1 GBP = 106.83
breaking news

പ്രസ്റ്റണ്‍ മെത്രാഭിഷേകം; യുകെയിലെ ഏറ്റവും വലിയ മലയാളിആത്മീയ സമ്മേളനത്തിന് എത്തുന്നത് പതിനായിരത്തിലേറെ വിശ്വാസികള്‍

പ്രസ്റ്റണ്‍ മെത്രാഭിഷേകം; യുകെയിലെ ഏറ്റവും വലിയ മലയാളിആത്മീയ സമ്മേളനത്തിന് എത്തുന്നത് പതിനായിരത്തിലേറെ വിശ്വാസികള്‍

ഇന്ന് പ്രെസ്റ്റണ്‍ നോര്‍ത്ത് എന്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകത്തിന് പതിനായിരത്തിലേറെ വിശ്വാസികള്‍ എത്തുമെന്ന് ഏതാണ്ട് ഉറപ്പായി. അപൂര്‍വ്വമായി മാത്രം പങ്കെടുക്കുവാന്‍ സാധിക്കുന്ന ഈ തിരുക്കര്‍മ്മത്തിലേക്ക് വരാനായി എല്ലാ സീറോ മലബാര്‍ വി. കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നും ബഹു. വൈദികരുടെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തില്‍ കോച്ചുകളും ബസുകളും മറ്റു സ്വകാര്യ വാഹനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. തങ്ങള്‍ക്ക് സ്വന്തമായി കിട്ടിയ രൂപതയുടെയും മെത്രാന്റെയും കാര്യത്തിലുള്ള സന്തോഷം മാത്രമല്ല, അപൂര്‍വ്വവും ചരിത്ര പ്രാധാന്യം നിറഞ്ഞതുമായ ഒരു ചടങ്ങില്‍ സംബന്ധിക്കാനുള്ള താല്പര്യവും ഇതിന് പുറകിലുണ്ട്.

ഉയര്‍ന്നു വന്ന ചില അനാവശ്യ വിവാദങ്ങളുടെ കഴമ്പില്ലായ്മ വിശ്വാസികള്‍ക്ക് ബോധ്യം വന്നപ്പോള്‍ ആദ്യം അല്‍പ്പം മടിച്ചു നിന്നവര്‍ പോലും ഇപ്പോള്‍ ഉത്സാഹത്തോടെ മുമ്പോട്ട് വന്നിരിക്കുകയാണ്. മുന്‍പ് ആവശ്യപ്പെട്ടതില്‍ കൂടുതലായി ഓരോ വി. കുര്‍ബ്ബാന കേന്ദ്രങ്ങളും കൂടുതല്‍ എന്‍ട്രി പാസുകള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അതേ കുറിച്ചുള്ള അന്വേഷണങ്ങള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലഭിക്കുന്നുണ്ടെന്നും മെത്രാഭിഷേക കമ്മിറ്റിയുടെ സെക്രട്ടറി റവ. ഫാ. പോള്‍ അരീക്കാട്ട് പറഞ്ഞു. പ്രസ്റ്റണിലും പരിസര പ്രദേശങ്ങളിലും ബന്ധുക്കള്‍ ഉള്ളവര്‍ നേരത്തെ തന്നെ പ്രെസ്റ്റണ്‍ നഗരത്തില്‍ എത്തിയിട്ടുണ്ട്. മെത്രാഭിഷേക ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും സഹകാര്‍മ്മികനായ മാര്‍ ജോസഫ് കല്ലറങ്ങാട്ടും മറ്റ് മെത്രാന്മാരും വൈദികരും മെത്രാഭിഷേകത്തില്‍ പങ്കെടുക്കാനെത്തിയ നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടക സംഘങ്ങളും യുകെയിലെത്തിച്ചേര്‍ന്നു.

തിരുക്കര്‍മ്മങ്ങളില്‍ പങ്ക് ചേരാനെത്തുന്ന എല്ലാവര്‍ക്കും ആവശ്യമായ സഹായങ്ങളും ക്രമീകരണങ്ങളും ചെയ്യുന്നതിനായി മെത്രാഭിഷേക കമ്മിറ്റി വോളണ്ടിയേഴ്സിന്റെയും പ്രെസ്റ്റണ്‍ സ്റ്റേഡിയം സ്റ്റാഫിന്റേയും പോലീസ്, പാരാ മെഡിക്കല്‍ , ആംബുലന്‍സ്, ഫയര്‍ഫോഴ്സ് തുടങ്ങിയവരുടെയും വിപുലമായ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ മെത്രാഭിഷേക കമ്മിറ്റി ക്രമീകരിച്ചിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more