1 GBP = 106.76

അടച്ചുപൂട്ടൽ നിർഗമന പദ്ധതിയുമായി മുതിർന്ന മന്ത്രിമാർ; സ്കൂളുകൾ മൂന്നാഴ്ചയ്ക്കുള്ളിൽ തുറന്നേക്കാം!

അടച്ചുപൂട്ടൽ നിർഗമന പദ്ധതിയുമായി മുതിർന്ന മന്ത്രിമാർ; സ്കൂളുകൾ മൂന്നാഴ്ചയ്ക്കുള്ളിൽ തുറന്നേക്കാം!

സുരേന്ദ്രൻ ആരക്കോട്ട് (യുക്മ ന്യൂസ് എഡിറ്റർ)

അടച്ചുപൂട്ടൽ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനായി മുതിർന്ന മന്ത്രിമാർ ‘ട്രാഫിക് ലൈറ്റ്’ പദ്ധതിയുമായി മുന്നോട്ടു വന്നിരിക്കുന്നു. പ്രധാനമന്ത്രി ബോറിസ് ജോൺസൺ കൊറോണ ബാധയെത്തുടർന്നുള്ള വിശ്രമം കഴിഞ്ഞു വരുമ്പോൾ സമർപ്പിക്കാനുദ്ദേശിക്കുന്ന ഈ പദ്ധതി പ്രകാരം സ്കൂളുകൾ മൂന്നാഴ്ചയ്ക്കുള്ളിൽ തുറന്ന് പ്രവർത്തിച്ചേക്കാം.

എന്നാൽ തകർന്നുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാൻ സർക്കാർ കൂടുതൽ മരണങ്ങൾക്ഷണിച്ചുവരുത്തണമോ എന്ന കാര്യത്തിൽ മന്ത്രിമാരുടെ ഇടയിൽ ഭിന്നാഭിപ്രായം ഉയരുകയുണ്ടായി.

‘ട്രാഫിക് ലൈറ്റ്’ സിസ്റ്റത്തിലെ ചുവപ്പ്, മഞ്ഞ, പച്ച എന്നിങ്ങനെ നിറങ്ങളുടെ പേരിലുള്ള 3 ഘട്ടങ്ങളിലായാണ് അടച്ചുപൂട്ടൽ നിയന്ത്രണങ്ങൾക്ക് അയവു വരുത്താൻ ഉദ്ദേശിക്കുന്നത്.

തുടക്കത്തിൽ പാർട്ട്-ടൈം ആയാണെങ്കിൽപോലും, മെയ് 11 നുശേഷം നഴ്സറി, പ്രൈമറി, ജി.സി.എസ്.സി വിദ്യാർത്ഥികളെ ഘട്ടം ഘട്ടമായി സ്കൂളുകളിൽ തിരികെയെത്തിക്കാനാണ് പ്ലാൻ.

അതേസമയം, ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടുതന്നെ അത്യാവശ്യ വിഭാഗത്തിൽ പെടാത്ത തുണിക്കടകൾ, പൂന്തോട്ട സാമഗ്രി വിപണന കേന്ദ്രങ്ങൾ എന്നിവ തുറക്കാനും സർക്കാർ ‘ചുവപ്പു ഘട്ടത്തിൽ’ ഉദ്ദേശിക്കുന്നുണ്ട്. ബാർബർ ഷോപ്പുകളും ഗോഡൗണുകളും ഈ ഘട്ടത്തിൽ തുറക്കാൻ അനുവദിക്കും.

മെയ് 25 ന്റെ രണ്ടാമത്തെ ‘മഞ്ഞ ഘട്ടം’ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ പുനരുജ്ജീവിപ്പിക്കുവാൻ ലക്ഷ്യമിടുന്നതാണ്. ചെറിയ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാരും ജോലിയിലേക്ക് മടങ്ങാൻ പറയുകയും ചില സാമൂഹിക ഒത്തുചേരലുകൾ അനുവദിക്കുകയും ചെയ്യുമെന്നറിയുന്നു. പൊതു ഗതാഗത സംവിധാനങ്ങളിൽ യാത്രക്കാരെ മുഖാവരണങ്ങൾ ധരിക്കാൻ‌ പ്രേരിപ്പിച്ചേക്കാം. കൃത്യമായ സാമൂഹിക അകലം പാലിക്കുന്ന രീതിയിൽ ലഘുഭക്ഷണശാലകൾ തുറന്നു പ്രവർത്തിക്കും. ‘മഞ്ഞ’ ഘട്ടത്തിൽ സ്കൂളുകൾ വീണ്ടും പ്രവർത്തനമാരംഭിക്കും.

ജൂൺ 15 നു ആരംഭിക്കുന്ന ‘പച്ച ഘട്ടത്തിൽ’ കൂടുതൽ ആൾക്കാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിവാഹങ്ങൾക്കും ശവസംസ്കാര ചടങ്ങുകൾക്കും അനുമതി ഉണ്ടായിരിക്കും. കായിക വേദികൾ, സിനിമ – നാടക ശാലകൾ, മറ്റു വിനോദ – സാംസ്കാരിക പരിപാടികൾ എന്നിവ പുനരാരംഭിക്കും. ചില സമയ നിയന്ത്രണങ്ങളോടെ പബ്ബുകൾക്ക് തുറക്കാൻ അനുമതി ലഭിച്ചേക്കാം. വിപുലമായ ശുചീകരണ, അണുവിമുക്ത സംവിധാനങ്ങളോടെ ജിമ്ഖാനകളെ തുറക്കാൻ അനുവദിക്കും. ഈ ഘട്ടത്തിലും പൊതു ഗതാഗത സംവിധാനങ്ങളിൽ യാത്രക്കാർ മുഖാവരണങ്ങൾ അണിയണമെന്ന നിബന്ധന എടുത്തു കളയാൻ സാധ്യതയില്ല.

70 വയസ്സിനു മുകളിലുള്ളവർ കൂടുതൽ മാസങ്ങൾ നിയന്ത്രണങ്ങൾക്ക് വിധേയമാകേണ്ടിയിരിക്കുന്നു. ഒരു വാക്‌സിൻ കണ്ടെത്തുന്നത് വരെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ഏവർക്കും പ്രയാസം അനുഭവപ്പെടാനാണ് സാധ്യത.

എന്നാൽ വിദ്യാഭാസ മന്ത്രി  ഗാവിൻ വില്യംസൺ സ്കൂൾ തുറക്കാനായി കൃത്യമായ ഒരു തീയതി നിശ്ചയിച്ചിട്ടില്ലെന്ന് അറിയിച്ചു. പകർച്ചവ്യാധി വ്യാപനത്തിന്റെ തോതിലും ദിവസേനയുള്ള മരണ സംഖ്യയിലും ഗണ്യമായ കുറവു വരുന്ന സാഹചര്യത്തിലെ അത്തരമൊരു തീരുമാനമുണ്ടാവുകയെന്നും അദ്ദേഹം വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more