1 GBP = 106.84
breaking news

ഡാർട്ഫോർഡ് മലയാളി അസോസിയേഷന്റെ ക്രിസ്മസ് – പുതുവത്സരാഘോഷങ്ങൾ അവിസ്മരണീയമായ നൃത്തസംഗീത വിരുന്നായി മാറി!

ഡാർട്ഫോർഡ് മലയാളി അസോസിയേഷന്റെ ക്രിസ്മസ് – പുതുവത്സരാഘോഷങ്ങൾ അവിസ്മരണീയമായ നൃത്തസംഗീത വിരുന്നായി മാറി!

ഗ്രെയ്റ്റർ ലണ്ടനോട് ചേർന്ന് കിടക്കുന്ന ഡാർട്ഫോർഡ് നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയുമുള്ള മലയാളികളുടെ കൂട്ടായ്മയായ ഡാർട്ഫോർഡ് മലയാളി അസോസിയേഷൻ (DMA) ഇക്കഴിഞ്ഞ ജനുവരി 11 ന് ശനിയാഴ്ച ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ വിപുലമായ കലാപരിപാടികളോടെ കൊണ്ടാടി.

വൈകിട്ട് 6 മണിക്ക്‌ ആരംഭിച്ച ഉദ്‌ഘാടന ചടങ്ങിൽ ഡി. എം.എ പ്രസിഡൻറ് ശ്രീ. സുരേന്ദ്രൻ ആരക്കോട്ട് അദ്ധ്യക്ഷം വഹിച്ചു. യുക്മ നാഷണൽ വൈസ് പ്രസിഡന്റ് ശ്രീ. എബി സെബാസ്റ്റ്യൻ മുഖ്യാതിഥി ആയിരുന്നു.

ഡി. എം.എ സെക്രട്ടറി ശ്രീ. ടോമി ഉത്തുപ്പൻ മുഖ്യാതിഥിക്കും, ഡി. എം.എ ഭാരവാഹികൾക്കും, പരിപാടിയിൽ പങ്കെടുക്കാനെത്തിയ കലാകാരന്മാർക്കും കലാകാരികൾക്കും തിങ്ങിക്കൂടിയ സദസ്യർക്കും സ്വാഗതം പറഞ്ഞു.

തുടർന്ന് പ്രസിഡന്റ് ശ്രീ. സുരേന്ദ്രൻ ആരക്കോട്ട് തന്റെ അദ്ധ്യക്ഷപ്രസംഗത്തിൽ ഡി. എം.എ കഴിഞ്ഞ ഒരു മാസക്കാലമായി നടത്തിവരുന്ന അംഗത്വ പ്രചാരണത്തെക്കുറിച്ചും ഭാവിയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കര്മപരിപാടികളെക്കുറിച്ചും വിശദീകരിക്കുകയും, ക്രിസ്മസ് – പുതുവത്സരാഘോഷങ്ങൾ ഔപചാരികമായി ഉത്ഘാടനം ചെയ്യുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. ഡി. എം.എ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും അദ്ദേഹം സകല സൗഭാഗ്യങ്ങളും സമാധാനവും നിറഞ്ഞ ഒരു പുതുവത്സരം ആശംസിക്കുകയുണ്ടായി.

ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന യുക്മ ദേശീയ ഉപാധ്യക്ഷൻ ശ്രീ. എബി സെബാസ്റ്റ്യൻ തന്റെ ആശംസ പ്രസംഗത്തിൽ, മുൻ വർഷങ്ങളിൽ യുക്മ നടത്തിയിരുന്ന വിവിധ കലാ – സാംസ്കാരിക – കായിക മേളകളിൽ ഡി. എം.എ അംഗങ്ങളുടെ സജീവ സാന്നിധ്യമുണ്ടായിരുന്നെന്ന് അനുസ്മരിച്ചു. യുക്മ തുടർന്ന് നടത്തുന്ന പരിപാടികളിൽ ഡി. എം.എ അംഗങ്ങൾ ഇനിയും വിജയം കൊയ്യുമാറാകട്ടെ എന്നദ്ദേഹം പ്രത്യാശിക്കുകയും ചെയ്തു. പരിപാടിയിൽ പങ്കെടുക്കാനെത്തിയ എല്ലാവര്ക്കും ശ്രീ. എബി സെബാസ്റ്റ്യൻ ഹൃദ്യമായ ഒരു പുതുവർഷം ആശംസിച്ചു.

പ്രതീക്ഷകളുടെ പുതുവത്സരത്തെ വരവേൽക്കാനായി യുക്മ വൈസ് പ്രസിഡന്റ് ശ്രീ. എബി സെബാസ്റ്റ്യൻ, ഡി. എം.എ പ്രസിഡന്റ് ശ്രീ. സുരേന്ദ്രൻ ആരക്കോട്ട്, സെക്രട്ടറി ശ്രീ. ടോമി ഉത്തുപ്പൻ, ട്രെഷറർ ശ്രീ. ബിനേഷ് ചാക്കോ, വൈസ് പ്രസിഡന്റ് ശ്രീമതി ലിസി ഫ്രാൻസിസ്, ജോയിന്റ് സെക്രട്ടറി ശ്രീമതി നിഷ സണ്ണി എന്നിവർ ചേർന്ന് സ്റ്റേജിൽ ഭദ്രദീപം തെളിയിച്ചു.

 

ഉത്ഘാടന ചടങ്ങുകൾക്കുശേഷം, ക്രിസ്തു ദേവന്റെ ജന്മസന്ദേശം ഉൾക്കൊള്ളുന്ന മനോഹരമായൊരു ‘നേറ്റിവിറ്റി പ്ലേ’ അരങ്ങിൽ അവതരിപ്പിച്ചുകൊണ്ട് കലാപരിപാടികൾക്ക് തുടക്കം കുറിക്കപ്പെട്ടു. തുടർന്ന് സാന്റ ക്ലോസ് അപ്പൂപ്പൻ കുട്ടികളുടെ കൂടെ സ്റ്റേജിൽ പാട്ടുപാടി നൃത്തം വെക്കുകയും ക്രിസ്മസ് കേക്ക് മുറിക്കുകയും ചെയ്തു. ഒത്തൊരുമയുടെ സന്ദേശം നൽകുന്ന ക്രിസ്മസിനെ നെഞ്ചോട് ചേർത്ത് ഈ ആഘോഷ രാവിൽ ഒത്തുചേർന്ന സദസ്യരെല്ലാവരും സന്തോഷപൂർവം വീഞ്ഞും കേക്കും പങ്കിട്ടെടുത്തു.

 

 

കേരളത്തിലെ തനതു കലാരൂപങ്ങളായ ഭരതനാട്യം, മോഹിനിയാട്ടം എന്നിവ കൂടാതെ സിനിമാറ്റിക്, ഫ്യൂഷൻ, ബോളിവുഡ്, വെസ്റ്റേൺ ഡാന്സുകളും കുട്ടികൾ അവതരിപ്പിച്ച ‘ക്യാൻഡിൽ ലൈറ്റ് ഡാൻസും’ ശ്രദ്ധേയമായി. ഇടവേളകളിൽ ഡി. എം.എ അംഗങ്ങളും വാദ്യവൃന്ദകാരും അവതരിപ്പിച്ച ഗാനങ്ങൾ വളരെ ആസ്വാദ്യകരമായിരുന്നു.

ക്ഷണിക്കപ്പെട്ട എല്ലാവര്ക്കുമായി വിഭവസമൃദ്ധമായ ക്രിസ്മസ് ഡിന്നർ തയ്യാറാക്കിയിരുന്നു.  കാണികൾക്കു അവിസ്മരണീയമായ അനുഭവങ്ങൾ കാഴ്ചവച്ച നൃത്ത – സംഗീതവിരുന്നിന്‌ രാത്രി 11 മണിയോടെ തിരശീല വീണു. ഡി. എം.എ എക്സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി വൈസ് പ്രസിഡന്റ് ശ്രീമതി ലിസി ഫ്രാൻസിസ് പരിപാടിയിൽ പങ്കെടുക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാവരോടുമുള്ള പ്രത്യേകമായ സ്നേഹവും നന്ദിയും പ്രകടിപ്പിച്ചു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more