സ്റ്റീഫൻ അലക്സ് ഇലവുങ്കൽ
ബർമിങാം: ലോകകപ്പ് കിരീടം കാത്തിരിക്കുന്നത് പുതിയ അവകാശികളെ. ലോഡ്സിൽ ഇംഗ്ലണ്ട്-ന്യൂസീലൻഡ് ഫൈനലിന് കളമൊരുങ്ങി. രണ്ടാം സെമിഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ അനായാസം കീഴക്കിയാണ് ഇംഗ്ലണ്ടിന്റെ മുന്നേറ്റം. ഒരു ഘട്ടത്തിൽ പോലും ആതിഥേയർ പതറിയില്ല. ആധികാരികമായി എട്ടു വിക്കറ്റിന്റെ വിജയം. 224 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് എട്ടു വിക്കറ്റ് നഷ്ടത്തിൽ 107 പന്ത് ശേഷിക്കെ വിജയതീരത്തെത്തി. 1992-ന് ശേഷം ഇംഗ്ലണ്ടിന്റെ ആദ്യ ഫൈനലാണിത്.
മികച്ച തുടക്കമാണ് ഇംഗ്ലീഷ് ഓപ്പണർമാർ നൽകിയത്. ജേസൺ റോയിയും ജോണി ബെയർസ്റ്റോയും 124 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി. 43 പന്തിൽ 34 റൺസെടുത്ത ജോണി ബെയ്സ്റ്റോയെ സ്റ്റാർക്ക് വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് 49 ഓവറിൽ 223 റൺസിന് പുറത്തായി. മൂന്നു വിക്കറ്റ് വീഴ്ത്തിയ ആദിൽ റാഷിദും ക്രിസ് വോക്സും ഓസ്ട്രേലിയയുടെ ബാറ്റിങ് നിരയെ പിടിച്ചുകെട്ടുകയായിരുന്നു. 85 റൺസെടുത്ത സ്റ്റീവ് സ്മിത്താണ് ടോപ്പ് സ്കോറർ.
ഓസ്ട്രേലിയയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. 10 റൺസെടുക്കുന്നതിനിടയിൽ ഓപ്പണർമാരായ ആരോൺ ഫിഞ്ചും ഡേവിഡ് വാർണറും പുറത്തായി. നാല് റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ പീറ്റർ ഹാൻഡ്സ്കോമ്പും ക്രീസ് വിട്ടു. ഫിഞ്ച് നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. ജോഫ്ര ആർച്ചറുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങുകയായിരുന്നു.
പിന്നാലെ ഡേവിഡ് വാർണറും ക്രീസ് വിട്ടു. ക്രിസ് വോക്ക്സിന്റെ പന്തിൽ ബെയർസ്റ്റോ ക്യാച്ചെടുത്തു. 11 പന്തിൽ 9 റൺസായിരുന്നു വാർണറുടെ സമ്പാദ്യം. അടുത്ത ഇര ഹാൻഡ്കോമ്പായിരുന്നു. 12 പന്തിൽ നാല് റൺസെടുത്ത ഹാൻഡ്സ്കോമ്പ് ക്രിസ് വോക്സിന്റെ പന്തിൽ ബൗൾഡ് ആയി.
പിന്നീട് നാലാം വിക്കറ്റിൽ സ്റ്റീവ് സ്മിത്തും അലെക്സ് കാരിയും കര കയറ്റുകയായിരുന്നു. ഇരുവരും 103 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ അലെക്സ് കാരിയെ പുറത്താക്കി സ്പിന്നർ ആദിൽ റാഷിദ് ഈ കൂട്ടുകെട്ട് പൊളിച്ചു. 70 പന്തിൽ 46 റൺസായിരുന്നു റാഷിദിന്റെ സമ്പാദ്യം. പിന്നാലെ സ്റ്റോയിൻസും പുറത്തായി. രണ്ടു പന്ത് നേരിട്ട സ്റ്റോയിൻസിനെ അക്കൗണ്ട് തുറക്കും മുമ്പ് റാഷിദ് വിക്കറ്റിന് മുന്നിൽ കുരുക്കി. ഒരു ഓവറിലായിരുന്നു ആദിൽ റാഷിദ് ഈ രണ്ടു വിക്കറ്റും വീഴ്ത്തിയത്.
22 റൺസെടുത്ത മാക്സ് വെല്ലിനെ ജോഫ്രെ ആർച്ചറും തിരിച്ചയച്ചതോടെ ഓസ്ട്രേലിയ ആറു വിക്കറ്റിന് 157 റൺസെന്ന നിലയിലായി. ആറു റൺസായിരുന്നു പാറ്റ് കമ്മിൻസിന്റെ സമ്പാദ്യം. 48-ാം ഓവറിലെ ആദ്യ പന്തിൽ സ്റ്റീവ് സ്മിത്തും പുറത്തായി. 119 പന്തിൽ 85 റൺസെടുത്ത് ഒറ്റയാൾ പോരാട്ടം നടത്തിയാണ് സ്മിത്ത് ക്രീസ് വിട്ടത്. ബട്ലർ റൺ ഔട്ടാക്കുകയായിരുന്നു. 36 പന്തിൽ 29 റൺസ് അടിച്ച മിച്ചൽ സ്റ്റാർക്കിനെ ക്രിസ് വോക്സും പുറത്താക്കി. 49-ാം ഓവറിലെ അവസാന പന്തിൽ ബെഹെറെൻഡോഫിനെ മാർക്ക് വുഡ് ബൗൾഡ് ആക്കിയതോടെ ഓസീസ് ഇന്നിങ്സിന് തിരശ്ശീല വീണു.
എട്ടു ഓവർ എറിഞ്ഞ ക്രിസ് വോക്സ് 20 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തു. 10 ഓവറിൽ 54 റൺസ് വിട്ടുകൊടുത്താണ് റാഷിദ് മൂന്നു വിക്കറ്റെടുത്തത്. ആർച്ചർ രണ്ടും മാർക്ക് വുഡ് ഒരു വിക്കറ്റും വീഴ്ത്തി.
click on malayalam character to switch languages