ദുഃഖം അണപൊട്ടി അഞ്ജുവിന്റെ ഇത്തിപ്പുഴയിലെ വീട്; കരഞ്ഞു തളർന്ന് മാതാപിതാക്കൾ; അഞ്ജുവിന്റേയും കുട്ടികളുടെയും മൃതദേഹങ്ങൾ വീട്ടിലെത്തിച്ചു; പൊതുദര്ശനത്തിന്റെയും സംസ്കാര ചടങ്ങുകളുടെയും ലൈവ് വീഡിയോ കാണാം
Jan 14, 2023
കൊച്ചി: ഒരുമാസത്തെ കാത്തിരിപ്പിനൊടുവിൽ നടപടികൾ പൂർത്തിയാക്കി .ബ്രിട്ടനിലെ കെറ്ററിംഗില്‍ കൊല്ലപ്പെട്ട അഞ്ജുവിന്റെയും മക്കളായ ജീവയുടെയും ജാൻവിയുടെയും മൃതദേഹങ്ങൾ വീട്ടിലെത്തിച്ചു. ഇന്ന് രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് മൃതദേഹങ്ങള്‍ എത്തിച്ചത്. ഇവിടെ നിന്നും വൈക്കത്തെ ഇത്തിപ്പുഴയിലുള്ള വീട്ടിലേക്കാണ് മൃതദേഹങ്ങള്‍ കൊണ്ട് പോയത്. പൊതുദര്‍ശനത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
വിമാനത്താവളത്തിൽ മൃതദേഹങ്ങൾ സ്വീകരിക്കാൻ തോമസ് ചാഴിക്കാടൻ എംപി, സികെ ആശ എംഎൽഎ, യുക്മ ദേശീയ വക്താവ് അഡ്വ എബി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് അംഗം പുഷ്പലത, സിപിഎം ഏര്യാ സെക്രട്ടറി സെൽവരാജ് തുടങ്ങിയവർ എത്തിയിരുന്നു. അഞ്ജുവിന്റെ സഹപ്രവർത്തകനായിരുന്ന മനോജ് മൃതദേഹങ്ങളെ അനുഗമിച്ചിരുന്നു. കഴിഞ്ഞ മാസം ബ്രിട്ടനിലെ കെറ്ററിംഗിലെ വീട്ടില്‍ വെച്ച് ദുരൂഹസാഹചര്യത്തില്‍ ഇവർ കൊല്ലപ്പെടുകയായിരുന്നു. വീട്ടിലെത്തിയ ചേതനയറ്റ അഞ്ജുവിന്റേയും കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ട് കരഞ്ഞു തളർന്ന മാതാപിതാക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിക്കാൻ പാടുപെടുകയാണ് ഇത്തിപ്പുഴയിലെ നാട്ടുകാർ. വീടിനോട് ചേർന്ന ഗ്രൗണ്ടിലാണ് പൊതുദർശനത്തിനുള്ള ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നത്. ആയിരക്കണക്കിന് പേരാണ് അഞ്ജുവിനെയും കുട്ടികളെയും ഒരു നോക്ക് കാണാൻ ഇത്തിപ്പുഴയിലെ വീട്ടിലെത്തിയിരിക്കുന്നത്.
ബ്രിട്ടനിലെ കെറ്ററിങ്ങില്‍ മലയാളി നഴ്സായ അഞ്ജുവും രണ്ട് മക്കളും കൊല്ലപ്പെട്ട കേസില്‍ അന്വേഷണം കേരളത്തിലേക്ക്. തുടരന്വേഷണത്തിനായി രണ്ടംഗ ബ്രിട്ടിഷ് പൊലീസ് സംഘം കേരളത്തിലെത്തും. കേസന്വേഷണത്തിനു നേതൃത്വം നൽകുന്ന പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളും നോർത്താംപ്റ്റൺഷെയർ പൊലീസിലെ ചീഫ് ഇൻവവെസ്റ്റിഗേഷൻ ഓഫിസറുമാണ് കേരളത്തിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്.
ബ്രിട്ടീഷ് പൊലീസ് സംഘം വൈക്കത്ത് എത്തി കൊല്ലപ്പെട്ട അഞ്ജുവിന്റെ മാതാപിതാക്കളുടെ മൊഴി എടുക്കും. പിന്നീടു കേസിലെ പ്രതിയായ കണ്ണൂർ സ്വദേശി സാജുവിന്റെ വീട്ടിലും പൊലീസെത്തി ബന്ധുക്കളുടെ മൊഴിയെടക്കുമെന്നാണു വിവരം. അഞ്ജുവിന്റെയും കുട്ടികളുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കുന്നതിനൊപ്പം എത്താനിരുന്ന ഇരുവരും അവസാന നിമിഷം ചില ക്ലിയറൻസുകൾ കിട്ടാതിരുന്നതിനാൽ യാത്ര മാറ്റിവയ്ക്കുകയായിരുന്നു.
കൊലപാതകത്തെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവ് കണ്ണൂര്‍ പടിയൂര്‍ കൊമ്പന്‍പാറ സ്വദേശി സാജുവിനെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബര്‍ 14 നാണ് സാജു ഇവരെ കൊലപ്പെടുത്തുന്നത്. സുഹൃത്തുക്കളും ബന്ധുക്കളും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സാധിക്കാതെ വന്നതോടെ ഇവര്‍ ബ്രിട്ടീഷ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വീട് തുറന്നപ്പോഴാണ് അഞ്ജുവും മക്കളും ചോരയില്‍ കുളിച്ചു കിടക്കുന്നതായി കണ്ടത്. അഞ്ജു മരിച്ച നിലയിലായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടികളെ ആശിപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ജോലി ഇല്ലാത്തതിന്റെ നിരാശയെ തുടര്‍ന്നായിരുന്നു മദ്യ ലഹരിയില്‍ ആയിരുന്ന സാജു ഇവരെ കൊലപ്പെടുത്തുന്നത്. യുകെയില്‍ കെറ്ററിംഗ് എൻഎച്ച്എസ് ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു അഞ്ജു. ഒരു വര്‍ഷം മുന്‍പാണ് ഇവര്‍ യുകെയില്‍ എത്തുന്നത്.
click on malayalam character to switch languages