സുരേന്ദ്രൻ ആരക്കോട്ട്
(യുക്മ ന്യൂസ് എഡിറ്റർ)
യൂ.കെ യിൽ വന്നിറങ്ങുന്ന സന്ദർശകർക്ക് കോവിഡ്-19 ബാധയുണ്ടോയെന്നു തിരിച്ചറിയാനും അവരുടെ സഞ്ചാരപാതകൾ അനുധാവനം ചെയ്യാനുമായി എൻഎച്ച്എസ് പുതിയ ആപ്പ് നിർമിക്കാനൊരുങ്ങുന്നു.
കോൺടാക്റ്റ് വിശദാംശങ്ങൾ തേടുക വഴി ‘ആളുകളുടെ യഥാർത്ഥ സഞ്ചാരപഥം നമുക്ക് വിശകലനം ചെയ്യാൻ കഴിഞ്ഞേക്കും’ എന്ന് ഗതാഗത വകുപ്പ് മന്ത്രി ഗ്രാന്റ് ഷാപ്പ്സ് ഡൗണിംഗ് സ്ട്രീറ്റ് പത്രസമ്മേളനത്തിൽ പ്രത്യാശ പ്രകടിപ്പിച്ചു.
“ഐൽ-ഓഫ്- വൈറ്റ് ദ്വീപിൽ ഈ ആപ്പ് ഇപ്പോൾ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്, ഇതിനകം പകുതിയിലധികം താമസക്കാർ ഇത് ഡൗൺലോഡ് ചെയ്തിട്ടുണ്ട്”, ഷാപ്പ്സ് കൂട്ടിച്ചേർത്തു. കൃത്യമായും പറഞ്ഞാൽ 72,300 ആൾക്കാർ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞു.
അത്തരമൊരു സംഖ്യയിലെത്തുന്നത് നിർണായകമാണ്. ഈ മാസം ആദ്യം, 50% മുതൽ 60% വരെ ആളുകൾ സോഫ്റ്റ്വെയർ ഫലപ്രദമായി ഉപയോഗിക്കുന്നതിന് ആവശ്യമാണെന്ന് മിസ്റ്റർ ഷാപ്സ് പറഞ്ഞു.
ആരോഗ്യ സേവനത്തിന്റെ ടെക്നോളജി വിഭാഗമായ എൻ.എച്ച്.എസ് – എക്സ് വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷന്റെ ദേശീവ്യാപകമായ റിലീസ് ഈ മാസം അവസാനം പ്രതീക്ഷിക്കുന്നു.
കോവിഡ്-19 ന്റെ വ്യാപനം മന്ദഗതിയിലാക്കാനുള്ള ശ്രമങ്ങളുടെ കേന്ദ്രമായി കണക്കാക്കപ്പെടുന്ന ‘പരിശോധിക്കുക, കണ്ടെത്തുക, അനുധാവനം ചെയ്യുക (ടെസ്റ്റ്, ട്രാക്ക് & ട്രേസ്)’ എന്ന പദ്ധതിയുടെ ഭാഗമാണിത്.
നിങ്ങളുടെ ഫോണിലെ ബ്ലൂടൂത്ത് ഉപയോഗിച്ചു, കൊറോണ വൈറസ് ലക്ഷണങ്ങൾ റിപ്പോർട്ടുചെയ്യുന്ന ഒരാളുടെ ഹാൻഡ്‌സെറ്റിന് സമീപം നിങ്ങളുടെ ഫോൺ എപ്പോഴാണെന്ന് സമ്പർക്കത്തിൽ ഉണ്ടായിരുന്നത് എന്ന് കണ്ടെത്തിയാണ് ഈ ആപ്പ് പ്രവർത്തിക്കുന്നത്.
പിന്നീട്, രോഗം പടരുന്നത് എങ്ങനെ തടയാം എന്നതിനെക്കുറിച്ച് ഉപദേശം ഉൾക്കൊള്ളുന്ന ഒരു അറിയിപ്പ് ഈ അപ്പിൽനിന്നും ഉപയോക്താവിന് അയയ്ക്കുന്നു.
രോഗലക്ഷണങ്ങളുള്ളവർക്ക് ആപ്ലിക്കേഷൻ വഴി കോവിഡ് -19 സ്വാബ് പരിശോധനയ്ക്ക് അപേക്ഷിക്കാമെന്ന് സർക്കാർ അറിയിക്കുന്നു.
ഇത് ആപ്പിൾ ഐ.ഒ.എസ് വേർഷൻ-11 മുതലും ആൻഡ്രോയിഡ് വേർഷൻ-8 മുതലും ലഭ്യമാണ്.
പ്രാഥമിക പരിശോധനകളുടെ സമയത്തു ഈ ആപ്പിൾ ചില ചില്ലറ പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നെങ്കിലും അവ പരിഹരിച്ചു വരികയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക വക്താവ് അറിയിക്കുകയുണ്ടായി. അപ്ലിക്കേഷൻ പുറത്തിറക്കിയവരും ആരോഗ്യ വകുപ്പ് മന്ത്രിയും ഇതിന്റെ തുടർ പ്രവർത്തനങ്ങൾ നന്നായി പുരോഗമിക്കുന്നുണ്ടെന്നു വിലയിരുത്തി.
click on malayalam character to switch languages