യുകെ മലയാളീ സമൂഹത്തിനു പുതുമകൾ സമ്മാനിച്ചുകൊണ്ട് വ്യത്യസ്ത കലാരൂപങ്ങളും കര്മപരിപാടികളും കോർത്തിണക്കുന്ന ജി. ഏം. എ ഈ വർഷത്തെ ഓണത്തോടനുബന്ധിച്ചു നടത്തിയ സ്വാഗത നൃത്തം അവതരണത്തിന്റെ പ്രത്യേകത കൊണ്ടും സാങ്കേതികതയുടെ പുതുമ കൊണ്ടും വേറിട്ട അനുഭവം ആണ് കാഴ്ചക്കാർക്ക് സമ്മാനിച്ചത്.
കഴിഞ്ഞ വർഷത്തെ പ്രസിഡന്റ് ആയിരുന്ന വിനോദ് മാണിയുടെ മനസ്സിൽ ഉദിച്ച വ്യത്യസ്തമായ സ്വാഗത നൃത്തം എന്ന സങ്കല്പം, പ്രളയം എന്ന മഹാ വിപത്തിൽ മുങ്ങിപോയപ്പോൾ ഈ വര്ഷം ജി. ഏം. എ എന്ന സംഘടനയെ നയിക്കുവാനായി മുന്നോട്ടുവന്ന സിബി, ബിനുമോൻ, ജോർജുകുട്ടി കൂട്ടുകെട്ട് അരയും തലയും മുറുക്കി അത് ഏറ്റെടുത്തപ്പോൾ ജി. ഏം. എയുടെ സ്വപ്ന സാക്ഷാത്ക്കാരത്തോടൊപ്പം പുതു ചരിത്രത്തിന്റെ വാതായനങ്ങൾ തുറക്കുകയും ചെയ്തു.
യൂ.കെ.കെ.സി.എ, യുക്മ പോലുള്ള മഹാ സംഘടനകൾ മാത്രം ചെയ്തുവന്നിരുന്ന സ്വാഗത നൃത്തം എന്ന കലാരൂപം കേവലം 150 കുടുംബങ്ങൾ ഉൾപ്പെടുന്ന ജി. ഏം. എ എന്ന പ്രസ്ഥാനത്തിന് സ്വന്തമായി ഗാനം എഴുതി സംഗീതം നൽകി പാടി അഭിനയിക്കുക എന്നത് ഒരു വലിയ വെല്ലുവിളി തന്നെ ആയിരുന്നു. നിശ്ചയ ദാർഢ്യവും ഇച്ഛാശക്തിയും കൊണ്ട് ഏതു വെല്ലുവിളികളെയും തരണം ചെയ്യുന്ന ജി. ഏം. എ ഈ വെല്ലുവിളിയെ ധൈര്യപൂർവം ഏറ്റെടുക്കുകയായിരുന്നു.
അവതരണം ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് യു.കെ മലയാളികൾക്ക് ഇതിനോടകം നിരവധി കവിതകളും ഗാനങ്ങളും രചിച്ചു സുപരിചിതനായ ജി. ഏം. എയുടെ തന്നെ അംഗമായ റോയി പാനികുളം ആണ്. ജി. ഏം. എ എന്ന അസോസിയേഷനെ മുന്നിൽ കണ്ടുകൊണ്ട് റോയി രചിച്ച വരികൾ മലയാള കരയിൽ പ്രശസ്തരായ സംഗീത സംവിധായകരിൽ മുൻനിരയിൽ ഉള്ള ഷാന്റി ആന്റണി അങ്കമാലി എന്ന പ്രതിഭാധനനായ സംഗീത സംവിധായകനിലൂടെ ഗ്ലോസ്റ്റെർഷയർ മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു സംഗീത സാക്ഷാത്ക്കരമായി മാറുകയായിരുന്നു.
ഗാനത്തിന്റെ അന്തസത്ത കളയാതെ ശ്രോതാക്കളുടെ മനസ്സിൽ തത്തിക്കളിക്കുന്ന ശബ്ദമാധുര്യത്തോടെ അവതരിപ്പിക്കുക എന്ന വെല്ലുവിളി ജി.ഏം. എയുടെ സ്വകാര്യ അഹങ്കാരമായ സിബി ജോസെഫിന്റെ നേതൃത്വത്തിലുള്ള അനുഗ്രഹീതരായ കലാകാരന്മാർ ഏറ്റെടുത്തപ്പോൾ അവിടെ വിരിഞ്ഞത് സംഗീതത്തിന്റെ വേറിട്ട ഒരു അനുഭവം ആയിരുന്നു.
ജി. ഏം. എയുടെ അനുഗ്രഹീത ഗായകർ ആയ സിബി ജോസഫ്, സോണി ജോസഫ്, ബിനുമോൻ കുര്യാക്കോസ്, ബിന്ദു സോമൻ, റെനി കുഞ്ഞുമോൻ, ശരണ്യ ആനന്ദ്, ഫ്ലോറെൻസ് ഫെലിക്സ് എന്നിവരുടെ മാധുര്യമേറിയ ആലാപനമാണ് ഇതിൽ ഏറ്റവും എടുത്തു പറയേണ്ടത്.
കുട്ടികളും മുതിർന്നവരും അടക്കം അൻപതിൽ പരം കലാകാരന്മാരെ കലാഭവൻ നൈസ് എന്ന അതുല്യ പ്രതിഭയുടെ ശിക്ഷണത്തിൽ വേദിയിൽ അണിനിരത്തുക എന്ന വെല്ലുവിളി ഊർജസ്വലരായ കമ്മറ്റിക്കാരോടോപ്പം ഏറ്റെടുത്തത് ലൗലി ചേച്ചി എന്ന ജി. ഏം. എയുടെ സ്വന്തം ലൗലി സെബാസ്റ്റ്യൻ ആയിരുന്നു.
ജി. ഏം. എയുടെ നാൾവഴികളിലൂടെ ഉള്ള ഓരോ കാര്യങ്ങളെയും കോർത്തിണക്കി കൊണ്ട് റോയി പാനികുളം രചിച്ച വരികൾക്ക് ഷാന്റി ആന്റണി സംഗീതം നിർവഹിച്ചു. ജി. ഏം. എയുടെ അനുഗ്രഹീത ഗായകരായ സിബി ജോസഫ്, സോണി ജോസഫ്, ബിനുമോൻ കുര്യാക്കോസ്, ബിന്ദു സോമൻ, റിനി കുഞ്ഞുമോൻ, ഫ്ലോറെൻസ് ഫെലിക്സ് എന്നിവരുടെ സ്വരമാധുരിയിൽ അലയടിച്ചുയർന്ന ഗാനത്തിനൊപ്പം കലാഭവൻ നൈസിന്റെ പരിശീലനത്തിൽ അമ്പതിൽ പരം കുട്ടികളും മുതിർന്നവരും തിമർത്താടിയപ്പോൾ സദസ്സിലുള്ളവർക്ക് വേറിട്ട ഒരു അനുഭവം ആയിരുന്നു എന്ന കാര്യത്തിൽ സംശയമില്ല.
click on malayalam character to switch languages