സ്റ്റീഫൻ അലക്സ് ഇലവുങ്കൽ
ലോർഡ്സ്: ലോകകപ്പിൽ തുടർച്ചയായ രണ്ടാം തോൽവിയുമായി ന്യൂസീലൻഡിന്റെ സെമി ഫൈനൽ പ്രതീക്ഷ തുലാസിൽ. പാകിസ്താനോടേറ്റ തോൽവിക്ക് പിന്നാലെ ഓസ്ട്രേലിയയോടും പരാജയപ്പെട്ടു. ലോർഡ്സിൽ നടന്ന മത്സരത്തിൽ 86 റൺസിനായിരുന്നു തോൽവി. 244 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കിവീസ് 43.4 ഓവറിൽ 157 റൺസിന് എല്ലാവരും പുറത്തായി.
51 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 40 റൺസ് നേടിയ ക്യാപ്റ്റൻ കെയ്ൻ വില്ല്യംസൺ മാത്രമാണ് പിടിച്ചുനിന്നത്. റോസ് ടെയ്ലർ 30 റൺസ് നേടി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കിന്റെ പേസിന് മുന്നിൽ കിവി ബാറ്റ്സ്മാൻമാർക്ക് മറുപടിയുണ്ടായിരുന്നില്ല.
29 റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ അവർക്ക് ഓപ്പണർ ഹെന്റി നിക്കോൾസിനെ നഷ്ടപ്പെട്ടു. 20 റൺസായിരുന്നു മാർട്ടിൻ ഗുപ്റ്റിലിന്റെ സമ്പാദ്യം. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണു. ഗ്രാന്ദ്ഹോം അക്കൗണ്ട് തുറക്കും മുമ്പ് പുറത്തായപ്പോൾ 14 റൺസെടുത്ത ടോം ലാഥത്തെ സൂപ്പർ ക്യാച്ചിലൂടെ സ്റ്റീവ് സ്മിത്ത് തിരിച്ചയച്ചു. നീഷാം ഒമ്പത് റൺസിനും സാന്റ്നർ 12 റൺസിനും പുറത്തായി. ഫെർഗൂസൺ നേരിട്ട മൂന്നാം പന്തിൽ ബൗൾഡായപ്പോൾ ഇഷ് സോധിയുടെ സമ്പാദ്യം അഞ്ചു റൺസായിരുന്നു.
9.4 ഓവറിൽ 26 റൺസ് മാത്രം വഴങ്ങിയാണ് സ്റ്റാർക്ക് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ഇതോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന താരമെന്ന റെക്കോഡും ഓസീസ് പേസർ സ്വന്തമാക്കി. മൂന്നാം തവണയാണ് സ്റ്റാർക്ക് ഈ നേട്ടത്തിലെത്തുന്നത്. ബെഹെറെൻഡോഫ് രണ്ട് വിക്കറ്റെടുത്തപ്പോൾ കമ്മിൻസും ലിയോണും സ്മിത്തും ഓരോ വിക്കറ്റ് വീതം നേടി.
നേരത്തെ ട്രെന്റ് ബോൾട്ടിന്റെ ഹാട്രിക് മികവിൽ കിവീസ് ഓസ്ട്രേലിയയെ 243 റൺസിലൊതുക്കുകയായിരുന്നു. 50-ാം ഓവറിലെ മൂന്നും നാലും അഞ്ചും പന്തുകളിൽ വിക്കറ്റ് നേടി ട്രെന്റ് ബോൾട്ട് കാണികളെ ത്രസിപ്പിച്ചു. ഉസ്മാൻ ഖ്വാജ (88), മിച്ചൽ സ്റ്റാർക്ക് (0), ബെഹെറെൻഡോർഫ് (0) എന്നിവരാണ് പുറത്തായത്.
ഈ ലോകകപ്പിലെ രണ്ടാമത്തെ ഹാട്രിക് ആണിത്.
അഫ്ഗാനിസ്താനെതിരായ മത്സരത്തിൽ ഇന്ത്യൻ പേസർ മുഹമ്മദ് ഷമി ഹാട്രിക് നേടിയിരുന്നു. ലോകകപ്പിൽ ഹാട്രിക് നേടുന്ന ആദ്യത്തെ ന്യൂസീലൻഡ് താരമെന്ന റെക്കോഡ് ബോൾട്ട് സ്വന്തമാക്കി.
ഒരു ഘട്ടത്തിൽ അഞ്ചു വിക്കറ്റിന് 92 റൺസ് എന്ന നിലയിലായിരുന്ന ഓസ്ട്രേലിയയെ പിന്നീട് അലക്സ് കാരിയും ഉസ്്മാൻ ഖ്വാജയും ചേർന്ന് കര കയറ്റുകയായിരുന്നു. ഇരുവരും ആറാം വിക്കറ്റിൽ 107 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 72 പന്തിൽ 11 ഫോറിന്റെ സഹായത്തോടെ 71 റൺസ് അടിച്ച അലക്സ കാരിയെ പുറത്താക്കി വില്ല്യംസണാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
പിന്നീട് ക്രീസിലെത്തിയ പാറ്റ് കമ്മിൻസിനെ കൂട്ടുപിടിച്ച് ഖ്വാജ ഏഴാം വിക്കറ്റിൽ 44 റൺസ് കൂടി കൂട്ടിച്ചേർത്തു. 129 പന്തിൽ 88 റൺസായിരുന്നു പുറത്താകുമ്പോൾ ഖ്വാജയുടെ സമ്പാദ്യം.ഖ്വാജയെ ബൗൾഡാക്കിയാണ് ബോൾട്ട് ഹാട്രിക് വിക്കറ്റിന് തുടക്കമിട്ടത്. ന്യൂസീലൻഡിനായി ബോൾട്ട് നാല് വിക്കറ്റ് വീഴ്ത്തി. ഫെർഗൂസണും നീഷാമും രണ്ട് വിക്കറ്റ് വീതം നേടി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസിന് 15 റൺസിനിടയിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. എട്ടു റൺസെടുത്ത ആരോൺ ഫിഞ്ചിനെ ട്രെന്റ് ബോൾട്ട് വിക്കറ്റിന് മുന്നിൽ കുരുക്കി. പിന്നാലെ 16 റൺസെടുത്ത ഡേവിഡ് വാർണറും പുറത്തായി.
ഫെർഗൂസണായിരുന്നു വിക്കറ്റ്. അഞ്ച് റൺസെടുത്ത് സ്റ്റീവ് സ്മിത്ത് പുറത്തായപ്പോൾ മാർക്കസ് സ്റ്റോയിൻസിന്റെ സമ്പാദ്യം 21 റൺസായിരുന്നു. അക്കൗണ്ട് തുറക്കും മുമ്പ് ഗ്ലെൻ മാക്സ്വെല്ലിനെ നീഷാം പുറത്താക്കി.
എട്ടു മത്സരങ്ങളിൽ നിന്ന് 11 പോയിന്റുള്ള ന്യൂസീലൻഡ് മൂന്നാം സ്ഥാനത്ത് തുടരുകയാണ്. നേരത്തെ തന്നെ സെമിയിലെത്തിയ ഓസ്ട്രേലിയയുടെ ഏഴാം വിജയമാണിത്. 14 പോയിന്റുമായി അവർ ഒന്നാം സ്ഥാനത്താണ്.
click on malayalam character to switch languages