1 GBP = 105.54
breaking news

സാമൂഹ്യ വ്യാപന ആശങ്ക: എടപ്പാളിൽ അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്

സാമൂഹ്യ വ്യാപന ആശങ്ക: എടപ്പാളിൽ അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്

മലപ്പുറം : സമൂഹവ്യാപനമുണ്ടായോ എന്നറിയാൻ നടത്തിയ സെന്റിനൽ സർവൈലൻസ് പരിശോധനയ്ക്ക് വിധേയമാക്കിയ അഞ്ചുപേർക്കുകൂടി കോവിഡ്​ സ്ഥിരീകരിച്ചതോടെ എടപ്പാളിൽ ആശങ്ക. രണ്ട് ഡോക്ടർമാർ, ഒരു നഴ്‌സ്, രണ്ട് പാരാമെഡിക്കൽ സ്റ്റാഫ് എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡ് സ്ഥിരീകരിച്ച രണ്ട് ഡോക്ടർമാരും വ്യത്യസ്ത ആശുപത്രികളിൽ ചികിത്സ നടത്തിയവരാണ്. രോഗം പകർന്നത് സമ്പർക്കത്തിലൂടെയാണെന്ന നിഗമനത്തിലാണ് അധികൃതർ.

സമൂഹവ്യാപനമുണ്ടായോ എന്നറിയാൻ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ മുൻനിരയിലുള്ള ആരോഗ്യപ്രവർത്തകർ പൊലീസുകാർ എന്നിവരും പൊതുജനസമ്പർക്കം കൂടുതലായി വരുന്ന വ്യാപാരികൾ,ഓട്ടോറിക്ഷ തൊഴിലാളികൾ എന്നിങ്ങനെ വ്യത്യസ്ത വിഭാഗത്തിൽ നിന്നുള്ളവരിൽ നിന്നുള്ള സാംപിളുകളാണ് റാൻഡം പരിശോധനയ്ക്കായി സ്വീകരിക്കുന്നത്. റാൻഡം ടെസ്റ്റിൽ ഇത്രയേറെ പേർ പൊസീറ്റീവായ സാഹചര്യത്തിൽ എടപ്പാൾ, വട്ടക്കുളം ഗ്രാമപഞ്ചായത്തുകളിൽ ആശങ്ക ശക്തമായിട്ടുണ്ട്.

എടപ്പാളിലെ ചില വാർഡുകൾ നേരത്തെ കണ്ടൈൻമെൻ്റ് സോണായി പ്രഖ്യാപിച്ചിരുന്നു. പ്രദേശത്ത് അലഞ്ഞു നടക്കുന്ന യാചകന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളിൽ നിന്നും ഒരു സർക്കാർ ഉദ്യോഗസ്ഥനും കൊവിഡ് ബാധിച്ചു. ഈ സാഹചര്യത്തിലാണ് മേഖലയിൽ റാൻഡം പരിശോധന നടത്താൻ തീരുമാനിച്ചത്. അതേസമയം നിലവിൽ സമൂഹവ്യാപനം സംഭവിച്ചിട്ടില്ലെന്നും എന്നാൽ അതീവ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും മന്ത്രി കെടി ജലീൽ അറിയിച്ചു. സമ്പർക്കപട്ടികയിലുള്ള എല്ലാവരേയും പരിശോധനയ്ക്ക് വിധേയരാക്കുമെന്നും അദ്ദേഹം അറിയിച്ചു.

രോഗബാധിതർ അതിവസിക്കുന്ന വട്ടക്കുളം, എടപ്പാൾ ഗ്രാമപഞ്ചായത്തുകൾ കണ്ടൈൻമെൻ്റ സോണായി പ്രഖ്യാപിച്ചു കൊണ്ടുള്ള അറിയിപ്പ് ഉടനെ വരും എന്നാണ് ലഭിക്കുന്ന സൂചന. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരായ ഇവർക്ക് നൂറുകണക്കിന് രോഗികളുമായും കൂട്ടിരിപ്പുകാരുമായി സമ്പർക്കം വന്നിരിക്കാം എന്നതിനാൽ റൂട്ട് മാപ്പ് തയ്യാറാക്കുന്നത് ആരോഗ്യവകുപ്പ് അധികൃതരെ ആശങ്കയിലാക്കിയിട്ടുണ്ട്. സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ മലപ്പുറം ജില്ലാ കളക്ടർ പതിനൊന്ന് മണിക്ക് അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. ഇതോടൊപ്പം കെഎസ്ആർടിസിയുടെ ഗുരുവായൂർ ഡിപ്പോയിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിയായ കണ്ടക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഇദ്ദേഹത്തിനും നൂറുകണക്കിന് യാത്രക്കാരുമായി സമ്പർക്കം ഉണ്ടായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more