1 GBP = 106.56
breaking news

ഇത് മീശ പിരിക്കലിന്റെ കാലം; ഇനിയങ്ങോട്ടുള്ള എഴുത്തുകളിലും വായനകളിലും മീശ വടിക്കപ്പെടുകയാണോ,പിരിയ്ക്കപ്പെടുകയാണോ ഉണ്ടാവുകയെന്നത് കണ്ടു തന്നെയറിയണം; വിവാദ നോവലായ മീശയെപ്പറ്റി യുകെയിലെ പ്രമുഖ സാഹിത്യകാരനായ മുരുകേഷ് പനയറ

ഇത് മീശ പിരിക്കലിന്റെ കാലം; ഇനിയങ്ങോട്ടുള്ള എഴുത്തുകളിലും വായനകളിലും മീശ വടിക്കപ്പെടുകയാണോ,പിരിയ്ക്കപ്പെടുകയാണോ ഉണ്ടാവുകയെന്നത് കണ്ടു തന്നെയറിയണം; വിവാദ നോവലായ മീശയെപ്പറ്റി യുകെയിലെ പ്രമുഖ സാഹിത്യകാരനായ മുരുകേഷ് പനയറ

സംഘപരിവാർ ഭീഷണിയെത്തുടർന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ നിന്ന് പിൻവലിച്ച ഹരീഷിന്റെ മീശയാണ് ഇന്ന് ലോക പ്രവാസി മലയാളികൾക്കിടയിലും ചർച്ചാവിഷയം. നോവലിലെ ഒരു കഥാപാത്രത്തിന്‍റെ സംഭാഷണം ഹിന്ദുവിരുദ്ധവും സ്ത്രീ വിരുദ്ധവുമെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. തുടർന്ന് എഴുത്തുകാരനും കുടുംബാംഗങ്ങൾക്കുമെതിരെ സമൂഹ മാധ്യമങ്ങളിലൂടെ രൂക്ഷമായ ആക്രമണവും ഭീഷണിയും ഉണ്ടായിരുന്നു. ഇതേത്തുടർന്നാണ് മൂന്നു ലക്കം പ്രസിദ്ധീകരിച്ച നോവൽ പിൻവലിച്ചത്. തുടർന്ന് ലോകമാകമാനമുള്ള മലയാളികൾ പ്രതിഷേധവുമായെത്തിയിരുന്നു.

ഡി സി ബുക്ക്സ് ആണ് വീണ്ടും ഹരീഷിന്റെ നോവൽ പുസ്തകമായി പ്രസിദ്ധീകരിക്കാൻ രംഗത്തെത്തിയത്. പുസ്തകത്തിലെ ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് വിവാദമാക്കുന്ന ആളുകൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ലോകമലയാളി സമൂഹത്തിൽ ഉയർന്ന് വന്നത്.

ബ്രിട്ടനിലെ അറിയപ്പെടുന്ന സാഹിത്യകാരനും പൊതുപ്രവർത്തകനുമായ മുരുകേഷ് പനയറ വിവാദ നോവലായ മീശയെക്കുറിച്ച്.

അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം

മീശ
******

“മീശ” വായിച്ചു കഴിഞ്ഞെന്നു നേരത്തെ പറഞ്ഞിരുന്നല്ലോ ….

പുസ്തക വായനക്ക് മുന്നേ, അതിനെ സംബന്ധിച്ചുണ്ടായ വായനകളോ വീഡിയോകള്‍ കണ്ടതോ പുസ്തക വായനയില്‍ മുന്‍വിധി ഉണ്ടാകാന്‍ ഇടയാകരുതെന്ന സജീവ ശ്രദ്ധ വച്ചിരുന്നു. ഒരു പുസ്തകത്തെ സംബന്ധിച്ച് അഭിപ്രായം പറയുന്നത് ആ പുസ്തകം വായിച്ച ശേഷവും ദൃശ്യപ്രധാനമായ ഒരു കലാ രൂപത്തെ സംബന്ധിച്ച് അഭിപ്രായം പറയുന്നത് അത് കണ്ടതിനു ശേഷവും ആകണമെന്നു കരുതുകയും ബാഹ്യ പ്രേരണയോ സ്വാധീന ഘടകങ്ങളോ കൊണ്ട് ആസ്വാദനവും അഭിപ്രായ രൂപീകരണവും കളങ്കപ്പെട്ടുകൂടാ എന്ന self discipline ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. മാത്രമല്ല മീശയുടെ കര്‍ത്താവിനെയോ, മീശയെ എതിര്‍ക്കുന്നതോ അനുകൂലിക്കുന്നതോ ആയ ആള്‍ക്കൂട്ടങ്ങളെയോ പിന്തുണയ്ക്കുകയോ വെള്ളപൂശുകയോ വിമര്‍ശിക്കുകയോ കരിവാരിത്തേക്കുകയോ അല്ല ഈ കുറിപ്പിന്‍റെ അജണ്ടയെന്നത് ആദ്യമേ പറഞ്ഞുവയ്ക്കുകയാണ്.

മീശയിലെ മീശ വാവച്ചന്‍റെ സ്വന്തമാണ്. പവിയാന്‍റെയും ചെല്ലയുടെയും മകനാണ് വാവച്ചന്‍. വാവച്ചന്‍ തന്നിഷ്ടപ്രകാരം മീശ വച്ചതല്ല. മീശ വാവച്ചനിലേക്ക് ഒരു നിയോഗം പോലെ വന്നു ചേരുകയാണ്. ആ നിയോഗത്തിനു നിമിത്തമാകുന്നത് ഒരു നാടകവും. നാടകത്തിലെ മീശക്കാരനായ ഒരു പോലീസുകാരന്‍റെ വേഷം വാവച്ചനില്‍ വന്നു വീഴുന്നു. തട്ടില്‍ സംഭാഷണമില്ലാതെ മുരളലും അലര്‍ച്ചയുമായി വിഭാവനം ചെയ്യപ്പെട്ട ആ കഥാപാത്രം വികലമായ നാടകത്തിലെ ഏറ്റവും ജനസ്വാധീനമുണ്ടാക്കിയ ഒന്നായി അവതരിച്ചുപോകുന്നു. ഭയം എന്ന വികാരം ചെലുത്തിക്കൊണ്ടാണ് ജനത്തിന്റെ ബോധ തലങ്ങളില്‍ കഥാ പാത്രം അടിവേര് ആഴ്ത്തിയത്. ഭയം ഊന്നി ഉറപ്പിക്കാന്‍ ഏറ്റവും ശക്തമായ ഉപകരണമായത് അയാളുടെ മുഖത്ത് കഥാപാത്രത്തിന് വേണ്ടി വളര്‍ത്തിയെടുത്ത കൊമ്പന്‍ മീശയും. സമൂഹത്തെ ഭയപ്പെടുത്താന്‍ സാധിക്കുന്ന സങ്കേതമായി മീശയെ തിരിച്ചറിയുന്നത്‌ വാവച്ചന്‍റെ അബോധ മനസാണ്. ആ മനസ്സ് ബോധ മനസ്സില്‍ ചെലുത്തുന്ന സ്വാധീനം വവച്ചനില്‍ മീശ വടിക്കാതിരിക്കാനുള്ള ത്വരയായി വളരുന്നു. ഭയം ജനിപ്പിക്കുന്ന ആ അസ്വാഭാവിക സങ്കേതം എല്ലാവരാലും ഭയപ്പെടുത്തപ്പെടാന്‍ വേണ്ടി ജനിപ്പിക്കപ്പെട്ട മനുഷ്യ വിഭാഗങ്ങളുടെ പ്രതിനിധിയായ വാവച്ചന്‍ എന്ന മനുഷ്യന് ഭയപ്പെടുത്തുന്ന ലോകത്തില്‍ നിന്ന് സ്വയം മരഞ്ഞിരിക്കാനുള്ള മൂടുപടമായി മീശ വളരുകയാണ്. മീശയോടൊപ്പം ആളുകളിലെ ഭയം വളരുന്നു. ഭയം അവരിലെ ഭാവനയെ വളര്‍ത്തുന്നു. സര്‍വ്വതും പിന്നെ മീശമേല്‍ ആരോപിച്ചു നിര്‍വൃതി അടയുകയോ ആശ്വസിക്കുകയോ ചെയ്യുകയാണ് ആളുകള്‍. എന്നാല്‍ അതെ സമയത്ത് തന്നെ തിന്നാനോ കുടിക്കാനോ ഇല്ലാതെ മീശ മാത്രമായി ചുരുങ്ങുന്ന വാവച്ചന്‍ ആളുകളെ അഥവാ സമൂഹത്തെ ഭയക്കുന്നു. ജയിക്കാന്‍ സാധിക്കില്ല എന്ന് ഉറച്ചു വിശ്വസിച്ചുകൊണ്ട് മീശ ആള്‍ക്കൂട്ടത്തെയും ആള്‍ക്കൂട്ടം മീശയേയും ഭയന്ന് ഭയന്ന് ദൈനം ദിന ജീവിതത്തിലെ ഇല്ലായ്മകളും വല്ലായ്കകളും വരച്ചു വരച്ചു മനസ്സില്‍ അത്ര വേഗം ഉറപ്പിക്കാന്‍ പറ്റാത്ത ഒരു കരിക്കട്ട ചിത്രമായി മീശ എന്ന നോവല്‍ വളരുകയാണ്.

വ്യക്തിക്ക് സമൂഹത്തെയും സമൂഹത്തിനു വ്യക്തിയെയും ഭയമുള്ള അവസ്ഥ. എന്നാല്‍ ഇരുവരും അപരനിലെ ഭയമൊട്ട് അറിയുന്നുമില്ല. സങ്കീര്‍ണ്ണമായ ഒരു മാനസീക പ്രശനം കൂടിയാണത്.
ആരാണ് പവിയാന്‍? പെല ക്രിസ്ത്യാനിയായിരുന്നു അയാള്‍. അയാളുടെ മകനായ പെലയന്‍ വാവച്ചന്‍. നോവല്‍ പറയുന്നത് മേടകളില്‍ ഇരുന്നു വിശപ്പടക്കി ചിരിക്കുന്ന ഭാഗ്യമുള്ള ജനതയുടെ ചരിത്രമല്ല. വിശപ്പടക്കാന്‍ ഒന്നും സ്വപനം കാണാന്‍ ഇല്ലാത്ത, സ്വപനം കാണാന്‍ കൂടി അവകാശം കൊടുക്കപ്പെടാത്ത ഒരു ജനതയുടെ ചരിത്രമാണ് നോവലിലെ വ്യാഖ്യാന വിഷയം. ശ്രീമൂലം പ്രജാസഭയും ലോക മഹായുദ്ധങ്ങളും ഒക്കെ ഉണ്ടായിരുന്ന ഒരു വലിയ കാലഘട്ടത്തിലെ അധകൃതരുടെ ചരിത്രമാണ് നോവല്‍ അന്യാദൃശ്യമായ ആഘ്യാനപടുതയോടെ വരച്ചിടുന്നത്. ഗവേഷണം, പഠനം, ഭാവന, craft, psychological analysis in the light of historical and topographical influence in the life of down trodden lot, കാലഘട്ടങ്ങളെയും സമയ ക്രമങ്ങളെയും മാറി മറിച്ചുകൊണ്ടുള്ള magical realism പോലെയോ അതിനേക്കാള്‍ ശക്തമായതോ ആയ രചനാ സങ്കേതം എന്നിവയൊക്കെ ഈ പുസ്തകം അനുഭവത്തില്‍ തന്നു. ഈ പുസ്തകം മറ്റൊരു പുസ്തകത്തോടും ഉപമിക്കുക സാധ്യമല്ല. ഒരു പുസ്തകവും മറ്റൊരു പുസ്തകത്തോട് ഉപമിക്കുക സാധ്യമല്ല. അങ്ങനെ ചെയ്യുന്നത് സാഹിത്യത്തെ അവഹേളിക്കുകയും വയനയോട് അനീതി കാണിക്കലുമാകുന്നു. രചന അനുകരണമോ കോപ്പിയടിയോ അല്ലാത്തിടത്തോളം ഇപ്പറഞ്ഞത്‌ തുടരുന്നു.

എം ആര്‍ രേണുകുമാര്‍ തന്‍റെ പുസ്തകാസ്വാദനക്കുറിപ്പില്‍ പറയുന്നു-“ഞാന്‍ ഈ നോവല്‍ വായിച്ചതാണ്. അതൊരു ഗംഭീര നോവലാണ്. ആ നോവല്‍ ഏതെങ്കിലും തരത്തില്‍ കേരളത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്നില്ലെങ്കില്‍ മലയാളികളുടെ ഒരു വലിയ നഷ്ടമായിട്ടാണ് ഞാന്‍ അതിനെ കാണുന്നത്. അതിന്റെ ഒരു പ്രമേയം മാത്രമല്ല, ഇതുവരെയുള്ള എന്റെ നോവല്‍ വായനയെ വെച്ച് നോക്കുമ്പോള്‍ എന്നെ വല്ലാതെ അതിശയിപ്പിച്ച നോവലാണത്. ഒന്നാമത്തെ കാര്യം പുളിങ്കുന്നൊക്കെ മുതല്‍ എറണാകുളത്തിന്റെ പടിഞ്ഞാറ് വരെ കിടക്കുന്ന കേരളത്തിന്റെ അപ്പര്‍ ലോവര്‍ കുട്ടനാട് കാര്‍ഷിക മേഖലയാണ് നോവലിലുള്ളത്. അവിടുത്തെ കായലും കൃഷിയിടവും കൃഷിയിടത്തിലെ പണികളും ആരാലും ശ്രദ്ധിക്കപ്പെടാത്ത ധാരാളം ജനങ്ങളുടെ ജീവിതമൊക്കെയാണ് ഈ കൃതിയില്‍ വരുന്നത്. അതുപോലെതന്നെ സാമൂഹിക നിരീക്ഷണവും വിശകലനവും മറ്റും ഗംഭീരമായാണ് അതില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചരിത്രബോധമാണ് എന്നെ അതില്‍ വല്ലാതെ ആകര്‍ഷിച്ച ഒരു കാര്യം.” പുസ്തകം വായിച്ചതിനാല്‍ ആ നിരീക്ഷണത്തോട് യോജിക്കാന്‍ മാത്രമേ പറ്റൂ.

പുസ്തകത്തില്‍ നോവലിസ്റ്റ്‌ ‘കഥാപാത്രങ്ങളും ഞാനും’ എന്ന ശീര്‍ഷകത്തിന്‍ കീഴില്‍ പറയുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. “ എനിക്ക് ഏറ്റവും പേടിയും ബഹുമാനവുമുള്ളത് കഥാപാത്രങ്ങളെയാണ്…..കഥപറച്ചില്‍ ജനാധിപത്യത്തിന്റെ ഉയര്‍ന്ന രൂപമാണ്. എന്നെ മറ്റുള്ളവര്‍ക്ക് വേണ്ടി ഒരു കഥയായി ആവിഷ്ക്കരിക്കണമെന്ന തോന്നലാണത്. ഉയര്‍ന്ന പൌരബോധവും ജനാധിപത്യ ബോധവുമുള്ള സ്വതന്ത്ര രാജ്യങ്ങളാണ് നോവലുകള്‍. അവിടെ കഥാപാത്രങ്ങള്‍ എഴുത്തുകാരുടെ പിടിയില്‍ നിന്നാല്‍ കഥ തീര്‍ന്നു. സ്വതന്ത്രരായ മനുഷ്യര്‍ ജീവിതത്തിലായാലും കഥയിലായാലും ഇപ്പോഴും യുക്തിപൂര്‍വ്വവും കാര്യകാരണ സഹിതവും പെരുമാറണമെന്നും സംസാരിക്കണമെന്നുമില്ല. രാഷ്ട്രീയ ശരികള്‍ മാത്രം പറയുകയും ഇപ്പോള്‍ സംസാരിക്കുന്നതിന് കൃത്യമായ തുടര്‍ച്ച പിന്നെ ജീവിതത്തില്‍ ഉണ്ടാക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്യുന്ന ആരെയും ഞാന്‍ കണ്ടു മുട്ടിയിട്ടില്ല.”

‘ഇടതുപക്ഷ’ രഷ്ട്രീയ ദര്‍ശനങ്ങളെ അസ്ഥിവാരമായി എടുത്തുകൊണ്ട് ‘വലതുപക്ഷ’ത്തെ ആക്ഷേപിക്കുകയല്ല നോവലിന്‍റെ ലക്‌ഷ്യം. അതുപോലെ മറിച്ചുമല്ല. യുക്തിവാദികളും ദൈവവിശ്വാസികളും ഇന്നിതുവരെ കാണാത്ത സൂക്ഷ്മ ഭാവത്തില്‍ നോവലില്‍ വിമര്‍ശന വിധേയരാകുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യത്തില്‍ തന്നെ കേരളത്തില്‍ വേരൂന്നി വളരാന്‍ തുടങ്ങിയ കമ്യൂണിസ്റ്റ്‌ വിപ്ലവ പ്രസ്ഥാനങ്ങള്‍ നല്ലപോലെ വിമര്‍ശനാത്മകമായി പരാമര്‍ശിക്കപ്പെടുന്നുണ്ട് നോവലില്‍. ആകയാല്‍ നോവല്‍ ആ പക്ഷം പിടിക്കുന്നില്ല. അക്കാലത്തെ കോണ്‍ഗ്രസ് സ്റ്റേറ്റ് കമ്മറ്റി ആക്ഷേപഹാസ്യം പോലെ പരാമര്‍ശിക്കപ്പെടുന്നു. ബ്രിട്ടീഷ്‌ ആധിപത്യത്തിന് കീഴിലെ രാജ ഭരണവും അനുബന്ധ വിഷയങ്ങളും പ്രതിപാദ്യമാകുന്നു. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം, കൈക്കൂലി പോലീസിംഗ് ഒക്കെ ഒക്കെ ..അതായത് ആ ചരിത്ര കാലത്ത് ഉണ്ടായിരുന്നതൊക്കെ പുനര്‍ജനി കൊള്ളുകയാണ് നോവലില്‍.

നോവല്‍ ഏതെങ്കിലും മതത്തെ പ്രീണിപ്പിക്കുകയോ പക്ഷം പറ്റുകയോ ചെയ്യുന്നില്ല. മതമേതായാലും അധകൃതനനു കുലവും ഗണവും മറ്റൊന്നില്ല. അച്ചന്‍മാരാലും പുരോഹിതന്മാരാലും ഗര്‍ഭിണിയാക്കപ്പെട്ട കര്‍ത്താവിന്റെ മണവാട്ടിയും കണ്ടിട്ട് കൂടിയില്ലാത്ത അപ്പാപ്പന്‍റെ ഗൌരവം സംരക്ഷിക്കുവനായി കന്യാ സ്ത്രീയായ ലൌകീക ജീവിത മോഹിയായ സധാരണ ക്രിസ്ത്യന്‍ സ്ത്രീയെയും നോവലില്‍ കാണാം. വായനക്കാരന് സമൂഹത്തോട് അപ്പോള്‍ വേര്‍തിരിച്ചു പറയാന്‍ പറ്റാത്ത എന്നാല്‍ ഇഷ്ടമല്ലാത്ത ഒരു മനോനില രൂപപ്പെടുക സ്വാഭാവികമാണ്.

ഒരു പത്തെഴുപത് കൊല്ലം മുമ്പെങ്കിലും മണ്ണടിഞ്ഞു പോയവരാണ് മീശയിലെ കഥാപാത്രങ്ങള്‍. എന്നാല്‍ വിവാദ സംഭാഷണം നടത്തുന്ന (സ്ത്രീകളുടെ ക്ഷേത്ര ദര്‍ശനങ്ങളെ സംബന്ധിച്ച്) കഥാപാത്രം narrator ആയി വരുന്ന കഥാപാത്രത്തിന്റെ ഓര്‍മ്മയില്‍ വന്നുപോകുന്നതും നേരത്തെ മരിച്ചതുമായ ആളാണ്‌. ആ സംഭാഷണ ശകലത്തെ narrator എതിര്‍ക്കുന്നുമുണ്ട്. ആ narrator നോവല്‍ രചയിതാവ് തന്നെയാണെന്ന് ധരിച്ചു വശായിപ്പോകുന്ന ‘സ്ഥലജല’ വിഭ്രാന്തി ‘കഥയിലെ ഭ്രാന്തായി’ കഥാകാരന്‍ അതീവ സൂക്ഷ്മ ചാരുതയോടെ ചേര്‍ത്തു വച്ചിരിക്കുന്നു. ഏതാണ്ട് നോവല്‍ അവസാനിക്കാറാകുമ്പോള്‍ മാത്രമാണ് അപ്പോഴും പേരില്ലാത്ത അയാളുടെ identity യെ സംബണ്ടിച്ചുള്ള സൂചന ലഭിക്കുന്നത്. അമ്മയാരെന്നു സൂചിപ്പിക്കപ്പെടാത്ത പൊന്നുവിന്റെ അച്ഛനായ ആ കഥാ പാത്രമാണ് ഗതാകാലത്തെ പ്ലോട്ടിനെ സമകാലവുമായി ബന്ധിപ്പിക്കുന്ന കണ്ണി. മീശയുടെ കഥ അയാള്‍ പൊന്നുവിന് പറഞ്ഞു കൊടുക്കുന്നതാണ്. മീശ ആ പറഞ്ഞു കൊടുക്കലില്‍ കൂടി പുനര്‍ജനിക്കുകയാണ്. അഞ്ചു വയസ്സുകാരന്‍ പൊന്നുവുമായി അവധിയാത്ര ചെയ്യുമ്പോഴാണ് narrator അപൂര്‍ണ്ണമായി വെളിപ്പെടുന്നത്.
“ നിന്‍റെ മുതുമുത്തച്ഛന്‍, അതായത് എന്റെ മുത്തച്ഛന്‍ പാച്ചുപിള്ള വലിയ കച്ചവടക്കാരനായിരുന്നു. അദ്ദേഹത്തിന്‍റെ ചരക്കുവള്ളങ്ങള്‍ ഇതിലെയാണ് ആലപ്പുഴയ്ക്കും മട്ടാഞ്ചേരിക്കും പോയിരുന്നത്”

പൊന്നുവിന്‍റെ അച്ഛനായ narrator ക്ഷേത്ര ദര്‍ശനം ചെയ്യുന്ന വനിതകളെ സംബന്ധിച്ച് മരിച്ചുപോയ കൂട്ടുകാരന്‍ പറയുന്നതിനെ എതിര്‍ക്കുകയാണ് ചെയ്തത് എന്ന് നോവലില്‍ ആദ്യമേ വായനക്കാരന്‍ കാണുന്നു.

അശ്ലീലത ആരോപിക്കപ്പെടുന്ന മറ്റൊരു കാര്യം ( ഒരു പേജില്‍) പാമ്പുകളെയും സ്ത്രീകളെയും പരാമര്‍ശിക്കുന്നതാണ്. കുഞ്ഞച്ചന്‍ എന്ന കഥാ പത്രം മീശയോട് പറയുന്നതാണ് ആ ഭാഗം. ഓരോ വ്യക്തിയുടെ യും മനസ്സില്‍ ഓരോ തരം ചിത്രങ്ങളായി വളര്‍ന്നു മീശ. കുഞ്ഞച്ചന്‍ എന്ന കഥാപത്രത്തിന്‍റെ മനസ്സില്‍ മീശ പെണ്ണുങ്ങള്‍ തേടി ചെല്ലുന്ന ആളാണ്‌. വലിയ വീട്ടിലെ സ്ത്രീകള്‍ ലൈംഗീകത ആഗ്രഹിച്ച് തേടിചെല്ലുന്ന ആളാണ്‌ കുഞ്ഞച്ചന്‍ അറിഞ്ഞ മീശ. ആ മീശയുടെ സമക്ഷം തന്റെ മതിപ്പുവില സ്ഥാപിക്കുന്ന സംഭാഷണമാണ് കുഞ്ഞച്ചന്‍ നടത്തുന്നത്. ആ രണ്ടു പേജുകള്‍ നോവലില്‍ ആവ്ശ്യമായിരുന്നോ എന്നുള്ള ചര്‍ച്ച മറ്റൊരു വിഷയമാണ്. അതിനോടൊപ്പം തന്നെ ആ രണ്ടു പേജുകളിലെ അശ്ലീലം അശ്ലീല പുസ്തകം വായിക്കുമ്പോള്‍ ജനിപ്പിക്കുന്ന വികാര വിചാരങ്ങള്‍ ഉണ്ടാക്കുമായിരുന്നോ, നോവലിനെ സംബന്ധിച്ച് ഉണ്ടായ വിവാദം സംഭവിക്കാതെ ആ നോവല്‍ പുറത്തു വരുകയും, സാധാരണ വായന സംഭവിക്കുകയും ചെയ്തിരുന്നുവെങ്കില്‍ എന്നതും ചിന്തിക്കാവുന്നതാണ്.

ഓരോ വായനയും നടക്കുന്നത് ഓരോ മനസ്സുകളിലാണ്. ഓരോ മനസ്സും വ്യത്യസ്തമാണ്. ഒരു മനസ്സിനെ മറ്റൊന്നിനോട് താരതമ്യം ചെയ്യുക സാധ്യമല്ല. ഓരോ മനസ്സിലും ഓരോ തരത്തിലാണ് മീശ രൂപപ്പെടുന്നത്. ഒടുവില്‍ മീശ ഒന്നല്ല ഒന്നിലധികമാണ് എന്ന് നോവലിസ്റ്റ് പറയുമ്പോള്‍ മീശ പ്രതീകാത്മകമാവുകയാണ്. പ്രതിബിംബപ്പെടുകയാണ്. മീശ ഓരോ മനസ്സിന്റെയും ഭയത്തിനുമേല്‍ മനശാസ്ത്രപരമായി ആവാഹിക്കപ്പെടുകയാണ്. അതിന്റെ ഭൌതിക പ്രത്യക്ഷത ആണ്‍ മുഖങ്ങളിലേ സാധിതമാകൂ. അതും ഒരു ബിംബമാണ്. ജനിതകമായി പകര്‍ന്ന ഭയത്തിനുമേല്‍ അതിനെ ഒതുക്കുവാന്‍ ഒരുക്കുന്ന ഒരു നോക്കുകുത്തിയാകുന്നു മീശ. അത് മറ്റുള്ളവരെ ഭയപ്പെടുത്തുന്നു. അതിന്റെ നൈരന്ത്യര്യം അവസാനിക്കുന്നില്ല. ഈ ആണ്‍ അധികാരത്തിന്റെയും ആണ്‍ ഭയത്തിന്റെയും വീക്ഷണകോണില്‍ കൂടിയാണ് മീശ വിരചിതമായിരിക്കുന്നത്. അടിയാളവര്‍ഗ്ഗത്തില്‍ ഭയം സര്‍വ്വോപരി ശക്തമായിരുന്നു. ആകയാല്‍ വാവച്ചന്‍ പെലയന്റെ മീശ ആകാശം മുതല്‍ ഭൂമിവരെ വലുതായെ പറ്റുകയുള്ളൂ എന്ന് വരുന്നു. ഇതൊരു socio psychological analysis കൂടിയാണ് . ആണ്‍ അധികാരത്തിന്റെയും ആണ്‍ ഭയത്തിന്റെയും സ്ഥാപനത്തിനും ഉന്‍മൂലനത്തിനും( യഥാക്രമം) നിലകൊള്ളുന്ന മീശയുടെ കഥ പറയുന്ന മീശ ആകയാല്‍ പെണ്‍പക്ഷം പറ്റി നില്‍ക്കുന്നില്ല. നേരത്തെ പറഞ്ഞവ സാധിതമാക്കാന്‍ പോന്ന ഉപകരണങ്ങള്‍ മാത്രമാണ് മീശയിലെ മീശയെ പേടിച്ച ആണുങ്ങള്‍ക്ക് പെണ്ണുങ്ങള്‍. ചെല്ലയും, ഖദീജയും, കുട്ടത്തിയും ആവോളം ഭോഗിച്ചു കൊന്നെറിയപ്പെട്ട് കുട്ടനാടന്‍ നിലങ്ങളിലും കായലിലും താഴ്ത്തപ്പെട്ട പേരില്ലാത്ത നിരവധി അടിയാളര്‍ പെണ്ണുങ്ങളും മീശയിലെ നേരത്തെ സൂചിപ്പിച്ച ഉപകരണങ്ങള്‍ മാത്രമാണ്.

ഡീ സീ ബുക്സ്‌ വക എന്ന് പറഞ്ഞ ഒരു കുറിപ്പ് കണ്ടു. “പ്രിയമുള്ളവരേ, എസ്. ഹരീഷിന്റെ മീശ ഞങ്ങള്‍ പ്രസിദ്ധീകരിക്കുകയാണ്. മലയാളം വാരിക, ദേശാഭിമാനി, ഗ്രീന്‍ബുക്‌സ്, ഇന്‍സൈറ്റ് പബ്ലിക്ക, സൃഷ്ടി എന്നിവര്‍ അതിന്റെ പ്രസിദ്ധീകരണം ഏറ്റെടുക്കാമെന്ന് അറിയിപ്പിട്ടിരുന്നെങ്കിലും എസ് ഹരീഷ് മുന്‍ പുസ്തകങ്ങളെപ്പോലെ ഡി സി ബുക്‌സിനെ ഏല്‍പ്പിക്കുകയാണ് ചെയ്തത്. അതിനാല്‍ത്തന്നെ അതിന്റെ പ്രസീദ്ധീകരണം നിര്‍വ്വഹിക്കുക എന്നത് ഞങ്ങളുടെ കര്‍ത്തവ്യമായി ഏറ്റെടുത്തു. എക്കാലത്തും എഴുത്തുകാരോടും വായനക്കാരോടൊപ്പമാണ് ഞങ്ങള്‍.’’

വായനക്കാര്‍ ചിന്തിക്കട്ടെ.
ഫേസ് ബുക്കില്‍ ഒരു സുഹൃത്ത് കുറിച്ച വരികള്‍ ആവര്‍ത്തിച്ചുകൊണ്ട് ഇതാവസാനിപ്പിക്കുകയാണ്—
“രണ്ടു തരത്തിലുള്ള ആത്മസംഘര്‍ഷങ്ങളിലേക്കാണ് മലയാളി സമൂഹത്തെ എസ്. ഹരീഷിന്റെ മീശ എന്ന നോവല്‍ കൊണ്ടുചെന്നെത്തിച്ചിട്ടുള്ളത് എന്നെനിക്കു തോന്നുന്നു. അതിലൊന്നാമത്തേത് നാം ഭയപ്പെടുന്ന ഫാസിസം തന്നെയാണ്. എന്തെഴുതണമെന്നും എങ്ങിനെയെഴുതണമെന്നും മതവും ഭരണകൂടവും തീരുമാനിക്കുക എന്ന വിപത്ത്. രണ്ടാമതായി വരുന്നത് പരിചയിച്ചിട്ടില്ലാത്ത വായനസംസ്കൃതിയുടേതാണ്. വായന ഉണ്ടാക്കേണ്ടിയിരിക്കുന്നതെന്ന് നാം ധരിച്ചുവശായ ചില മൂല്യങ്ങളുടെ നിരാസമാണത്. വായന തികച്ചും സ്വകാര്യമാണെന്ന വാദങ്ങളുയര്‍ത്തുമ്പോഴും വായനശാലകളും ഹോം ലൈബ്രറികളും അടച്ചുവെക്കേണ്ടിവരുമോ എന്ന ഭയം. ഹരീഷിന്റെ പുസ്തകം വിപുലമായ വായനാചര്‍ച്ചകളും പാഠപുസ്തകവുമായി നാളെ മാറുമ്പോള്‍ നാം സ്വകാര്യമായി ഇക്കിളിപ്പെടുന്ന പദങ്ങള്‍ സ്വന്തം കുട്ടികളുടെ, കുടുംബത്തിന്റെ മുന്നില്‍ വെച്ച് ഉറക്കെ വായിക്കപ്പടുമ്പോളുള്ള ജാള്യത.
ഇനിയങ്ങോട്ടുള്ള എഴുത്തുകളിലും വായനകളിലും മീശ വടിക്കപ്പെടുകയാണോ,പിരിയ്ക്കപ്പെടുകയാണോ ഉണ്ടാവുകയെന്നത് കണ്ടുതന്നെ അറിയണം.. കാത്തിരിക്കാം.”

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more