യുകെയിലെ ഏറ്റവും പ്രശസ്തയായ മലയാളി പെൺകുട്ടി സൗപർണിക നായർ അഭിമാന നേട്ടത്തിനരികെ; ബി ജി ടി സെമി ഫൈനൽ ഇന്ന്…….നാമോരോരുത്തരുടെയും വിലയേറിയ വോട്ടുകൾ സൗപർണികയെ ”ബ്രിട്ടൻസ് ഗോട്ട് ടാലൻ്റ് ”മത്സര വിജയ കിരീടമണിയിച്ചേക്കാം……
Sep 12, 2020
കൊല്ലം കൊട്ടാരക്കര സ്വദേശി ഡോ. ബിനു നായരുടേയും കൊട്ടാരക്കര വെളിനല്ലൂർ സ്വദേശി രഞ്ജിതയുടേയും മകളായ പത്ത് വയസുകാരി സൗപർണിക നായർ ഇന്ന് ബ്രിട്ടണിലെ ഏററവും വലിയ മലയാളി സെലിബ്രറ്റിയാണ്. ഐ ടിവിയിലെ ബ്രിട്ടൻസ് ഗോട്ട് ടാലൻ്റ് (ബി ജി ടി) എന്ന പരിപാടിയുടെ സെമി ഫൈനൽസിൽ എത്തി നിൽക്കുന്ന സൗപർണിക ഇന്ന് ശനിയാഴ്ച (12/09/20) രാത്രി 8 മുതൽ 10 വരെ നടക്കുന്ന സെമി ഫൈനലിൽ മത്സരിക്കുകയാണ്.
ഇന്ന് നടക്കുന്ന സെമി ഫൈനലിൽ പങ്കെടുക്കുന്ന എട്ട് മത്സരാർത്ഥികളിൽ നിന്ന് രണ്ട് പേർ ബ്രിട്ടൻസ് ഗോട്ട് ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെടും. ഒരാളെ നേരിട്ട് ജഡ്ജസ് തിരഞ്ഞെടുക്കുമ്പോൾ രണ്ടാമത്തെയാളെ പ്രേക്ഷകർക്ക് വോട്ടിംഗിലൂടെ തിരഞ്ഞെടുക്കാം. ഇന്ന് രാത്രി 8 മുതൽ 10 വരെ നടക്കുന്ന സെമി ഫൈനൽ മത്സരത്തിനു ശേഷം രാത്രി 10 മണി മുതൽ വോട്ടിംഗ് ആരംഭിക്കും. ഞായറാഴ്ച ദിവസം മുഴുവനും തിങ്കളാഴ്ച രാവിലെ 10 മണി വരെയാണ് വോട്ട് ചെയ്യാനുള്ള സമയം. ഈ സമയങ്ങളിൽ പരമാവധി വോട്ടുകൾ സൗപർണികയ്ക്ക് ലഭിച്ചാൽ വലിയ നേട്ടങ്ങളിൽ ഈ മിടുക്കിക്ക് എത്തിച്ചേരാൻ സാധിക്കും.
ഇവിടെയാണ് നമ്മൾ മലയാളികളുടെ അഭിമാനമായ സൗപർണികയെന്ന കൊച്ചു മിടുക്കിയെ വോട്ട് ചെയ്തു സഹായിച്ച് ഫൈനലിലെത്തിക്കേണ്ടത്. നമ്മൾ ഓരോരുത്തരും ചെയ്യേണ്ടത് ഇത്രമാത്രം, നമ്മുടെ ഫോണിൽ BGT ആപ്പ് ഡൗൺലോഡ് ചെയ്യുക. ഓരോ ഡിവൈസിൽ നിന്നും അഞ്ച് വീതം വോട്ടുകൾ ഫ്രീയായി ചെയ്യാവുന്നതാണ്. നമ്മുടെയും സുഹൃത്തുക്കളുടെയും പരമാവധി വോട്ടുകൾ സൗപർണികക്കുട്ടിയ്ക്ക് നേടിക്കൊടുക്കുകയാണ് നമ്മൾ ചെയ്യേണ്ടത്.
കഴിഞ്ഞ വർഷം ബിബിസിയിലെ മൈക്കൾ മക്കൻ്റയിർ ഷോയിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയായിരുന്നു 9 വയസുകാരി സൗ എന്ന് എല്ലാവരും ഓമനപ്പേരിൽ വിളിക്കുന്ന സൗപർണിക. ഇതിനോടകം ഒരു സെലിബ്രറ്റിയായി മാറിക്കഴിഞ്ഞ സൗപർണിക വിവിധ ടി വി ചാനലുകളുടേയും, റേഡിയോ കേന്ദ്രങ്ങളുടെയും മറ്റുമുള്ള ഇൻ്റർവ്യൂകളുമായി തിരക്കിലാണ്. ജന്മസിദ്ധമായ സംഗീതത്തെ ഗുരുക്കൻമാരായ മാതാപിതാക്കൻമാരുടെ അനുഗ്രഹത്തോടെ ശ്രുതി ശുദ്ധി വരുത്തി ഉയരങ്ങൾ കീഴടക്കുകയാണ് സൗപർണ്ണിക. യുകെയിലാണ് വളരുന്നതെങ്കിലും ചോദ്യങ്ങൾക്ക് അക്ഷര സ്ഫുടതയോടെ വ്യക്തമായും വളരെ കൃത്യതയോടെയുള്ള അനായാസമുള്ള മറുപടി സൗപർണ്ണികയിൽ നിന്നും ലഭിക്കും.
യുട്യൂബും, വീഡിയോകളുമായി നിമിഷ നേരം കൊണ്ട് വൈറലായി മാറുന്ന ഈ വർത്തമാനകാലഘട്ടത്തിൽ അല്പം ഭാഗ്യം കൂടെയുണ്ടെങ്കില്‍ രൊൾക്ക് താരമാകാൻ ഒരൊറ്റ ദിവസം മതിയാകും. ഈ പുത്തന്‍ പ്രതിഭാസത്തിനു പ്രത്യേകിച്ച് പ്രതിഭ ഒന്നും ആവശ്യമില്ല. പ്രതിഭയും ബുദ്ധിയും മഹാഭാഗ്യവും എല്ലാം ഒത്തിണങ്ങിയാൽ മാത്രമേ ഒരാൾ താരങ്ങളിൽ താരമാകുകയുള്ളൂ (സെലിബ്രറ്റി). യുകെ മലയാളികള്‍ക്കിടയിൽ ഒരു പൊൻതാരകമായി ഉദിച്ചുയർന്നിരിക്കുകയാണ് സൗപർണിക. ജനലക്ഷങ്ങള്‍ കാഴ്ചക്കാരായുള്ള ഐടിവിയുടെ ബ്രിട്ടന്‍സ് ഗോട്ട് ടാലന്റ് ഷോയുടെ സെമി ഫൈനലിൽ ആദ്യമായി ഒരു മലയാളിയുടെ പ്രകടനം മിനി സ്ക്രീനില്‍ കാണുവാൻ ആയിരക്കണക്കിന് മലയാളികൾ ഇന്ന് ടിവിയ്ക്കു മുന്നിലെത്തും, സൗപര്‍ണിക നായര്‍ എന്ന വെറും പത്തു വയസുകാരിയുടെ അത്ഭുത പ്രകടനം കാണുവാനായി….
നൂറു കണക്കിനാളുകൾ പങ്കെടുത്ത മത്സരത്തിൽ 40 പേരാണ് സെമിഫൈനലിൽ എത്തിയിരിക്കുന്നത്. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന സെമി ഫൈനൽ മത്സരങ്ങളിൽ 8 പേരിൽ നിന്നും 2 പേർ വീതം ഫൈനലിലെത്തും. പത്ത് പേരായിരിക്കും ഫൈനലിൽ മത്സരാർത്ഥികളായി ഉണ്ടായിരിക്കുക. ഇതാദ്യമായാണ് ഒരു മലയാളി ഈ വേദിയിൽ എത്തിയിരിക്കുന്നത്.
സൗപർണികയെന്ന സംഗീത പ്രതിഭയ്ക്ക് എല്ലാ പിന്തുണയും കൊടുക്കണമെന്ന് മലയാളി സമൂഹത്തോട് യുക്മ ദേശീയ സമിതി അഭ്യർത്ഥിച്ചു. സൗപർണികക്കുട്ടിയ്ക്ക് എല്ലാ വിജയവും ഉണ്ടാവട്ടേയെന്ന് യുക്മ ദേശീയ സമിതിക്കു വേണ്ടി പ്രസിഡൻറ് മനോജ്കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവർ ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. യുക്മ ന്യൂസ് ടീമും സൗപർണ്ണിക മികച്ച നേട്ടം കൈവരിക്കട്ടെയെന്ന് ആശംസിക്കുന്നു.
click on malayalam character to switch languages