ബ്രിട്ടനിലേക്ക് കടക്കാൻ കലായിസിൽ നിന്ന് ബ്രിട്ടീഷ് കുടുംബത്തിന്റെ വാഹനത്തിന്റെ റൂഫ് ടോപ്പ് ബോക്സിൽ കടന്ന് കൂടിയ കൗമാരക്കാർക്ക് പറ്റിയ അമളി
Jul 30, 2020
ബ്രിട്ടനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച രണ്ട് കുടിയേറ്റക്കാർക്ക് പറ്റിയത് ഒന്നാന്തരം അമളി. അതേസമയം അവധിക്കാലം കുളമായതിന്റെ ദേഷ്യത്തിൽ ബ്രിട്ടീഷ് കുടുംബവും. എറിത്രിയ, ഗ്വിനിയ എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്ന് വിശ്വസിക്കപ്പെടുന്ന കൗമാരക്കാർ ബ്രിട്ടീഷ് കുടുംബത്തിന്റെ വാഹനത്തിന്റെ ടോപ്പ് ബോക്സിൽ അതിക്രമിച്ച് കടന്ന് ബ്രിട്ടനിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് പിടിക്കപ്പെട്ടത്. ബ്രിട്ടീഷ് കുടുംബത്തിന്റെ ബിഎംഡബ്ല്യു 4 എക്സ് കാറിന്റെ ടോപ്പ് ബോക്സിലാണ് യുവാക്കൾ കടന്ന് കൂടിയത്. അതേസമയം കുടുംബത്തിന്റെ ടോപ്പ് ബോക്സിൽ സൂക്ഷിച്ചിരുന്ന മുഴുവൻ സാധനങ്ങളും കളഞ്ഞതിന് ശേഷമാണ് യുവാക്കൾ അതിൽ ഒളിച്ചത്.
മിഡ്ലാന്റിൽ നിന്നുള്ള കുടുംബം, വേനൽക്കാല അവധിക്കാലം നാന്റസിനടുത്തുള്ള ഫ്രഞ്ച് അറ്റ്ലാന്റിക് തീരത്തേക്കുള്ള യാത്രാമധ്യേയാണ് സംഭവം അരങ്ങേറിയത്. യൂറോ ടണലിലെ യാത്രക്ക് ശേഷം കലായിസിൽ രാത്രി തങ്ങുന്നതിനായി വാഹനം നിർത്തിയിട്ടിരുന്നു. ഈ തക്കത്തിലാണ് വാഹനം യുകെയിലേക്ക് പോകുന്നുവെന്ന ധാരണയിൽ കൗമാരക്കാർ ടോപ്പ് ബോക്സിൽ ഒളിച്ചത്. ഏകദേശം നൂറു മൈലോളം സഞ്ചരിച്ചതിന് ശേഷം വാഹനം യുകെയിൽ എത്തിയെന്ന ധാരണയിൽ കൗമാരക്കാർ ശബ്ദമുണ്ടാക്കി. തുടർന്ന് ഒരു സർവീസ് സ്റ്റേഷനിൽ കയറി വാഹനം പരിശോധിച്ചപ്പോൾ ബ്രിട്ടീഷ് കുടുംബം ഞെട്ടി. ടോപ്പ് ബോക്സിൽ നിന്ന് മനുഷ്യ ശബ്ദം. പോലീസിനെ വിളിച്ച് ഒരു മോട്ടോർ സൈക്കിൾ യൂണിറ്റ് സംഭവസ്ഥലത്ത് എത്തി, പെട്ടി തുറന്നപ്പോൾ പതിനാറു വയസ്സുള്ള രണ്ട് കുടിയേറ്റക്കാരെ കണ്ടെത്തി,ഒരാൾ ഗ്വിനിയയിൽ നിന്നും ഒരാൾ എറിത്രിയയിൽ നിന്നും. ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
രണ്ട് കുടിയേറ്റക്കാരും ബ്രിട്ടീഷ് രജിസ്റ്റർ ചെയ്ത ബിഎംഡബ്ല്യു കാർ ബ്രിട്ടനിലേക്ക് മടങ്ങുകയാണെന്ന് കരുതി, അതിൽ ഒളിച്ച് കടക്കാൻ ശ്രമിക്കുകയായിരുന്നു. മോഷ്ടിച്ച വസ്തുക്കളെക്കുറിച്ച് ദമ്പതികൾ പരാതി നൽകിയതിനാൽ പ്രാദേശിക പ്രോസിക്യൂട്ടറെ വിവരം അറിയിച്ചിട്ടുണ്ട്. കുടുംബത്തിന്റെ ലാപ്ടോപ്പും വസ്ത്രങ്ങളും ഉൾപ്പെടെ നിരവധി സാധനങ്ങളാണ് ടോപ് ബോക്സിൽ സൂക്ഷിച്ചിരുന്നത്. അവധിക്കാല യാത്ര അലങ്കോലമായതിന്റെ ദേഷ്യത്തിലാണ് കുടുംബം.
ഈ വർഷം ഇതുവരെ ഇംഗ്ലീഷ് ചാനൽ കടന്ന് യുകെയിലെത്തിയ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം കഴിഞ്ഞയാഴ്ച 3,000 ത്തിൽ എത്തി. ലോകത്തിലെ ഏറ്റവും തിരക്കേറിയ ഷിപ്പിംഗ് റൂട്ടിൽ പതിനഞ്ചോളം ചെറു ബോട്ടുകളാണ് അധികൃതർ തടഞ്ഞത്. തിങ്കളാഴ്ചയോടെ 2,994 പേർ വരെ യുകെയിലേക്ക് അപകടകരമായ യാത്ര നടത്തിയിരുന്നു, ഫ്രാൻസിലെ ക്രിമിനൽ മനുഷ്യക്കടത്ത് സംഘങ്ങൾ ക്രമീകരിക്കുന്ന ദുർബലമായ ഡിംഗി ബോട്ടുകളിലാണ് മനുഷ്യക്കടത്ത് നടക്കുന്നത്.
കഴിഞ്ഞയാഴ്ച കുറഞ്ഞത് 500 കുടിയേറ്റ ക്രോസിംഗുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന്, ബോർഡർ ഫോഴ്സ് മൂന്ന് കപ്പലുകൾ ഉൾപ്പെടുത്തി വലിയ തോതിലുള്ള തിരച്ചിലുകൾ ആരംഭിച്ചിട്ടുണ്ട്. കെന്റ് തീരത്ത് വിമാനവും ഹെലികോപ്റ്ററും വിന്യസിച്ചതായി കോസ്റ്റ്ഗാർഡ് പറഞ്ഞു.
click on malayalam character to switch languages