ബ്രിട്ടനിൽ മലയാളികളുൾപ്പെടെയുള്ള വിദേശ നേഴ്‌സുമാർക്ക് കൂടുതൽ അവസരങ്ങളൊരുങ്ങുന്നു; ഐ ഇ എൽ ടി എസ് സ്‌കോർ കുറയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങളുമായി എൻ എം സി
ലണ്ടൻ: ബ്രിട്ടനിൽ വിദേശ നേഴ്‌സുമാർക്ക് രെജിസ്ട്രേഷൻ പൂർത്തീകരിച്ച് യോഗ്യത നേടുന്നതിന് മാനദണ്ഡമായുള്ള ഐ ഇ എൽ ടി എസ് സ്‌കോർ കുറയ്ക്കുന്നതിനുള്ള എൻ എം സി നിർദ്ദേശങ്ങൾ അടുത്തയാഴ്ച്ച നടക്കുന്ന എൻ എം സി കൗൺസിൽ പരിഗണിക്കും. സാധാരണനിലയിൽ എൻ എം സി നിർദ്ദേശങ്ങൾ കൗൺസിൽ നടപ്പിൽ വരുത്തുകയാണ് പതിവ്. അതുകൊണ്ട് തന്നെ അടുത്തയാഴ്ചയോടെ പുതിയ നിയമം നടപ്പിൽ വരുത്തും. നിലവിലെ ആവശ്യമായ ഐ ഇ എൽ ടി എസ് സ്‌കോർ ഏഴായി തന്നെ തുടരും. എന്നാൽ റൈറ്റിങ് വിഭാഗത്തിലെ സ്‌കോർ 6.5 ആയി കുറയും, മറ്റ് വിഭാഗങ്ങളായ സ്പീക്കിങ്, ലിസണിങ്, റീഡിങ് തുടങ്ങിയവയിൽ നിലവിലെ സ്‌കോർ 7 തന്നെ വേണം.
ബ്രിട്ടനിൽ ജോലി തേടാനുദ്ദേശിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള വലിയൊരു വിഭാഗം നേഴ്സാർക്ക് പുതിയ നിയമം ഏറെ ആശ്വാസകരമാകും. ഐ ഇ എൽ ടി എസ് പരീക്ഷയിൽ പലപ്പോഴും ആവശ്യമായ ഏഴോ അതിലധികമോ ഓവറാൾ സ്‌കോർ പലരും കരസ്ഥമാക്കുമെങ്കിലും ഏറ്റവും പ്രയാസകരമായ റൈറ്റിങ് വിഭാഗത്തിൽ ആവശ്യമായ സ്‌കോർ 7 നേടാൻ ബഹുഭൂരിപക്ഷത്തിനും കഴിയാറില്ല. ഇതിന് പരിഹാരമായാണ് എൻ എം സി പുതിയ നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുന്നത്.
എൻ എച്ച് എസ് ആശുപത്രികൾ ഉൾപ്പെടെ ബ്രിട്ടനിലെ ആരോഗ്യമേഖലയിൽ ഉണ്ടാകുന്ന നേഴ്‌സിംഗ് ജീവനക്കാരുടെ കുറവ്, ബ്രെക്സിറ്റ് നടപ്പാകുന്നതോടെ ഇയു രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് തുടങ്ങിയ കാരണങ്ങളാണ് പ്രധാനമായും പുതിയ മാറ്റങ്ങൾക്ക് പിന്നിൽ. ബ്രിട്ടനിൽ തന്നെ നേഴ്സുമാരായ നിരവധി മലയാളികൾ മതിയായ ഐ ഇ എൽ ടി എസ് സ്‌കോർ നേടാനാകാതെ കെയർമാരായി ജോലി ചെയ്യുന്നുണ്ട്. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഇതിൽ ബഹുഭൂരിപക്ഷത്തിനും നേഴ്സുമാരായി ജോലി ചെയ്യാനാകും. യുക്മ നേഴ്‌സസ് ഫോറം നിരവധി തവണ സ്‌കോർ കുറയ്ക്കണമെന്ന ആവശ്യമുന്നയിച്ച് നിവേദനങ്ങൾ നൽകിയിരുന്നു.
ബ്രിട്ടനിലെ നിരവധി എൻ എച്ച് എസ് ട്രസ്റ്റുകൾ കേരളമുൾപ്പെടെ ഇന്ത്യയിലെ നിരവധി നഗരങ്ങളിൽ നിന്ന് നേരിട്ട് ഇന്റർവ്യൂ നടത്തി നേഴ്‌സുമാരെ റിക്രൂട്ട് ചെയ്ത് വരുന്നുണ്ട്. പുതിയ മാറ്റങ്ങൾ ഉണ്ടാകുന്നതോടെ കൂടുതൽ പേർക്കായിരിക്കും തൊഴിലവസരങ്ങൾ ഒരുങ്ങുക. എൻ എച്ച് എസ് ട്രസ്റ്റുകൾ നടത്തിവരുന്നത് സൗജന്യ റിക്രൂട്ട്മെന്റാണ്.
click on malayalam character to switch languages