1 GBP = 107.78
breaking news

ജി.സി.എസ്.ഇ നൂറുമേനി വിജയവുമായി മാഞ്ചസ്റ്ററ്ററിൽ നിന്നും ജേക്കബ് കരിനാടൻ, സ്വിൻഡണിൽ നിന്നും ആർദ്ര സുരേഷ്, നോർത്താംപ്റ്റണിൽ നിന്നും ആൽഫി ജോസഫ് ഡെന്നീസ് വെയിൽ നിന്നും ജെസ്വിൻ സണ്ണി ജോസഫ്….

ജി.സി.എസ്.ഇ നൂറുമേനി വിജയവുമായി മാഞ്ചസ്റ്ററ്ററിൽ നിന്നും ജേക്കബ് കരിനാടൻ, സ്വിൻഡണിൽ നിന്നും ആർദ്ര സുരേഷ്, നോർത്താംപ്റ്റണിൽ നിന്നും ആൽഫി ജോസഫ് ഡെന്നീസ്  വെയിൽ നിന്നും ജെസ്വിൻ സണ്ണി ജോസഫ്….

പത്തരമാറ്റ് വിജയത്തിളക്കവുമായി നാല് വിദ്യാർത്ഥികൾ. ഇന്ന് പ്രസിദ്ധീകരിച്ച് ജി.സി.എസ്. ഇ പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും 9 ഗ്രേഡ് കരസ്ഥമാക്കി 4 വിദ്യാർത്ഥികൾ മലയാളികളുടെ അഭിമാനം വാനോളമുയർത്തി. യുകെയിൽ പരീക്ഷാ ഗ്രേഡിംഗ് സമ്പ്രദായത്തിൽ മാറ്റം വരുത്തിയതിന് ശേഷം കുട്ടികൾക്ക് ലഭിക്കാവുന്ന പരമാവധി ഗ്രേഡ് ആണ് 9 എന്നത്. മുൻപ് ഇത് A** എന്ന് അറിയപ്പെട്ടിരുന്നു.

മാഞ്ചസ്റ്ററിന് അഭിമാനമായി ജേക്കബ് കരിനാടൻ…


മാഞ്ചസ്റ്ററിൽ നിന്നുമുള്ള ജേക്കബ് കരിനാടൻ പത്ത് വിഷയങ്ങൾക്കും 9 ഗ്രേഡ് കരസ്ഥമാക്കി അസൂയാർഹമായ വിജയമാണ് നേടിയത്. ഓൾട്രിംങ്ഹാം സെൻ്റ്.അംബ്രോസ് കാത്തലിക് ഗ്രാമർ സ്കൂളിലെ ഒന്നാമൻ കൂടിയാണ് ജേക്കബ്. തൻ്റെ വിജയത്തിന് ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് വിനയാന്വിതനാവുകയാണ് ജേക്കബ്. 


കോട്ടയം മാൻവെട്ടം സ്വദേശിയായ റോയിയുടെയും റീനയുടെയും അഞ്ച് മക്കളിൽ മൂത്തയാളാണ് ജേക്കബ്. സഹോദരങ്ങൾ മരിയ, ബ്രിജിത്ത്, ജോസഫ്, ബർണലിത്ത. സെൻ്റ്. അബ്രോസ് കാത്തലിക് ഗ്രാമർ സ്കൂളിൽ തന്നെ സയൻസ് വിഷയങ്ങൾക്കൊപ്പം മാത്സ് കൂടി എടുത്ത് പഠനം തുടരാനാണ് ജേക്കബ് ഉദ്ദേശിക്കുന്നത്. ഭാവിയിൽ മെഡിസിൻ അല്ലെങ്കിൽ മാത്തമാറ്റിക്സ് വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബൈബിൾ കലോത്സവത്തിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള ജേക്കബ് നല്ലൊരു കായിക താരം കൂടിയാണ്.

സ്വിൻഡണിൽ നിന്നും മിന്നും വിജയം നേടി ആർദ്ര സുരേഷ്….


സ്വിൻഡനിൽ നിന്നും ചേച്ചിയുടെ പാത പിന്തുടർന്ന് ഉജ്ജ്വല വിജയം നേടിയിരിക്കുകയാണ് ആർദ്ര സുരേഷ്. സ്വിൻഡൻ ലോൺ മാനർ അക്കാദമിയിൽ നിന്നും എല്ലാ വിഷയങ്ങൾക്കും 9 ഗ്രേഡ് കരസ്ഥമാക്കിയാണ് ആർദ്ര ഒന്നാമതെത്തിയത്. ത്രിശൂർ മണ്ണുത്തി  നെട്ടിശ്ശേരി സുരേഷിൻ്റേയും സന്ധ്യാ സുരേഷിൻ്റേയും ഇളയ മകളാണ് ആർദ്ര. സയൻസ്, സൈക്കോളജി വിഷയങ്ങളെടുത്ത് തുടർന്ന് ന്യൂ കോളേജ് സ്വിൻഡണിലാണ് ആർദ്ര പഠിക്കാൻ ഉദ്ദേശിക്കുന്നത്. ചേച്ചിയുടെ പിൻഗാമിയായി മെഡിസിന് പോകണമെന്നാണ് ആർദ്രയുടേയും ആഗ്രഹം.


ആർദ്രയുടെ ചേച്ചി സാന്ദ്ര കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച എ ലെവൽ പരീക്ഷയിൽ 4 എ സ്റ്റാർ കരസ്ഥമാക്കിയാണ് മിന്നുന്ന വിജയം കരസ്ഥമാക്കിയത്. കാർഡിഫ് യൂണിവേഴ്സിറ്റിയിൽ സെപ്റ്റംബറിൽ മെഡിസിന് പഠനം തുടങ്ങുകയാണ് സാന്ദ്ര. സാന്ദ്രയുടെയും ആർദ്രയുടെയും മികച്ച വിജയത്തിൻ്റെ സന്തോഷത്തിലാണ് സുരേഷും കുടുംബവും. വിൽഷെയർ മലയാളി അസോസിയേഷൻ സ്വിൻഡണിലെ സജീവാംഗങ്ങൾ കൂടിയാണ് ഈ കുടുംബം.


നോർത്താംപ്ടണിലെ താരമായി ആൽഫി ജോസഫ് ഡെന്നീസ്….


കോട്ടയം കടുത്തുരുത്തി ആയാംകുടി സ്വദേശിയായ ഡെന്നീസ് ജോസഫിൻ്റെയും ജൂലിയ ഡെന്നിസിൻ്റെയും മൂത്ത മകനായ ആൽഫി ജോസഫ് ഡെന്നീസ് എല്ലാ വിഷയങ്ങൾക്കും ഗ്രേഡ് 9 നേടിയാണ് മിന്നും ജയം കരസ്ഥമാക്കിയത്. പത്ത് വിഷയങ്ങൾക്കാണ് ഈ മിടുമിടുക്കൻ ടോപ് ഗ്രേഡ് നേടിയത്. നോർത്താംപ്ടൺ സ്കൂൾ ഓഫ് ബോയ്സിൽ നിന്നും ഒന്നാമനായി വിജയിച്ച ആൽഫി തുടർന്നും സയൻസ് വിഷയങ്ങളെടുത്ത് ഇതേ കോളേജിൽ തന്നെ തുടർന്ന് പഠിക്കാനൊരുങ്ങുകയാണ്. ഭാവിയിൽ നല്ലൊരു ഡോക്ടറാവുകയാണ് ലക്ഷ്യമെന്ന് ആൽഫി പറയുന്നു. ഇയർ 9 വിദ്യാർത്ഥിനിയായ അലീഷ ഡെന്നീസ് സഹോദിയാണ്.


വെയിൽസിൽ   നിന്നും നക്ഷത്രത്തിളക്കവുമായി ജെസ്വിൻ സണ്ണി ജോസഫ്….


വെയിൽസിലെ ഏറ്റവും തിളക്കമാർന്ന വിജയവുമായ ഒന്നാമനായിരിക്കുന്നത് ജെസ്വിൻ സണ്ണി ജോസഫാണ്. ലാൻഡഫ് കത്തീഡ്രൽ ഇൻഡിപെൻഡൻ്റ് സ്കൂളിൽ നിന്നുമാണ് ജെസ്വിൻ അസൂയാർഹമായ വിജയം കരസ്ഥമാക്കിയത്. കോട്ടയം പാലാ കൊല്ലപ്പള്ളി സ്വദേശിയായ  സണ്ണി ജോസഫിൻ്റേയും ഷൈനി മോളുടേയും മൂത്ത മകനാണ് ജെസ്വിൻ. കാർഡിഫ് സിക്സ്ത് ഫോം കോളേജിൽ സയൻസ് വിഷയങ്ങളെടുത്ത് തുടർന്ന് പഠിച്ച് മെഡിസിന് പോകണമെന്നാണ് ജെസ്വിൻ ആഗ്രഹിക്കുന്നത്. ജെസ്വിൻ്റെ സഹോദരി ഇസബെൽ സണ്ണി ഇയർ 6 വിദ്യാർത്ഥിനിയാണ്.

ജി.സി.എസ്.ഇ പരീക്ഷയിൽ ഉജ്ജ്വല വിജയം കരസ്ഥമാക്കിയ നാല് കുട്ടികളെയും യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻറ് അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവർ അഭിനന്ദിച്ചു. ഭാവിയിൽ മികച്ച വിജയങൾ നേടി അവരുടെ ആഗ്രഹങ്ങൾ സഫലീകരിക്കട്ടെയെന്ന് യുക്മ ന്യൂസ് ടീമും ആശംസിക്കുന്നു.


മികച്ച വിജയം നേടിയ കുട്ടികളെ ഈ പംക്തിയിൽ പരിചയപ്പെടുത്തുവാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക:

0985641921, 07904605214, 07912350679

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more