സ്റ്റീഫൻ അലക്സ് ഇലവുങ്കൽ
മാഞ്ചെസ്റ്റർ: ലോകകപ്പ് സെമിഫൈനലിൽ ന്യൂസീലൻഡിനെതിരേ 240 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് അവിശ്വസനീയമായ തകർച്ച. പത്തോവർ എത്തും മുൻപ് തന്നെ നാല് മുൻനിര വിക്കറ്റുകൾ നഷ്ടമായ മുൻ ചാമ്പ്യൻമാർക്ക് 31 ഓവറിനു മുൻപ് ആറാം വിക്കറ്റും നഷ്ടമായി. ഓപ്പണർമാരായ രോഹിത് ശർമ (1), കെ.എൽ. രാഹുൽ (1), ക്യാപ്റ്റൻ വിരാട് കോലി (1), ദിനേഷ് കാർത്തിക് (6), ഋഷഭ് പന്ത് (32), ഹാർദിക് പാണ്ഡ്യ (32) എന്നിവരാണ് പുറത്തായത്.
തകർച്ചയ്ക്കിടെ ഏഴാം വിക്കറ്റിൽ ക്രീസിലൊന്നിച്ച ധോനി – ജഡേജ സഖ്യം ഇന്ത്യയെ മുന്നോട്ടു നയിക്കുകയാണ്. ജഡേജ അർധ സെഞ്ചുറി പിന്നിട്ടു. നേരത്തെ ആദ്യം ബാറ്റു ചെയ്ത കിവീസ് നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 239 റൺസാണ് നേടിയത്. മഴ കാരണം ചൊവ്വാഴ്ച്ച നിർത്തിവെച്ച മത്സരം റിസർവ് ദിനമായ ബുധനാഴ്ച പുനഃരാരംഭിക്കുകയായിരുന്നു. 46.1 ഓവറിൽ അഞ്ചു വിക്കറ്റിന് 211 റൺസ് എന്ന നിലയിലാണ് ബുധനാഴ്ച്ച കിവീസ് ഇന്നിങ്സ് ആരംഭിച്ചത്.
തുടക്കത്തിൽ തന്നെ 74 റൺസെടുത്ത റോസ് ടെയ്ലറെ രവീന്ദ്ര ജഡേജ റണ്ണൗട്ടാക്കി. 90 പന്തുകൾ നേരിട്ടാണ് ടെയ്ലർ 74 റൺസെടുത്തത്. പിന്നാലെ 10 റൺസെടുത്ത ടോം ലാഥത്തെ ഭുവനേശ്വറിന്റെ പന്തിൽ ജഡേജ ക്യാച്ചെടുത്തു. അതേ ഓവറിൽ തന്നെ ഭുവി മാറ്റ് ഹെന്റിയേയും പുറത്താക്കി.
നേരത്തെ, ടോസ് നേടിയ കിവീസ് നായകൻ കെയ്ൻ വില്യംസൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്കോർ ബോർഡിൽ ഒരു റണ്ണുള്ളപ്പോൾ തന്നെ കിവീസിന് ഓപ്പണർ മാർട്ടിൻ ഗുപ്റ്റിലിനെ നഷ്ടമായി. വൈകാതെ ഹെന്റി നിക്കോൾസും (28) മടങ്ങി. ക്യാപ്റ്റൻ കെയ്ൻ വില്യംസണും റോസ് ടെയ്ലറും ചേർന്ന് മെല്ലപ്പോക്ക് കൂട്ടുകെട്ട് കിവീസിനെ 134-ൽ എത്തിച്ചു. 95 പന്തുകൾ നേരിട്ട് 67 റൺസെടുത്ത വില്യംസണെ ചാഹൽ പുറത്താക്കുകയായിരുന്നു. ജിമ്മി നീഷം (12), കോളിൻ ഗ്രാന്ദോം (16) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
ഇന്ത്യയ്ക്കായി ഭുവനേശ്വർ കുമാർ 10 ഓവറിൽ 43 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ബുംറ, ചാഹൽ, ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. ജസ്പ്രീത് ബുമ്ര, യുസ്വേന്ദ്ര ചെഹൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
click on malayalam character to switch languages