1 GBP = 113.38
breaking news

ഇംഗ്ലണ്ടിന് മുന്നിൽ ഇന്ത്യ മുട്ടുകുത്തി

ഇംഗ്ലണ്ടിന് മുന്നിൽ ഇന്ത്യ മുട്ടുകുത്തി

സ്റ്റീഫൻ അലക്സ് ഇലവുങ്കൽ

ബർമിങ്ഹാം: പുതിയ ജെഴ്സിയിൽ ഇറങ്ങിയ ഇന്ത്യയ്ക്ക് പഴയ വീര്യം പുറത്തെടുക്കാൻ കഴിഞ്ഞില്ല. ലോകകപ്പ് ക്രിക്കറ്റിൽ അപരാജിതരായി കുതിച്ച മുൻ ചാമ്പ്യന്മാർ ആദ്യ തോൽവി നുണഞ്ഞു. ബെർസ്റ്റോയുടെ സെഞ്ചുറിക്ക് ഈ ലോകകപ്പിലെ മൂന്നാം സെഞ്ചുറി കൊണ്ട് രോഹിത് ശർമ മറുപടി നൽകിയെങ്കിലും ആതിഥേയരായ ഇംഗ്ലണ്ടിനോട് 31 റൺസിന് തോൽക്കാനിയിരുന്നു ഓറഞ്ച് ജെഴ്സിയിലിറങ്ങിയ ഇന്ത്യയുടെ വിധി. 1992നുശേഷം ഇതാദ്യമായാണ് ലോകകപ്പിൽ ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തുന്നത്. സെഞ്ചുറി നേടുകയും മികച്ച ഫീൽഡിങ് പ്രകടനം പുറത്തെടുക്കുകയും ചെയ്ത ജോണി ബെയർസ്റ്റോയാണ് മാൻ ഓഫ് ദി മാച്ച്.

ഓപ്പണർമാരുടെ കരുത്തിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 337 റൺസാണ് നേടിയത്. മറുപടിയായി ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 306 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. തുടക്കത്തിൽ തപ്പിത്തടഞ്ഞ രോഹിത് ശർമ 109 പന്തിൽ നിന്ന് 102 ഉം ക്യാപ്റ്റൻ കോലി 76 പന്തിൽ നിന്ന 66 ഉം റൺസെടുത്തെങ്കിലും ഇംഗ്ലീഷ് ബൗളർമാരെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് കഴിഞ്ഞില്ല. അവസാന പത്തോവറിൽ തപ്പിത്തടഞ്ഞതാണ് ഇന്ത്യയുടെ തോൽവിക്ക് വഴിവച്ചത്. വളരെ വിരളമായേ ഈ പത്ത് ഓവറിൽ ബൗണ്ടറിയും സിക്സും പിറന്നുള്ളൂ.

കെ.എൽ.രാഹുൽ റണ്ണൊന്നുമെടുക്കാതെ മടങ്ങിയത് മുതൽ തുടങ്ങിയതാണ് ഇന്ത്യയുടെ തകർച്ച. പിന്നീട് കോലിയും രോഹിതും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പന്ത് 32 ഉം ഹർദിക് പാണ്ഡ്യ 45ഉം റൺസെടുത്ത് പ്രതീക്ഷ നൽകിയെങ്കിലും സ്കോർ ദ്രുതവേഗത്തിൽ ചലിപ്പിക്കുന്നതിൽ തുടർന്ന് വന്നവർ പരാജയപ്പെട്ടു. ധോനി 42 ഉം കേദാർ ജാദവ് 12 ഉം റൺസെടുത്ത് പുറത്താകാതെ നിന്നെങ്കിലും ബൗണ്ടറിക്കും സിക്സറുകൾക്കും പകരം സിംഗിളുകളെയായിരുന്നു സ്കോർബോർഡ് മുന്നോട്ടു ചലിപ്പിക്കാൻ അവർ ആശ്രയിച്ചത്.

ലിയാം പ്ലൻകറ്റ് മൂന്നും ക്രിസ് വോക്സ് രണ്ടും വിക്കറ്റ് വീഴ്ത്തി. ബെയർസ്റ്റോയുടെ (111) സെഞ്ചുറിയാണ് ഇംഗ്ലണ്ടിന് കാര്യങ്ങൾ എളുപ്പമാക്കിയത്. ബെൻ സ്റ്റോക്ക്സ് 54 പന്തിൽ 79 റൺസെടുത്തു. ജേസൺ റോയ് 57 പന്തിൽ 66 റൺസ് നേടി. ജോ റൂട്ടിന്റെ സംഭാവന 44 റൺസായിരുന്നു. 90 പന്തിൽ നിന്നാണ് ബെയർസ്റ്റോ തന്റെ ആദ്യ ലോകകപ്പ് സെഞ്ചുറി സ്വന്തമാക്കിയത്. ഇരുപത്തിയാറാം ഓവറിലായിരുന്നു ബെയർസ്റ്റോയുടെ നേട്ടം.

ഇംഗ്ലണ്ടിന്റെ ഏഴു വിക്കറ്റിൽ അഞ്ചും വീഴ്ത്തിയത് മുഹമ്മദ് ഷമിയാണ്. പക്ഷേ 10 ഓവറിൽ താരം 69 റൺസ് വഴങ്ങി. ഏകദിന കരിയറിൽ ഷമിയുടെ ആദ്യത്തെ അഞ്ചു വിക്കറ്റ് നേട്ടമാണിത്. യുസ്വേന്ദ്ര ചാഹൽ 10 ഓവറിൽ വഴങ്ങിയത് 88 റൺസാണ്. ഇന്ത്യൻ സ്പിന്നറുടെ ഏറ്റവും മോശം ബൗളിങ്ങാണിത്. കുൽദീപ് യാദവ് 72 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. എന്നാൽ ജസ്പ്രീത് ബുംറ മാത്രം തന്റെ മികവ് തുടർന്നു. 10 ഓവറിൽ വഴങ്ങിയത് 44 റൺസ് മാത്രം.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് തുടക്കത്തിൽ തന്നെ താളം കണ്ടടെത്തി. ഓപ്പണിങ് വിക്കറ്റിൽ ജേസൺ റോയിയും ബെയർസ്റ്റോയും ചേർന്ന് പടുത്തുയർത്തിയത് 160 റൺസ്. 66 റൺസെടുത്ത റോയിയെ പുറത്താക്കി കുൽദീപ് യാദവാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ബൗണ്ടറി ലൈനിന് അരികിൽ ജഡേജയുടെ ഫ്ളെയിങ് ക്യാച്ച്.

പിന്നീട് രണ്ടാം വിക്കറ്റിൽ ബെയർസ്റ്റോയും റൂട്ടും ചേർന്ന് 45 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 109 പന്തിൽ 111 റൺസെടുത്ത ബെയർസ്റ്റോയെ പുറത്താക്കി മുഹമ്മദ് ഷമി ഈ കൂട്ടുകെട്ട് പൊളിച്ചു. രണ്ട് റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഇയാൻ മോർഗനേയും ഷമി തിരിച്ചയച്ചു.
നാലാം വിക്കറ്റിൽ റൂട്ടും ബെൻ സ്റ്റോക്ക്സും ചേർന്ന് 70 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 45-ാം ഓവറിൽ റൂട്ടിനെ ഷമി പുറത്താക്കി. പിന്നീട് ക്രീസിലെത്തിയ ജോസ് ബട്ലർ എട്ടു പന്തിൽ 20 റൺസോടെ സ്കോറിങ് വേഗത കൂട്ടി. എന്നാൽ തന്റെ പന്തിൽ ക്യാച്ചെടുത്ത് ഷമി ബട്ലറേയും തിരിച്ചയച്ചു.

49-ാം ഓവറിൽ ക്രിസ് വോക്സിനെ (7) പുറത്താക്കി ഷമി അഞ്ച് വിക്കറ്റ് നേട്ടത്തിലെത്തി. ആ സമയത്ത് ആറു വിക്കറ്റിന് 319 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. അവസാന ഓവറിൽ ജസ്പ്രീത് ബുംറയെ തൊടാൻ ഇംഗ്ലീഷ് ബാറ്റ്സ്മാൻമാർക്ക് കഴിഞ്ഞില്ല. സിക്സിന് ശ്രമിച്ച ബെൻ സ്റ്റോക്ക്സ് ജഡേജയുടെ കൈയിലൊതുങ്ങി. 54 പന്തിൽ 79 റൺസ് അടിച്ചിരുന്നു സ്റ്റോക്ക്സ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more