്റെ സന്ദേശം”

“എന്റെ ജീവിതമാണ് എന്റെ സന്ദേശം”

ഭാരതത്തിന്റെ സുദീർഘമായ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അവസാനത്തെ മൂന്നു പതിറ്റാണ്ടുകളിൽ തികച്ചും നൂതനമായ ഒരു സമര മുറയുടെ സൂത്രധാരനും അമരക്കാരനുമായിരുന്നു മഹാത്മാഗാന്ധി. അതിനാൽ തന്നെ ചരിത്രകാരന്മാർ അതിനു പേരിട്ടത് ഗാന്ധിയൻ യുഗം എന്നായിരുന്നു. ശത്രുമിത്ര ഭേദമെന്യേ എല്ലാവരുടെയും ബഹുമാനം ആർജിക്കാൻ കഴിഞ്ഞ അപൂർവം നേതാക്കളിലൊരാളായിരുന്നു അദ്ദേഹം. ആ ജനനായകന്റെ ജന്മവാർഷികം രാജ്യം കൊണ്ടാടുകയാണ്.

വിശ്വ മാനവികതയ്ക്കും മനുഷ്യ സാഹോദര്യത്തിനും മതസൗഹാർദ്ദത്തിനും വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞുവെക്കുകയും ആ തത്വങ്ങളെ മുറുകെ പിടിച്ചതിനാൽ രക്തസാക്ഷിയാകേണ്ടിയും വന്ന ആദർശധീരനായിരുന്നു ഗാന്ധിജി. സത്യഗ്രഹം, നിസ്സഹകരണം, അഹിംസ എന്നീ ആശയങ്ങൾ ലോകത്തിന് സംഭാവന നൽകിയതും അദ്ദേഹമായിരുന്നു. വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും സത്യസന്ധതയും ധാർമികതയും സംശുദ്ധിയും പുലർത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ‘എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശം’ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. സ്വാർത്ഥമോഹ ലോഭങ്ങൾക്കൊന്നും കീഴ്‌പ്പെടാതെയും തന്റെ പൈതൃകം അവകാശപ്പെടാൻ കുടുംബാംഗങ്ങൾക്കുപോലും അവസരം നൽകാത്തതുമായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകൾ. ”ഒരു തീരുമാനമെടുക്കുന്നതിനു മുൻപ് തെരുവിലെ ഏറ്റവും ദരിദ്രനായ മനുഷ്യന്റെ മുഖം ഓർക്കുക” എന്നാണ് ഭരണ കർത്താക്കളെയും പൊതുപ്രവർത്തകരെയും അദ്ദേഹം ഓർമ്മിപ്പിച്ചത്. ചേരികളിലെയും തെരുവുകളിലെയും മാലിന്യം തൂത്തുകളയുക മാത്രമല്ല, അവനവന്റെ ഉള്ളിലെ മാലിന്യങ്ങളും തൂത്തുകളഞ്ഞെങ്കിൽ മാത്രമേ ഗാന്ധി ജയന്തി ആഘോഷിക്കുന്നതിൽ അർഥമുള്ളൂ. ദക്ഷിണാഫ്രിക്കയിലെ തന്റെ സത്യാന്വേഷണ പരീക്ഷകൾക്കു ശേഷം ഭാരതത്തിലെത്തിയ ഗാന്ധിജി തന്റെ പൊതുപ്രവർത്തനം ആരംഭിക്കുന്നത് 1917 ൽ ബിഹാറിലെ ചമ്പാരൻ ഗ്രാമത്തിലെ നീലം കർഷകരുടെ അവകാശ സമരങ്ങൾക്കു നേതൃത്വം കൊടുത്തുകൊണ്ടായിരുന്നു. കൊളോണിയൽ ഭരണത്തിന്റെ ആരംഭ കാലത്ത് ബ്രിട്ടനിലെ തുണി വ്യവസായത്തിന്റെ ആവശ്യത്തിനു വേണ്ടി ഇന്ത്യയിലെ നീലം കൃഷിക്കാരെ പ്രോത്സാഹിപ്പിക്കുകയും പിൽക്കാലത്ത് തുണി ചായം മുക്കുന്നതിനുള്ള രാസവസ്തുക്കൾ കണ്ടുപിടിച്ചപ്പോൾ നീലം കൃഷിക്കാരെ നിഷ്ഠുരമായി പീഡിപ്പിക്കുകയും ചെയ്ത സന്ദർഭത്തിലാണ് ഗാന്ധിജി ചമ്പാരൻ സമരത്തിന് നേതൃത്വം കൊടുത്തത്. അതായത് സാമ്രാജ്യത്വ ചൂഷണത്തിനു വിധേയരാകുന്ന കർഷകരുടെ ചെറുത്തുനിൽപു സമരത്തിനു നേതൃത്വം കൊടുക്കുകയായിരുന്നു അദ്ദേഹം. ബഹുരാഷ്ട്ര കുത്തകകളുടെ താൽപര്യ സംരക്ഷണത്തിനുവേണ്ടി നിലകൊള്ളുന്ന ബാങ്കുകൾ നൽകിയ വായ്പയെടുക്കുകയും അതേ കുത്തകകളുടെ ഇടപെടൽ കാരണം കാർഷിക വിളകളുടെ വിലയിടിയുകയും വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ കടക്കെണിയിൽപെട്ട് കർഷകർ ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന വർത്തമാനകാല പരിതഃസ്ഥിതിയിൽ ഒരു നൂറ്റാണ്ടിനു മുൻപ് ഗാന്ധിജി നേതൃത്വം കൊടുത്ത ചമ്പാരൻ സമരത്തിന്റെ സന്ദേശം ഇന്നും പ്രസക്തമാണ്.

ലോകത്തെങ്ങുമുള്ള മനുഷ്യ സ്‌നേഹികളെ ഞെട്ടിച്ചതായിരുന്നു അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം. ഹിന്ദുരാഷ്ട്ര വാദികളുടെ തോക്കിനാണ് അദ്ദേഹം ഇരയായത്. നെഹ്‌റുവിനെ മറന്നതുപോലെ ഗാന്ധിജിയെ മറക്കുകയും ഗാന്ധി ഘാതകർക്ക് സ്മാരകവും ക്ഷേത്രവും പണിയുന്ന ഇക്കാലത്ത് അധികാരത്തിന്റെ ഹുങ്കിൽ ദളിതരും ന്യൂനപക്ഷങ്ങളും പീഡിപ്പിക്കപ്പെടുമ്പോൾ വായടപ്പിക്കാൻ തക്കവിധത്തിൽ ഭരണകേന്ദ്രങ്ങളും മാറുന്നു.

ഗാന്ധിജിയുടെ ജീവിതവും സന്ദേശവും ഉൾക്കൊണ്ട് മതേതര രാഷ്ട്രമെന്ന ബഹുമതി നിലനിറുത്താൻ മാറ്റങ്ങൾ അനിവാര്യമാണ്…
മാന്യ വായനക്കാർക്ക് യുക്മ ന്യൂസിന്റെ ഗാന്ധി ജയന്തി ദിനാശംസകൾ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more