1 GBP = 113.59
breaking news

എൻജിൻ തകരാറുമൂലം മോസ്‌കോയിലിറക്കിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർക്ക് ദുരിതം

എൻജിൻ തകരാറുമൂലം മോസ്‌കോയിലിറക്കിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർക്ക് ദുരിതം

മോസ്കോ: ചൊവ്വാഴ്ച എൻജിൻ തകരാറുമൂലം മോസ്കോയിൽ എയർ ഇന്ത്യ വിമാനം അടിയന്തരമായി ഇറക്കിയതു മൂലം കഷ്ടപ്പെടുന്നത് കുട്ടികളും പ്രായമായവരുമടക്കമുള്ള യാത്രക്കാർ. ഭാഷ പ്രശ്നങ്ങളും ഭക്ഷണവും താമസസൗകര്യങ്ങളില്ലാത്തതുമാണ് ഇവർക്ക് തിരിച്ചടിയായത്.

ഡൽഹിയിൽ നിന്ന് യു.എസിലെ സാൻഫ്രാൻസിസ്കോയി​ലേക്ക് 216 യാത്രക്കാരും 16 ജീവനക്കാരുമായി പറന്ന എയർ ഇന്ത്യയുടെ എ​.​ഐ. 173 നോൺ സ്റ്റോപ്പ് വിമാനമാണ് റഷ്യയിൽ ഇറക്കിയത്. മോസ്കോയിൽ നിന്ന് 10,000 കി.മി ദൂരത്തിലാണ് യാത്രക്കാർ കഴിയുന്നത്. വിമാനത്താവളത്തിൽ അടിസ്ഥാന സൗകര്യമില്ലാത്തതാണ് യാത്രക്കാരെ പ്രയാസത്തിലാക്കിയത്. എല്ലാവർക്കും ഹോട്ടൽ താമസം ലഭ്യമല്ലാത്തതിനാൽ ഡോർമെറ്ററികളിലും സ്കൂൾ കെട്ടിടങ്ങളിലുമായാണ് യാത്രക്കാരെ താമസിപ്പിച്ചിരിക്കുന്നത്.

”230ലേറെ ആളുകളുണ്ട്. അവരിൽ ഇഷ്ടം പോലെ കുട്ടികളും പ്രായമായവരുമുണ്ട്. ഞങ്ങളുടെ ബാഗുകൾ ഇപ്പോഴും വിമാനത്തിലാണുള്ളത്. ബസുകളിലായി വിവിധ സ്ഥലങ്ങളിലേക്ക് അയച്ചിരിക്കുകയാണ് ഞങ്ങളെ. ചിലരെ സ്കൂളിലേക്കാണ് മാറ്റിയത്. മറ്റു ചിലർ കിടക്കകൾ വെറും തറയിലിട്ട് കിടക്കുന്നു. മതിയായ ടോയ്‍ലറ്റ് സൗകര്യങ്ങളില്ല. ഭാഷയും മനസിലാകുന്നില്ല. ഭക്ഷണവും വ്യത്യസ്തമാണ്. ഇഷ്ടംപോലെ കടൽ വിഭവങ്ങളും മാംസവുമാണുള്ളത്. ചിലർ ബ്രഡും സൂപ്പും മാത്രം കഴിച്ച് വിശപ്പടക്കുകയാണ്. പ്രായമായവരിൽ കൂടുതൽ ആളുകളും രോഗികളാണ്. അവർക്ക് മരുന്നും ലഭിക്കുന്നില്ല. ”-മോസ്കോയിൽ കുടുങ്ങിയ യാത്രക്കാരിലൊരാൾ മാധ്യമങ്ങളോട് പറഞ്ഞു. ” സ്കൂളുകളിലേക്ക് അയച്ചവർ ബെഞ്ചുകൾ കൂട്ടിയിട്ട് കിടക്കുകയാണ്. ഒരു മുറിയിൽ 20 പേരൊക്കെയുണ്ട്. ഇവർക്കാർക്കും ഭക്ഷണവും ലഭിച്ചിട്ടില്ല. 88 വയസുള്ള ആളും രണ്ട് കൈക്കുഞ്ഞുങ്ങളുമായി ഒരു യുവതിയും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. ഞങ്ങളെ ആരെയും അധികൃതർ പുറത്തേക്ക് വിടുന്നില്ല. ഇന്ന് മറ്റൊരു വിമാനത്തിൽ ഞങ്ങളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുമെന്നാണ് പറയുന്നത്​”-യാത്രക്കാരൻ കൂട്ടിച്ചേർത്തു. ​

ഏതാനും യു.എസ് പൗരൻമാരും വിമാനത്തിലുണ്ട്. സംഭവത്തെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് വൈറ്റ് ഹൗസ് വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു. സംഭവ​ത്തെ ഗൗര​വത്തോടെയാണ് കാണുന്നതെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും വ്യക്തമാക്കി. യാ​ത്രക്കാർക്ക് ആവശ്യമായ ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളുമായി മുംബൈയിൽ നിന്ന് മറ്റൊരു വിമാനം റഷ്യയിലേക്ക് പുറപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more