1 GBP = 106.75
breaking news

ലണ്ടൻ ദരിദ്രരുടെ നാടോ? പ്രമുഖ സ്ഥാപനമായ പ്രാദയുൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് ആളുകൾ അന്തിയുറങ്ങുന്നത് കടത്തിണ്ണകളിലും ഹോംലെസ്സ് ഷെൽട്ടറുകളിലും

ലണ്ടൻ ദരിദ്രരുടെ നാടോ? പ്രമുഖ സ്ഥാപനമായ പ്രാദയുൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് ആളുകൾ അന്തിയുറങ്ങുന്നത് കടത്തിണ്ണകളിലും ഹോംലെസ്സ് ഷെൽട്ടറുകളിലും

ലണ്ടൻ: സമ്പന്നതയുടെ ഉച്ചസ്ഥായിലെത്തി നിൽക്കുമ്പോഴും ലണ്ടൻ നഗരത്തെ ചുറ്റിപ്പറ്റി പുറത്ത് വരുന്ന വാർത്തകൾ ഞെട്ടലുളവാക്കുന്നവയാണ്. അക്രമങ്ങളും കത്തിക്കുത്തും പിടിച്ചുപറിയും നിത്യസംഭവമാകുന്ന ലണ്ടനിൽ സാധാരണക്കാരായ ജനങ്ങൾക്ക് ജീവിക്കാൻ കഴിയുന്നില്ലെന്നതും സത്യമാണ്. വീട്ടുവാടകകളിൽ ഉള്ള ഭീമമായ വർദ്ധനവാണ് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നത്. ചാനൽ 4 നടത്തിയ അന്വേഷണാത്മക റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. ലണ്ടൻ നഗരത്തിലുടനീളം തന്നെ പതിനായിരക്കണക്കിന് ആളുകളാണ് വീടുകളില്ലാതെ കടത്തിണ്ണകളിലും ഹോംലെസ്സ് ഷെൽട്ടറുകളിലും അന്തിയുറങ്ങുന്നത്. എന്നാൽ കൂടുതൽ ഞെട്ടലുളവാക്കിയത് ഇതിൽ പകുതിയിലധികം പേരും കൃത്യമായി ജോലിക്ക് പോയി ശമ്പളമുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവരാണ്.

ബ്രിട്ടനിലെയും ലോകരാജ്യങ്ങളിൽ നിന്നുള്ള അതിസമ്പന്നരുടെ പ്രമുഖ ബ്രാൻഡായ പ്രാദ ഉൾപ്പെടെയുള്ള ഡിസൈനർ ഔട്ട്ലെറ്റുകളിൽ ജോലി ചെയ്യുന്നവർ വരെ വീടില്ലാതെ തെരുവോരങ്ങളിൽ കഴിയുന്നവരുടെ പട്ടികയിൽപ്പെടുന്നു. പ്രാദയിലെ സെക്യൂരിറ്റി ഗാർഡായ കാലം അന്തിയുറങ്ങുന്നത് ഹോംലെസ്സ് ഷെൽട്ടറിലോ കടത്തിണ്ണയിലോ ആണ്. മണിക്കൂറിന് എട്ടര പൗണ്ട് ശമ്പളമായി ലഭിക്കുന്ന കാലത്തിന് സ്വന്തമായി ഒരു റൂം പോലും തലസ്ഥാന നഗരിയിൽ വാടകയ്ക്ക് എടുക്കാനാവുന്നില്ല. കൗൺസിൽ വീടുകൾക്ക് അപേക്ഷ നൽകിയപ്പോൾ പോലും ജോലി ചെയ്യുന്നുവെന്ന കാരണം പറഞ്ഞു നിരസിക്കുകയായിരുന്നു.

അമ്പത്കാരിയായ എമ്മ(യഥാർത്ഥ പേരല്ല) വിവാഹമോചനം നേടിയ ശേഷം ജീവിക്കുന്നത് തെരുവിൽ തന്നെയാണ്. അഡൽറ്റ് എഡ്യൂക്കേഷൻ വിഭാഗത്തിൽ അദ്ധ്യാപികയായ എമ്മ വളരെ കൃത്യമായും പ്രഫഷനിലസത്തോടെയും ജോലിക്കെത്തുന്നത് ആരെയും അത്ഭുതപ്പെടുത്തും. എന്നാൽ സ്വന്തമായി വീട് പോലുമില്ലാത്ത എമ്മ കടത്തിണ്ണയിൽ അന്തിയുറങ്ങി അടുത്തുള്ള മക്‌ഡൊണാൾഡ് റസ്റ്റോറന്റിൽ പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിച്ച ശേഷമാണ് ജോലിക്കെത്തുന്നത്. സ്വന്തമായി ഒരു വീട് വാടകക്കെടുക്കാൻ നൽകേണ്ടി വരുന്ന ഭീമമായ തുക നൽകാൻ കഴിയാത്തതാണ് എമ്മയുടെ ജീവിതം അവതാളത്തിലാക്കിയത്.

എം ബി എ ഡിഗ്രി കയ്യിലുള്ള ബൾഗേറിയക്കാരനായ ദയാന് ജോലിയുള്ളത് പ്രമുഖ കമ്പനിയായ പിസ്സ എക്സ്പ്രസ്സിൽ. പറഞ്ഞിട്ടെന്ത് കാര്യം പുള്ളിയും മാസങ്ങളായി ഹോംലെസ്സ് ഷെൽട്ടറിലാണ് അഭയം തേടുന്നത്.

ഹോംലെസ്സ് ചാരിറ്റി ഷെൽട്ടറിന്റെ കണക്ക് പ്രകാരം മൂന്ന് ലക്ഷത്തോളം ആളുകളാണ് രാജ്യത്ത് ഹോംലെസ്സ് ആയി റെജിസ്റ്റർ ചെയ്തതെന്ന് വ്യക്തമാക്കുന്നു. ഓരോ വർഷവും ഏകദേശം പതിമൂന്നായിരത്തോളം ആളുകളാണ് പുതുതായി രജിസ്റ്റർ ചെയ്യുന്നത്. അതേസമയം ഹൌസിങ് മിനിസ്റ്റർ ഹെതർ വീലിംഗ് ഇത് സംബന്ധിച്ച വാർത്തകളോട് പ്രതികരിക്കാൻ വിസമ്മതിച്ചു. അതേസമയം വീടില്ലാത്തവരെ സഹായിക്കാൻ സർക്കാർ 1.2 ബില്യൺ പൗണ്ടിന്റെ പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് വകുപ്പ് വക്താക്കൾ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more