1 GBP = 109.78

ബ്രിട്ടന്റെ എണ്ണക്കപ്പൽ ഹോർമുസ് കടലിടുക്കിൽവെച്ചു ഇറാൻ പിടിച്ചെടുത്തു!

ബ്രിട്ടന്റെ എണ്ണക്കപ്പൽ ഹോർമുസ് കടലിടുക്കിൽവെച്ചു ഇറാൻ പിടിച്ചെടുത്തു!

സുരേന്ദ്രൻ ആരക്കോട്ട് (അസ്സോസിയേറ്റ് എഡിറ്റർ)

ടെഹ്‌റാൻ: ജൂലൈ 20 വെള്ളിയാഴ്ച വൈകിട്ട് ബ്രിട്ടീഷ് സമയം 5:30 നു ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ‘സ്റ്റെന്ന ഇമ്പേറോ’ എന്ന എണ്ണക്കപ്പൽ ആയുധ ധാരികളായ ഇറാനിയൻ റിവൊല്യൂഷനറി ഗാര്ഡുകൾ പിടിച്ചെടുത്തു. ബ്രിട്ടീഷ് പതാക വഹിക്കുന്ന ഈ കപ്പൽ ലണ്ടനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്.

ബ്രിട്ടീഷ് ഉടമസ്ഥതയിൽ ഉള്ളതും ലൈബീരിയൻ പതാക വഹിക്കുന്നതുമായ മറ്റൊരു എണ്ണക്കപ്പൽ ‘മെസ്‌ദർ’ ഇറാനിയൻ സേന തടഞ്ഞു വെച്ചെങ്കിലും പരിശോധനക്കുശേഷം വിട്ടയച്ചതായി ഗ്ലാസ്ഗോവിലുള്ള ഉടമസ്ഥരായ നോർബൽക് ഷിപ്പിംഗ് യൂ.കെ അറിയിച്ചു.കപ്പലുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കാൻ സാധിച്ചതായിയും ജോലിക്കാരെല്ലാം സുരക്ഷിതരാണെന്നും അവരുടെ വാർത്ത കുറിപ്പിൽ പറയുന്നു.

സ്റ്റെന്ന ഇമ്പേറോയെ നാലു സൈനിക കപ്പലുകളും ഒരു ഹെലികോപ്ടറും ചേർന്നാണ് തടഞ്ഞു നിർത്തിയത്. 23 ജോലിക്കാരുള്ള ഈ എണ്ണക്കപ്പലുമായി ആശയ വിനിമയം നടത്താൻ സാധിച്ചിട്ടില്ലെന്നും കപ്പൽ വടക്കു ഇറാൻ അതിർത്തി ലക്ഷ്യമാക്കി പൊയ്ക്കൊണ്ടിരിക്കുകയാണെന്നും ഉടമസ്ഥർ വ്യക്തമാക്കി.

‘ബ്രിട്ടന്റെ എണ്ണക്കപ്പൽ ഇറാൻ ഉടനടി മോചിപ്പിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാവുമെന്ന്’ വിദേശകാര്യ സെക്രട്ടറി ജെറെമി ഹണ്ട് പ്രസ്താവിച്ചു.

ഇറാന്റെ നടപടി തികച്ചും അസ്വീകാര്യമാണെന്നും മേഖലയിൽ കപ്പലുകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പു വരുത്തണമെന്നും വിദേശകാര്യ സെക്രട്ടറി ഊന്നിപറഞ്ഞു.

പിടിച്ചെടുത്ത എണ്ണക്കപ്പലിൽ പല രാജ്യങ്ങളിൽ നിന്നായുള്ള ജോലിക്കാരുണ്ടെങ്കിലും ബ്രിട്ടീഷ് പൗരന്മാർ ഇല്ലെന്നാണ് ഏറ്റവും ഒടുവിലത്തെ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇറാൻ, അമേരിക്ക, യൂകെ എന്നീ രാജ്യങ്ങളുടെ ഇടയിൽ നിലവിലുള്ള സംഘർഷം ഈ സംഭവത്തോടെ മൂർച്ഛിച്ചിരിക്കുകയാണ്. ബ്രിട്ടീഷ് സർക്കാരിന്റെ അത്യാഹിത കർമസമിതി, കോബ്ര വെള്ളിയാഴ്ച വൈകീട്ട് രണ്ടു തവണ യോഗം ചേർന്ന് സ്ഥിഗതികൾ വിലയിരുത്തി.

‘ഈ സന്ദർഭത്തിൽ കപ്പൽ മോചിപ്പിക്കാൻ ഒരു സൈനിക നീക്കം നടത്താൻ ഉദ്ദേശിക്കുന്നില്ല. നയതന്ത്ര മാര്ഗങ്ങളിലൂടെയുള്ള പ്രശ്ന പരിഹാരമാണ് തേടുന്നത്. ഉടനടി പരിഹാരം കണ്ടില്ലെങ്കിൽ ലഭ്യമായ മറ്റു മാര്ഗങ്ങള് തേടാൻ മടിക്കില്ല’ – വിദേശ കാര്യ സെക്രട്ടറി കൂട്ടിച്ചേർത്തു.

ബ്രിട്ടന്റെ അംബാസിഡർ ടെഹ്റാനിൽ വിദേശകാര്യ മന്ത്രാലയവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. നമ്മുടെ അന്താരാഷ്ട്ര തലത്തിലുള്ള പങ്കാളികളുമായി ചർച്ച ചെയ്തു പ്രശ്നപരിഹാരത്തിനായി വേണ്ടുന്ന നടപടി ക്രമങ്ങൾ അതിവേഗത്തിൽ പുരോഗമിച്ചു വരികയാണ്.

ഇറാനിയൻ കടലിൽ സംഘര്ഷമുണ്ടായതിനെത്തുടർന്നു ഒരു ബ്രിട്ടീഷ് എണ്ണക്കപ്പലിനെ ബന്ദർ അബ്ബാസ് തുറമുഖത്തേക്ക് ആനയിക്കാനും തുടർന്ന് പരിശോധനകൾ നടത്താനും മിലിറ്ററിക്കു നിർദേശം നൽകിയതായി ഇറാനിലെ തുറമുഖ – സമുദ്ര ഗതാഗത ഏജൻസിയെ ഉദ്ധരിച്ചു തസ്‌നിം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ഹോർമുസ് കടലിടുക്കിന്റെ പ്രവേശന പദത്തിലൂടെ കടന്നു വരുന്നതിനു പകരം നിർഗമന മാർഗത്തിലൂടെ പ്രവേശിച്ചതിനും, കപ്പലിലെ ജി.പി.എസ് (GPS) സംവിധാനം പ്രവർത്തന രഹിതമാക്കിയതിനും, തുടരെയുള്ള മുന്നറിയിപ്പുകൾ അവഗണിച്ചതിനുമാണ് കപ്പൽ തടഞ്ഞതെന്നു ഇറാനിയൻ റിവൊല്യൂഷനറി ഗുർഡുകളെ ഉദ്ധരിച്ചുകൊണ്ട് വാർത്ത ഏജൻസി അറിയിച്ചു.

ഇത്തരുണത്തിൽ കപ്പൽ ജീവനക്കാരുടെ സുരക്ഷയാണ് ഏറ്റവും പ്രാഥമികമായ പരിഗണനയെന്നും, ആർക്കും പരിക്കുകളൊന്നുമില്ലെന്നാണ് ഇതേവരെ കിട്ടിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നതെന്നും സ്റ്റെന്ന ബൽക്കിന്റെ ഉടമസ്ഥരായ നോർത്തേൺ മറീൻ മാനേജ്‌മന്റ് വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more