1 GBP = 106.65
breaking news

ഞാനുറങ്ങുമ്പോൾ എൻ അരികിൽ കാത്തിരിക്കും താതൻ….. യുകെ മലയാളി അനിറ്റ് ബെന്നി പാടി അഭിനയിക്കുന്നു!

ഞാനുറങ്ങുമ്പോൾ എൻ അരികിൽ കാത്തിരിക്കും താതൻ….. യുകെ മലയാളി അനിറ്റ് ബെന്നി പാടി അഭിനയിക്കുന്നു!

സ്വർഗ്ഗസ്ഥനായ നമ്മുടെ സ്നേഹപിതാവ് എപ്പോഴും നമ്മുടെ കൂടെ ഉണ്ട്. എപ്പോഴും നമ്മെ തേജസുകൊണ്ടു നിറക്കുന്നു. പിതാവും നമ്മളും തമ്മിലുള്ള ആത്മബന്ധത്തിൽ ആത്മബലം തരുന്നു. ഉറങ്ങുമ്പോളും ഉണരുമ്പോളും പിതാവായ ദൈവം നമ്മുടെ അരികിൽ ഇരിക്കുന്നു. കേൾക്കു, അനീറ്റ് പാടിയ ഭക്തിഗാനം ആസ്വദിക്കൂ, ആത്മീയനിർവൃതി അടയു.

ഇന്നലേ യൂട്യൂബിൽ റിലീസ് ചെയ്ത ഈ ആൽബത്തിന്റെ സംവിധാനം ചെയ്തിരിക്കുന്നത് സിയോൺ ക്ലാസ്സിസിന്റെ ഡയറക്ടർ, ശ്രീ ജിനോ കുന്നുംപുറത്ത് ആണ്. സിയോൺ ക്ലാസ്സിസിന്റെ ബാനറിൽ മ്യൂസിക് ബാങ്ക് എന്ന സീരിയലിലെ എട്ടാമത്തെ ക്രിസ്റ്റീയഗാനമാണിത്. ഈ ഗാനം ആലപിക്കുന്നതും ഈ വിഡിയോയിൽ മെയിൻ റോൾ ചെയ്യുന്നതും യുകെയിലെ കാർഡിഫിൽ താമസിക്കുന്ന ബെന്നി അഗസ്റ്റിൻറെയും റേസിയുടെയും രണ്ടു മക്കളിൽ മൂത്ത പുത്രിയായ , അനിറ്റ് ബെന്നി ആണ്. ഇളയ സഹോദരി അനീഷ. അനിറ്റ് യുകെയിലെ വളർന്നുവരുന്ന യുവതലമുറയിലെ ഒരു കലാകാരിയാണ്. യുകെയിലെ യുക്മയുടെയും മറ്റ് പല കലാവേദികളിലും അനിറ്റ് അഭിനയ -സംഗീതമേഖലയിൽ തന്റേതായ കഴിവ് തെളിയിച്ചിട്ടുണ്ട്. അനിറ്റ് ഇപ്പോൾ സ്വാൻസീ യൂണിവേഴ്സിറ്റിയിൽ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ്. ഭാവിയിൽ ഒരു ചാറ്റേർഡ് അക്കൗണ്ടന്റ് ആകാനാണ് താൽപര്യം. സഹോദരി അനിഷയും ഒരു നല്ല പാട്ടുകാരിയാണ്. അനിഷ യുക്മ വെയിൽസ് റീജിയന്റെ 2014 ലെ കലാതിലകമായിരുന്നു. രണ്ടുപേരും പള്ളിയിൽ പാട്ട് പാടാറുണ്ട്.

തൊടുപുഴക്കടുത്ത് പുറപ്പുഴ ഗ്രാമത്തിൽ കുന്നുംപുറത്ത് ജോസ് മാത്യു-മേരി ദമ്പതികളുടെ നാലു മക്കളിൽ മൂന്നാമനാണ് ജിനോ. 2000 നവംബർ രണ്ടിന് ജിനോയുടെ ആദ്യ ഭക്തിഗാന സമാഹാരം, ‘സീയോൺ’ കേരളത്തിലെ പ്രഗത്ഭരായ പല പാട്ടുകാരെയും അണിനിരത്തി പുറത്തിറങ്ങി. എം.ജി ശ്രീകുമാറിന്റെ ശബ്ദത്താൽ ശ്രദ്ധേയമായ ‘ആ വിരൽ തുമ്പോന്നു തൊട്ടാൽ…’എന്ന് തുടങ്ങുന്ന ഗാനം അടങ്ങിയ ‘പിതാവ്’, 2006ൽ പുറത്തിറങ്ങിയ ‘കർത്താവ്’… ആ ലിസ്റ്റ് നീളുകയാണ്. ഇതിനിടയിൽ ‘സീയോൻ ക്ലാസിക്’ എന്ന പേരിൽ സംഗീത കമ്പനിക്കും ജിനോ രൂപംകൊടുത്തു

‘ഗോഡ്’ എന്ന് 100-ാമത്തെ ക്രിസ്തീയ ഭക്തിഗാനആൽബത്തിന് ജയചന്ദ്രൻ ഈണമിടുന്നതും ആദ്യമായാണ്. ഒ.എൻ.വിയും ബിച്ചു തിരുമലയും കൈതപ്രവും പൂവച്ചൽ ഖാദറുമുൾപ്പെടെ മലയാള ചലച്ചിത്രഗാനരംഗത്തെ കുലപതികളാണ് ഗോഡിനു വേണ്ടി കവിത തുളുമ്പുന്ന വരികൾ ഒരുക്കിയിരിക്കുന്നത്. ശ്രേയ ഘോഷാൽ, ചിത്ര, സുജാത, ശ്വേത മോഹൻ, റിമി ടോമി, മധു ബാലകൃഷ്ണൻ, കെസ്റ്റർ എന്നിവരുൾപ്പെട്ട വൻ ഗായകനിരയും ‘ഗോഡി’ൽ ഭാഗഭാക്കുകളായി. ശ്രേയ ജയദീപ് എന്ന കൊച്ചുഗായിക ആലപിച്ച’മേലെ മാനത്തെ ഈശോയെ…’ എന്ന ഗാനം യുട്യൂബിൽ ഹിറ്റാണ്.

ജിനോ കുന്നുംപുറത്തിന്റെ പുതിയ സംരംഭമാണ് മ്യൂസിക് ബാങ്ക്. ഇതിൽ പുതുമുഖങ്ങളായിട്ടുള്ള സംഗീതപ്രതിഭകളെ സംഗീതരംഗത്തു ഇൻട്രൊഡ്യൂസ് ചെയ്യുന്നു. ഇതിൽ വിദേശത്തും കേരളത്തിലുമായ പത്തോളം പ്രതിഭകളെ പരിചയപ്പെടുത്തി. ഇതിൽ എട്ടാമത് ആളാണ് അനിറ്റ് ബെന്നി. ജിനോ കഴിഞ്ഞ പത്തൊമ്പത്ത് വർഷമായി സംഗീത രംഗത്തു സജീവമായിട്ടുള്ള ആളാണ്. നിരവധി സംഗീത ഷോകളുടെ സംവിധായകനാണ് ജിനോ.

ഈ ഗാനത്തിന്റെ രചനയും സംഗീതവും ചെയ്തിരിക്കുന്നത് മറിയാമ്മ ജേക്കബ് ടീച്ചറാണ്. തിരുവല്ല കുറ്റൂർ പാണ്ടിശ്ശേരിഭാഗം ഗവൺമെന്റ് എൽ പി സ്കൂളിൽ ടീച്ചറായി ജോലി ചെയ്യുന്ന നെടുന്തറ താഴ്ചയിൽ മറിയാമ്മ ടീച്ചറെ മൂന്ന് വര്ഷം മുമ്പാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ജനങ്ങൾ അറിയുന്നത്. ഉത്കൃഷ്ടമായ ജീവിതമാതൃകകൊണ്ടും ആഴമായ ദൈവവിശ്വാസം കൊണ്ടും വര്ഷങ്ങളായി വചനപ്രഘോഷകയും എഴുത്തുകാരിയും ആയ മറിയാമ്മ ടീച്ചർ, സ്വന്തം മകൻ വിനു ഒരു അപകടത്തിൽ മരിച്ചപ്പോൾ ആ മകന്റെ മൃതശരീരത്തിന് അടുത്ത് വച്ച്, ഇത് ദൈവത്തിന്റെ ഹിതമനുസരിച്ചാണ് തന്റെ മകൻ മരിച്ചതെന്ന് പ്രഖ്യാപിച്ചുകൊണ്ട്, മകന്റെ മരണത്തിൽപോലും ദൈവസ്നേഹം പങ്കുവച്ചു. മറിയാമ്മടീച്ചർ പിന്നീട് ജിനോ കുന്നുംപുറത്തിന്റെ ആൽബത്തിൽ കൂടി ആത്മീയത തുളുമ്പുന്ന സംഗീത രംഗത്തേക്ക് കടന്നു വരുകയാണുണ്ടായത്. അഭിജിത് പാടിയ ‘ഒഴുകും പുഴയോരം’ എന്ന ഹൃദയപുളകിതമായ ക്രിസ്തീയഗാനതിൽകൂടിയായിരുന്നു ടീച്ചറുടെ രംഗപ്രവേശനം. ശ്രെയകുട്ടി പാടിയ ‘സ്വർഗ്ഗത്തിൽ പുത്രനാം യേശുവേ’, ജാനറ്റ് ചെത്തിപ്പുഴ പാടിയ ‘ഈശോയെ വാ എന്നരികിൽ വാധാരാളം ‘ തുടങ്ങിയ ആത്മീയ ഗാനങ്ങളുടെ രചന ഒരു ശുശ്രുഷയായി മറിയാമ്മ ടീച്ചർ ഏറ്റെടുത്തു തന്റെ അധ്യാപകവൃത്തി തുടരുന്നു.

ഈ ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ ചെയ്തിരിക്കുന്നത് ഐഡിയ സ്റ്റാർ സിംഗറിലെ പ്രശസ്തനായ കീബോർഡ് പ്ലയെർ അനൂപ് കോവളം ആണ്. നിരവധി സിനിമകൾക്കും ക്രിസ്തീയ ഭക്തിഗാനങ്ങൾക്കും അതുപോലെ നിരവധി സ്റ്റേജ് ഷോകൾക്കും തന്റെ കൈവിരൽ തുമ്പിൽ കൂടി സംഗീതം കൊടുത്തിട്ടുണ്ട്. കീബോര്ഡ്, ഫ്ലൂട്ട്, തബല, തുടങ്ങി നിരവധി സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്യുകയും പാട്ടുപാടുകയും ചെയ്യുന്ന അനൂപ് , ജിനോ കുന്നുംപുറത്തിന്റെ ഒട്ടുമിക്ക ആൽബങ്ങളിലും, കീബോര്ഡ് പ്രോഗ്രാമിങ് ചെയ്തിട്ടുണ്ട്. മലയാളകരയിൽ വളരെ പ്രശസ്തനാണ് ഈ സകല കലാ വല്ലഭൻ. ഈ ആൽബത്തിന്റെ ഫോട്ടഗ്രാഫി ചെയ്തിരിക്കുന്നത് പ്രശസ്തനായ ജോബിൻ കയനാട്. ജിനോ കുന്നുംപുറത്തിന്റെ ആല്ബങ്ങളിലൂടെയാണ് ജോബിൻ പ്രശസ്തനാകുന്നത്. രാജേഷ് ചേർത്തല, സ്റ്റീവൻ ദേവസി , ബിജി ബാലൻ തുടങ്ങി നിരവധി വ്യക്തികൾക്കു ജോബിൻ കയനാട് തന്റെ ക്യാമറക്കണ്ണുകൾ ചലിപ്പിച്ചിട്ടുണ്ട്.

ഈ ആൽബത്തിന്റെ എഡിറ്റിംഗ് ചെയ്തിരിക്കുന്നത് മെൻഡോസ് ആന്റണി ആണ്. ധാരാളം മലയാളം സിനിമകൾക്കു എഡിറ്റിംഗ് ചെയ്തിട്ടുള്ള ആളാണ് മെൻഡോസ്. പാലായിലും പരിസരപ്രദേശത്തുമായിട്ടാണ് ഈ ഗാനത്തിന്റെ ചിത്രീകരണം നടത്തിയിരിക്കുന്നത്. കൊല്ലപ്പള്ളിയിലെ പെരുമാട്ടിക്കുന്നേൽ ശ്രീ. പി എം ചാക്കോ യുടെ വീട്ടിൽ വച്ചാണ് ഈ ആൽബത്തിന്റെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. ഈ ആൽബത്തിൽ അഭിനയിക്കുന്നചെറിയ കുട്ടി, ഹേന ദീപു ആണ്. അതുപോലെ അമ്മയായി അഭിനയിക്കുന്നത് മായാ ബൽരാജ് മോനോൻ ആണ്. പിതാവായി റോൾ ചെയ്യുന്നത് നിർമാതാവായ ബെന്നി അഗസ്റ്റിൻ തന്നെയാണ്.

തന്റെ എല്ലാമായിരുന്ന അച്ഛൻ നഷ്ടപ്പെട്ട മകൾ, അച്ഛന്റെ സ്നേഹം ഇല്ലാതായപ്പോൾ, ജീവിതത്തിൽ എന്തൊക്കെയോ നഷ്ടപ്പെട്ടു എന്ന് കരുതുകയും പഠനത്തിൽ ശ്രദ്ധ ചെലുത്തുവാൻ സാധിക്കാതെ വരികയും ചെയ്തപ്പോൾ പിതാവായ ദൈവത്തിന്റെ ദിവ്യസ്നേഹം തന്റെ പ്രിയ അമ്മയുടെ സ്നേഹവാത്സല്യം നിറഞ്ഞ പ്രത്യേക ഇടപെടലിൽ കൂടി തിരിച്ചറിയുകയും, ജീവിതത്തിൽ ദൈവഹിതമനുസരിച്ചു വളരെയേറെ നല്ല കാര്യങ്ങൾ ചെയ്യണമെന്ന ഒരു വിശ്വാസം ഉണ്ടാകുകയും പിച്ചവച്ചു നടന്നപ്പോൾ കരംപിടിച്ചു നടത്തിയ അച്ഛനെ ഓർക്കുകയും പിന്നീട് ജീവിതത്തിന്റെ ഇരുളടഞ്ഞ വീഥികളിൽ ഇടർച്ചവരുമ്പോൾ വളരെ തേജസ്സോടെ തന്നെ നയിക്കണമേയെന്നും ദിവ്യസ്നേഹം പകർന്നു നൽകി എപ്പോഴും പോറ്റിടേണമേ എന്നും പ്രാര്ഥിക്കുന്ന വളരെ നിർമ്മലമായ ദൃശ്യങ്ങളാണ് ജിനോ കുന്നുംപുറത്തു സംവിധാനം ചെയ്തു, ബെന്നി അഗസ്റ്റിൻ കിഴക്കേൽ നിർമിച്ച ഈ ആത്മീയ ഗാനത്തിൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. ‘ഞാനുറങ്ങുമ്പോൾ എന്നരികിൽ ..’ എന്ന ഗാനം പാടിയ അനിറ്റ് ബെന്നി തന്നെയാണ് ഇതിൽ പ്രധാന റോൾ ചെയ്യുന്നത്.

ഈ ആൽബം നിർമിച്ചത് ചിറ്റാരിക്കാൽ സ്വദേശിയായ കിഴക്കേൽ ബെന്നി അഗസ്റ്റിൻ ആണ്. 1989 മുതൽ ഉത്തരേന്ത്യയിൽ ടീച്ചറായി ജോലി ചെയ്തിരുന്ന ബെന്നി 2010 മുതൽ യുകെയിലെ കാർഡിഫിൽ താമസിക്കുന്നു. അദ്ദേഹം ഒരു നല്ല സാമൂഹ്യപ്രവർത്തകനും, നല്ല ഒരു കലാകാരനും കാർഡിഫ് -ഹീത്ത് ഹോസ്പിറ്റലിലെ അസിസ്റ്റന്റ് ചാപ്ലിൻ കൂടിയാണ്. യുക്മയുടെ ഒരു സന്തത സഹചാരികൂടിയാണ്. കാർഡിഫ് കലാകേന്ദ്രയുടെ ബാനറിൽ 2014 ൽ ശ്രീ. വിശ്വലാൽ സംവിധാനം ചെയ്ത ‘സ്നേഹസാഹരതീരം’ എന്ന ഫുൾ നാടകത്തിൽ ശക്തമായ ഒരു കഥാപാത്രം അവതരിപ്പിച്ചു ശ്രദ്ധ നേടിയിരുന്നു. . 2015 ൽ ബിനോ അഗസ്റ്റിൻ സംവിധാനം ചെയ്ത് ജെയ്സൺ ലോറൻസിന്റെ റണ്ണിങ് ഫ്രെയിംസ് നിർമിച്ച ‘കുൽഫി’ ഷോർട് ഫിലിമിൽ മെയിൻ റോളും ചെയ്തിരുന്നു. ആത്മീയതയുടെ നിറവോടെ കലയോടും, സംഗീതത്തയോടും തനിക്കുള്ള താത്പര്യത്തിന്റെ പുറത്താണ് ബെന്നി ഈ ആൽബം നിർമിച്ചിരിക്കുന്നത്.

ഏശയ്യാ 41:10 വാക്യത്തിൽ ‘നീ ഭയപ്പെടേണ്ട, ഞാൻ നിന്നോട് കൂടെയുണ്ട്’. ഈ ഒരു വചനമാണ് ഈ പാട്ടിന്റെ യാഥാർത്ഥതലം. ഞാൻ ഉണർന്നിരിക്കുമ്പോൾ മാത്രമല്ല, ഞാൻ ഉറങ്ങുമ്പോൾപോലും എന്റെ കൂടെ എന്നെ തഴുകി ഉയർത്തുന്ന ഒരു പിതാവായിട്ട്, എന്റെ പിതാവായ ദൈവം എന്നോടുകൂടെയുണ്ട്. ഞാൻ വീണുപോകുന്ന അവസരങ്ങളിൽ ഒരു പിഞ്ചു പൈതൽ എന്നപോലെ എന്നെ തോളിൽ ഏന്തും. എന്റെ കരം പിടിച്ചു നടത്തും. മുൻപടയായും പിൻപടയായും എന്നോടൊപ്പം ഉണ്ടാകും. അതുപോലെ സ്നേഹത്തണൽ നൽകി എന്റെ ജീവിതയാത്രയിൽ എന്നും എന്റെ കൂടെയിരിക്കും. എനിക്ക് വഹിക്കാൻ വയ്യാത്ത പ്രശ്നങ്ങൾ എന്റെ ജീവിതത്തിൽ വന്നാലും, ഇരുണ്ടുപോകുന്ന ഇരുളും വീഥിയിൽ ഞാൻ തകർന്നുപോകുന്ന അവസരങ്ങൾ ജീവിതത്തിൽ ഉണ്ടായാലും ദിവ്യതേജസ്സാൽ എന്നെ നയിക്കാൻ എന്റെ ദൈവം എന്റെ കൂടെയുണ്ടായിരിക്കും. ആ ഒരു ദിവ്യതേജസ് നമ്മെ നയിക്കാനുണ്ടെങ്കിൽ ഈ ഭൂമിയിൽ കാണുന്നതെല്ലാം നശ്വരമായി നമുക്ക് തോന്നും. ദൈവം കഴിഞ്ഞിട്ടേ ഉള്ളു എനിക്ക് എന്റെ ജീവൻ പോലും. ഈ ചിന്തകളാണ്, ഗാനം കേൾക്കുന്ന ആരെയും ധന്യരാക്കുന്നത്.

‘ഞാനുറങ്ങുമ്പോൾ എന്നരികിൽ’ എന്ന ആൽബത്തിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more