1 GBP = 124.56
breaking news

ഉഴവൂർക്കാരുടെ ഒത്തുചേരൽ സൗഹൃദത്തിന്റെയും സന്തോഷത്തിന്റെയും മഹോത്സവമായി; പതിനെട്ടാമത് യുകെ ഉഴവൂർ സംഗമത്തിന് പ്രൗഢഗംഭീരമായ സമാപനം.

ഉഴവൂർക്കാരുടെ ഒത്തുചേരൽ സൗഹൃദത്തിന്റെയും സന്തോഷത്തിന്റെയും മഹോത്സവമായി; പതിനെട്ടാമത് യുകെ ഉഴവൂർ സംഗമത്തിന് പ്രൗഢഗംഭീരമായ സമാപനം.

യുകെയിലെ ഉഴവൂർക്കാരുടെ സൗഹൃദവും കൂട്ടായ്മയും വിളിച്ചോതിയ പതിനെട്ടാമത് ഉഴവൂർ സംഗമം ലെസ്റ്ററിൽ പ്രൗഢഗംഭീരമായി സമാപിച്ചു. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി അഞ്ഞൂറോളം ഉഴവൂർക്കാർ ഒത്തുചേർന്നപ്പോൾ ലെസ്റ്റർ നഗരം സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും ആഹ്ലാദത്തിന്റെയും നിറവിലായി. ഈ ശനിയാഴ്ച ലെസ്റ്ററിൽ നടന്ന സംഗമം ഉഴവൂർ സംഗമങ്ങളുടെ ചരിത്രത്തിലെ മറ്റൊരു അവിസ്മരണീയ അധ്യായമായി മാറി.

ശ്രീ ജോണി കുന്നുംപുറത്തിന്റെയും ശ്രീ ടോജോ അബ്രഹാമിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച സംഗമം രാവിലെ പത്തുമണിക്ക് രജിസ്ട്രേഷനോടെ ആരംഭിച്ച് രാത്രി പത്തുമണിയോടെ ഡിജെ സംഗീതപരിപാടിയോടെയാണ് സമാപിച്ചത്. ശ്രീ ജോണി കുന്നുംപുറം അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ ബെന്നി വെങ്ങാച്ചേരിൽ സ്വാഗതവും ശ്രീ സാജൻ വാസുദേവൻ നന്ദിയും അറിയിച്ചു.

എല്ലാ വർഷത്തെയും പതിവുപോലെ നാട്ടിൽനിന്ന് എത്തിയ മാതാപിതാക്കളാണ് ഈ വർഷത്തെ സംഗമവും ഉദ്ഘാടനം ചെയ്തത്. മാതാപിതാക്കളെ പ്രതിനിധീകരിച്ച് ഉഴവൂർ ഗ്രാമപഞ്ചായത്തിന്റെ മുൻ പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ശ്രീമതി മോളി ലൂക്കാ ആശംസാപ്രസംഗം നടത്തി.
ഉഴവൂർ അളിയൻമാരെ പ്രതിനിധീകരിച്ച് ശ്രീ നിഖിൽ കാർലോസ് ആശംസകൾ നേർന്നു.

കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും കലാ-സാംസ്കാരിക അവതരണങ്ങളും വേദിയെ സജീവമാക്കി. ഈ വർഷം വിവാഹിതരായ നവദമ്പതികളെ ചടങ്ങിൽ അഭിനന്ദിക്കുകയും അവർക്കായി ഫൺ ഗെയിമുകൾ സംഘടിപ്പിക്കുകയും ചെയ്തു. കൂടാതെ, കഴിഞ്ഞ മാസങ്ങളിൽ സംഘടിപ്പിച്ച വിവിധ ഫോട്ടോ മത്സരങ്ങളിലെയും, ഇലക്ഷൻ, വേൾഡ് കപ്പ് പ്രവചന മത്സരത്തിലെയും വിജയികൾക്കുള്ള സമ്മാനങ്ങളും വേദിയിൽ വിതരണം ചെയ്തു.

സംഗമത്തിന്റെ ചീഫ് കോർഡിനേറ്ററായ ശ്രീ ടോജോ അബ്രഹാം സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സംഗമത്തിന്റെ വിജയത്തിനായി അക്ഷീണം പ്രവർത്തിച്ച കമ്മിറ്റി അംഗങ്ങൾക്കും പൂർണ പിന്തുണയും സഹകരണവും നൽകിയ എല്ലാ ഉഴവൂർക്കാർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. എല്ലാവരുടെയും കൂട്ടായ സഹകരണവും ആത്മാർത്ഥമായ പ്രവർത്തനങ്ങളുമാണ് ഇത്രയും വലിയൊരു സംഗമം വിജയകരമാക്കാൻ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളും മുതിർന്നവരുമടക്കം എല്ലാ തലമുറകളിലുമുള്ള ഉഴവൂർക്കാർ ഒരേ മനസ്സോടെ ഒത്തുചേർന്നപ്പോൾ സംഗമം എല്ലാവർക്കും പുത്തൻ അനുഭൂതിയും വേറിട്ട അനുഭവവുമായി മാറി. നാടിന്റെ ഓർമകളും സൗഹൃദബന്ധങ്ങളും പുതുക്കാനും പുതിയ തലമുറയ്ക്ക് ഉഴവൂരിന്റെ പൈതൃകവും കൂട്ടായ്മയുടെ മഹത്വവും പരിചയപ്പെടുത്താനും ഈ സംഗമം മികച്ച വേദിയായി.

ശ്രീ ഷിൻസൺ മാത്യൂ കവുന്നുംപാറയിൽ കഥ, തിരുകഥ, സംഭാഷണം ചെയ്യുന്ന “The UNLOST” എന്ന ഷോർട്ട് ഫിലിമിന്റെ ട്രെയിലർ പ്രദർശിപ്പിക്കുകയും അതിന് നല്ല പ്രതികരണവും പിന്തുണയും ലഭിക്കുകയും ചെയ്തു.

എല്ലാ വർഷത്തെയും പോലെ ഈ വർഷവും ലൈഫ് ലൈൻ പ്രൊട്ടക്റ്റ് ലിമിറ്റഡ് മെഗാ സ്പോൺസറായി ഉഴവൂർ സംഗമത്തിന് മികച്ച പിന്തുണ നൽകി. കൂടാതെ കല്യാൺ സിൽക്സ്, മറ്റ് വിവിധ സ്പോൺസർമാരുടെ അകമഴിഞ്ഞ സഹകരണവും പിന്തുണയും കൂടി ലഭിച്ചതോടെയാണ് പതിനെട്ടാമത് ഉഴവൂർ സംഗമം ഇത്രയേറെ മനോഹരവും വർണാഭവുമാക്കി മാറ്റാൻ സംഘാടക സമിതിക്ക് സാധിച്ചത്. എല്ലാ സ്പോൺസർമാരോടുമുള്ള നന്ദിയും കടപ്പാടും സംഘാടക സമിതി അറിയിച്ചു.

പങ്കെടുത്ത ഓരോരുത്തരുടെയും മനസ്സിൽ മായാത്ത സന്തോഷവും സൗഹൃദത്തിന്റെ മനോഹരമായ ഓർമകളും സമ്മാനിച്ചുകൊണ്ട് പതിനെട്ടാമത് ഉഴവൂർ സംഗമത്തിന് തിരശ്ശീല വീണു. അടുത്ത സംഗമത്തിനായുള്ള പ്രതീക്ഷകളും ആവേശവും മനസ്സിൽ നിറച്ചാണ് ഓരോ ഉഴവൂർക്കാരനും ലെസ്റ്ററിൽനിന്ന് മടങ്ങിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more