സ്റ്റീഫൻ അലക്സ് ഇലവുങ്കൽ
ബർമിങ്ഹാം: നിർണായക മത്സരത്തിൽ ന്യൂസീലൻഡിനെ ആറു വിക്കറ്റിന് തോൽപ്പിച്ച് പാകിസ്താൻ ലോകകപ്പിലെ സെമി പ്രതീക്ഷ നിലനിർത്തി. 238 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ അഞ്ച് പന്ത് ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ വിജയതീരത്തെത്തി. സെഞ്ചുറി ഇന്നിങ്സുമായി ബാബർ അസം മുന്നിൽ നിന്ന് നയിച്ചപ്പോൾ അർധ സെഞ്ചുറിയുമായി ഹാരിസ് സുഹൈൽ പിന്തുണ നൽകി.
നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 126 റൺസ് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 127 പന്തിൽ 101 റൺസുമായി ബാബർ അസം പുറത്താകാതെ നിന്നപ്പോൾ 76 പന്തിൽ ഹാരിസ് സുഹൈൽ 68 റൺസ് നേടി. 49-ാം ഓവറിൽ ഗുപ്റ്റിൽ ഹാരിസിനെ റൺഔട്ടാക്കിയതോടെ ഈ കൂട്ടുകെട്ട് അവസാനിക്കുകയായിരുന്നു. ഒപ്പം ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 3000 റൺസ് പൂർത്തിയാക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡ് ഈ മത്സരത്തിലൂടെ ബാബർ സ്വന്തമാക്കി.
ഓപ്പണർമാരായ ഫഖർ സമാൻ, ഇമാമുൽ ഹഖ്, മുഹമ്മദ് ഹഫീസ് എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്സ്മാൻമാർ. ഒമ്പത് റൺസെടുത്ത ഫഖർ സമാനെ ട്രെന്റ് ബോൾട്ട് പുറത്താക്കിയപ്പോൾ 19 റൺസെടുത്ത ഇമാമുൽ ഹഖിന്റെ വിക്കറ്റ് ഫെർഗൂസണാണ്. 32 റൺസെടുത്ത ഹഫീസിനെ വില്ല്യംസൺ ഫെർഗൂസന്റെ കൈയിലെത്തിക്കുകയായിരുന്നു.
നേരത്തെ ന്യൂസീലൻഡ് നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 237 റൺസ് നേടി. ഒരു ഘട്ടത്തിൽ അഞ്ച് വിക്കറ്റിന് 83 റൺസ് എന്ന നിലയിൽ തകർച്ചയിലായിരുന്ന ന്യൂസീലൻഡിനെ നീഷാമും ഗ്രാന്ദ്ഹോമും ചേർന്ന് കര കയറ്റുകയായിരുന്നു. ഇരുവരും ആറാം വിക്കറ്റിൽ 132 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. നീഷാം 112 പന്തിൽ പുറത്താകാതെ 97 റൺസെടുത്തപ്പോൾ ഗ്രാന്ദ്ഹോം 64 റൺസ് നേടി. 71 പന്തിൽ ആറു ഫോറും ഒരു സിക്സും അടിച്ച ഗ്രാന്ദ്ഹോം റൺ ഔട്ടാകുകയായിരുന്നു. പാകിസ്താനായി ഷഹീൻ അഫ്രീദി മൂന്നു വിക്കറ്റ് വീഴ്ത്തി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡിിന് 24 റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ ഓപ്പണർമാരെ നഷ്ടപ്പെട്ടു. അഞ്ച് റൺസെടുത്ത മാർട്ടിൻ ഗുപ്റ്റിലിനെ മുഹമ്മദ് ആമിർ ബൗൾഡാക്കിയപ്പോൾ കോളിൻ മൺറോയെ ഷഹീൻ അഫ്രീദി തിരിച്ചയച്ചു. 12 റൺസായിരുന്നു മൺറോയുടെ സമ്പാദ്യം. തൊട്ടുപിന്നാലെ റോസ് ടെയ്ലറെ ഷഹീൻ അഫ്രീദി സർഫറാസ് അഹമ്മദിന്റെ കൈയിലെത്തിച്ചു. ആകെ മൂന്ന് റൺസാണ് ടെയ്ലർ നേടിയത്. ഷഹീന്റെ അടുത്ത ഇര ടോം ലാഥം ആയിരുന്നു. ഒരു റണ്ണെടുത്ത ലാഥത്തെ ഷഹീന്റെ പന്തിൽ സർഫറാസ് ക്യാച്ച് ചെയ്തു. പിന്നീട് നിലയുറപ്പിക്കാൻ ശ്രമിച്ച കെയ്ൻ വില്ല്യംസണെ ഷദാബ് ഖാൻ തിരിച്ചയച്ചു. സർഫറാസിന് ആയിരുന്നു ക്യാച്ച്. 69 പന്തിൽ 41 റൺസാണ് വില്ല്യംസൺ നേടിയത്.
click on malayalam character to switch languages