സ്റ്റീഫൻ അലക്സ് ഇലവുങ്കൽ
എത്തിപ്പിടിക്കാവുന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ കിവികൾ ഒരിക്കൽ പോലും ഇംഗ്ലണ്ടിന് വെല്ലുവിളി ഉയർത്തിയില്ല
ലോകകപ്പ് ക്രിക്കറ്റിൽ ന്യൂസിലാൻഡിനെ തകർത്ത് ഇംഗ്ലണ്ട് സെമിയിലേക്ക്. കിവികളെ 119 റൺസിനാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. ഇംഗ്ലണ്ട് ഉയർത്തിയ 306 റൺസിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ന്യൂസിലാൻഡ് 45 ഓവറിൽ 186 റൺസെടുക്കുന്നതിനിടെ എല്ലാവരും കൂടാരം കയറുകയായിരുന്നു. ഇതോടെ ന്യൂസിലാൻഡിന്റെ സെമി പ്രതീക്ഷകൾ ത്രിശങ്കുവിലായിരിക്കുകയാണ്.
എത്തിപ്പിടിക്കാവുന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ കിവികൾ ഒരിക്കൽ പോലും ഇംഗ്ലണ്ടിന് വെല്ലുവിളി ഉയർത്തിയില്ല. ആദ്യ ഓവറിൽ തന്നെ സംപൂജ്യനായി ഓപ്പണർ നിക്കോളാസ് ക്രിസ് വോക്സിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയപ്പോൾ കിവി സ്കോർ 2. തുടർന്ന് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണുകൊണ്ടേയിരുന്നു. അർധ സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പർ ടോം ലാഥമാണ് (57) ന്യൂസിലാൻഡിന്റെ ടോപ് സ്കോറർ. നായകൻ കെയിൻ വില്യംസ് (27), റോസ് ടെയ്ലർ (28), ജെയിംസ് നീഷം (19), സാന്റനർ (12) എന്നിവരൊഴികെ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. മത്സരത്തിൽ ഒരൊറ്റ സിക്സർ പോലും കിവീസ് ബാറ്റിൽ നിന്നും പിറന്നില്ല. ഇംഗ്ലണ്ടിനായി മാർക്ക് വുഡ് 3 വിക്കറ്റെടുത്തു. ക്രിസ് വോക്സ്, ജോഫ്ര ആർച്ചർ, ലിയാം പ്ലങ്കറ്റ്, ആദിൽ റാഷിദ്, ബെൻ സ്റ്റോക്സ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ഓപ്പണർ ജോണി ബെയർസ്റ്റോയുടെ സെഞ്ച്വറി മികവിലാണ് 8 വിക്കറ്റിന് 305 റൺസ് എടുത്തത്. ബാറ്റിങ് തെരഞ്ഞെടുക്കാനുള്ള ഇംഗ്ലീഷ് നായകൻ ഇയോൺ മോർഗന്റെ തീരുമാനത്തെ ശരിവെക്കുന്ന തരത്തിലുള്ള പ്രകടനമായിരുന്നു ഓപ്പണർമാർ കാഴ്ച്ചവെച്ചത്.
99 പന്തില്‍ നിന്നും 106 റണ്‍സടിച്ച ബെയര്‍സ്റ്റോ, അർധ ശതകം നേടിയ ജെയ്സൻ റോയുമായി (60) ചേര്‍ന്ന് 123 റൺസിന്റെ സെഞ്ച്വറി ഓപ്പണിങ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനായി പടുത്തുയര്‍ത്തിയത്. നായകൻ മോർഗൻ 42 റൺസെടുത്തു. പ്ലങ്കറ്റ് 15 റൺസും ആർച്ചർ ഒരു റൺസുമെടുത്ത് പുറത്താകാതെ നിന്നു.
കിവീസിനായി ട്രെന്റ് ബൗൾട്ട്, മാറ്റ് ഹെൻറി, ജെയിംസ് നീഷാം എന്നീവർ 2 വിക്കറ്റ് വീതം നേടി. സാന്റ്നറും ടിം സൗത്തിയും ഓരോ വിക്കറ്റ് വീതമെടുത്തു. മത്സരത്തിൽ തോറ്റ കിവികളുടെ സെമി സാധ്യത ഇനി പാകിസ്താന്‍-ബംഗ്ലാദേശ് മത്സര ഫലത്തെ ആശ്രയിച്ചിരിക്കും.
click on malayalam character to switch languages