തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരമായി തുടരുന്നു. സമ്പർക്കത്തിലൂടെ രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം കോർപറേഷനിൽ ഒരാഴ്ചത്തേക്ക് ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അവശ്യ സർവിസുകൾ ഒഴികെ മറ്റൊന്നും തിരുവനന്തപുരം നഗരത്തിൽ പ്രവർത്തിക്കില്ല. സെക്രട്ടറിയേറ്റ് അടച്ചിടും. ഗതാഗതവും അനുവദിക്കില്ല. നഗരത്തിലേക്കുള്ള ഒരു കവാടം ഒഴികെ മറ്റെല്ലാ റോഡുകളും അടച്ചു.
എ.ടി.എമ്മുകൾ, മെഡിക്കൽ സ്റ്റോറുകൾ, ആശുപത്രികൾ, ചരക്ക് ഗതാഗതം, ട്രെയിൻ-വിമാന യാത്രക്കാരുടെ വാഹനങ്ങൾ, മൊബൈൽ കടകൾ, പലചരക്ക് കടകൾ, മാധ്യമ സ്ഥാപനങ്ങൾ, പെട്രോൾ പമ്പുകൾ തുടങ്ങിയവക്ക് മാത്രമാണ് പ്രവർത്തിക്കാൻ അനുമതിയുള്ളത്.
മേയ് നാലു മുതലുള്ള മൂന്നാം ഘട്ടത്തിൽ മാത്രം 468 കേസുകളാണ് സമ്പർക്കം മൂലം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഞായറാഴ്ച 38 പേർക്ക് സമ്പർക്കവ്യാപനമുണ്ടായി എന്നത് ഏറ്റവും ഉയർന്ന നിരക്കാണ്. സമ്പർക്കപ്പകർച്ച ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നതോടെയാണ് തലസ്ഥാന നഗരം അതിഗുരുതര സാഹചര്യത്തിലായത്.
തിരുവനന്തപുരത്ത് ഞായറാഴ്ച രോഗം സ്ഥിരീകരിച്ച 27 പേരിൽ 22 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ 14 പേർ യാത്രാപശ്ചാത്തലമില്ലാത്തവരാണ്. വൈറസ് ബാധയുണ്ടായ ഉറവിടവും അജ്ഞാതം. കണക്കിൽ ഇവരും സമ്പർക്കത്തിലൂടെ രോഗം പടർന്നവരുടെ കൂട്ടത്തിലാണ്.
തലസ്ഥാനത്ത് ഇതുവരെ സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടവരുടെ എണ്ണം 62 ആയി. ഉറവിടമറിയാത്ത കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയര്‍ന്നതോടെ അതിജാഗ്രതയിലാണ് സര്‍ക്കാറും. കണ്ടെയ്ൻമെൻറ് സോണുകൾ അടിസ്ഥാനപ്പെടുത്തി നിയന്ത്രണങ്ങൾ കർശനമാക്കാനാണ് ജില്ല ഭരണകൂടത്തിെൻറ തീരുമാനം.
click on malayalam character to switch languages