1 GBP = 105.78
breaking news

സഖാക്കളെ മുന്നോട്ട്!! (രാഷ്ട്രീയ നിരീക്ഷണം)

സഖാക്കളെ മുന്നോട്ട്!! (രാഷ്ട്രീയ നിരീക്ഷണം)

ഷാജി ചരമേൽ

ഞാനൊരു കമ്യൂണിസ്റ്റല്ലാ, കമ്മ്യൂണിസ്റ്റ് വിരുദ്ധനും അല്ല .മധ്യകേരളത്തിലെ ഒരു സാധാരണ നസ്രാണി കുടുംബത്തിൽ ജനിച്ചിട്ടും ‘കോട്ടയം കോൺഗ്രസ്’ ആഭിമുഖ്യമുണ്ടായിട്ടുമില്ല. പ്രത്യയശാസത്രപരമായും രാഷ്ട്രീയപരമായും ഗാന്ധിയൻ ദർശനങ്ങളോടായിരുന്നു അന്നും ഇന്നും താൽപര്യം എങ്കിലും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അടിസ്ഥാന വർഗ്ഗങ്ങളുടെയും ആശയും ആവേശവുമായ ഇടതുപക്ഷ പ്രസ്ഥാനങ്ങളോട് , നാട്ടിലെ നട്ടെല്ലുള്ള ചുറുചുറുക്കുഉള സഖാക്കളോട്, രക്തപതാക തണലിൽ വിരിഞ്ഞ അവരുടെ മതനിരപേക്ഷ നിലപാടുകളൊട് ഒരു മമത ചെറുപ്പം മുതലെ ഹൃദയത്തിലെവിടെയോ ഇടം പിടിച്ചിരുന്നു. അതിപ്പോ കൂട്ടുകൂടി കുട്ടിജാഥ കളിച്ചപ്പോൾ വിളിച്ച ‘ഇങ്കിലാം’ മിൻ്റെ ഇംബമാണോ കൗമാരകാലത്ത് കലാലയത്തിൽ കേട്ട ‘ചെഞ്ചോര ചെമ്മണ്ണിൽ ചെഞ്ചായം പൂശിയ ചെങ്കൊടി’യിൽ തുടങ്ങുന്ന മുദ്രാവാക്യ ശകലങ്ങളുടെ സൗകുമാര്യമാണോ എന്നൊന്നും വേർതിരിച്ചെടുക്കാൻ കഴിയുന്നില്ല.നന്നേ ചെറുപ്പം മുതൽ പ്രവർത്തിച്ച പല മേഖലകളിലും , പ്രത്യേകിച്ച് സാമൂഹ്യ-സാംസ്കാരിക മേഖലകളിൽ ആശയസമ്പന്നരും, ആദർശ ധീരരുമായ നിരവധി സഖാക്കളുടെ നിസ്വാർത്ഥമായ സേവന തൽപ്പരത എന്നെ ഏറെ ആകർഷിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യാ, വികസനത്തെ വിപ്ലവം കൊണ്ട് എതിർക്കുന്ന കമ്യൂണിസം, പാർട്ടി അവസാനിപ്പിച്ചതിൽ സന്തോഷോണ്ട് ട്ടോ’ വികസനം നടത്തിയാലേ വല്ലതും തടയൂ എന്ന സാംബ്രതായിക വലതുപക്ഷ സമീപനത്തോട് പാർട്ടി സമരസപ്പെട്ടു എന്നത് സ്വാഭാവിക പ്രത്യയശാസത്ര പരിണാമ പ്രക്രിയ മാത്രമായിരിക്കുമല്ലോ അല്ലേ? എവിടെ പോയി സാർവ്വദേശതൊഴിലാളി സംഘടനയുടെ നൈഷ്ഠിക വിപ്ലവ വിചാരധാരകൾ ? ബൗദ്ധികമായും താത്വികമായും ജരാനരകൾ ബാധിച്ച് പോളിറ്റ് ബ്യൂറോയിൽ സ്ഥിരതാമസക്കാരായ കാരാട്ടു ദമ്പതികളുടെ അപ്രായോഗികവും കാലോചിതവുമല്ലാത്ത രാഷ്ട്രതന്ത്രജ്ഞത മുതൽ കാരായി സഹോദരന്മാരുടെ കരവിരുതകൾ തുടങ്ങി കള്ളവോട്ടു വരെ വിശകലനം ചെയ്യുമ്പോൾ പണ്ടൊക്കെ മനസ്സിലാക്കാൻ ഒത്തിരി പാടുപെട്ട ‘വൈരുദ്ധ്യാത്മക ഭൗതികവാദം’ നേരിൽ കണ്ട് ബോധ്യപ്പെട്ടു സഖാക്കളെ ! നമോവാകം!…. എന്തിന് വെറുതെ വായിൽ കൊള്ളാത്തത് വായിച്ചു സമയം കളഞ്ഞു , കാത്തിരുന്നാൽ മതിയായിരുന്നല്ലോ എന്നൊരു തോന്നൽ.

ഇരുപത്തിമൂന്നാം തിയതി വൈകുന്നേരമാവുമ്പോഴും ധീര സഖാക്കൾ ഇവിടൊക്കെ തന്നെ ഉണ്ടാവണം, ചാനൽ ചർച്ചക്ക് വിളിക്കുമ്പോൾ ഫോൺ കട്ടാക്കരുത്, ചുമ്മാ വന്നിരുന്ന് സങ്കി മന്ത്രം ചൊല്ലിയിൽ മതി ഉണ്ണിത്താൻ മുതൽ ഉസ്മാൻ ഷാനിമോൾ വരെ സംഘിയാണെന്ന് ഞങ്ങൾക്കെപ്പോഴെ മനസ്സിലായതാ! പോരാളിയുടെ ഒരു പോസ്റ്റും ഞങ്ങൾ ഷെയറു ചെയ്യാതിരിക്കില്ലാ, ഡൽഹി ഗ്രൗണ്ടിലെ സ്കോർബോർഡിൽ duck ൻ്റെ പടം തെളിയില്ലെന്ന് ഞങ്ങൾക്കുറപ്പുണ്ട്. ഇനി അങ്ങനാണേ തന്നെ നമ്മുടെ സച്ചിൻ പോലും എത്ര പ്രാവശ്യം duck നെ കണ്ടതാ…. .രാജേഷും, സമ്പത്തുമൊക്കെ മാത്രം മതി ദില്ലിയിൽ അദ്ധ്വാന വർഗ്ഗത്തിൻ്റെ ജിഹ്വകളായി, ബഹുസ്വരതയുടെ കാവൽക്കാരായി നിലകൊള്ളാൻ , അതു കൊണ്ട് ധീര സഖാക്കളാരും കണ്ടം വഴി ഓടരുത് ഇനി ഓടിയാലും കാവിയുടുത്ത് മടങ്ങരുതേ !! അങ്ങനെ നിങ്ങൾ കാൺഗ്രസിന് ചെന്നിത്തല കോളേജിൽ ചേർന്ന് പഠിക്കില്ല എന്ന് ഞങ്ങൾ പ്രതീക്ഷ വച്ചോട്ടെ ! കെ സുധാകരനിൽ നിന്നും കെ സുരേന്ദ്രനിലേക്കുള്ള അകലം വളരെ കുറവാണെന്ന് ഞങ്ങൾക്കറിയാം!!…. ജയരാജന്മാരൊന്നും ഈ ജന്മത്ത് സംഘിയാവില്ലെന്നും ഞങ്ങൾക്കുറപ്പുണ്ട്.

എറ്റവും വലിയ ജനാധിപത്യ രാജ്യത്തിൽ സ്വാതന്ത്ര്യമനുഭവിക്കുന്ന ഒരു ജനതയോട് , പട്ടാളഭരണം നടക്കുന്ന ചൈനയെ നോക്കൂ പഠിക്കൂ എന്ന് പറഞ്ഞ വൈരുദ്ധ്യാത്മകതയെ മൗഠ്യമെന്ന് വിളിച്ചാൽ തെറ്റുണ്ടോ? പക്ഷേ പാർട്ടി ലൈനിൽ ഒരൽപം മാനവികതയൊക്കെ കൂട്ടിച്ചേർത്ത് ആ യച്ചൂരി ലൈൻ ഒന്ന് അംഗീകരിക്ക് കേരള നേതാക്കളെ ! നാളെകൾ നിങ്ങളുടെതാവും…. ഒപ്പം രാജ്യത്തിൻ്റെ നിയമ വ്യവസ്ഥിതി അംഗീകരിക്കുന്ന ഞങ്ങൾ സാധാരണ ന്യൂനപക്ഷങ്ങൾ ഓരം ചേർന്നു നടക്കും. ഓർമ്മയിലുണ്ടാവുമല്ലോ വിപ്ലവ പ്രസ്ഥാനങ്ങൾക്ക് ഒക്കെ കൂടി നൂറിനടുത്ത് സീറ്റുണ്ടായിരുന്ന ഒരു കാലം, സഖാവ് ജ്യോതി ബസുവിലൂടെ ഇന്ത്യ മഹാരാജ്യം ഭരിക്കാൻ ലഭിച്ച പാർട്ടിയുടെ സുവർണ്ണാവസരം നഷ്ടമാക്കിയതിൻ്റെ പിന്നിലും നിങ്ങൾ കേരളത്തിലെ ദീർഘവീക്ഷണമില്ലാത്ത നേതാകളുടെ ധാർഷ്ട്യവും പിടിവാശിയുമായിരുന്നില്ലേ? ഇന്നിപ്പോ ഇതെന്തു പറ്റീന്നല്ലേ, അല്ല മദനിയെ മാനസപുത്രനാക്കാൻ നിങ്ങളൊക്കെ നെട്ടോട്ടമോടിയില്ലേ! നാല് വോട്ടിനായി മനുഷ്യാവകാശം പറഞ്ഞ് ദേശസുരക്ഷയെ അപകടത്തിലാക്കാൻ ഇടതു വലതു ഭേദമില്ലാതെ നിങ്ങൾ മത്സര ഓട്ടത്തിൽ ഏർപ്പെട്ടിരുന്നപ്പോൾ സംഘപരിവാരങ്ങൾ സുസംഘടിതരായി വളർന്നു എന്നതല്ലേ യാഥാർത്ഥ്യം !! അല്ലാതെ ഇന്നലെ പെയ്ത ആർത്തവ മഴയിലെ ആചാരലംഘനത്തിൽ രണ്ട് രാത്രി കൊണ്ട് പൊട്ടി മുളച്ചു തഴച്ചു വളർന്നതല്ലല്ലോ ! !

ഹരിത തീവ്രവാദത്തെ (ഹരിതവിപ്ലവമെന്ന് തെറ്റിധരിച്ച് ആയിരിക്കും) മാറി മാറി വന്ന ഭരണ മുന്നണികൾ ഒരു മര്യാദയും കൂടാതെ താലോലിച്ചില്ലെ ! ഇക്കാര്യത്തിൽ ഏറെ മുൻപിൽ കാൺഗ്രസ് ആണെന്നറിയുന്നതു കൊണ്ട് പറയുവാ. കേരളം തീവ്രവാദത്തിൻ്റെ കേളീരംഗമായി മാറിക്കഴിഞ്ഞു എന്ന് തെളിവും അറസ്റ്റുമുൾപ്പടെ വ്യക്തമാക്കുന്നത് ദേശീയ തീവ്രവാദ നിവാരണ അഥോറിട്ടി ആണ് മോദിയും കുമ്മനവും ഒന്നുമല്ലാ …. ഇതെങ്ങോട്ടാണ് കേരളത്തിൻ്റെ പോക്ക് ? കേരളത്തിലെ സഖാക്കൾ തളരരുത്, ഇനിയൊരു വട്ടം കൂടി കേരളത്തിൽ വർഗീയ കക്ഷികളുടെ കൂട്ടു മുന്നണി അധികാരത്തിൽ വരികയും സുപ്രധാന വകുപ്പുകളായ ധനം, വിദ്യാഭ്യാസം, റവന്യൂ, പൊതുമരാമത്ത് ഒക്കെ മേൽ പറഞ്ഞ സാമുദായിക സഖ്യകക്ഷികൾ വീതിച്ചെടുക്കുകയും ചെയ്താൽ നമ്മുടെ നാടിൻ്റെ നിലനിൽപ് തന്നെ അപകടത്തിലാവും. കഴിഞ്ഞ ഭരണകാലത്ത് പച്ച നിറമടിച്ച സ്കൂളുകളിൽ ഇനി പച്ച നിറത്തിലുള്ള പാഠപുസ്തകങ്ങളിറക്കും, ബഡ്ജറ്റ് അരമനകളുടെ അകത്തളങ്ങളിൽ തയ്യാറാക്കപ്പെടും അതു കൊണ്ട് പ്രിയ സഖാക്കൾ ഉണരണം കണ്ണൂർ ലോബിയുടെ ഊരി പിടിച്ച ഉടവാളിൽ നിന്ന് പാർട്ടിയെ രക്ഷിക്കണം, ധാർഷ്ട്യക്കാരുടെ കയ്യിൽ നിന്ന് ധർമ്മിഷ്ഠരുടെ കരങ്ങളിലേക്ക് പാർട്ടിയെത്തണം. ഉണ്ടല്ലോ ആശയസമ്പന്നരും സൗമ്യരുമായ എസ് ആർ പി യും , എം എ ബേബിയും, തോമസ് ഐസക്കും, എം ബി രാജേഷുമൊക്കെ. കേൾക്കാനിഷ്ടമില്ലായിരിക്കാം എങ്കിലും പറയട്ടെ മനുഷ്യ സ്നേഹിയായ രാഹുലിൻ്റെ മതനിരപേക്ഷ ദേശീയ കോൺഗ്രസും സർവ്വാദരണീയനായ യെച്ചൂരി സഖാവിൻ്റെ പാർട്ടിയുമൊരുമിച്ച് കേരളത്തിലും തിരഞ്ഞെടുപ്പിനെ നേരിടുന്ന കാലം അതിവിദൂരമല്ലാ അതിനെ വേണമെങ്കിൽ വൈരുദ്ധ്യാത്മക പ്രത്യയശാസ്ത്ര പരിണയമെന്നേ മറ്റോ നമുക്കങ്ങ് വിളിച്ചു കളയാം….. അത്തരമൊരു സർക്കാരിനായി ,സമഗ്ര മാറ്റത്തിനായി കാത്തിരിക്കാം….

സംഘ ശക്തികളെ അധികാരത്തിൽ നിന്നകറ്റി നിർത്താൽ അനാവശ്യ ഈഗോ മാറ്റി വച്ച് രാഹുലിൻ്റ കോൺഗ്രസുമായി ദേശീയ തലത്തിൽ കൂട്ടുകുടുന്നതിൽ തെറ്റില്ലായിരുന്നു സഖാക്കളെ, രാഹുൽജിയും യെച്ചൂരിയും ഒന്നിച്ചു നിൽക്കുന്ന കണ്ടാൽ ആർക്കാ രോമാഞ്ചമുണ്ടാകാത്തെ? ങ്ങ്ഹാ ഇനീപ്പോ പറഞ്ഞിട്ടെന്താ കാര്യം മോദി രാജ്യം വരുമെന്നേറെക്കുറെ ഉറപ്പായ സ്ഥിതിക്ക് നാട്ടിലെ സ്ഥാവര വസ്തു വകകളൊക്കെ വിറ്റ് തുട്ടാക്കി ഇന്ത്യൻ രൂപയുടെ മൂല്യം ‘സംപൂജ്യ’ മാകുന്നതിന് മുൻപേ ഇങ്ങോട്ടേക്കെത്തിക്കണം എന്നാണ് ഇവിടെ ചിലരുടെയൊക്കെ അടക്കം പറച്ചിൽ…., എന്തായാലും എൻ്റെ നാട്ടിലെ സഖാക്കളുടെ ഉയിരിൽ ജീവനുള്ള കാലത്തോളം അതു വേണ്ടി വരില്ലന്ന് എനിക്കുറപ്പുണ്ട്. പക്ഷേ എൻ്റെ ചിന്തയിൽ പെട്ടന്ന് വരുന്നത് മറ്റൊന്നാണ്, അമ്മയുണ്ടായിരുന്നപ്പോൾ നാട്ടിൽ ചെന്നിട്ട് പോരുന്നേരം തേങ്ങ കൊത്തിയിട്ട് വേവിച്ച് വെളിച്ചെണ്ണയിൽ ഉലർത്തിയ നല്ല നാടൻ പോത്തിറച്ചി ഇവിടെയെത്തുമ്പോൾ എയർപോർട്ടിൽ പിടിക്കപ്പെടാതിരിക്കാൻ പ്രത്യേകം കറിവേപ്പിലയിൽ പൊതിഞ്ഞ് പാക്കറ്റിലാക്കി തന്നു വിട്ടിരുന്നു, ഓർക്കുമ്പോൾ ഇന്നിപ്പോ നാവിൽ….. ങ്ഹാ,ഇനിയത്തെ അവധിക്ക് നാട്ടിൽ പോകുമ്പോൾ ചുമ്മാ നനുനനെയുള്ള ഐറിഷ് പോത്ത് വാങ്ങി വേവിച്ച്, ഉള്ള സൺഫ്ലവറെണ്ണയിൽ അറിയാവുന്ന പോലെ ഉലർത്തി പൊതിഞ്ഞു കെട്ടി പെട്ടിയിലാക്കി ചേർത്തു പിടിച്ച് എയറിന്ത്യയിൽ കയറുന്നതും ഗോമാതാവിനെ ഓവർ ഹെഡ് സ്റ്റോറേജിൽ ഒളിപ്പിച്ച് ദേശീയഗാനത്തിനെഴുന്നേറ്റു നിൽക്കുന്നതും മോദി രാജ്യം വരേണമേ! അങ്ങയുടെ തിരുവിഷ്ടം ഇന്ത്യയിലെ പോലെ ആകാശ ഇന്ത്യയിലും ആകേണമേ എന്ന ഹോസ്റ്റസ് വക ആമുഖമന്ത്രം കേട്ടു ഞാനുറങ്ങന്നതും, നാട്ടിലെത്തുമ്പോൾ എന്നും സ്കോച്ചിനായി കാത്തിരിക്കുന്നവർ പോത്തിനായി കാത്തിരിക്കുന്നതും പതിവില്ലാത്ത പിടിവലിയും…. ചുമ്മാ ഓരോന്നോർത്തു പോയി .

തിരികെ കാര്യത്തിലേക്ക് വരാം ബംഗാളിൽ ന്യൂനപക്ഷത്തിൻ്റെ മാത്രം പിന്നാലെ പോയതിൻ്റെ അനുഭവം പോരേ ന്നുണ്ടോ? പാർട്ടിയിലെ ബഹുഭൂരിപക്ഷവും (പത്തിൽ ഏഴു പേരും) ഭൂരിപക്ഷ മത സമൂഹത്തിലെ അംഗങ്ങളാണെന്ന കാര്യം പാർട്ടിയങ്ങു സൗകര്യ പൂർവ്വം മറന്നു കാരണം കേരളത്തിൽ പാർലമെൻ്ററി ജനാധിപത്യത്തിൽ ജയപരാജയങ്ങൾ നിശ്ചയിക്കുന്നത് എന്നും ന്യൂനപക്ഷങ്ങളാണല്ലോ, ന്യൂനപക്ഷ പ്രീണനത്തിനായി മതമേധാവികളൂടെ ആസ്ഥാനങ്ങളിൽ ചെന്ന് ആരതി ഉഴിഞ്ഞ് ആർജ്ജവം നഷ്ടപ്പെടുത്തിയ അഭിനവ കമ്മ്യൂണിസ്റ്റിന് അധികം ആദരവുകളൊന്നും ലഭിക്കുമെന്ന് കരുതേണ്ട, അതു കൊണ്ട് മാറണം സഖാക്കളെ കാലത്തിനൊത്ത്….. അല്ലായെങ്കിൽ കാലം നിങ്ങളെ മാറ്റി നിർത്തും ! അതിനവസരമൊരുക്കരുത്, അടുത്തിടെ നടന്ന ലോംഗ് മാർച്ചുകൾ നിങ്ങൾക്ക് ആവേശമാകട്ടെ, സഖാക്കളെ മുന്നോട്ട് !!

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more