സ്റ്റീഫൻ അലക്സ് ഇലവുങ്കൽ
മാഞ്ചെസ്റ്റർ: പാകിസ്താനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യയ്ക്ക് 89 റൺസ് ജയം. പാകിസ്താൻ ഇന്നിങ്സിന്റെ 35-ാം ഓവറിൽ മത്സരം മഴ മുടക്കിയതോടെ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 40 ഓവറിൽ 302 റൺസായി പുനർനിശ്ചയിക്കുകയായിരുന്നു.

35 ഓവറിൽ ആറിന് 166 റൺസെന്ന നിലയിലായിരുന്ന പാകിസ്താന് ജയിക്കാൻ അഞ്ച് ഓവറിൽ 136 റൺസെടുക്കേണ്ട അവസ്ഥ വന്നു. 40 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുക്കാനേ പാകിസ്താന് സാധിച്ചുള്ളൂ.

ലോകകപ്പിൽ പാകിസ്താനെതിരേ കളിച്ച ഏഴു മത്സരങ്ങളിൽ ഇന്ത്യ നേടുന്ന ഏഴാം ജയമാണിത്. 337 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്താന് സ്കോർ 13-ൽ എത്തിയപ്പോൾ ഇമാം ഉൾ ഹഖിനെ (7) നഷ്ടമായി. പേശീവലിവ് കാരണം പിൻമാറിയ ഭുവനേശ്വർ കുമാറിന് പകരം ഓവർ പൂർത്തിയാക്കാനെത്തിയ വിജയ് ശങ്കറാണ് ഇമാമിനെ പുറത്താക്കിയത്. ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തിൽ തന്നെ ശങ്കർ വിക്കറ്റ് വീഴ്ത്തി.

പിന്നീട് ഫഖർ സമാനും ബാബർ അസമും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 104 റൺസ് കൂട്ടിച്ചേർത്തു. ബാബർ അസമിനെ (48) പുറത്താക്കി കുൽദീപ് യാദവാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. വൈകാതെ 62 റൺസെടുത്ത ഫഖർ സമാനും മടങ്ങി. അതോടെ പാകിസ്താൻ തകർന്നു. മുഹമ്മദ് ഹഫീസ് (9), ഷുഐബ് മാലിക്ക് (0), ക്യാപ്റ്റൻ സർഫറാസ് (12) എന്നിവർകാര്യമായ ചെറുത്തുനിൽപ്പുകളില്ലാതെ മടങ്ങി.

ഇന്ത്യയ്ക്കായി കുൽദീപ് യാദവ്, ഹാർദിക് പാണ്ഡ്യ, വിജയ് ശങ്കർ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 336 റൺസെടുത്തിരുന്നു. ഇടയ്ക്കുവെച്ച് മഴ കാരണം മത്സരം തടസപ്പെട്ടു. ഇന്ത്യ 46.4 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 305 റൺസെടുത്തു നിൽക്കെയാണ് മഴയെത്തിയത്. പിന്നീട് മത്സരം പുനഃരാരംഭിക്കുകയായിരുന്നു.

ഇന്ത്യൻ ടോപ്പ് ഓർഡർ മികച്ച പ്രകടനം കാഴ്ചവെച്ച മത്സരത്തിൽ രോഹിത് ശർമയുടെ സെഞ്ചുറി പ്രകടനമാണ് ഇന്ത്യയ്ക്ക് കരുത്തായത്. 85 പന്തുകളിൽ നിന്ന് തന്റെ 24-ാം ഏകദിന സെഞ്ചുറി തികച്ച രോഹിത് 113 പന്തിൽ നിന്ന് മൂന്നു സിക്സും 14 ബൗണ്ടറികളുമടക്കം 140 റൺസെടുത്ത് പുറത്തായി. ഹസൻ അലിയുടെ പന്തിൽ വഹാബ് റിയാസിന് ക്യാച്ച് നൽകിയാണ് രോഹിത് പുറത്തായത്. ഈ ലോകകപ്പിൽ രോഹിത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്.

65 പന്തിൽ നിന്ന് ഏഴു ബൗണ്ടറികളോടെ 77 റൺസെടുത്ത ക്യാപ്റ്റൻ കോലിയും ഇന്ത്യയ്ക്കായി തിളങ്ങി. രോഹിത് – ലോകേഷ് രാഹുൽ ഓപ്പണിങ് കൂട്ടുകെട്ട് ഇന്ത്യയ്ക്കായി മികച്ച തുടക്കമാണ് നൽകിയത്. 23.5 ഓവറിൽ 136 റൺസ് ചേർത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 78 പന്തിൽ നിന്ന് 57 റൺസെടുത്ത രാഹുൽ വഹാബ് റിയാസിന്റെ പന്തിലാണ് പുറത്തായത്.

പിന്നീട് ക്രീസിൽ ഒന്നിച്ച രോഹിത് – കോലി കൂട്ടുകെട്ട് 98 റൺസ് ഇന്ത്യൻ സ്കോറിലേക്ക് ചേർത്തു. 39-ാം ഓവറിൽ രോഹിത് പുറത്തായ ശേഷം എത്തിയ ഹാർദിക് പാണ്ഡ്യ 19 പന്തിൽ നിന്ന് 26 റൺസെടുത്ത് പുറത്തായി. ധോനിക്ക് വെറും ഒരു റണ്ണെടുക്കാനേ സാധിച്ചുള്ളൂ.

ഇതിനിടെ മത്സരത്തിൽ 57 റൺസ് നേടിയതോടെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. ഏറ്റവും വേഗത്തിൽ ഏകദിനത്തിൽ 11,000 റൺസ് തികയ്ക്കുന്ന താരമെന്ന നേട്ടം സച്ചിനെ മറികടന്ന് കോലി സ്വന്തമാക്കി. 222 ഇന്നിങ്സുകളിൽ നിന്നാണ് കോലി ഈ നേട്ടം പിന്നിട്ടത്. സച്ചിന് 11,000 റൺസ് തികയ്ക്കാൻ 276 ഇന്നിങ്സുകൾ വേണ്ടിവന്നിരുന്നു. ഈ നേട്ടം പിന്നിടുന്ന എട്ടാമത്തെ താരവും മൂന്നാമത്തെ ഇന്ത്യൻ താരവുമാണ് കോലി. 18,426 റൺസെടുത്ത സച്ചിൻ തെണ്ടുൽക്കറും 11,363 റൺസുമായി സൗരവ് ഗാംഗുലിയുമാണ് കോലിക്ക് മുന്നിലുള്ളത്.
നേരത്തെ ടോസ് നേടിയ പാകിസ്താൻ ക്യാപ്റ്റൻ സർഫറാസ് അഹമ്മദ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.
click on malayalam character to switch languages