1 GBP = 106.18
breaking news

ഇരട്ടസെഞ്ചുറിയിൽ തകർത്തെറിഞ്ഞത് നാല് റെക്കോർഡുകൾ; സഞ്ജുവിന് ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറക്കുന്നു!

ഇരട്ടസെഞ്ചുറിയിൽ തകർത്തെറിഞ്ഞത് നാല് റെക്കോർഡുകൾ; സഞ്ജുവിന് ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറക്കുന്നു!

സ്റ്റീഫൻ അലക്സ്  ഇലവുങ്കൽ

സഞ്ജു സാംസൺ എന്ന പേര് ഇന്ത്യൻ ക്രിക്കറ്റിൽ ഉയർന്നു കേൾക്കാൻ തുടങ്ങിയിട്ട് വർഷം കുറേയായി. 2013ലെ അരങ്ങേറ്റ ഐപിഎല്ലിൽ മികച്ച യുവതാരത്തിനുള്ള പുരസ്കാരം നേടിയ 18കാരനായ പയ്യൻ ഇന്ന് അല്പം കൂടി പക്വതയുള്ള കളിക്കാരനായിക്കഴിഞ്ഞു. ഋഷഭ് പന്തിൻ്റെ ദേശീയ ടീം സാധ്യതകൾക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്ന ഈ തിരുവനന്തപുരം സ്വദേശി ഇന്നൊരു ചരിത്രനേട്ടം കുറിച്ച് നിൽക്കുകയാണ്. സഞ്ജുവിന് ഇന്ത്യൻ ജേഴ്സിയിൽ എന്തു കൊണ്ട് അവസരം നൽകുന്നില്ലെന്ന ചോദ്യങ്ങൾക്ക് ഈ പ്രകടനത്തോടെ ശക്തിയേറും.

ഇന്ന് ഗോവക്കെതിരെ നടന്ന വിജയ് ഹസാരെ ട്രോഫിയിൽ 3.5 ഓവറിൽ 15/1 എന്ന നിലയിൽ കേരളം എത്തി നിൽക്കുമ്പോഴാണ് സഞ്ജു ക്രീസിലെത്തുന്നത്. രണ്ട് ബൗണ്ടറികളോടെ ഇന്നിംഗ്സ് ആരംഭിച്ചു. പിന്നീടങ്ങോട്ട് എഫർട്ലസ് സ്ട്രോക്ക് പ്ലേയുടെ ഒരു പ്രദർശനം തന്നെയായിരുന്നു. മുൻ നായകൻ സച്ചിൻ ബേബിയെ കൂട്ടുപിടിച്ച് സഞ്ജു ഗോവൻ ബൗളർമാരെ തല്ലിച്ചതച്ചു. 30 പന്തുകളിൽ അർധസെഞ്ചുറി, 66 പന്തുകളിൽ സെഞ്ചുറി. സഞ്ജു മറ്റൊരു ലീഗിലായിരുന്നു.

വിജയ് ഹസാരെ; സഞ്ജുവിന്‍റെ ചിറകില്‍ പറന്നുയര്‍ന്ന് കേരളം

സഞ്ജുവിൻ്റെ സെഞ്ചുറിക്ക് പിന്നാലെ സച്ചിൻ ബേബിയും ഗിയർ മാറ്റി. ബെംഗളൂരുവിലെ ആളൂർ സ്റ്റേഡിയത്തെ അളന്ന് കീഴടക്കി തലങ്ങും വിലങ്ങും ബൗണ്ടറികൾ പാഞ്ഞു. പന്തിനു പിറകെ ഓടി ഫീൽഡർമാർ വലഞ്ഞു. ബൗണ്ടറികൾ സിക്സറുകൾക്ക് വഴിമാറി. ടൈമിംഗിൽ വിശ്വസിച്ച് അനായാസം ബൗണ്ടറി കടക്കുന്ന സഞ്ജുവിൻ്റെ മനോഹരമായ സിക്സറുകൾ. 99 പന്തുകളിൽ 150 റൺസ്. ഇനിയും ഓവറുകൾ ബാക്കി. ഒരു ഇരട്ട സെഞ്ചുറി വരാനുണ്ടെന്ന തോന്നലായിരുന്നു.

150 കഴിഞ്ഞതോടെ സഞ്ജു ആക്രമണം കനപ്പിച്ചു. ഇതിനിടെ സച്ചിൻ ബേബിയും സെഞ്ചുറി തികച്ചു. സച്ചിൻ്റെ ഇന്നിംഗ്സിനെ നിഷ്പ്രഭമാക്കി സഞ്ജു ചരിത്രത്തിലേക്ക് കാലെടുത്തു വെച്ചത് 49ആം ഓവറിലായിരുന്നു. 125 പന്തുകളിൽ ഡബിൾ സെഞ്ചുറി. വിജയ് ഹസാരെ ചരിത്രത്തിലെ രണ്ടാമത്തെ ഇരട്ട സെഞ്ചുറിയും ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും. ലിസ്റ്റ് എ കരിയറിൽ ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ്റെ ഏറ്റവും ഉയർന്ന സ്കോർ, ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാൻ ഏകദിന ക്രിക്കറ്റില്‍ നേടുന്ന ഉയര്‍ന്ന സ്കോർ. നാലു റെക്കോർഡുകളാണ് ഈ ഒരൊറ്റ ഇന്നിംഗ്സിലൂടെ സഞ്ജു സ്വന്തം പേരിൽ എഴുതിച്ചേർത്തത്. സാക്ഷാൽ മഹേന്ദ്ര സിംഗ് ധോണിയെയാണ് നാലാമത്തെ റെക്കോർഡിൽ സഞ്ജു മറികടന്നത്.
കളി അവസാനിക്കുമ്പോൾ സഞ്ജുവിൻ്റെ സ്കോർ  129 പന്തുകളിൽ 212 റൺസ് നോട്ടൗട്ട്. 21 ബൗണ്ടറികളും 10 സിക്സറുകളുമാണ് തൻ്റെ ഇന്നിംഗ്സിൽ സഞ്ജു അടിച്ചത്.

ഒരിക്കൽ പറഞ്ഞു വെച്ചത് വീണ്ടും ആവർത്തിക്കുകയാണ്. സഞ്ജു സാംസൺ ഋഷഭ് പന്തിനെക്കാൾ മികച്ച ഏകദിന ബാറ്റ്സ്മാനാണ്. അർഹതയുണ്ടായിരുന്നിട്ടും അദ്ദേഹത്തെ സെലക്ടർമാർ ഇക്കാലമത്രയും തഴയുകയായിരുന്നു. ഈ ഇന്നിംഗ്സ് ഒരു ഓർമ്മപ്പെടുത്തലാവട്ടെ എന്നാണ് പ്രതീക്ഷ. ആകെ ഒരേയൊരു അന്താരാഷ്ട്ര ടി-20 മാത്രം കളിച്ചിട്ടുള്ള സഞ്ജു അതിനപ്പുറം അവസരങ്ങൾ ലഭിക്കേണ്ട താരമാണ്. അതിലേക്കുള്ള വിളംബരമാവട്ടെ ഈ ഇന്നിംഗ്സ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more