1 GBP = 124.73
breaking news

പീറ്റർബറോയിൽ പട്ടാപ്പകൽ ജ്വല്ലറി കവർച്ച; ജീവനക്കാരൻ അതീവ ഗുരുതരാവസ്ഥയിൽ

പീറ്റർബറോയിൽ പട്ടാപ്പകൽ ജ്വല്ലറി കവർച്ച; ജീവനക്കാരൻ അതീവ ഗുരുതരാവസ്ഥയിൽ

ആറ് പേരടങ്ങിയ സംഘം കവർച്ച നടത്തിയത് കത്തിക്കുത്തടക്കമുള്ള ആക്രമണത്തിന് പിന്നാലെ; പ്രതികൾക്കായി പോലീസിന്റെ വ്യാപക അന്വേഷണം

യുകെയിലെ പീറ്റർബറോയിൽ പട്ടാപ്പകൽ ജ്വല്ലറി കടയിൽ വൻ കവർച്ചയും ആക്രമണവും. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 50 വയസ്സുകാരനായ കടയിലെ ജീവനക്കാരൻ ജീവന് ഭീഷണിയുള്ള നിലയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ശനിയാഴ്ച രാവിലെ 11.50ഓടെയാണ് ഗ്ലാഡ്‌സ്റ്റോൺ സ്ട്രീറ്റിലെ ലാലാ ജ്വല്ലേഴ്‌സിൽ ആറംഗ സംഘം അതിക്രമിച്ച് കയറി കവർച്ച നടത്തിയത്. കടയിലെത്തിയ സംഘം ആഭരണങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ ഷെൽഫുകളിൽ നിന്ന് വാരിയെടുക്കുകയും കൗണ്ടറിന് പിന്നിലുണ്ടായിരുന്ന രണ്ട് ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു. തുടർന്ന് വിവിധ വാഹനങ്ങളിലായി സംഘം രക്ഷപ്പെടുകയായിരുന്നു.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 50കാരനെ ഉടൻ ആശുപത്രിയിലെത്തിച്ചു. ഇയാൾക്ക് കുത്തേറ്റതായാണ് പ്രാഥമിക വിവരം. സംഭവത്തിൽ മറ്റൊരു ജീവനക്കാരനും ആക്രമണത്തിനിരയായി.

പ്രതികളിൽ രണ്ടുപേർ വെള്ള നിറത്തിലുള്ള പരമ്പരാഗത പാകിസ്ഥാനി വസ്ത്രം ധരിച്ചിരുന്നതായി പോലീസ് അറിയിച്ചു. കവർച്ചയ്ക്ക് പിന്നാലെ പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിക്കുകയും കടയ്ക്ക് ചുറ്റും സുരക്ഷാവലയം തീർക്കുകയും ചെയ്തു. ശനിയാഴ്ച സംഭവസ്ഥലത്തിന് സമീപം എയർ ആംബുലൻസും എത്തിയിരുന്നു.

സംഭവത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ പീറ്റർബറോ സിറ്റി കൗൺസിൽ കമ്മ്യൂണിറ്റീസ് വിഭാഗം കാബിനറ്റ് അംഗം സമീർ അലി, ദൈനംദിന ജീവിതവുമായി മുന്നോട്ടുപോകുന്ന സാധാരണക്കാർക്ക് ആക്രമണഭീതിയില്ലാതെ ജീവിക്കാൻ കഴിയണമെന്നും ഇത്തരം സംഭവങ്ങൾ അംഗീകരിക്കാനാവില്ലെന്നും പ്രതികരിച്ചു.

സംഭവത്തെ ‘ഭയാനകവും അക്രമാസക്തവുമായ പ്രവൃത്തി’ എന്ന് വിശേഷിപ്പിച്ച പീറ്റർബറോ എംപി ആൻഡ്രൂ പേക്സ്, ആക്രമണത്തിനിരയായവരുടെ കുടുംബാംഗങ്ങളോടും ബന്ധപ്പെട്ട എല്ലാവരോടും അനുശോചനവും പിന്തുണയും അറിയിച്ചു. പ്രദേശത്ത് വരും ദിവസങ്ങളിൽ അധിക പോലീസ് പട്രോളിങ് നടത്താൻ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.

കാംബ്രിഡ്ജ്ഷെയർ ആൻഡ് പീറ്റർബറോ മേയർ പോൾ ബ്രിസ്റ്റോയും സംഭവത്തെ അപലപിച്ചു. സാധാരണക്കാർക്കും വ്യാപാരികൾക്കും ഭയമില്ലാതെ ജോലി ചെയ്യാനും ബിസിനസ് നടത്താനും കഴിയേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ ഉത്തരവാദികളായവരെ കണ്ടെത്തുന്നതിനായി വിപുലമായ അന്വേഷണം ആരംഭിച്ചതായി കാംബ്രിഡ്ജ്ഷെയർ പോലീസ് അറിയിച്ചു. ഗ്ലാഡ്‌സ്റ്റോൺ സ്ട്രീറ്റിലും പരിസര പ്രദേശങ്ങളിലും ശനിയാഴ്ച രാവിലെ സംശയാസ്പദമായ സാഹചര്യങ്ങൾ കണ്ടവരോടും സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചവരോടും പോലീസിനെ ബന്ധപ്പെടാൻ അധികൃതർ അഭ്യർഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more