സ്റ്റീഫൻ അലക്സ് ഇലവുങ്കൽ
ഡേറം: ലോകകപ്പിൽ തിങ്കളാഴ്ച നടന്ന മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരേ ശ്രീലങ്കയ്ക്ക് 23 റൺസ് ജയം. 339 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് 50 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 315 റൺസെടുക്കാനേ സാധിച്ചുള്ളൂ.
ഏകദിനത്തിലെ ആദ്യ സെഞ്ചുറി തികച്ച നിക്കോളാസ് പുരനും അർധ സെഞ്ചുറി നേടിയ ഫാബിയാൻ അലനും ചേർന്ന് പൊരുതി നോക്കിയെങ്കിലും ഈ കൂട്ടുകെട്ട് വീണതോടെ ലങ്ക വിജയം പിടിക്കുകയായിരുന്നു. 103 പന്തിൽ നിന്ന് 118 റൺസെടുത്ത പുരൻ 48-ാം ഓവറിലാണ് പുറത്താകുന്നത്. ഏറെ നാളുകൾക്കു ശേഷം പന്ത് കൈയിലെടുത്ത ലങ്കൻ താരം ഏയ്ഞ്ചലോ മാത്യൂസിന്റെ ആദ്യ പന്തിലാണ് പുരൻ മടങ്ങിയത്.
32 പന്തുകൾ നേരിട്ട അലൻ 51 റൺസെടുത്ത് പുരനുമായുള്ള ധാരണപ്പിശകിനെ തുടർന്ന് റണ്ണൗട്ടാകുകയായിരുന്നു. ഏഴാം വിക്കറ്റിൽ ഇരുവരും 83 റൺസ് ചേർത്തു.
339 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. സുനിൽ ആംബ്രിസ് (5), ഷായ് ഹോപ്പ് (5) എന്നിവരെ അവർക്ക് പെട്ടെന്ന് നഷ്ടമായി. ഇതിനിടെ പലപ്പോഴും ലങ്കൻ ഫീൽഡർംമാരുടെ ചോരുന്ന കൈകൾ അവരുടെ രക്ഷയ്ക്കെത്തി.
സ്കോർ 71-ൽ എത്തിയപ്പോൾ ക്രിസ് ഗെയ്ലിനെയും (35), 84-ൽ ഹെറ്റ്മയറെയും (29) അവർക്ക് നഷ്ടമായി. പിന്നീട് പുരനും ക്യാപ്റ്റൻ ജേസൺ ഹോൾഡറും ചേർന്ന് സ്കോർ 145-ൽ എത്തിച്ചു. ഇതിനിടെ ഹോൾഡറെ (26) വാൻഡർസെ മടക്കി.
പിന്നീടാണ് വിൻഡീസിന്റെ പ്രതീക്ഷ കാത്ത് പുരൻ – ഫാബിയാൻ അലൻ കൂട്ടുകെട്ട് പിറക്കുന്നത്. കാർലോസ് ബ്രാത്ത്വെയ്റ്റ് (8), ഒഷെയ്ൻ തോമസ് (1) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ലങ്കയ്ക്കായി ലസിത് മലിംഗ മൂന്നു വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലങ്ക നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 338 റൺസെടുത്തിരുന്നു. ഏകദിനത്തിലെ ആദ്യ സെഞ്ചുറി കുറിച്ച അവിഷ്ക ഫെർണാണ്ടോയുടെ ഇന്നിങ്സാണ് ലങ്കയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 100 പന്തിൽ നിന്ന് സെഞ്ചുറി തികച്ച ഫെർണാണ്ടോ 103 പന്തിൽ നിന്ന് 104 റൺസെടുത്ത് പുറത്തായി.
ലങ്കയ്ക്ക് ക്യാപ്റ്റൻ കരുണരത്നെയും കുശാൽ പെരേരയും ചേർന്ന ഓപ്പണിങ് സഖ്യം മികച്ച തുടക്കമാണ് നൽകിയത്. 93 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് ഈ സഖ്യം പിരിഞ്ഞത്. 32 റൺസെടുത്ത കരുണരത്നെയെ ജേസൺ ഹോൾഡർ പുറത്താക്കുകയായിരുന്നു. അധികം വൈകാതെ മികച്ച രീതിയിൽ മുന്നേറുകയായിരുന്ന കുശാൽ പെരേര (64) റണ്ണൗട്ടായി.
പിന്നീട് മൂന്നാം വിക്കറ്റിൽ അവിഷ്ക ഫെർണാണ്ടോയും കുശാൽ മെൻഡിസും ചേർന്ന് 85 റൺസ് ചേർത്തു. 39 റൺസെടുത്ത മെൻഡിസിനെ ഫാബിയാൻ അലൻ ഉഗ്രനൊരു ക്യാച്ചിലൂടെ മടക്കുകയായിരുന്നു. സ്കോർ 247-ൽ എത്തിയപ്പോൾ 26 റൺസോടെ ഏയ്ഞ്ചലോ മാത്യൂസും മടങ്ങി. അഞ്ചാം വിക്കറ്റിൽ ഫെർണാണ്ടോ – ലഹിരു തിരിമാനെ സഖ്യം 67 റൺസ് ചേർത്തു. 32 പന്തുകൾ നേരിട്ട തിരിമാനെ 43 റൺസുമായി പുറത്താകാതെ നിന്നു.
click on malayalam character to switch languages