– എഡിറ്റോറിയൽ –
ക്രിസ്തുമസ് യേശുദേവന്റെ തിരുപ്പിറവിയുടെ തിരുന്നാളാണ്. ദരിദ്രമായ സാഹചര്യത്തിൽ ജനിച്ചുവീണ ദൈവപുത്രന്റെ പിറവി തിരുന്നാൾ. എല്ലാമുണ്ടായിട്ടും ഇല്ലായ്മ തെരഞ്ഞെടുത്തതാണ് യേശുവിന്റെ പിറവിയുടെ സവിശേഷത. ലോകമെങ്ങും ആഘോഷങ്ങളുടെ പൂത്തിരികത്തിക്കുമ്പോൾ, ക്രിസ്തുമസിന്റെ സന്ദേശം നമ്മിൽ എത്രപേർ ഓർക്കുന്നുവെന്നത് സംശയമാണ്.
ലോകം സമ്പന്നതയുടെ നെറുകയിലേക്ക് കുതിക്കുമ്പോൾ, ഒന്നുമില്ലായ്മയിലൂടെ ജീവിതം തള്ളിനീക്കുന്നവരും ഇവിടെ തിങ്ങിനിറയുകയാണ്. പതിനായിരങ്ങൾക്കും മേലെ ചതുരശ്ര അടികളുടെ ബഹുനില രമ്യഹർമ്യങ്ങൾ ഏതാനും വ്യക്തികൾക്ക് സുഖലോലുപരായി ജീവിക്കാനായി പണിതുയർത്തപ്പെടുമ്പോൾ, കഷത്തിലൊതുക്കിയ ഒരു ഭാണ്ഡപൊതിയിൽ തങ്ങളുടെ സർവ്വസ്വവും പേറുന്നവരുടെയും ലോകം കൂടിയാണിതെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
ശതാബ്ദത്തിലെ മഹാപ്രളയത്തിൽ ഉള്ളവനും ഇല്ലാത്തവനും ഒരുപോലെ ജീവനുവേണ്ടി കരഞ്ഞപേക്ഷിച്ച കാഴ്ച നമ്മുടെ കൊച്ചുകേരളം ലോകത്തിന് കാട്ടിക്കൊടുത്തിട്ട് ഏതാനും മാസങ്ങൾ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. പങ്കുവക്കലിന്റെ ജീവിതപാഠങ്ങൾ മലയാളി പഠിച്ച മഹാപരീക്ഷണശാല.
മറ്റൊരു ക്രിസ്തുമസ് കൂടി മണ്ണിലും മനസിലും പെയ്തിറങ്ങുമ്പോൾ, ദരിദ്ര സാഹചര്യങ്ങളിൽ പിറവികൊണ്ട ദൈവപുത്രൻ നമുക്ക് ആവേശമാകണം. തണുത്തുറഞ്ഞ യൂറോപ്പിന്റെ മണ്ണിൽ തിരുപ്പിറവി പുനരാവിഷ്‌ക്കരിക്കപ്പെടുമ്പോൾ, ഉണ്ണിയേശുവിനെത്തേടി പുൽക്കൂടുകൾ തെരയേണ്ടതില്ല എന്ന വെളിപാടാകട്ടെ നമുക്ക് വഴികാട്ടുന്ന നക്ഷത്ര വെളിച്ചം. തലചായ്ക്കാൻ ഒരു കൂരയില്ലാതെ, ആരുടെയൊക്കെയോ കാരുണ്യത്തിനുവേണ്ടി കൈനീട്ടി കഴിയുന്ന നിരവധി ദൈവപുത്രന്മാർ ഈ സമ്പന്ന രാജ്യത്ത് നമുക്കുചുറ്റുമുണ്ട്. കരുണയുടെ ഒരു ഭക്ഷണപൊതിയാവട്ടെ ഈ ക്രിസ്തുമസ്‌കാലത്ത് അവർക്കുള്ള നമ്മുടെ നൈവേദ്യം. നമ്മുടെ മക്കളും കരുണയുടെ ജീവിത പാഠങ്ങൾ നമ്മിൽ നിന്നും പഠിക്കട്ടെ.
ദൈവപുത്രന്റെ തിരുപ്പിറവി മാനവികതയുടെ നിറദീപങ്ങളായി നമ്മെ നയിക്കട്ടെ എന്നാശംസിക്കുന്നു. യുക്മ ന്യൂസിന്റെ എല്ലാ മാന്യ വായനക്കാർക്കും അഭ്യുദയകാംക്ഷികൾക്കും അനുഗ്രഹ ദായകമായ ക്രിസ്തുമസ് മംഗളങ്ങൾ നേരുന്നു.
click on malayalam character to switch languages